ഒരു വരവ് കൂടി വരേണ്ടി വരും; ശ്രീലങ്കൻ യാത്ര പോകുന്നവരോട് നടി അനുമോൾ പറയുന്നു

anumol-travel
SHARE

യാത്രകളെ പ്രണയിക്കുന്ന അഭിനേത്രിയാണ് അനുമോൾ. സിനിമ പോലെ, അത്രയും തന്നെ പ്രാധാന്യം യാത്രകൾക്കും നൽകാറുണ്ട്. അനുമോളുടെ ട്രാവൽ ബ്ലോഗിലെ കൊളംബോയാത്രയാണ് ഇപ്പോൾ ഹിറ്റായിരിക്കുന്നത്.

അനുമോൾ ക്രിസ്മസ് അവധിക്കാലത്താണ് കൊളംബോയിലേക്ക് പോയത്. ശ്രീലങ്ക മുഴുവനും ചുറ്റിക്കറങ്ങണമെന്നായിരുന്നു ആഗ്രഹം. എങ്കിലും വെറും മൂന്നു ദിവസത്തെ യാത്രയായിരുന്നു പ്ലാൻ ചെയ്തിരുന്നത്, അതുകൊണ്ടുതന്നെ കൊളംബോ നഗരം മാത്രം കണ്ടു മടങ്ങാൻ താൻ തീരുമാനിച്ചുവെന്നും അനു പറയുന്നു.

ഇന്ത്യക്കാർക്ക് ശ്രീലങ്കയിൽ ഓൺ അറൈവൽ വീസ ലഭിക്കും. പാസ്പോർട്ടും രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോയും കയ്യിലുണ്ടായിരിക്കണം. ഇത് നിങ്ങളുടെ  സുരക്ഷയ്ക്കു വേണ്ടിയാണ്. ചില എമിഗ്രേഷൻ ഓഫിസേഴ്സ് മാത്രമായിരിക്കും ഫോട്ടോ ചോദിക്കുക. എങ്കിലും രണ്ടെണ്ണം കൈയിൽ കരുതുന്നത് നന്നായിരിക്കുമെന്നും അനു പറയുന്നു. 

ബെംഗളൂരുവിൽ നിന്നായിരുന്നു അനു യാത്ര ആരംഭിച്ചത്. ശ്രീലങ്കയിലേക്കുള്ള യാത്രയിൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം, കയ്യിൽ പാൻകാർഡ് കരുതണം എന്നതാണ്. കുറച്ച് ശ്രീലങ്കൻ റുപ്പിയും യുഎസ് ഡോളറും കരുതുന്നതും നന്നായിരിക്കുമെന്നും അനു തന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറഞ്ഞുതരുന്നു. ചിലസമയങ്ങളിൽ അവിടെ ചെന്ന് ഇന്ത്യൻ രൂപ മാറാൻ നോക്കിയാൽ നടക്കണമെന്നില്ല. അങ്ങനെയുള്ള സാഹചര്യത്തിൽ ബുദ്ധിമുട്ടാകാതിരിക്കാനാണിത്.

അനു താമസിച്ചത് കൊളംബോയിലെ പ്രശസ്തമായ സിനമൻ ഗ്രാൻഡ് ഹോട്ടലിൽ ആയിരുന്നു. കൊളംബോയിൽ എത്തിയപ്പോൾ രാത്രി ആയതിനാൽ പുറത്തുപോകാനോ റസ്റ്ററന്റുകളിൽ പോയി ഭക്ഷണം കഴിക്കാനോ സാധിച്ചില്ല. റസ്റ്ററന്റുകൾ അടച്ചിരുന്നു. ഭക്ഷണം മുറിയിൽ വരുത്തി കഴിക്കുകയായിരുന്നു.

ഒരാഴ്ചയെങ്കിലും തങ്ങിയാലേ അവിടുത്തെ കാഴ്ചകൾ കുറെയെങ്കിലും കാണാനാവൂ. കേരളം പോലെ തോന്നും. എങ്കിലും വളരെ ഭംഗിയായി ഒരുക്കി വച്ചിരിക്കുന്ന നാടാണ് ശ്രീലങ്ക എല്ലാം വളരെ വൃത്തിയായി സൂക്ഷിക്കുന്നതിനാൽ കാണാനും ഭംഗിയാണ്. അതുകൊണ്ട് ഇവിടേക്കു പോരുമ്പോൾ ഓടിവന്ന് ഓടിപ്പോകാം എന്നു കരുതണ്ട. സമയമെടുത്ത് കാണേണ്ട നിരവധി കാഴ്ചകളും സ്ഥലങ്ങളും ഈ നാട്ടിൽ ഉണ്ട്. അതൊക്കെ കണക്കാക്കി വേണം പോകാൻ.

‘എനിക്ക് അധികം സമയം ഇല്ലാതിരുന്നതിനാൽ യാത്ര കൊളംബോയിൽ മാത്രം ഒതുക്കാൻ തീരുമാനിച്ചു. പിന്നീട് വിശദമായി ശ്രീലങ്ക കാണാൻ ഒരു വരവു കൂടി വരുമെന്ന് അവിടെനിന്ന് പോരുന്നതിനുമുമ്പ് തീരുമാനിച്ചു’–  അനു പറയുന്നു.

ഡിസംബർ അവസാനമാണ് അനു കൊളംബോയിൽ എത്തിയങ്കിലും സഹിക്കാൻ പറ്റാത്ത ചൂടായിരുന്നു ആ സമയത്തും. അതുകൊണ്ട് ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളും കരുതിയിരുന്നു. അനു ആദ്യം പോയത് ഗാലറി കഫേ എന്ന സ്ഥലത്തായിരുന്നു. യാത്ര പുറപ്പെടും മുമ്പ് നിരവധി സുഹൃത്തുക്കൾ കൊളംബോയിലെ ഈ കഫേയെക്കുറിച്ച് പറഞ്ഞിരുന്നു. ഇവിടെ കയറാതെ പോകരുതെന്നും അവർ നിർദ്ദേശിച്ചിരുന്നത്രേ.

ദ് ഗാലറി കഫെ

1998-ൽ പാരഡൈസ് റോഡിൽ സ്ഥാപിതമായ ഗാലറി കഫെ ലോകപ്രശസ്ത ശ്രീലങ്കൻ വാസ്തുശില്പി പരേതനായ ജെഫ്രി ബാവയുടെ മുൻ ഓഫിസുകളിൽ ഒന്നാണ്. കൊളംബോ നഗരം സന്ദർശിക്കുന്ന ഏതൊരാളും തീർച്ചയായും സന്ദർശിക്കേണ്ടതാണ് ഈ റസ്റ്ററന്റ്. ഇവിടുത്തെ മെനുവിൽ പ്രാദേശിക, രാജ്യാന്തര വിഭവങ്ങളുണ്ട്.

അവിടെനിന്ന് അനു പോയത് ഇൻഡിപെൻഡൻസ് സ്ക്വയർ കാണാനായിരുന്നു. 1948 ഫെബ്രുവരി രണ്ടിനാണ് ശ്രീലങ്കയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നത്. അതിന്റെ സ്മരണയ്ക്കായി പണികഴിപ്പിച്ചതാണ് ഇൻഡിപെൻഡൻസ് സ്ക്വയർ. വളരെ ഭംഗിയോടെയും വൃത്തിയോടെയുമാണ് ഇവിടെയൊക്കെ പരിപാലിച്ചുപോരുന്നത്. 

ഗംഗരാമായ ക്ഷേത്രം

കൊളംബോയിലെ ഏറ്റവും അറിയപ്പെടുന്ന ബുദ്ധക്ഷേത്രങ്ങളിലൊന്നാണിത്. ഒരു വശത്ത് ബെയ്‌റ തടാകവും പ്രതിമകളും കൊത്തുപണികളും ഉള്ളിൽ മനോഹരമായി അലങ്കരിച്ച ആരാധനാ പീഠങ്ങളും മറ്റും. പ്രധാന സങ്കേതത്തിൽ ഒരു വലിയ ബുദ്ധപ്രതിമ. മേൽത്തട്ടിൽ ബുദ്ധ കഥകൾ ചിത്രീകരിച്ചിരിക്കുന്നു.  ക്ഷേത്രം എന്നതിലുപരി ഇവിടെ തന്നെ ആകർഷിച്ചത് മറ്റു കാരണങ്ങളാണെന്നാണ് അനു പറയുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ പ്രശസ്ത പണ്ഡിതനും സന്യാസിയുമായ ഹിക്കാഡുവേ ശ്രീ സുമംഗല നായക തേര സ്ഥാപിച്ച, കൊളംബോയിലെ ഏറ്റവും പുരാതന ബുദ്ധക്ഷേത്രങ്ങളിലൊന്നാണ് ഗംഗരാമയ. സുമംഗലയ്ക്ക് ശേഷം അദ്ദേഹത്തിന്റെ മുഖ്യ ശിഷ്യനായ ദേവന്ദേര ശ്രീ ജിനരതന നായക തേര ക്ഷേത്രത്തിന്റെ ഭരണം ഏറ്റെടുത്തു. ചെറിയ ക്ഷേത്രത്തെ രാജ്യാന്തര നിലവാരത്തിലേക്ക് പണിതുയർത്തിയത് അദ്ദേഹമായിരുന്നു. ഒരു ക്ഷേത്രത്തേക്കാൾ ആരാധനാലയം, പഠനകേന്ദ്രം, സാംസ്കാരിക കേന്ദ്രം, മ്യൂസിയം എന്ന നിലയിലും ഗംഗ രാമായ പ്രവർത്തിക്കുന്നു.

ക്ഷേത്രത്തിൽ നിന്നിറങ്ങി അനു പോയത് കൊളംബോയിലെ പ്രസിദ്ധമായ പേട്ട മാർക്കറ്റിലേക്ക് ആണ്. എല്ലാ നഗരങ്ങൾക്കും ഉണ്ടാകും ഇതുപോലെ ലോകപ്രശസ്തമായ ഒരു മാർക്കറ്റ്. ശ്രീലങ്കയിൽ എത്തുന്ന ആരും പേട്ട മാർക്കറ്റിൽ കയറാതെ മടങ്ങാറില്ലത്രേ.

കൊളംബോ യാത്രയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തന്റെ അനുഭവത്തിൽ നിന്നാണ് ഈ കാര്യങ്ങൾ പറയുന്നതെന്ന് അനു വ്യക്തമാക്കുന്നു.

കൊളംബോയിൽ ടാക്സി നിരക്കുകൾ വളരെ കൂടുതലാണ്. കയറുന്നതിനുമുമ്പു തന്നെ വിലപേശി, നമുക്കു പറ്റുന്നതാണെന്ന് ഉറപ്പു വരുത്തിയതിനുശേഷം മാത്രം യാത്ര ആരംഭിക്കുക. മറ്റ് പബ്ലിക് ട്രാൻസ്പോർട്ടേഷനുകൾ ആയ ബസ്, ട്രെയിൻ എന്നിവ ഉണ്ടെങ്കിലും ടാക്സി നിരക്ക് വളരെ കൂടുതലാണ് ഇവിടെയെന്ന് അനു.

അതുപോലെ എയർപോർട്ടിൽ നിന്നു വാഹനം വിളിക്കുമ്പോൾ ഡ്രൈവർക്ക് ഭാഷ അറിയാമോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. താൻ കയറിയ കാർ ഡ്രൈവർക്ക് സിംഹള ഭാഷ മാത്രമേ വശമുണ്ടായിരുന്നുള്ളുവെന്നും അതുകാരണം ഏറെ കഷ്ടപ്പെടേണ്ടി വന്നെന്നും അനു. അതുകൊണ്ട് ടാക്സിയിൽ കയറുന്നതിനുമുമ്പ് ഇംഗ്ലിഷ് അറിയാമോ എന്നു ചോദിച്ചു മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. 

എവിടേക്ക് ഇറങ്ങിയാലും പാസ്പോർട്ടും തിരിച്ചറിയൽ രേഖകളും കയ്യിൽ തന്നെ കരുതണം.

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് എന്നിവ ഉണ്ടെങ്കിലും കുറച്ചു ശ്രീലങ്കൻ റുപ്പി കരുതണം. കാർഡ് സേവനങ്ങൾ കിട്ടാത്ത പല സ്ഥലങ്ങളും ശ്രീലങ്കയിലുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA