ഈ സിനിമകള്‍ കണ്ടാല്‍ വീട്ടിലിരിക്കുന്നവര്‍ പോലും യാത്ര പുറപ്പെടും

travel-movie-trip
SHARE

‘നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി’ എന്ന സിനിമയില്‍ ദുല്‍ഖര്‍ സല്‍മാന്‍ ബൈക്കോടിച്ചു പോകുന്നത് കണ്ട് യാത്ര പുറപ്പെടാന്‍ ആഗ്രഹിക്കാത്ത സഞ്ചാരികള്‍ ഉണ്ടാവില്ല. അതേപോലെ മഞ്ജു വാര്യരും റിമ കല്ലിങ്കലും തകര്‍ത്തഭിനയിച്ച റാണി പദ്മിനി, ചാര്‍ലി, നോര്‍ത്ത് 24 കാതം തുടങ്ങി എത്രയെത്ര സിനിമകള്‍ മനോഹരമായ ട്രാവല്‍ തീമുമായി നമ്മളെ കൊതിപ്പിച്ച് കടന്നു പോയി! ഇതേപോലെ രാജ്യാന്തര തലത്തില്‍ ഏറെ ആഘോഷിക്കപ്പെട്ട ഒരുപാട് ട്രാവല്‍ സിനിമകളുണ്ട്. വര്‍ഷങ്ങളായി യാത്ര ചെയ്യാന്‍ പ്രചോദനമേകിക്കൊണ്ടിരിക്കുന്ന അത്തരത്തിലുള്ള ചില സിനിമകള്‍ ഇതാ..

1. ഇന്‍ടു ദ് വൈല്‍ഡ് (Into the Wild)

2007 ലാണ് 'ഇന്‍ടു ദി വൈല്‍ഡ്' എന്ന ഹോളിവുഡ് ചലച്ചിത്രം പുറത്തിറങ്ങുന്നത്. 1996-ൽ പ്രസിദ്ധീകരിച്ച ഇതേ പേരിലുള്ള പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം. ഷോൺ പെന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചത്. ബിരുദധാരിയായ ഒരു യുവാവ്, ആത്മാന്വേഷണത്തിനായി നടത്തുന്ന യാത്രയാണ് ഇതിവൃത്തം. സിനിമയുടെ ഭൂരിഭാഗവും അലാസ്കയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

2. ഈറ്റ് പ്രേ ലവ് (Eat Pray Love)

എലിസബത്ത് ഗില്‍ബര്‍ട്ട് എന്ന കഥാപാത്രമായി ജൂലിയ റോബര്‍ട്ട്സ് തകര്‍ത്തഭിനയിച്ച പടമാണിത്. 2010ല്‍ പുറത്തിറങ്ങിയ ഈ സിനിമ ജീവിതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനും തനിക്ക് എന്താണ് വേണ്ടത് എന്ന് സ്വയം അറിയാനും വേണ്ടി യാത്ര ചെയ്യാന്‍ ആരംഭിക്കുന്ന ഒരു യുവതിയുടെ കഥയാണ്‌. ഇറ്റലിയിലെ രുചികരമായ ഭക്ഷണവും ഇന്ത്യയിലെ പ്രാർഥനകളും ഒടുവിൽ, ഇന്തൊനീഷ്യയില്‍ വച്ച് യഥാർഥ സ്നേഹത്തില്‍ നിന്നുടലെടുക്കുന്ന ആന്തരിക സമാധാനവും സന്തുലിതാവസ്ഥയും അവൾ കണ്ടെത്തുന്നു.

3. അണ്ടര്‍ ദ് ടസ്കന്‍ സണ്‍ (Under the Tuscan Sun)

2003 ല്‍ പുറത്തിറങ്ങിയ അമേരിക്കന്‍ റൊമാന്റിക് കോമഡി ഡ്രാമയായ അണ്ടര്‍ ദ് ടസ്കാന്‍ സണ്‍ സംവിധാനം ചെയ്തത് ഓഡ്രേ വെല്‍സ് ആണ്.  വിവാഹമോചിതയായ ഒരു എഴുത്തുകാരിയുടെ ജീവിതമാണ് ഈ ചിത്രം പറയുന്നത്. ജീവിതത്തില്‍ മാറ്റങ്ങള്‍ വരുമെന്ന് പ്രതീക്ഷിക്കുന്ന അവള്‍ ടസ്കനിയിലെ ഒരു വില്ലയിലെത്തുന്നതാണ് കഥ. ഡിയാന്‍ ലെയ്ന്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഫ്രാന്‍സിസ് മേയ്സിനെ അവതരിപ്പിക്കുന്നത്. 

Before-Sunrise

4. ബിഫോര്‍ സണ്‍റൈസ് (Before Sunrise)

ജെസെയും സെലിനും ബുഡാപെസ്റ്റിൽ നിന്ന് വിയന്നയിലേക്കുള്ള യാത്രാമധ്യേ ഒരു ട്രെയിനിൽ വച്ചു കണ്ടുമുട്ടുന്നു. വഴിയില്‍ ഇറങ്ങാനും സായാഹ്നം ഒരുമിച്ച് ചെലവഴിക്കാനും തീരുമാനമെടുക്കുന്ന അവര്‍ വിയന്നയുടെ ഇടവഴികളില്‍ ചുറ്റിക്കറങ്ങുന്നു. പിന്നീട് അവര്‍ പ്രണയത്തിലാകുന്നു. റിച്ചാര്‍ഡ് ലിങ്ക്ലേറ്റര്‍ സംവിധാനം ചെയ്ത ഈ ചിത്രം പുറത്തിറങ്ങിയത് 1995 ലായിരുന്നു. ഏദന്‍ ഹോക്കും ജൂലി ഡെല്‍പിയുമാണ്‌ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

5. ദ് ബീച്ച് (The Beach)

Maya Bay

2000ത്തില്‍ പുറത്തിറങ്ങിയ അഡ്വഞ്ചര്‍ ഡ്രാമയാണ് ദ് ബീച്ച്. തായ്‌ലൻഡ് എന്ന രാജ്യത്തിന്‍റെ മനോഹാരിത ഒപ്പിയെടുത്ത ഈ ചിത്രത്തില്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ആണ് പ്രധാന കഥാപാത്രമായി എത്തുന്നത്. തായ്‌ലൻഡ് എന്ന രാജ്യം സന്ദര്‍ശിക്കാന്‍ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികള്‍ക്ക് പ്രചോദനമേകിയ ചിത്രമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡാനി ബോയില്‍ ആണ് ചിത്രം സംവിധാനം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA