ADVERTISEMENT

നടന്‍ ആര്യ നായകനായി അഭിനയിച്ച 'മദ്രാസ് പട്ടണം' എന്ന സിനിമയിലെ വെള്ളാരം കണ്ണുള്ള ആ ഇംഗ്ലീഷ് സുന്ദരിയെ ഓര്‍മയില്ലേ? ആരാധകരുടെ മനം കവര്‍ന്ന്, മകനോടും ഭര്‍ത്താവിനോടുമൊപ്പം സൗത്താഫ്രിക്കയിലെ പിറന്നാള്‍ ആഘോഷ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് എമി ജാക്സണ്‍ എന്ന ആ താരസുന്ദരിയിപ്പോള്‍. തന്‍റെ ഇരുപത്തി എട്ടാം പിറന്നാളിനോടനുബന്ധിച്ച് സെയ്ഷെല്‍സിലെ ബീച്ചില്‍ നിന്നെടുത്ത വെക്കേഷന്‍ യാത്രാ ചിത്രങ്ങളാണ് എമി തന്‍റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. 

ബിക്കിനിയിലുള്ള ചിത്രങ്ങളാണ് ഇതില്‍ കൂടുതലും. ഭര്‍ത്താവും നാലു മാസം പ്രായമുള്ള കുഞ്ഞുമകന്‍ ആന്‍ഡ്രിയാസും സെയ്ഷെല്‍സില്‍ എമിക്കൊപ്പമുണ്ട്. മഴയില്‍ നൃത്തമാടുന്ന ക്ലാസിക് ടച്ചുള്ള ബ്ലാക്ക് ആന്‍ഡ്‌ വൈറ്റ് ചിത്രവും മകനൊപ്പമുള്ള ചിത്രവുമെല്ലാം എമി പങ്കുവച്ചിട്ടുണ്ട്. ഓരോ ദിവസവും പുലരുമ്പോള്‍ ശ്വാസം നിലനില്‍ക്കുന്നത് തന്നെ അനുഗ്രഹമാണെന്നും താന്‍ ഏറെ ഭാഗ്യവതിയാണെന്നും എമി കുറിച്ചു. പിറന്നാള്‍ ദിനത്തില്‍ സൂര്യനെ കാണാത്തത്രയും മഴ ഉണ്ടാകുന്നത് അത്ര നല്ല അനുഭവമല്ല. എന്നാല്‍, ചെടികള്‍ക്കൊക്കെ സന്തോഷമായതാണ് ഏറ്റവും നല്ല കാര്യം.

View this post on Instagram

As endless as the ocean, as timeless as the tides...

A post shared by Amy Jackson (@iamamyjackson) on

 

സെലിബ്രിറ്റികളുടെ ഏറ്റവും പ്രിയപ്പെട്ട റൊമാന്റിക് ഹോളിഡേ ഡെസ്റ്റിനേഷനുകളില്‍ ഒന്നാണ് സെയ്ഷെല്‍സ്. ഇവിടത്തെ സ്വകാര്യദ്വീപുകളില്‍ വച്ച് വിവാഹവും ഹണിമൂണുമൊക്കെ ആഘോഷിക്കാനായി നിരവധി പേരാണ് എത്തുന്നത്.

 

ലോകത്തിലെ ഏറ്റവും റൊമാന്റിക് ആയ ബീച്ചുകള്‍ 

 

ഇന്ത്യൻ മഹാസമുദ്രത്തിലെ സ്വര്‍ഗ്ഗതുല്യമായ ദ്വീപുകളാണ് സെയ്ഷെല്‍സ്. പുറംലോകത്തിന്‍റെ എല്ലാവിധ കെട്ടുപാടുകളില്‍ നിന്നും വിട്ട് സമ്പൂര്‍ണ്ണമായ ഒരു വിനോദസമയമാണ് സെയ്ഷെല്‍സ് സഞ്ചാരികള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഇവിടേക്ക് സെലിബ്രിറ്റികളടക്കമുള്ള സഞ്ചാരികളുടെ ഒഴുക്ക് അവിരാമം തുടരുന്നത്. 

 

ഇന്ത്യന്‍ മഹാസമുദ്രത്തിലെ 115 ദ്വീപുകളുടെ സമൂഹമാണ് റിപ്പബ്ലിക്ക് ഓഫ് സെയ്ഷെല്‍സ് എന്നറിയപ്പെടുന്നത്. ആഫ്രിക്കൻ വൻ‌കരയിൽ നിന്ന് 1,600 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന സെയ്ഷെല്‍സിലാണ് ആഫ്രിക്കയിലെ സ്വയംഭരണ രാജ്യങ്ങളിൽ വച്ച് ഏറ്റവും കുറവ് ജനസംഖ്യ രേഖപ്പെടുത്തിയിട്ടുള്ളത്. ഗ്രാനൈറ്റ് കൊണ്ടും പവിഴപ്പുറ്റുകള്‍ കൊണ്ടും രൂപപ്പെട്ട ദ്വീപുകള്‍ ഇക്കൂട്ടത്തിലുണ്ട്. "ഇന്ത്യൻ മഹാസമുദ്രത്തിന്റെ മുത്ത്" എന്നാണ് സെയ്ഷെല്‍സിനെ വിളിക്കുന്നത്. 

 

 

സ്നോർക്കലിംഗ്, സ്കൂബ ഡൈവിംഗ് മുതലായ സമുദ്രവിനോദങ്ങള് ആസ്വദിക്കാന്‍, മാത്രമല്ല, പ്രിയപ്പെട്ട ആളോടൊപ്പം റൊമാന്റിക് ആയ കുറച്ചു സമയം ചെലവഴിക്കാനും സെയ്ഷെല്‍സ് അവസരം നല്‍കുന്നു.

 

കറുത്ത തത്തയും ഭീമന്‍ തേങ്ങയും

കടല്‍വിനോദങ്ങള്‍ക്ക് പുറമേ സന്ദര്‍ശിക്കാനായി മനോഹരമായ ഒട്ടനവധി സ്ഥലങ്ങളും സെയ്ഷെല്‍സിലുണ്ട്. ഇതില്‍ ഏറ്റവും പ്രധാനമാണ് ലാ ഡിഗ് ദ്വീപിലെ പിങ്ക് നിറമുള്ള ബീച്ച്. ഇവിടത്തെ മണല്‍ത്തരികളുടെ പ്രത്യേക നിറമാണ് ബീച്ചിനെ പിങ്കില്‍ അണിയിച്ചൊരുക്കുന്നത്.

 

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഭീമന്‍ കടലാമകള്‍ കാണപ്പെടുന്ന അല്‍ഡബ്രയും യഥാര്‍ത്ഥ 'ഏദന്‍ തോട്ടം' എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലം ഉള്‍ക്കൊള്ളുന്ന പ്രസ്ലിന്‍ ദ്വീപും ഇവിടെത്തന്നെയാണ്. ഇത് രണ്ടും യുനെസ്കോ സൈറ്റുകള്‍ ആണ് എന്നതാണ് മറ്റൊരു പ്രത്യേകത. ലോകത്തിലെ ഏറ്റവും വലിയ തേങ്ങയായ വൈല്‍ഡ് കൊക്കോ ഡി മര്‍ ഉള്ളതും ഏറ്റവും മികച്ച ബീച്ചായി ട്രാവല്‍ വെബ്സൈറ്റുകളുടെ പട്ടികയില്‍ സ്ഥിരം സ്ഥാനം നേടുന്ന ആന്‍സെ ലാസിയോ ബീച്ച് ഉള്ളതും പ്രസ്ലിന്‍ ദ്വീപിലാണ്.പച്ച നിറമുള്ള തത്തയെ എല്ലാവരും കണ്ടു കാണും, എന്നാല്‍ തത്തയ്ക്ക് കറുപ്പ് നിറമായാലോ! അപൂര്‍വ്വ ഇനത്തില്‍പ്പെട്ട ഈ തത്തയാണ് സെയ്ഷെല്‍സിന്‍റെ ദേശീയപക്ഷി. ഇവിടത്തെ വാലീ ഡി മൈ നേച്ചര്‍ റിസര്‍വിലും പ്രസ്ലിന്‍ ദേശീയ പാര്‍ക്കിലുമാണ് ഇവയെ കാണാന്‍ സാധിക്കുക.

 

മാഹിയാണ് സെയ്ഷെല്‍സിന്‍റെ തലസ്ഥാനം. എഴുപതോളം മനോഹരങ്ങളായ ബീച്ചുകള്‍ ഉണ്ട് ഇവിടെ. മാത്രമല്ലെ പ്രശസ്തമായ മോണ്‍ സെയ്ഷെല്ലോയ്സ് ദേശീയോദ്യാനവും ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com