നിഗൂഢവും വിചിത്രവുമായ ഇൗ സ്ഥലങ്ങൾ സന്ദർശിക്കാതിരിക്കരുത്

pamukkale-turkey-trip
SHARE

വിചിത്രവും ഐതിഹാസികവുമായ സ്ഥലങ്ങൾ കാണുന്നതിന് ഒരു സയൻസ് ഫിക്‌ഷൻ അല്ലെങ്കിൽ ഫാന്റസി സിനിമ കാണേണ്ടതില്ല, ചിലയിടങ്ങളിലേക്കു യാത്ര ചെയ്താൽമതി. ചില ദുരന്തങ്ങളുടെ ഓർമസ്ഥലങ്ങളോ പ്രകൃതിയൊരുക്കിയ വന്യമായ കാഴ്ചകളോ മറ്റൊരു ഗ്രഹത്തിലാണോ എന്നു തോന്നിപ്പിക്കുന്നത്ര വിചിത്രയിടങ്ങളോ ആവാം അവ.

പമുക്കലെ,  തുർക്കി

ഒറ്റനോട്ടത്തിൽ പല തട്ടുകളിലുള്ള കുറേ കുളങ്ങൾ. വെളുത്ത പ്രതലത്തിൽ കെട്ടിക്കിടക്കുന്ന നീലത്തടാകങ്ങൾ ആരെയും അമ്പരപ്പിക്കും. പടിഞ്ഞാറൻ തുർക്കിയിലെ പമുക്കലെ പട്ടണത്തിലാണ് നീലാകാശം പ്രതിഫലിപ്പിക്കുന്ന ധാതു സമ്പന്നമായ താപ ജലം ഇത്തരത്തിൽ ഒരു പ്രതിഭാസം തീർത്തിരിക്കുന്നത്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപെട്ട ഈ സ്ഥലം ഏകദേശം 2,200 വർഷങ്ങൾക്ക് മുമ്പു നിർമിക്കപ്പെട്ട ഒരു പ്രകൃതിദത്ത തെർമൽ സ്പാ ആണെന്നു പറയാം. ക്ഷേത്രങ്ങൾ, ഗ്രീക്ക് സ്മാരകങ്ങൾ എന്നിവയുടെ അവശിഷ്ടങ്ങളും ഇവിടെ കാണാം.

pamukkale-turkey

ആയിരക്കണക്കിനു വർഷങ്ങളായി, കാൽ‌സൈറ്റ് നിറഞ്ഞ ജലം കോട്ടൺ കോട്ട എന്ന് അറിയപ്പെടുന്ന പമുക്കലെയിൽ ശോഭയുള്ള കാൽസ്യം ബൈകാർബണേറ്റ് നിക്ഷേപങ്ങൾക്കിടയിൽ പ്രകൃതിദത്ത ധാതു തടങ്ങൾ രൂപികരിച്ചിരിക്കുന്നു.

സ്‌റ്റോൺഹെൻജ്,  ഇംഗ്ലണ്ട്

ലോകത്തിലെ ഏറ്റവും പ്രശസ്തമായ ചരിത്രാതീത സ്മാരകമാകാം സ്‌റ്റോൺഹെൻജ്. ഇത് 5,000 വർഷങ്ങൾ പഴക്കമുള്ളതാണത്രേ. ജ്യോതിശാസ്ത്രപരമായ പ്രാധാന്യമുണ്ടെന്നു കരുതുന്ന ഒരു സർക്കിളിലാണ് അവ ക്രമീകരിച്ചിരിക്കുന്നത്. ലണ്ടൻ നഗരത്തിൽ നിന്ന് 140 കിലോമീറ്റർ അകലെ വിൽറ്റ്ഷിർ കൗണ്ടിയിലെ എംസ്ബെറിയിലാണ് ഈ സ്മാരകം. വൃത്താകൃതിയിൽ നാട്ടിനിർത്തിയിരിക്കുന്ന വലിയ കല്ലുകളാണ് ഇവിടെയുള്ളത്. ഒരോന്നിനും ഏകദേശം 13 അടി (4 മീറ്റർ) ഉയരവും 7 അടി (2.1 മീറ്റർ) വീതിയും 25 ടൺ ഭാരവും ഉണ്ട്. 20 മൈൽ അകലെ നിന്നാണ് ഇവ കൊണ്ടുവന്നതെന്ന് ശാസ്ത്രജ്ഞർ പറയുന്നു.

stonehenge-england

കാർബൺ പഴക്ക നിർണ്ണയ പ്രകാരം ഇവയിൽ ചില കല്ലുകൾ ബി.സി. 3000-ത്തിൽ തന്നെ ഈ പ്രദേശത്തെത്തിയതായും 2400 നും ബി.സി.ഇ. 2200 ഇടയിലായി നാട്ടിയതായും അനുമാനിക്കുന്നു. ഇത് പല ഘട്ടങ്ങളിലായാണ് നിർമിച്ചത്: ആദ്യത്തെ സ്മാരകം ഏകദേശം 5000 വർഷം മുമ്പ് നിർമിച്ച ആദ്യകാല ഹെൻജ് സ്മാരകമായിരുന്നു, കൂടാതെ ബിസി 2500 ൽ നവീന ശിലായുഗത്തിന്റെ അവസാനത്തിൽ തനതായ ശിലാ വൃത്തം സ്ഥാപിച്ചു. വെങ്കലയുഗത്തിന്റെ തുടക്കത്തിൽ നിരവധി ശ്മശാന കുന്നുകളും സമീപത്തുണ്ടായിരുന്നു.

സ്‌റ്റോൺഹെൻജ് ആര് എന്തിനു വേണ്ടി നിർമിച്ചു എന്നോ എത്രകാലം ഇവിടെ മനുഷ്യവാസം നിലനിന്നിരുന്നു എന്നോ ഗവേഷകർക്ക് ഇനിയും കണ്ടെത്താനായിട്ടില്ല. എന്നാൽ കരുതപ്പെടുംപോലെ സ്‌റ്റോൺഹെൻജ് ഒരു പ്രാചീന ജ്യോതിശാസ്ത്ര ഘടികാരമോ നിരീക്ഷണാലയമോ അല്ല, ഇതൊരു ശ്മശാനം തന്നെയായിരുന്നുവെന്ന് പുതിയ പഠനങ്ങൾ വെളിവാക്കുന്നു.

ബ്രാൻഡ് കാസിൽ അഥവാ ഡ്രാക്കുള കോട്ട 

പേരു കേൾക്കുമ്പോൾ തന്നെ നെഞ്ചിടിപ്പു കൂടുന്ന സ്ഥലം, അതാണ് ബ്രാൻഡ് കാസിൽ. റൊമാനിയയിലെ ഒരു ദേശീയ സ്മാരകവും ലാൻഡ്‌മാർക്കുമാണ് ബ്രാൻ കാസിൽ. ട്രാൻസിൽവാനിയയ്ക്കും വല്ലാസിയയ്ക്കും ഇടയിലുള്ള അതിർത്തിയിലാണ് കോട്ട സ്ഥിതിചെയ്യുന്നത്. ഹംഗറിക്ക് സമീപമുള്ള റൊമേനിയന്‍ പ്രദേശമായ ട്രാന്‍സില്‍വാനിയയിലെ പ്രശസ്തമായ ബ്രാന്‍ കാസില്‍ ആണ് ഡ്രാക്കുള കോട്ട എന്ന പേരില്‍ അറിയപ്പെടുന്നത്.

525975996

22 ഏക്കറിൽ നീണ്ടു കിടക്കുന്ന ഡ്രാക്കുള കോട്ട 2009 മുതല്‍ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തു. ഈ കോട്ടയില്‍ ഗൈഡിനൊപ്പമോ ഒറ്റയ്‌ക്കോ സഞ്ചരിക്കാം. ഒരു ദിവസം കൊണ്ട് കണ്ടുതീര്‍ക്കാനാകുന്നതല്ല ഈ കോട്ട. ബ്രാം സ്റ്റോക്കറെഴുതിയ നോവലിനൊപ്പം സഞ്ചരിക്കുന്ന അനുഭൂതിയാകും ഡ്രാക്കുള കോട്ട യാത്രക്കാര്‍ക്ക് സമ്മാനിക്കുക. നല്ല ധൈര്യമുള്ളവർക്ക് ഒട്ടും പേടിക്കാതെ ഡ്രാക്കുള കോട്ട കണ്ടു മടങ്ങാം.

യുയുനി സാൾട്ട് ഫ്ലാറ്റ്,  ബൊളീവിയ

uyuni-salt-flats

ലോകത്തിലെ ഏറ്റവും വലിയ കണ്ണാടി എന്ന് ചിലർ വിളിക്കുന്ന തെക്കുപടിഞ്ഞാറൻ ബൊളീവിയയിലെ ഈ ഉപ്പ് ഫ്ളാറ്റുകൾ ചരിത്രാതീതകാലത്തെ തടാകത്തിൽ നിന്നാണ് ഉണ്ടായിരിക്കുന്നത്. ഇത് 4,000 ചതുരശ്ര മൈലിലധികം വ്യാപിച്ചുകിടക്കുന്നു. ഇവിടം കണ്ടാൽ ആകാശത്തേക്കാൾ വലിയ ഒരു കണ്ണാടി ആണെന്ന് തോന്നും. വേനൽക്കാലമാണ് പ്രകൃതി ഒരുക്കിയിരിക്കുന്ന ഈ പ്രതിഭാസം കാണാൻ ഏറ്റവും മികച്ചത്. ഉപ്പു കൊണ്ട് നിർമിച്ച ഒരു ഹോട്ടൽ പോലും ഇവിടെയുണ്ട്. 

നാസ്ക ലൈൻസ്,  പെറു

ഏകദേശം 1,500-2,500 വർഷങ്ങൾക്ക് മുമ്പ് ഭൂമിയുടെ ഉപരിതലത്തിൽ രൂപപ്പെട്ട ജ്യാമിതീയ രൂപങ്ങൾ, പക്ഷികൾ, കുരങ്ങുകൾ, ഹ്യൂമനോയിഡ് രൂപങ്ങൾ എന്നിവയുടെ ഭീമൻ കൊത്തുപണികൾക്ക് പേരുകേട്ട, 200 ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ലോകപ്രശസ്ത ഇടമാണ് നാസ്ക ലൈൻ. തെക്കൻ പെറുവിൽ മരുഭൂമിയിൽ കാണപ്പെടുന്ന രേഖാചിത്രങ്ങളാണ് നാസ്ക വരകൾ. ഏകദേശം 80 കിലോമീറ്ററോളം പരന്നു കിടക്കുന്ന ഈ വരകൾ അവയുടെ രചനാ ചാതുരിയിലും നിർമാണോദേശ്യത്തിലും നിഗൂഢമായി അവശേഷിക്കുന്നു.

nazca-line-peru

1940-കളിൽ തുടങ്ങിയ പര്യവേക്ഷണങ്ങൾക്ക് ഇനിയും നാസ്ക വരകളെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനായിട്ടില്ല.1994-ൽ യുനെസ്കോ നാസ്ക വരകളെ ലോക ഹെറിറ്റേജ് ലിസ്റ്റിൽപ്പെടുത്തി. ബിസി 100 മുതൽ ആരംഭിച്ച നാസ്ക ലൈനുകളെ ലോകത്തിലെ എട്ടാമത്തെ അത്ഭുതം എന്ന് വിളിക്കുന്നു. നാസ്ക നദീതടത്തിലെ ഡിസൈനുകളുടെ അതിശയകരമായ വലുപ്പവും സങ്കീർണ്ണതയും കണക്കിലെടുക്കുമ്പോൾ, ചിഹ്നങ്ങളുടെ അമാനുഷിക വിശദീകരണങ്ങൾ പ്രചാരത്തിലായതിൽ അതിശയിക്കാനില്ല. ഈ ചിത്രങ്ങൾ അന്യഗ്രഹജീവികൾ വച്ചതാണെന്ന വാദങ്ങൾ വരെ ഉണ്ടായിട്ടുണ്ട്.

പ്രീപ്യാത്ത്, യുക്രെയ്ൻ

ചരിത്രത്തിലെ ഏറ്റവും ഭീകരമായ ആണവ ദുരന്തത്തിന്റെ ബാക്കിപത്രമാണ് പ്രീപ്യാത്ത് എന്ന പ്രേത നഗരം. കുറഞ്ഞത് 20,000 വർഷമെങ്കിലും ഈ പ്രദേശം മനുഷ്യർക്കു താമസിക്കാൻ സുരക്ഷിതമല്ലെന്ന് കണക്കാക്കപ്പെടുന്നു. മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നതും ഇപ്പോൾ യുക്രൈനിന്റെ ഭാഗമായതുമായ പ്രീപ്യാത്ത് എന്ന പ്രദേശത്ത് ചെർണോബിൽ ആണവോർജ പ്ലാന്റിലെ നാലാം നമ്പർ റിയാക്ടർ പൊട്ടിത്തെറിച്ചാണ് അപകടം. ദുരന്തത്തിനു ശേഷം നാമാവശേഷമായ നഗരം ഇന്നും ഭയപ്പെടുത്തുന്ന ഒരു ചിത്രമായി ലോകത്തിനു മുമ്പിൽ നിൽക്കുന്നു.

pripyat-ukraine

ഇന്ന് ആ ദുരന്ത ഭൂമി ഒരു ടൂറിസ്റ്റ് സ്പോട്ടാണ്. സർക്കാർ ചെർണോബിലിൽ ഡാർക്ക് ടൂറിസം എന്ന വിളിപ്പേരിൽ ടൂറിസം പ്രൊമോഷനുകൾ നടത്തുകയാണ്. 30 കിലോമീറ്റർ ദൂരത്തിൽ പടർന്നു കിടക്കുന്ന ഒരു എക്സ്കർഷൻ സൈറ്റാണ് ചെർണോബിലിൽ നിങ്ങൾക്കായി ഒരുക്കിയിട്ടുള്ളത്.  

പ്രീപ്യാത്ത് പട്ടണം 2020 ഫെബ്രുവരി 4 ന് അമ്പതാം ജന്മദിനം ആഘോഷിക്കേണ്ടതായിരുന്നു. എന്നാൽ ദുരന്തം നടന്ന് 33 വർഷങ്ങൾക്കിപ്പുറവും പ്രീപ്യാത്ത്

ഒരു ദുഃസ്വപ്നം മാത്രമായി. ദുരന്തം നടന്ന ചെർണോബിൽ നിന്ന് 30 കിലോമീറ്റർ പരിധിയിൽ ഉള്ള ജനങ്ങളെ അന്ന് കുടിയൊഴിപ്പിച്ചു. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചു വരാം എന്നു കരുതി വീട്ടിൽനിന്ന് ഇറങ്ങിയ പ്രിപ്യാത്ത് പ്രദേശവാസികൾക്ക് പിന്നീട് ഒരിക്കലും സ്വന്തം വീടുകളിലേക്ക് മടങ്ങാൻ ആയില്ല. അന്നവർ എങ്ങനെയാണോ ആ നഗരം ഉപേക്ഷിച്ചു പോയത് അതുപോലെ തന്നെ  ഇന്നും അവിടം അവശേഷിച്ചിരിക്കുന്നു. 

2019 ലെ എച്ച്ബി‌ഒ സീരീസ് ‘ചെർനോബിൽ’ പുറത്തിറങ്ങിയതിനുശേഷം, ഇത് കൂടുതൽ പ്രചാരമുള്ള വിനോദസഞ്ചാര കേന്ദ്രമായി മാറി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA