'തായ്‍ലൻഡ് ട്രിപ്പിൽ ഞങ്ങള്‍ ശരിക്കും പെട്ടു'; ഞെട്ടിക്കുന്ന യാത്രാനുഭവം പറഞ്ഞ് അശ്വതി

Aswathi-travel
SHARE

അവതാരകയായി തിളങ്ങി മലയാളികളുടെ ഹൃദയം കീഴടക്കിയ കലാകാരിയാണ് ഇൗ ശാലീന സുന്ദരി. അശ്വതി ശ്രീകാന്ത് ഏവർക്കും സുപരിചിതയാണ്. അവതാരക മാത്രമല്ല നല്ലൊരു എഴുത്തുകാരി കൂടിയാണ് താരം. മാധ്യമലോകത്തു നിന്നും എഴുത്തിലേക്ക് കടന്നുവന്ന അശ്വതി പുസ്തകപ്രേമിയായ ഒരു വായനക്കാരിയാണ്. അവതരണവും എഴുത്തും അല്ലാതെ എഴുത്തുകളെ ബന്ധിപ്പിക്കുന്ന മറ്റൊരു ഇഷ്ടം കൂടിയുണ്ട് അശ്വതിക്ക്, യാത്രകൾ. പല സ്ഥലങ്ങളിലെ കാഴ്ചകൾ ആസ്വദിക്കുവാനും ആ നാടിന്റെ സംസ്കാരം അറിയുവാനും അശ്വതിക്ക് ഒരുപാട് ഇഷ്ടമാണ്. അശ്വതി ശ്രീകാന്തിന്റെ യാത്രാവിശഷങ്ങൾ മനോരമ  ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

Aswathi-travel10

യാത്രകളെ അശ്വതി കൂടുതൽ ഇഷ്ടപ്പെടാൻ കാരണം തന്നെ ഭര്‍ത്താവ് ശ്രീകാന്ത് ആണ്. അശ്വതിയെക്കാൾ യാത്രകളെ പ്രണയിക്കുന്നയാള്‍ ഭർത്താവാണ്. 120 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യണമെന്നതാണ്  ശ്രീകാന്തിന്റെ സ്വപനം. ഏതു സമയത്തും യാത്രപോകാൻ ശ്രീകാന്തും ഞാനും  റെഡിയാണ്. ജോലി തിരക്കുകൾ കാരണം മിക്കപ്പോഴും പ്ലാൻ ചെയ്യുന്ന പല യാത്രകളും നടക്കാറില്ല. എന്നാലും ഇതുവരെ ഒരുപാട് സ്ഥലങ്ങളിലേക്ക് പോകുവാൻ സാധിച്ചിട്ടുണ്ട്. യാത്ര പോയതിൽ പെട്ടെന്ന് ഒാർമയിൽ വരുന്ന ഇടങ്ങൾ തായ്‍ലൻഡ്, ജോർജിയ, യൂറോപ്പ്, ബാലി, ദുബായ് ഇവയൊക്കെയാണ്. ഇതുവരെ കണ്ട എല്ലാ രാജ്യങ്ങൾക്കും അതിന്റേതായ സൗന്ദര്യവും ആകർഷണവുമുണ്ട്. എല്ലാ കാഴ്ചകളും ഒന്നിനൊന്ന് കിടുവാണ്.

Aswathi-travel8

ബാലി സൂപ്പറാണ്

ഈയിടെ ഞാനും മോളും ശ്രീകാന്തുമായി ബാലിയിൽ പോയിരുന്നു. അടിപൊളി സ്ഥലമാണ്. അവിടുത്തെ ഒാരോ കാഴ്ചകളെയും വാക്കുകൾ കൊണ്ട് വർണിക്കുവാനാവില്ല. വളരെ സുഖകരമായ കാലാവസ്ഥ എന്നതിനാല്‍ ഏതു സമയത്തും അവിടം സന്ദര്‍ശിക്കാം. വർഷങ്ങൾക്ക് മുമ്പുള്ള കേരളമായാണ് ബാലിയെ എനിക്ക് ആദ്യകാഴ്ചയിൽ തോന്നിയത്.

Aswathi-travel9

കടൽത്തീരങ്ങളും മലകളും വയലുകളും കാടുകളും കുളിർമ പകരുന്ന കാഴ്ചകളോടൊപ്പം പുകയുന്ന അഗ്നി പർവതങ്ങളുടെ കൂടി നാടാണിത്. കടലോര വിനോദകേന്ദ്രമായ കുട്ട ബീച്ച്, കടലിൽ പാറപ്പുറത്ത് നിൽക്കുന്ന ക്ഷേത്രമായ തനാ ലോട്ട്, ഉലുവത്ത് ക്ഷേത്രം, കൽഗുഹകൾ, സെമിൻയാക് ടൗൺഷിപ്പ്, കിന്താമണി അഗ്നി പർവതം, ബാലിയിലെ പരമ്പരാഗത കൈവേലകളുടെ ഗ്രാമമായ ഉബുദ് വില്ലേജ്, ജിംബാരൻ ബേ, കാടിനു നടുവിലെ സെകുംപൂൾ വെള്ളച്ചാട്ടം, അഗുംഗായ് റായ് മ്യൂസിയം, മങ്കി ഫോറസ്റ്റ്, തീർഥഗംഗ വാട്ടർ പാലസ് എന്നിവ കാണാം. ഉബുദ് വില്ലേജിലെ വസ്തുക്കൾ ബാലിയിലെ ലഗിയാൻ മാർക്കറ്റിൽ നിന്നു വാങ്ങാം.

Aswathi-travel4

ബാലിയിലെ പരമ്പരാഗത സ്പാ ലഭ്യമാകുന്നത് ലഗിയാൻ മാർക്കറ്റ് പ്രദേശത്താണ്. ഇരുചക്ര വാഹനങ്ങളോ കാറോ വാടകയ്ക്ക് എടുത്ത് സ്വയം ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതിയാകും. ടാക്സി വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും. നല്ലൊരു ട്രിപ്പായിരുന്നു ബാലിയിലേത്.

അയ്യോ! തായ്‍ലൻഡ് ട്രിപ്പ് ഒാർക്കാൻ വയ്യ

'തായ്‍ലൻഡ് ട്രിപ്പിൽ ഞങ്ങള്‍ ശരിക്കും പെട്ടു' എന്നു തന്നെ പറയാം. ഭാഷക്കു ഇത്രയും പ്രാധാന്യമുണ്ടെന്ന് മനസ്സിലാക്കി തന്ന യാത്രയായിരുന്നുവത്. തായ്‍ലൻഡിലെ കാഴ്ചകൾ തന്നെയാണ് മിക്കവരെയും അവിടേക്ക് അടുപ്പിക്കുന്നത്. അങ്ങനെ ഞങ്ങളും തായ്‍ലൻഡിലേക്ക് പറന്നു. അവിടെ ഓരോസ്ഥലങ്ങളും കാണുവാനായി ഞങ്ങൾ കാബിൽ കയറി യാത്ര തുടർന്നു. ഇടയ്ക്ക് എതിരെ വന്ന ബൈക്കുകാരൻ ഞങ്ങളുടെ കാബിൽ ഇടിച്ചു. കാറിന്റെ പെയിന്റൊക്കെ പോയിരുന്നു. ഭാഗ്യത്തിന് ആളാപായം ഒന്നും  സംഭവിച്ചില്ല. കാറ് നിർത്തിയിട്ട് ഡ്രൈവറും ബൈക്കുകാരനും സംസാരിക്കുന്നുണ്ടായിരുന്നു. ഞങ്ങളോട് ഡ്രൈവർ പറഞ്ഞു പണം കൊടുക്കാൻ. തായ് ഭാഷ അറിയാത്തതു കാരണം സംഭവം വിശദീകരിച്ച് ചോദിക്കുവാനും ഞങ്ങൾക്ക് പറ്റുന്നില്ലായിരുന്നു.

Aswathi-travel1

അപ്പോഴേക്കും സംഭവസ്ഥലത്ത് അവിടുത്തെ പോലീസ് വന്നു. ആകെ ആശ്വസമായെന്ന രീതിയിൽ ഞങ്ങൾ നിൽക്കുമ്പോഴാണ് പോലീസിന്റെ വക അടുത്ത പണി. നിങ്ങൾ 20000 രൂപ കൊടുക്കാൻ ആവശ്യപ്പെട്ടു. ഞങ്ങളാകെ പെട്ടു. പോലീസുകാരന്‍ തന്റെ ടിപ്പുകൂടി ചേർത്താണ് ഒരു തെറ്റും ചെയ്യാത്ത ഞങ്ങളോട്  ആ തുക ആവശ്യപ്പെട്ടത്. ശ്രീകാന്തിന്റെ അച്ഛൻ തായ്‍‍ലൻഡിൽ നേരത്തെ ജോലി ചെയ്തിരുന്നു. ഞങ്ങൾ വേഗം അച്ഛന്റെ സുഹൃത്തുക്കളെ വിളിച്ചു കാര്യം പറഞ്ഞു. അവർ വേഗമെത്തിയാണ് കാര്യം പരിഹരിച്ചത്. ഭാഷ അറിയാത്തതുകൊണ്ടു ശരിക്കും ഞങ്ങളും ബുദ്ധിമുട്ടിയിരുന്നു. ഇൗ സംഭവം മാറ്റിവച്ചാൽ കുടുംബവുമായി സുരക്ഷിതമായി അടിച്ചുപൊളിച്ച് പോകാൻ പറ്റിയ ഇടമാണ് തായ്‍ലൻഡ്. ചെലവ് കുറച്ച് യാത്ര ചെയ്യാം.

Aswathi-travel7

ജോര്‍ജിയ ട്രിപ്പ് പൊളിച്ചു

സാധാരണ  ആളുകൾക്ക് യൂറോപ്പ് ട്രിപ്പ് വളരെ ബുദ്ധിമുട്ടേറിയതാണ്. യൂറോപ്പിന്റെ അതേ മുഖഛായയുള്ള ജോർജിയയിലേക്ക് പോകുവാൻ യുഎഇയിലുള്ളവർക്ക് ഒാൺ അറൈവൽ വീസ കിട്ടും. പൗരാണിക വാസ്തുശൈലിയിൽ പണിതീർത്ത കെട്ടിടങ്ങളാണ് അവിടുത്തെ പ്രധാന കാഴ്ചകളിലൊന്ന്. സഞ്ചാരികളെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന, വളരെ സുഖകരമായി യാത്ര ചെയ്യാൻ കഴിയുന്ന, സൂക്ഷിച്ചു ചെലവാക്കിയാൽ അധികംപണം നഷ്ടമാകാത്ത, മനസ്സു നിറയ്ക്കുന്ന കാഴ്ചകൾ സമ്മാനിക്കുന്ന രാജ്യമാണ് ജോർജിയ.

Aswathi-travel5

പ്രസിഡൻഷ്യൽ പാലസും മദർ ഓഫ് ജോർജിയയുടെ സ്തൂപവുമൊക്കെ അടിപൊളി കാഴ്ചകളാണ്. കോക്കസസ് മലനിരകളും കരിങ്കടലും മലമുകളിൽ സ്ഥിതി ചെയ്യുന്ന സന്യാസിമഠങ്ങളുമൊക്കെ ജോർജിയൻ യാത്രയിൽ സഞ്ചാരികളിൽ വിസ്മയം നിറയ്ക്കും. കൂടാതെ വൈൻയാർഡും സന്ദർശിക്കാനായി.

മരുഭൂമിയിലെ കേരളം

സലാല, കണ്ണെത്താ ദൂരത്തോളം പുൽമേടുകൾ. കുന്നിൻ ചെരുവുകളിൽ മേഞ്ഞു നടക്കുന്ന കാലിക്കൂട്ടങ്ങൾ. കള്ളിമുണ്ടുമുടുത്ത് തലയിൽ തോർത്തു ചുറ്റിയ കർഷകർ. തെങ്ങിൻ തോപ്പും കാട്ടരുവിയും വാഴത്തോട്ടവുമായി കേരളം പോലെ വേറൊരു നാട്. അതും മരുഭൂമിയുടെ നടുവിൽ. ശരിക്കും അദ്ഭുതമായി അവിടുത്തെ ഓരോ കാഴ്ചകളും. മരുഭൂമിയിൽ ചൂട് 42 ഡിഗ്രി കടക്കുന്ന കാലത്ത് സലാലയിൽ പെരുമഴക്കാലമാണ്.

Aswathi-travel3

ഗൾഫ് മേഖല മുഴുവൻ പൊരിവെയിലിൽ ഉരുകുമ്പോൾപോലും സലാലയിൽ ചൂട് 30 ഡിഗ്രി കടക്കാറില്ല. വൃത്തിയും വെടിപ്പുമുള്ള റോഡുകൾ. ഇരുവശത്തും പൂന്തോട്ടങ്ങൾ അലങ്കരിച്ച് മനോഹരമാക്കിയ വീഥികൾ. വലിയൊരു പള്ളി. നിരയായി വ്യാപാര സ്ഥാപനങ്ങളും കാപ്പിക്കടകളും ഷോപ്പിങ് മാളുകളും... നാട്ടുകാരും വിദേശികളും പരക്കം പായുന്ന ടാക്സികളുമായി ഒതുങ്ങിയ ഒരു പട്ടണം. സലാല ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമായി.

ശ്രീലങ്കൻ ട്രിപ്പ്

ഞങ്ങളുടെ മിക്ക യാത്രകളും ബജറ്റ് ട്രിപ്പാണ്. ശ്രീലങ്കൻ യാത്രയും അതുപോലെയായിരുന്നു. അവിടുത്തെ കാഴ്ചകൾ പോലെ തന്നെ ശ്രീലങ്കൻ രുചിനിറച്ച വിഭവങ്ങളും സൂപ്പറായിരുന്നു. അവിടുത്തെ റെയിൻഫോറസ്റ്റിൽ പോയി , ടെക്കിങ് നടത്തി കാഴ്ചകൾ ഒരുപാടായിരുന്നു. അഡ്വഞ്ചർ ട്രിപ്പ് നടത്താറുണ്ടായിരുന്നു. മോള് കുഞ്ഞായതുകൊണ്ടു അന്നു നടത്തിയില്ല. ഇനിയും അതൊക്കെ നടത്തണമെന്നുണ്ടെന്നും അശ്വതി പറയുന്നു.

Aswathi-travel2

ഇതിനിടയില്‍ ഓരോ യാത്രയും പ്ലാൻ ചെയ്തിരുന്നു. മോളുടെ പ്രായവും ആരോഗ്യവുമൊക്കെ നോക്കിയാണ് ചിലയാത്രകളൊക്കെ തല്‍ക്കാലം മാറ്റിവച്ചത്. ഇപ്പോൾ മോൾ ഒന്നാം ക്ലാസിലായി. ഇനിയും ഒരുപാട് സ്ഥലങ്ങളിലേക്ക്  അവളെയും കൂട്ടി യാത്ര പോകണമെന്നാണ് ആഗ്രഹം.  അർമേനിയ യാത്ര പ്ലാൻ ചെയ്തതായിരുന്നു. കാലാവസ്ഥ മോശമായതു കൊണ്ടു  തൽക്കാലം ഒഴിവാക്കി.  ഇപ്പോൾ ഷെങ്കൺ വീസ എടുക്കാനുള്ള തയാറെടുപ്പിലാണ്. യൂറോപ്പിലെ െഷങ്കൺ അംഗത്വമുള്ള രാജ്യങ്ങളിലേക്ക് ഷെങ്കൺവീസയിലൂടെ യാത്ര ചെയ്യാമല്ലോ.

കേരളത്തിലെ യാത്ര

ഷോർട്ട് ട്രിപ് പ്ലാൻ ചെയ്യുന്നത് മൂന്നാറിലേക്കൊക്കെയാണ്. കൂടാതെ വയനാടും എനിക്ക് പ്രിയപ്പെട്ട ഇടമാണ്. പച്ചപ്പു നിറഞ്ഞ വയനാടൻ കാഴ്ചകളും ഇഷ്ടമാണ്.

Aswathi-travel6

ഞങ്ങൾ പെണ്‍ സുഹൃത്തുക്കള്‍ ഒത്തൊരുമിച്ച് ആലപ്പുഴ ട്രിപ് പോയിട്ടുണ്ട്. കുട്ടികളെയൊക്കെ വീട്ടിൽ ഏൽപ്പിച്ചിട്ട്. സാധാരണ നടത്തുന്ന യാത്രകളിൽ നിന്നും വേറിട്ട അനുഭവമായിരുന്നു ആ പെണ്‍ യാത്ര സമ്മാനിച്ചത്. 

Aswathi-travel11

സ്വപ്നയാത്ര

പുതിയ രാജ്യങ്ങളിലേക്കുള്ള യാത്രകളൊക്കെയും എന്റെ സ്വപ്നങ്ങളാണ്. എന്നാലും സ്വറ്റ്സർലാൻഡും പാരീസും പോകണമെന്നുണ്ട്. പിന്നെ എന്റെ ഏറ്റവും വലിയ സ്വപ്നം ഭർത്താവ് ശ്രീകാന്തിന്റെ  120 രാജ്യങ്ങൾ ചുറ്റണെമന്ന സ്വപ്നം സാക്ഷാത്കരിക്കണം എന്നതാണ്. അശ്വതി പറഞ്ഞു നിർത്തി.

English Summery : Celebrity Travel Aswathy Sreekanth

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA