കീശയിലെ കാശു ചോരാതെ ഷോപ്പിങ് നടത്താം; ദുബായിലേക്ക് പറക്കാം

532337191
SHARE

സ്വാഗതം എന്നത് എന്നും ദുബായിയുടെ മുഖമുദ്രയാണെങ്കിലും ആ വാക്ക് തെളിഞ്ഞുതന്നെ കാണാം ഇപ്പോള്‍ നഗരത്തില്‍ എല്ലായിടത്തും. ഓരോ വാക്കിലും നോക്കിലും സ്വാഗതമോതി ലോകത്തെ ക്ഷണിക്കുകയാണു ദുബായ്. വര്‍ഷം തോറും പതിവായി നടക്കുന്ന ഷോപ്പിങ് ഫെസ്റ്റിവല്‍ അവസാന വാരത്തിലേക്കു കടക്കുന്നു. ഒക്ടോബറില്‍ അരങ്ങേറുന്ന എക്സ്പോ-2020 ന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. എല്ലാ ഒരുക്കങ്ങളുമായി നഗരം സഞ്ചാരികളെ ക്ഷണിക്കുന്നു.

dubai-trip

നഗരത്തില്‍ എവിടെയും തെളിഞ്ഞുതന്നെ കാണാം ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ ചുരുക്കപ്പേരായ ഡിഎസ്എഫ്. എട്ടു മാസം കൂടിയുണ്ടെങ്കിലും എക്സ്പോ പരസ്യങ്ങളുടെ ബോര്‍ഡുകളും മിക്കയിടത്തും കാണാം. രാജ്യാന്തര വിമാനത്താവളത്തിലെ സ്മാര്‍ട് ഗേറ്റ് കൗണ്ടറുകളില്‍പോലും നിറ‍ഞ്ഞുനില്‍ക്കുന്നത് എക്സ്പോ സന്ദേശങ്ങള്‍ തന്നെ. റോഡുകളുടെ വശങ്ങളിലും ഡിവൈഡറുകളിലും. ഓവർബ്രിഡ്ജുകളിലും അണ്ടർപാസുകളിലും. ജംക്ഷനുകളിലെ വലിയ പരസ്യപ്പലകകളിൽ. മാളുകൾ തൊട്ടു കൊച്ചുകടകളിൽവരെ. രാജ്യത്തിന്റെ മുഖം പ്രതിഫലിപ്പിക്കുന്ന പ്രദേശവാസികളുടെയും  പ്രവാസികളുടെയും മുഖത്തു പോലുമുണ്ട് അണിഞ്ഞൊരുങ്ങിയ ദുബായിയുടെ സൗന്ദര്യവും വെളിച്ചവും. വരവേല്‍ക്കാനുള്ള ആവേശം. കൂട്ടാതെ ഒട്ടേറെ ഇളവുകള്‍ കൂടിയാകുമ്പോള്‍ ലോകത്തിന് ഏറെ അടുപ്പമുള്ള സന്ദര്‍ശന കേന്ദ്രമായി മാറുകയാണ് ദുബായ്. 

ഡിഎസ്എഫ് 

കീശയിലെ കാശു ചോരാതെ ഷോപ്പിങ് നടത്താം എന്നതാണ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ പ്രത്യേകത. ഒന്നോ രണ്ടോ ആഴ്ച കൊണ്ടുപോലും കണ്ടുതീര്‍ക്കാനാവാത്തത്ര വിപുലവും വിശാലവുമാണ് സഞ്ചാരികള്‍ക്കു വേണ്ടി ദുബായ് ഒരുക്കിയിരിക്കുന്ന സൗകര്യങ്ങള്‍. 

dubai-trip1

14 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്ന വ്യാപാര- ഉല്ലാസ കേന്ദ്രമായ അല്‍ സീഫില്‍ പകലും രാത്രിയെന്നും ഭേദമില്ലാതെയാണ് സ‍ഞ്ചാരികളുടെ ഒഴുകുന്നു. ശീതകാലമായതിനാല്‍ നേരിയ തണുത്ത കാറ്റ് ക്ഷീണമറിയാതെ ഷോപ്പിങ് നടത്താന്‍ സൗകര്യമൊരുക്കുന്നു. പാരമ്പര്യത്തനിമ വിളിച്ചോതുന്ന കെട്ടിടങ്ങളാണ് അല്‍ സീഫിന്റെ പ്രത്യേകത. ഇവയ്ക്കു കോട്ടം വരാതെ പുതിയ കാലത്തെ സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ വിവിധ രൂപങ്ങളിലും ആകൃതിയിലുമുള്ള സെല്‍ഫി പോയിന്റുകളുമുണ്ട്. പ്രത്യേക വിളക്കുകളും വെളിച്ചങ്ങളും ക്രമീകരിച്ച സെല്‍ഫി പോയിന്റുകളില്‍ ഒറ്റയ്ക്കും കൂട്ടായും നിന്നു ചിത്രമെടുക്കുന്നവര്‍ തങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ചിത്രങ്ങള്‍ക്കൊപ്പം ഒപ്പിയെടുക്കുന്നതു നഗരത്തെക്കൂടി.  വിദേശികളുള്‍പ്പെടെയുള്ളവര്‍ അബ്രകളില്‍ സഞ്ചരിച്ച് സായാഹ്നം സന്തോഷഭരിതമാക്കുന്നു. അല്‍ സീഫില്‍നിന്നു നിമിഷങ്ങള്‍ നീളുന്ന അബ്ര യാത്രയ്ക്കൊടുവില്‍ ഗോള്‍ഡ്, സ്പൈസ് സൂക്കുകളില്‍ എത്താം. 

Ain-dubai

മുത്തും പവിഴവും തേടിയെത്തിയവര്‍ അല്‍ സീഫില്‍നിന്നാണ് ആധുനിക ദുബായ് പടുത്തുയര്‍ത്തിയ യജ്ഞം തുടങ്ങിയത്. അതേ അല്‍ സീഫില്‍ മാനം മുട്ടുന്ന കെട്ടിടങ്ങള്‍ വെള്ളത്തില്‍ പ്രതിഫലിക്കുന്നതു നോക്കി അതിശയിക്കുകയാണു സഞ്ചാരികള്‍. 

അൽ സീഫിലെ നടപ്പാതകളില്‍ കെട്ടിയുയർത്തിയ വലിയ പ്ലാറ്റ്ഫോമുകളിൽ വെട്ടിത്തിളങ്ങുന്ന ആഡംബര കാറുകൾ നിരത്തിയിട്ടുണ്ട്. വിൽപനയ്ക്കല്ല; നറുക്കെടുപ്പിൽ സമ്മാനമായി നൽകാൻ. കാറുകളുടെ സമീപമെത്തി തൊട്ടും തലോടിയും പോകുന്നവർ ടിക്കറ്റുകളും വാങ്ങുന്നുണ്ട്. ഭാഗ്യം കനിഞ്ഞാൽ കാത്തിരിക്കുന്ന സമ്മാനത്തിലാണു പ്രതീക്ഷ. നിറം പകർന്ന് ആകർഷകമായ പരസ്യവാചകങ്ങൾ. നിരസിക്കാനാവാത്ത പ്രലോഭനവുമായി സമ്മാനങ്ങൾ നിറയുമ്പോൾ ഷോപ്പിങ് ആനന്ദകരമായ അനുഭവമായി മാറുന്നു. ഒറ്റയ്ക്കു ടിക്കറ്റിനു പണം മുടക്കാനാകാത്തവര്‍ കൂട്ടമായി ചേര്‍ന്നു ടിക്കറ്റെടുക്കുന്നു. 

dubai-new-year2020

രാത്രി 10 വരെ ഷോപ്പിങ് തുടരുന്നവർക്കുവേണ്ടി കരിമരുന്നു പ്രയോഗത്തിന്റെ മാസ്മരികതയുമുണ്ട്. ദുബായിയുടെ വികസനം തുടങ്ങിയ ക്രീക്കിലെ ജലപ്പരപ്പിൽ വെട്ടിത്തിളങ്ങുന്ന വർണരാജിക്കൊപ്പം കരിമരുന്നു പ്രയോഗത്തിന്റെ തിളക്കം കൂടി നിറയുന്നതോടെ തൃശൂർ പുരത്തിനു നടക്കുചെന്നപെട്ട പ്രതീതിയിലാണു സഞ്ചാരികൾ.

ഗ്ലോബൽ വില്ലേജ്

78 രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യമാണു ഗ്ലോബല്‍ വില്ലേജിന്റെ ആകര്‍ഷണം. ലോകം ഒരു കുടക്കീഴില്‍ എന്നത് എല്ലാ രീതിയിലും പ്രാവര്‍ത്തികമാക്കിയ വിപുലമായ ഷോപ്പിങ് സാമ്രാജ്യം. 26 പവിലിയനുകള്‍ക്കൊപ്പം 3500 ഷോപ്പുകളും കൂടിയാകുമ്പോൾ ആഗോളഗ്രാമം അക്ഷരാർഥത്തിൽ ലോകത്തിന്റെ പരിഛേദം തന്നെയാകുന്നു. എല്ലാ വൈകുന്നേരവും ഗ്ലോബല്‍ വില്ലേജില്‍ കലാപരിപാടികളുണ്ട്.

global-village-1

വ്യത്യസ്ത രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരാണ് നൃത്തവും പാട്ടും ഉള്‍പ്പെടെയുള്ളവ അവതരിപ്പിക്കുന്നത്. ഇതിനു പുറമെയാണ് ഓരോ രാജ്യത്തിന്റെയും പവിലിയനുകളിലെ സാംസ്കാരിക വൈവിധ്യം. ഏതു രാജ്യത്തെ തനിമയുള്ള വില്‍പനവും ഒരിടത്തുതന്നെ വിലക്കുറവില്‍ കിട്ടുമ്പോള്‍ ഗ്ലോബല്‍ വില്ലേജ് സന്ദര്‍ശിക്കാതെ ദുബായ് വിട്ടുപോകാന്‍ ഒരു സഞ്ചാരിക്കുമാകില്ല. വിശാലമായ പവിലിയനാണ് ഇന്ത്യയുടേത്. ദോശ ഉള്‍പ്പെടെ ഇന്ത്യന്‍ ഭക്ഷണ വിഭവങ്ങളും തനത് ഉത്പന്നങ്ങളുമാണു പ്രത്യേകത. ഇന്ത്യക്കാരേക്കാള്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഇന്ത്യന്‍ സ്വാദും പാരമ്പര്യവും തേടിയെത്തുന്നവരില്‍ അധികവും. 

വിനോദം, ഉല്ലാസം 

നഗരത്തിലെ എല്ലാ ബീച്ചുകളിലും ഷോപ്പിങ് ഫെസ്റ്റിവല്‍ കാലത്തിനുവേണ്ടി സവിശേഷമായി ഒരുക്കങ്ങളുണ്ട്. വര്‍ണവിളക്കുകളുടെ പ്രകാശം. വ്യത്യസ്തവും രസകരവുമായ റൈഡുകള്‍ കുട്ടികളെ ഉത്സാഹത്തിലാഴ്ത്തുന്നു. മുതിര്‍ന്നവര്‍ക്ക് ആസ്വദിക്കാന്‍ വ്യത്യസ്ത കലാപരിപാടികളും ഒപ്പം സ്വാദേറിയ ഭക്ഷണശാലകളും. 

dubai-global-village-20192

അൽ ഖവനീജ് മാർക്കറ്റ്, വാട്ടർഫ്രണ്ട് മാർക്കറ്റ്, ലാ മെർ, പാർക്കുകൾ...എല്ലായിടത്തും ഉത്സവാന്തരീക്ഷം. രാത്രി വൈകുവോളം നീണ്ടുനില്‍ക്കുന്ന സാംസ്കാരിക പരിപാടികളില്‍ കുട്ടികൾക്കും മുതിർന്നവർക്കും തങ്ങളുടെ കഴിവുകള്‍  പുറത്തെടുക്കാനുള്ള സൗകര്യം പോലുമുണ്ട്.

global-village

ദുബായ് മാൾ ഉൾപ്പടെയുള്ള വ്യാപാര കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ പ്രവാഹം. ഇഷ്ട ഭക്ഷണശാലകളിൽ സീറ്റു കിട്ടാൻ മണിക്കൂറുകൾ ക്ഷമയോടെ കാത്തുനിൽക്കുന്ന സന്ദര്‍ശകര്‍. ചെറിയ വ്യാപാരകേന്ദ്രങ്ങൾ പോലും ജീവനക്കാരുടെ എണ്ണം കൂട്ടി. ഉൽപന്നങ്ങൾ സുലഭമായി ലഭിക്കാൻ സ്റ്റോക്കും ഉറപ്പാക്കിയിട്ടുണ്ട്. ഓഫറുകളാണു മറ്റൊരു പ്രത്യേകത. ഒന്നെടുത്താൽ ഒന്ന് എന്നതൊക്കെ പഴകി. ഒന്നെടുത്താൽ അനേകവും വമ്പൻ വിലക്കുറവുമാണ് മിക്കയിടത്തും. 50 ശതമാനത്തിൽ തുടങ്ങുന്ന വിലക്കിഴവ് 70 ഉം 80 ഉം ശതമാനം എന്ന വലിയ ബാനറുകൾ ചെറിയ ശമ്പളക്കാരെപ്പോലും ആകർഷിക്കുന്നു. വരും കാലത്തിനുവേണ്ടി പ്രിയഉൽപന്നങ്ങൾ വാങ്ങിസൂക്ഷിക്കാൻ പോലും പ്രേരിപ്പിക്കുന്നത്ര ആകർഷകമായ സൗജന്യങ്ങൾ.

എക്സ്പോ 2020 

ഒക്ടോബർ 20 മുതൽ ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോ 2020 ന്റെ ഒരുക്കങ്ങളാണ് ഇപ്പോള്‍ ദുബായിലെ പ്രധാന വര്‍ത്തമാനം. എക്സ്പോയില്‍ പങ്കെടുക്കാനുള്ള ടിക്കറ്റുകളുടെ ആകര്‍ഷകമായ പാക്കേജുകളും മാസങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ചുകഴിഞ്ഞു. പങ്കെടുക്കാനെത്തുന്ന ഇന്ത്യക്കാർക്ക് സൗജന്യ വീസ അനുവദിക്കാനുള്ള നീക്കം ആവേശം വര്‍ധിപ്പിച്ചിട്ടുമുണ്ട്. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ടു കൂടുതൽ ഇളവുകളുടെ പ്രഖ്യാപനങ്ങളും ഉണ്ടായേക്കാം. 

പുതിയ ഓരോ തീരുമാനവും ലോകത്തെ ദുബായിലേക്കു കൂടുതൽ അടുപ്പിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ നിരാശയോ മാന്ദ്യത്തിന്റെ ആശങ്കകളോ നഗരത്തിന്റെ  മനസ്സിലോ മുഖത്തോ ഇല്ല. മെച്ചപ്പെട്ട കച്ചവടം. മനം നിറയുന്ന ഉല്ലാസം. സാങ്കേതിക– വൈജ്ഞാനിക രംഗത്തെ ഉണർവും പുതിയ കണ്ടുപിടുത്തങ്ങളും. ശുഭപ്രതീക്ഷയിലാണു നാട്ടുകാര്‍. ഓരോ സന്ദര്‍ശകനെയും പൂർണമായി സംതൃപ്തിപ്പെടുത്തുന്നതിലാണു ശ്രദ്ധ. ഒരു നാട് ഒരു മനസ്സോടെ ഒരുങ്ങുമ്പോൾ, പ്രതീക്ഷയോടെ ചുവടുവയ്ക്കുമ്പോൾ വിജയം സുനിശ്ചിതം എന്നു തെളിയിച്ചിട്ടുണ്ട് ദുബായ്. ഒരിക്കൽക്കൂടി തങ്ങളുടെ കരുത്ത് തെളിയിക്കുകയാണ് രാജ്യം; മടിയില്ലാതെ കൈയടിച്ച് ലോകവും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA