മൊണാലിസക്കരികില്‍ നിന്ന് സ്നേഹത്തോടെ സ്വന്തം നിവിന്‍ പോളി

nivin-trip
SHARE

നിവിന്‍ പോളിയുടെ സിനിമാ കരിയറിലെ ഏറ്റവും മികച്ച സിനിമകളിലൊന്നായാണ് മൂത്തോന്‍ കണക്കാക്കുന്നത്. ഗീതു മോഹന്‍ദാസ്‌ സംവിധാനം ചെയ്ത ഈ സിനിമ ഇതിനിടെ ചില അന്താരാഷ്ട്ര ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കുകയുണ്ടായി. ഇക്കഴിഞ്ഞ ജനുവരി അവസാനം പാരീസില്‍ വച്ചു നടന്ന സൗത്ത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടിരുന്നു. ഇതിനായി നിവിനും സിനിമയുടെ അണിയറ പ്രവര്‍ത്തകരുമെല്ലാം പാരീസില്‍ എത്തി.

പാരീസില്‍ നിന്നുള്ള ചിത്രങ്ങള്‍ നിവിന്‍ തന്‍റെ സോഷ്യല്‍ മീഡിയ പേജില്‍ പങ്കു വച്ചിട്ടുണ്ട്. 'പാരീസില്‍ നിന്ന് സ്നേഹപൂര്‍വ്വം' എന്നാണ് നിവിന്‍ ഇതിനു ക്യാപ്ഷന്‍ കൊടുത്തിരിക്കുന്നത്. ജാക്കറ്റും ചുവന്ന വൂളന്‍ തൊപ്പിയും സണ്‍ഗ്ലാസുമണിഞ്ഞ്‌ പാരീസിലെ ലൂവ്രേ മ്യൂസിയത്തില്‍ നിന്നുമാണ് ഈ സെല്‍ഫി നിവിന്‍ എടുത്തിരിക്കുന്നത്.

View this post on Instagram

From Paris with Love ❤️ #moothon #FFAST

A post shared by Nivin Pauly (@nivinpaulyactor) on

ഫ്രഞ്ച് രാജാക്കന്മാരുടെ കൊട്ടാരമായിരുന്ന കെട്ടിടത്തിലാണ്, ലോകപ്രശസ്തമായ  ലൂവ്രേ മ്യൂസിയം പ്രവര്‍ത്തിക്കുന്നത്.  ലൂയി പതിനാലാമൻ രാജാവിന്റെ കാലത്താണ് ഇത് ഭൂരിഭാഗവും നിര്‍മ്മിക്കപ്പെട്ടത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മ്യൂസിയമായ ലൂവ്രേയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശനം നടത്തുന്നത് എന്നൊരു പ്രത്യേകതയുമുണ്ട്.

മൊണാലിസ എന്ന ലോകപ്രശസ്തമായ ഡാവിഞ്ചി ചിത്രത്തെക്കുറിച്ച് കേള്‍ക്കാത്തവര്‍ ആരുണ്ട്‌? ഈ മ്യൂസിയത്തിനുള്ളിലാണ് മൊണാലിസയും സൂക്ഷിച്ചിരിക്കുന്നത്. ഡാവിഞ്ചിയെക്കൂടാതെ റെംബ്രാന്റ്, റൂബെൻസ്, ടിഷ്യൻ എന്നിവരുടെ രചനകളും ഇവിടെ കാണാം. പ്രശസ്ത ഗ്രീക്കുപ്രതിമകളായ വീനസ് ദെ മിലോ, വിങ്ഡ് വിക്റ്ററി, ഒഫ് സാമോത്രേസ് എന്നിവയും ഇവിടെ തന്നെയാണ് ഉള്ളത്. ഒപ്പം മറ്റു ലോകരാജ്യങ്ങളില്‍ നിന്നുള്ള കലാസൃഷ്ടികളും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ 9 മുതൽ വൈകുന്നേരം 6 വരെ ലൂവ്രേ മ്യൂസിയം തുറന്നിരിക്കും. ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 9:45 വരെ രാത്രി വരെ സന്ദര്‍ശിക്കാം. എല്ലാ മാസവും ആദ്യ ശനിയാഴ്ച വൈകുന്നേരം 6 മുതൽ രാത്രി 9:45 വരെ സൗജന്യ പ്രവേശനവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA