ADVERTISEMENT

ചുണ്ണാമ്പുകല്ലുകളാല്‍ പടുത്തുയര്‍ത്തിയ മനോഹരമായ 1,600 ഓളം ദ്വീപുകള്‍. വടക്കൻ വിയറ്റ്നാമില്‍ ചൈനീസ് അതിർത്തിക്കടുത്തായി സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പ്രകൃതി വിസ്മയത്തിന്‍റെ പേരാണ് ഹാലോംഗ് ബേ. 1,500 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഇത് പരന്നുകിടക്കുന്നത്. ജൈവവൈവിധ്യത്താല്‍ സമൃദ്ധമായ 1994ൽ ഈ പ്രദേശം യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ചു. നിരവധി സിനിമകളില്‍ ഈ പ്രദേശത്തിന്‍റെ മനോഹാരിത അതേപോലെ ഒപ്പിയെടുത്തിട്ടുണ്ട്.

വിനോദ സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട സ്ഥലമാണ് ഹാലോംഗ് ബേ. ഇവിടുത്തെ ഓരോ ദ്വീപുകളുടെയും ആകൃതിയും ഘടനയും വ്യത്യസ്തമാണ്. ലോകപൈതൃക സ്ഥാനമായതിനാല്‍ ഇവിടെ വികസന പ്രവര്‍ത്തനങ്ങളും വളരെ കുറവാണ്. കുറച്ചു ദിനങ്ങള്‍ ഇവിടെ ചെലവഴിച്ചാല്‍ പ്രധാനപ്പെട്ട ചില ദ്വീപുകള്‍ സന്ദര്‍ശിക്കാം.

1. കാറ്റ് ബ ഐലന്‍ഡ്‌ (Cat Ba Island)

ഇവിടുത്തെ ഏറ്റവും പോപ്പുലര്‍ ആയ ദ്വീപാണിത്. ഹോട്ടലുകളും റസ്‌റ്റോറന്റുകളും ബാറുകളും ധാരാളമുണ്ട്. ദ്വീപ്‌ വാസികളുടെ പ്രധാന തൊഴില്‍ മത്സ്യബന്ധനമാണ്.

2. ദോ ബെ ഐലന്‍ഡ്‌ (Dau Be Island)

ഹാലോംഗ് ബേയിലെ ഏറ്റവും ജനപ്രിയമായ നീന്തൽ, ഡൈവിംഗ് സ്ഥലമാണിത്. മൂന്നു ഉള്‍ത്തടാകങ്ങളും പവിഴപ്പുറ്റുകളും ആഴത്തിലുള്ള ഗുഹകളും നിറഞ്ഞ ഈ ഇടം അങ്ങേയറ്റം സാഹസികത നിറഞ്ഞതാണ്‌. വേലിയേറ്റം കുറയുമ്പോള്‍ മാത്രമേ ഇവയിലേക്ക് ബോട്ടിലുള്ള യാത്ര സാധ്യമാകൂ.

3. ദോ ഗോ ഐലന്‍ഡ്‌ (Dau Go Island)

വലിയതും വർണ്ണാഭമായതുമായ ഗുഹയാണ് ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകത. പാറയില്‍ നിന്നൊലിച്ചു രൂപപ്പെട്ട ചുണ്ണാമ്പ്‌ കല്ലുകളും പുറ്റുകളും നിറഞ്ഞതാണ് ഈ ഇടം. ഇവയില്‍ ചില പുറ്റുകള്‍ക്കാകട്ടെ, 20 മീറ്ററോളം നീളമുണ്ട്.

4. ഒഴുകി നടക്കുന്ന ഗ്രാമങ്ങള്‍

ഭൂമിയില്‍ എവിടെയും ഉറച്ചു നില്‍ക്കാതെ ഒഴുകി നടക്കുന്ന ഒരു വീട്ടില്‍ താമസിക്കുന്നത് ഒന്നാലോചിച്ചു നോക്കൂ! ഇവിടത്തെ ഗ്രാമീണര്‍ വര്‍ഷങ്ങളായി അങ്ങനെയാണ് ജീവിക്കുന്നത്. സഞ്ചാരികള്‍ക്കായി താമസ സൗകര്യവും മികച്ച ഭക്ഷണവുമെല്ലാം കുറഞ്ഞ ചെലവില്‍ ഇത്തരം വീടുകളില്‍ നിന്നും ലഭിക്കും.

5. ഹംഗ് സംഗ് സോട്ട് ഗുഹ (Hung Sung Sot Cave at Bo Hon Island)

ബോ ഹോണ്‍ ദ്വീപിലാണ് ഈ അദ്ഭുത ഗുഹയുള്ളത്. വൃക്ഷങ്ങളാല്‍ നിറഞ്ഞ കുത്തനെയുള്ള പാതയിലൂടെയാണ് ഈ ഗുഹയിലേക്കുള്ള യാത്ര. ചതുരാകൃതിയില്‍ പുറമേയുള്ള അറയും 30 മീറ്ററോളം ഉയരമുള്ള സീലിംഗും അടക്കം ഈ ഗുഹയിൽ രണ്ട് അറകളുണ്ട്. ആദ്യത്തെ ചേമ്പറിനുള്ളില്‍ കയറിയാല്‍ പരസ്പരം സംസാരിക്കുന്ന സൈന്യത്തിന്‍റെ രൂപഘടനയില്‍ കല്ലുകള്‍ രൂപപ്പെട്ടിരിക്കുന്നത് കാണാം. രണ്ടാമത്തേതിലാകട്ടെ, സൈന്യത്തോട് സംവദിക്കുന്ന സേനാനായകന്റെ രൂപവുമുണ്ട്. പുറമേ ഒഴുകുന്ന ജലത്തില്‍ തട്ടി പ്രതിഫലിക്കുന്ന പ്രകാശ രശ്മികള്‍ ഈ രൂപങ്ങളെ ജീവസ്സുറ്റതാക്കുന്നു. പ്രകൃതിദത്തമായ ഈ മനോഹര കാഴ്ച കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തുന്നത്.

ഇതു കൂടാതെ പെലിക്കന്‍ ഗുഹ, വിര്‍ജിന്‍ ഗുഹ എന്നിവയും ബോ ഹോണ്‍ ഐലന്‍ഡില്‍ സന്ദര്‍ശിക്കാവുന്ന മറ്റിടങ്ങളാണ്.

എങ്ങനെയാണ് ഇവിടെ എത്തുന്നത്?

170 കിലോമീറ്റർ അകലെയുള്ള ഹനോയിയിൽ നിന്ന് കാർ, മിനിബസ് അല്ലെങ്കിൽ ബസ് വഴിയാണ് ഹാലോംഗ് സിറ്റിയിലേക്ക് പോകാനുള്ള ഏറ്റവും നല്ല മാർഗം. ബജറ്റ് ഒരു പ്രശ്നമല്ലെങ്കിൽ, ഒരു മണിക്കൂർ ദൈർഘ്യമുള്ള ഹെലികോപ്റ്റർ യാത്ര തെരഞ്ഞെടുക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com