ADVERTISEMENT

‘തേന്മാവിന്‍ കൊമ്പത്ത്’ എന്ന സിനിമയില്‍ ഭാഷയറിയാത്ത സ്ഥലത്തു ചെന്നു പെടുന്ന മോഹന്‍ലാല്‍ കഥാപാത്രം ‘ലേലു അല്ലു, ലേലു അല്ലു’ എന്നു പറഞ്ഞ് നിലവിളിക്കുന്ന സീന്‍ ഓര്‍മയില്ലേ? അങ്ങനെയെങ്ങാനും ഏതെങ്കിലും സ്ഥലത്തു ചെന്നുപെട്ടാല്‍ എന്തായിരിക്കും അവസ്ഥയെന്ന് ആലോചിച്ചിട്ടുണ്ടോ?

ഡിജിറ്റല്‍ യുഗത്തിലാണ് നാം. ഫോണും ഇന്‍റര്‍നെറ്റും കംപ്യൂട്ടറുമൊന്നുമില്ലാത്ത ഒരു ദിവസത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. എന്നാല്‍ ഇങ്ങനെയൊരു പുറംലോകമുണ്ടെന്ന ധാരണ പോലുമില്ലാതെ കാടുകളിലും മലകളിലും ദ്വീപുകളിലുമൊക്കെ ജീവിക്കുന്ന ആളുകളുണ്ട്! ഇങ്ങനെയൊക്കെയാണ് ലോകത്ത് സംഭവിക്കുന്നതെന്നു പറഞ്ഞുകൊടുക്കാനോ മറ്റോ ആരെങ്കിലും അവരുടെ അധികാര പരിധിക്കുള്ളില്‍ കടന്നാലോ? പേടിപ്പിച്ചു വിടലും ഉപദ്രവിക്കലും മാത്രമല്ല, ചില ഗോത്രങ്ങളിലൊക്കെ കൊന്നു തിന്നുക വരെ പതിവുണ്ട്! 

അപരിഷ്കൃതരായ ഇക്കൂട്ടര്‍ക്ക് നാടിന്‍റെ നിയമങ്ങളെയോ രീതികളെയോ പറ്റി യാതൊരു അറിവുമില്ല. ഗോത്രത്തിന്റെ നിയമാവലികളാണ് അവരുടെ ഭരണഘടന. ഗോത്രത്തലവനാണ് പരമാധികാരി. അതിനപ്പുറത്തെ ലോകമോ അവിടെ നടക്കുന്ന കാര്യങ്ങളോ അവരെ ബാധിക്കുന്നേയില്ല. 

ഇത്തരം ചില ഗോത്രവര്‍ഗ്ഗങ്ങളെക്കുറിച്ച് അല്‍പം മനസ്സിലാക്കിയാലോ..

1. അസരോ ഗോത്രം, പാപ്പുവ ന്യൂഗിനിയ

ഇരുപതാം നൂറ്റാണ്ടിലാണ് ഇങ്ങനെയൊരു ഗോത്രത്തെപ്പറ്റി ലോകം അറിയുന്നത്. അതിനു മുന്നേ പേടിപ്പിക്കുന്ന ചളി മുഖംമൂടികള്‍ ഉപയോഗിച്ച് അടുത്തു വരുന്നവരെ പേടിപ്പിച്ചു വിടുകയായിരുന്നു ഇവരുടെ പതിവ്. കിഴക്കന്‍ ഹൈലാന്‍ഡ്സിലുള്ള ഗോരോക എന്ന ഗ്രാമത്തിലാണ് ഇവരുടെ വാസം. 

asaro-tribe

അസാരോ ഗോത്രവർഗ്ഗക്കാരുടെ വസ്ത്രധാരണരീതിയെപ്പറ്റി രസകരമായ ഒരു കഥയുണ്ട്. വർഷങ്ങൾക്കുമുമ്പ് അസാരോ ഗോത്രത്തെ എതിരാളികളായ ഗോത്രവർഗക്കാർ ആക്രമിച്ചു. സ്വയരക്ഷക്കായി അവർ കുറച്ചുകാലം അസാരോ നദിയിൽ ഒളിച്ചു. ശത്രുക്കള്‍ പോയെന്നു കരുതി പുറത്തിറങ്ങി വന്നപ്പോഴും അവര്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. പക്ഷേ നദിയിലെ വെളുത്ത ചെളിയായിരുന്നു അവരുടെ ദേഹം നിറയെ. അങ്ങനെ വന്ന ആളുകളെ കണ്ട് പ്രേതങ്ങളാണെന്നു കരുതി ശത്രുക്കൾ ഓടിപ്പോയത്രേ. അന്നു മുതല്‍ അവര്‍ ചെളി ശരീരത്തിന്‍റെ ഭാഗം പോലെ കൊണ്ടുനടക്കാന്‍ തുടങ്ങി.

 

2. മസായി ഗോത്രം, കെനിയ, ടാന്‍സാനിയ

masai-tribes

ജനനം മുതല്‍ക്കേ ധീരത കൈമുതലായുള്ള ഗോത്രം എന്നാണു ഇവരെക്കുറിച്ചു പറയാറ്. കുട്ടിക്കാലം മുതൽ ആണ്‍കുട്ടികളെ ഉത്തരവാദിത്തമുള്ളവരും സംരക്ഷകരുമാവാന്‍ പഠിപ്പിക്കുന്നു. സ്ത്രീകളെയും മൃഗങ്ങളെയും കന്നുകാലികളെയും കുടുംബത്തെയും സംരക്ഷിക്കുക എന്നതാണ് അവരുടെ ജോലി. ചെറുപ്പം മുതല്‍ ആണ്‍കുട്ടികളെ ഇങ്ങനെയാണ് വളര്‍ത്തുന്നത്.

3. കൊറോവായ്‌ ഗോത്രം, പാപ്പുവ ന്യൂഗിനിയ

1974 ലാണ് കൊറോവായ് ഗോത്രത്തെ കണ്ടെത്തുന്നത്. കാട്ടില്‍ മരങ്ങളില്‍ കെട്ടിയാണ് ഇവരുടെ വാസം. സ്വയംപര്യാപ്തരായ ഇവര്‍ പരിസ്ഥിതിയെ പരിരക്ഷിച്ചും പരിപോഷിപ്പിച്ചും ആശ്രയിച്ചുമാണ് ജീവിതം നയിക്കുന്നത്. ഏറെക്കുറെ നാടോടികള്‍ എന്ന് ഇവരെക്കുറിച്ച് പറയാറുണ്ട്‌. ഇന്തൊനീഷ്യൻ സർക്കാരിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി ഇവരുടെ അതുല്യമായ ജീവിതരീതിയും പുരാതന സാംസ്കാരിക പാരമ്പര്യങ്ങളും ആധുനികതയിലേക്കുള്ള മാറ്റത്തിന്‍റെ പാതയിലാണ്.

4. കസാഖ് ഗോത്രം, മംഗോളിയ

തുർക്കി ഭാഷയിൽ നാടോടി എന്നാണ് കസാഖ് എന്ന വാക്കിന്‍റെ അർഥം. സ്വന്തം ഗോത്രത്തില്‍പ്പെട്ട ആളുകളുമായി മാത്രം ഇടപഴകുന്നവരും പുറം ലോകവുമായി ഒരു തരത്തിലുമുള്ള ബന്ധവും സൂക്ഷിക്കാന്‍ ഇഷ്ടപ്പെടാത്തവരുമാണ് കസാഖുകള്‍. പ്രധാനമായും കസാഖിസ്ഥാനിലാണ് കണ്ടു വരുന്നതെങ്കിലും, ഉസ്ബക്കിസ്ഥാൻ, ചൈന, റഷ്യ, മംഗോളിയ എന്നിവിടങ്ങളിലും ഇക്കൂട്ടരുണ്ട്. നാടോടികളായ ഇടയന്മാരാണ്‌ ഇവര്‍. പാലുല്‍പന്നങ്ങളും മാംസവുമാണ് ഇവരുടെ പ്രധാന ആഹാരം.

5. സെന്റിനലീസ്, ആന്‍ഡമാന്‍

60000 വര്‍ഷത്തോളം പഴക്കമുള്ള, അതിപുരാതനമായ ഗോത്ര വര്‍ഗമാണ് ആന്‍ഡമാന്‍ നിക്കോബാറിലെ നോർത്ത് സെന്റിനെൽ ദ്വീപിൽ കാണുന്ന സെന്റിനലുകള്‍. തീര്‍ത്തും അപരിഷ്കൃതമായ ജീവിതരീതി പിന്തുടരുന്ന ഇക്കൂട്ടര്‍, പുറമേ നിന്നുള്ള ആളുകളുടെ ഇടപെടല്‍ തീരെ താല്പര്യപ്പെടുന്നില്ല. എന്നുമാത്രമല്ല, അമ്പും വില്ലുമൊക്കെ ഉപയോഗിച്ച് ആക്രമണം നടത്തുകയും ചെയ്യും! മറയില്ലാത്ത കുടിലുകളില്‍ താമസിക്കുന്ന ഇക്കൂട്ടരുടെ പ്രധാന തൊഴില്‍ വേട്ടയും മീൻ പിടിത്തവുമാണ്. കാട്ടില്‍നിന്നു കിട്ടുന്ന പഴങ്ങളും തേനും കിഴങ്ങുകളും മൃഗങ്ങളെയും പക്ഷികളെയുമെല്ലാം ഇവര്‍ ആഹാരമാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com