വിമാനയാത്രയെക്കുറിച്ച് നിങ്ങള്‍ക്കറിയാത്ത 8 രഹസ്യങ്ങള്‍!

flight-inside-plane-representational-image
SHARE

ഫ്ലൈറ്റിനുള്ളിൽ സദാ പുഞ്ചിരി തൂകുന്ന മുഖമുള്ള സുന്ദരിമാരില്ലേ? അതേ... എയര്‍ഹോസ്റ്റസുമാര്‍ തന്നെ! പുറമേനിന്നു നോക്കുമ്പോള്‍ നല്ല ഭംഗിയുള്ള പാവക്കുട്ടികളെപ്പോലെ, ‘മിസ്‌ പെര്‍ഫെക്ട്’ ആയ, എപ്പോഴും സ്മാർട്ടായ ഇവരുടെ ജോലി, ജീവിതരീതി എന്നിവയെക്കുറിച്ചെല്ലാം അറിയണം എന്ന് ആഗ്രഹമുണ്ടോ? യാത്ര ചെയ്യുമ്പോള്‍ തരുന്ന ചില നിര്‍ദേശങ്ങള്‍ എന്തിനാണ് എന്ന് പിടികിട്ടാതെ ആലോചിച്ചിരുന്നിട്ടുണ്ടോ? 

സ്ഥിരമായി വിമാനത്തില്‍ യാത്ര ചെയ്യുന്നവര്‍ക്കു പോലും വിമാനയാത്രയെക്കുറിച്ച് അറിയാത്ത പല കാര്യങ്ങളുമുണ്ട്.  കൃത്യമായി കാര്യങ്ങൾ അറിഞ്ഞിരുന്നാല്‍ കുറഞ്ഞ നിരക്കിൽ ഫ്ളൈറ്റ് ടിക്കറ്റ് ബുക്ക് ചെയ്യുവാനും സാധിക്കും. വിമാനയാത്രയെക്കുറിച്ച് അധികമാർക്കും അറിയാത്ത ചില കാര്യങ്ങൾ ശ്രദ്ധിക്കാം.

ഇങ്ങനെ യാത്ര ചെയ്‌താല്‍ ടിക്കറ്റ് കാശ് ലാഭം!

ടിക്കറ്റ് ചാര്‍ജ് തന്നെ മതി യാത്രയുടെ ചെലവ് കുത്തനെ കൂടാന്‍. ശ്രദ്ധിച്ചു ബുക്ക് ചെയ്താല്‍ ടിക്കറ്റ് നിരക്കില്‍ ഭീമമായ ലാഭം കിട്ടും. പകല്‍ സമയത്തെ അപേക്ഷിച്ച് രാത്രിയുള്ള വിമാനങ്ങള്‍ക്ക് നിരക്ക് അല്‍പം കുറവായിരിക്കും. എയര്‍പോര്‍ട്ടില്‍ അല്‍പനേരം ഉറക്കം കളഞ്ഞ് കാത്തിരുന്നാലും വേണ്ടില്ല, കാശ് കുറയുമല്ലോ എന്നാണു ചിന്തിക്കുന്നതെങ്കില്‍ ഏറ്റവും മികച്ച വഴിയാണ് ഇത്. ഇരുന്നു കഴുത്തു വേദനിക്കാതിരിക്കാന്‍ മുന്‍കരുതലായി വേണമെങ്കില്‍ ഒരു നെക്ക്പില്ലോ കൂടി എടുത്ത് ബാഗില്‍ വയ്ക്കാം.

ഫ്ലൈറ്റില്‍നിന്ന് ഭക്ഷണം കഴിക്കണോ?

വിമാനത്തിനുള്ളില്‍ ഭക്ഷണം കിട്ടുമല്ലോ എന്നു കരുതി നേരെ അങ്ങ് പോയാല്‍ പോക്കറ്റ് കാലിയാകും എന്നതല്ലാതെ മറ്റൊരു മെച്ചവുമില്ല. അലിഞ്ഞു പോകാത്തതോ അധികം ഗന്ധം ചുറ്റും പരത്താത്തതോ ഒക്കെ ആയ ഇന്‍സ്റ്റന്റ് ഭക്ഷണ സാധനങ്ങളും മറ്റും കയ്യില്‍ കരുതിയാല്‍ കത്തിവില കൊടുത്ത് ഫ്ലൈറ്റില്‍നിന്ന് ഭക്ഷണം വാങ്ങേണ്ട കാര്യമില്ല.

വിന്‍ഡോ സീറ്റ് ആദ്യമേ ഉറപ്പിക്കാം

എയര്‍പോര്‍ട്ടില്‍ ചെന്ന് സീറ്റ് നോക്കാം എന്നാണു ചിന്തിക്കുന്നതെങ്കില്‍ വിചാരിച്ച സീറ്റ് തന്നെ കിട്ടിയെന്നു വരില്ല. അധികം ചെലവില്ലാതെ ബുക്കിങ് സമയത്തുതന്നെ സീറ്റ് തിരഞ്ഞെടുക്കാനുള്ള സൗകര്യം ഇപ്പോള്‍ വിമാനക്കമ്പനികള്‍ നല്‍കുന്നുണ്ട്. കുടുംബത്തോടൊപ്പമാണ് യാത്രയെങ്കില്‍ ഈ സൗകര്യം ആദ്യമേ ഉപയോഗപ്പെടുത്തിയാല്‍ ഓരോ ഇടങ്ങളിലായി മാറിയിരിക്കേണ്ട സാഹചര്യം ഒഴിവാക്കാം.

ചാര്‍ജറുകള്‍ ഹാന്‍ഡ്ബാഗിലിടാം

ഇനി പറയാന്‍ പോകുന്ന കാര്യം ചിലപ്പോള്‍ വളരെ സിംപിള്‍ എന്ന് തോന്നാം. പക്ഷേ എല്ലാവര്‍ക്കും സ്ഥിരം പറ്റുന്ന ഒരു അബദ്ധമാണിത്. ചാര്‍ജര്‍ മുതലായ സാധനങ്ങള്‍ കയ്യിലെ ബാഗില്‍ തന്നെ വയ്ക്കുക. യാത്രയ്ക്കുള്ള തിരക്കിനിടെ പലപ്പോഴും ചാര്‍ജ് ചെയ്യാന്‍ മറക്കുന്ന അവസരങ്ങള്‍ ഉണ്ടാവാറുണ്ട്. ഇങ്ങനെയുള്ള സമയത്ത് അത്യാവശ്യമായി കോള്‍ ചെയ്യേണ്ടി വന്നാല്‍ പണി കിട്ടും. അതുകൊണ്ട് കയ്യില്‍ വയ്ക്കുന്ന ബാഗില്‍ ഒരു ചാര്‍ജര്‍ കരുതിയേക്കുക.

മദ്യത്തിന്‍റെ ഉപയോഗം എങ്ങനെ?

വിമാനത്തിലിരിക്കുമ്പോള്‍ ഉയര്‍ന്ന അളവില്‍ മദ്യം ഉപയോഗിച്ചാല്‍ അത് തലച്ചോറിനെ ബാധിക്കും. എത്ര അളവില്‍ യാത്രക്കാര്‍ക്ക് മദ്യം നല്‍കാന്‍ പറ്റുമെന്ന് എയര്‍ലൈന്‍ സ്റ്റാഫിന് ബോധ്യമുണ്ടാകും. ഇതനുസരിച്ച് വേണം മദ്യോപയോഗം നിയന്ത്രിക്കാന്‍.

വിന്‍ഡോ ഷട്ടര്‍ എന്തിനാണ് തുറന്നിടാന്‍ പറയുന്നത്?

ടേക്ക്ഓഫ് സമയത്തും ലാന്‍ഡിങ് സമയത്തും വിന്‍ഡോ ഷട്ടറുകള്‍ തുറന്നിടണം. എന്തുകൊണ്ടാണ് ഇങ്ങനെ എപ്പോഴും പറയുന്നത് എന്ന് ചിന്തിച്ചിട്ടുണ്ടോ? ഫ്ലൈറ്റിന് പുറത്തുള്ള കാഴ്ചകള്‍ പരിശോധിക്കാനും അടിയന്തര സാഹചര്യം വന്നാൽ ഏതു വാതിൽ തുറക്കണമെന്ന് നിർണ്ണയിക്കാനും ഫ്ലൈറ്റ് അറ്റൻഡന്റിനെ സഹായിക്കാന്‍ വേണ്ടിയാണ് ഈ നിയമം.

സീറ്റുകള്‍ ശ്രദ്ധിക്കുക

സീറ്റുകളിലെ ട്രേ ടേബിളുകള്‍ പലപ്പോഴും കാണാന്‍ പറ്റാത്ത അണുക്കളെക്കൊണ്ട് നിറഞ്ഞിരിക്കും. അതിനാല്‍ ഒരു ഹാൻഡ് സാനിറ്റൈസർ കരുതുന്നത് ഉപയോഗപ്രദമാണ്. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും ഇത് ഉപയോഗിക്കുക.

കുടിവെള്ളം 

സീല്‍ ചെയ്ത വെള്ളം മാത്രം വാങ്ങി കുടിക്കാന്‍ ശ്രദ്ധിക്കുക. ബോട്ടിലില്‍ നിന്നു പകര്‍ന്നു തരുന്നതൊഴികെയുള്ളവ കുടിക്കാന്‍ പറ്റുന്നതാവണം എന്ന് നിര്‍ബന്ധമില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA