അഴകൊത്ത യവന സുന്ദരി; കണ്ടാല്‍ ആരും മോഹിക്കും സാൻഡോരിനി
Mail This Article
ഗ്രീക്ക് ദ്വീപുകളിലെ സൂപ്പര്‍ മോഡലാണ് സാന്‍ഡോരിനി എന്ന അതിമനോഹരമായ ദ്വീപ്. കടലിനടിയിലെ കാൽഡെറയിൽ നിന്ന് ഉയര്‍ന്നു നില്‍ക്കുന്ന വര്‍ണ്ണശബളമായ പാറകളും വെളുത്ത നിറത്തിലുള്ള സുന്ദരമായ കെട്ടിടങ്ങളും പ്രകൃതിയുടെ അനന്യമായ സൗന്ദര്യവും ആരെയും മയക്കുന്നത്രയും ഭംഗിയുള്ള സൂര്യാസ്തമയങ്ങളും അഗ്നിപര്‍വ്വതശേഷിപ്പുകളും പഞ്ചാരമണല്‍ വിരിച്ച ബീച്ചുകളും എല്ലാം ചേര്‍ന്ന് ആരെയും ഭാവഗായകനാക്കുന്നത്രയും അഴകുണ്ട് സാൻഡോരിനിക്ക്. അഭൗമമായ ആ സൗന്ദര്യം പ്രതിവര്‍ഷം രണ്ടു മില്ല്യന്‍ ടൂറിസ്റ്റുകളാണ് ഇവിടെയെത്തുന്നത്.
ഏതന്‍സിനും ക്രീറ്റിനും മദ്ധ്യത്തിലായി ഈജിയന്‍ കടലിലാണ് സാന്‍ഡോരിനി സ്ഥിതി ചെയ്യുന്നത്. അഗ്നിപര്‍വ്വതദ്വീപായതിനാല്‍ 'തിര' എന്നാണ് ഇതിന്‍റെ ഔദ്യോഗിക നാമം. 'സൈക്ളേഡ്സ്' ദ്വീപു സമൂഹത്തിന്‍റെ ഭാഗമാണ് സാന്‍ഡോരിനി.
അല്‍പ്പം വളഞ്ഞ ചന്ദ്രക്കലയുടെ രൂപത്തിലാണ് ഈ ദ്വീപിന്‍റെ ആകൃതി. പണ്ടുകാലത്ത് ഇത് പൂര്‍ണ്ണവൃത്ത രൂപത്തിലായിരുന്നത്രേ. പിന്നീട് അഗ്നിപര്‍വ്വത സ്ഫോടനം മൂലം ചില ഭാഗങ്ങള്‍ മുങ്ങിപ്പോയി. ഇതിന്‍റെ ഫലമായി പാറക്കെട്ടുകള്‍ ഉയര്‍ന്നു നില്‍ക്കുന്ന കിഴക്ക് ഭാഗത്ത് കടലിനടിയില്‍ കാല്‍ഡെറ എന്നറിയപ്പെടുന്ന വലിയ അഗ്നിപര്‍വ്വതഗുഹയുണ്ട്. സാന്‍ഡോരിനിയുടെ ട്രേഡ്മാര്‍ക്ക് ആണ് ഈ പ്രദേശം. ഇവിടം സന്ദര്‍ശിക്കുമ്പോള്‍ കാണാനും അറിയാനുമായി ഒത്തിരി കാര്യങ്ങളുണ്ട്.
വൈന്‍ രുചിക്കാം
ഡ്രൈ വൈറ്റ് നിറമുള്ള വൈനുകളും 'വിൻസന്റോ' എന്നറിയപ്പെടുന്ന ആമ്പർ നിറമുള്ള ഡെസേർട്ട് വൈനും ആണ് ഇവിടത്തെ വൈന്‍ രുചികളില്‍ പ്രധാനം. തദ്ദേശീയ മുന്തിരി ഇനമായ അസിർട്ടിക്കോയിൽ നിന്നാണ് ഇവ രണ്ടും നിർമ്മിക്കുന്നത്. സഞ്ചാരികള്‍ക്ക് വൈന്‍ രുചിക്കാനായി സാന്റോവൈന്‍സ് പോലെയുള്ള ഒരു ഡസനോളം പ്രാദേശിക മുന്തിരിത്തോട്ടങ്ങൾ ഇവിടെയുണ്ട്. ചെറിയ ഒരു തുക നല്‍കിയാല്‍ ലൈവായി വൈന്‍ രുചികള്‍ ആസ്വദിക്കാം.
കണ്ടു നടക്കാന്‍ കാഴ്ചകളേറെ
കാല്‍ഡെറയുടെ അറ്റത്ത് നടക്കുന്നത് മികച്ച ഒരു അനുഭവമായിരിക്കും. തലസ്ഥാനമായ ഫിറ, ഫിറോസ്റ്റെഫാനി ഗ്രാമം, ഇമെറോവിഗ്ലി, ഒയ തുടങ്ങിയ സ്ഥലങ്ങളിലൂടെ നടന്നാല്‍ സാന്‍ഡോരിനിയുടെ തനതു സൗന്ദര്യം മുഴുവന്‍ ഒപ്പിയെടുക്കാം. മൂന്നോ നാലോ മണിക്കൂര്‍ ഒരേ നടപ്പു നടന്നാല്‍ അത്യാവശ്യം കാഴ്ചകള്‍ ഒക്കെ കണ്ട് തിരിച്ചു പോരാം. ആദ്യമായി സാന്‍ഡോരിനിയില്‍ എത്തുന്നവര്‍ക്ക് കാല്‍ഡെറയുടെ അടുത്തായി താമസിക്കുന്നതാണ് ഏറ്റവും നല്ലത്. മറ്റു സ്ഥലങ്ങള്‍ കാണാനും മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിക്കാനും ഇതുവഴി സാധിക്കും.
ഒയയിലെ സൂര്യാസ്തമയം കാണാന്‍ നിരവധി സഞ്ചാരികളാണ് എത്തുന്നത്. സന്ധ്യയുടെ ചുവപ്പില്‍ നിന്ന് ഇരുട്ടിലേക്ക് ദിനം വഴി മാറുന്ന കാഴ്ച ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരിക്കും.സഞ്ചാരികളെ കാത്ത് ക്രൂയിസുകളും ടൂറിസ്റ്റ് കമ്പനികളും ഇവിടെ ധാരാളമുണ്ട്. വ്യത്യസ്തമായ അനുഭവങ്ങള്‍ക്കായി അതും വേണമെങ്കില്‍ പരീക്ഷിച്ചു നോക്കാം.
പോകാന്‍ മികച്ച സമയം
വര്‍ഷം മുഴുവന്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ് സാന്‍ഡോരിനി. ജൂലൈ, ആഗസ്റ്റ് സമയത്ത് ഇങ്ങോട്ടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കായിരിക്കും. ബീച്ചുകളിലും ഹോട്ടലുകള്‍, വ്യൂ പോയിന്‍റുകള്‍ എന്നിവിടങ്ങളിലുമെല്ലാം നിറയെ ടൂറിസ്റ്റുകള്‍ കയ്യടക്കുന്ന സമയമാണിത്. ചെലവും ഈ സമയത്ത് കൂടുതലായിരിക്കും.
ഏപ്രില്‍, മേയ്, ജൂണ്‍ തുടക്കം, സെപ്തംബര്‍ അവസാനം, ഒക്ടോബര്‍ തുടങ്ങിയ സമയങ്ങളില്‍ പോയാല്‍ അത്രയധികം ആളും ബഹളവും ഒന്നും കാണില്ല. താമസച്ചെലവും മറ്റും വിലപേശി കുറയ്ക്കാനും പറ്റും.
സാന്‍ഡോരിനിയിലെത്താന്‍
ഇന്ത്യയില്‍ നിന്ന് ഏതന്‍സിലേക്ക് വേണം ആദ്യം പോകാന്‍. അവിടെ വിമാനമിറങ്ങിയ ശേഷം സാന്‍ഡോരിനിയിലേക്ക് വീണ്ടും മറ്റൊരു വിമാനം കയറിയോ ഫെറി സൗകര്യം ഉപയോഗപ്പെടുത്തിയോ എത്തിച്ചേരാവുന്നതാണ്.