കല്യാണം കഴിഞ്ഞ് ദമ്പതികൾ നേരെ പോയത് ഉലകം ചുറ്റാന്‍, കണ്ടത് 33 രാജ്യങ്ങള്‍!

COUPLE-TRAVEL
SHARE

നമ്മുടെ നാട്ടിലൊക്കെ കല്യാണം കഴിഞ്ഞാൽപിന്നെ എന്താണ് സ്ഥിതി? വീട്ടുകാരും ബന്ധുക്കളുമൊക്കെ ഒന്നു മാറിക്കഴിഞ്ഞാല്‍ അടുത്തത് ഹണിമൂണ്‍ ആണ്. ഒരു ചടങ്ങു പോലെ അതങ്ങു തീര്‍ത്ത് പിന്നെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്. ഇവിടെയാണ്‌ ന്യൂജഴ്സിയില്‍ നിന്നുള്ള നിക്കും സോ ഓസ്റ്റും വ്യത്യസ്തരാകുന്നത്. കല്യാണമൊക്കെ കഴിഞ്ഞ് ഇരുവരും നേരെ പോയത് യാത്ര ചെയ്യാന്‍. തിരിച്ചെത്തിയതോ, 33 രാജ്യങ്ങളില്‍ കറങ്ങിത്തിരിഞ്ഞ് ഒരു വര്‍ഷത്തിനു ശേഷം!

വിവാഹം കഴിഞ്ഞ ശേഷം പെട്ടെന്നെടുത്ത തീരുമാനമല്ലായിരുന്നു അത്. രണ്ടു വര്‍ഷം മുമ്പുതന്നെ അവര്‍ പ്ലാനിങ് ആരംഭിച്ചിരുന്നു. ലോകം മുഴുവന്‍ ഒരുമിച്ചു ചുറ്റി സഞ്ചരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത ശേഷം മാത്രമാണ് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചതു പോലും! പിന്നീട് മണിക്കൂറുകള്‍ ചെലവഴിച്ച് ഇതിനായി ഗവേഷണം നടത്തി. 

2017 ഡിസംബര്‍ 31ന് ന്യൂജഴ്സിയിലായിരുന്നു ഇവരുടെ വിവാഹം. ചടങ്ങിനു ശേഷം വസ്ത്രങ്ങള്‍ പാക്ക് ചെയ്ത് ഇരുവരും നേരെ യാത്ര ആരംഭിക്കുകയായിരുന്നു. അന്ന് തുടങ്ങിയ യാത്ര, പിന്നീട് ഒരു വര്‍ഷത്തിനു ശേഷം സീഷെല്‍സിലെ ഇന്ത്യന്‍ മഹാസമുദ്രത്തിലാണ് അവസാനിച്ചത്. അന്ന് വിവാഹവസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ടായിരുന്നു ‘യാത്രാപരിപാടി’ക്ക് സമാപനം കുറിച്ചത്. യാത്രയുടെ ഭാഗമായി ഇവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത സ്വപ്നസമാനമായ  ചിത്രങ്ങള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്.

ഹണിമൂണ്‍ യാത്രയുടെ ഭാഗമായി സന്ദര്‍ശിച്ച 33 രാജ്യങ്ങളില്‍ ഇന്ത്യയുമുണ്ടായിരുന്നു. താജ്മഹലിന് മുന്നില്‍ നിന്നുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. കൂടാതെ ബാർസിലോന. മാലിദ്വീപ്, തുര്‍ക്കി, ന്യൂയോര്‍ക്ക്, ജപ്പാന്‍ തുടങ്ങിയ സ്ഥലങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. എവറസ്റ്റിന് മുകളില്‍ ഹെലികോപ്റ്ററില്‍ പറക്കുകയും ചെയ്തു.

സഞ്ചരിച്ചതില്‍ ഏറ്റവും ഇഷ്ടപ്പെട്ട രാജ്യം ഏതെന്നു ചോദിച്ചാല്‍ രണ്ടുപേര്‍ക്കും രണ്ടുത്തരമാണ്. നിക്കിന് ജപ്പാന്‍ ആണ് പ്രിയം. സോക്കാവട്ടെ, ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് തുര്‍ക്കിയാണ്.

തങ്ങളുടെ യാത്രാവിശേഷങ്ങള്‍ marrymeintravel എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ഇവര്‍ പങ്കു വച്ചിട്ടുണ്ട്. അര ലക്ഷത്തിലധികം പേര്‍ ഇവര്‍ക്ക് ആരാധകരായുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA