ടെന്റ് കെട്ടി പങ്കാളിക്കൊപ്പം ആകാശം കണ്ടുറങ്ങണമെന്നുണ്ടോ? പ്രണയദിനത്തിൽ ഇവിടേക്കു പോരൂ

couple-travel
SHARE

പ്രണയിക്കുന്നവര്‍ക്കായി ഒരു ദിനം. ഓരോ വാലന്റൈന്‍സ് ദിനത്തിലും വ്യത്യസ്ത ആഘോഷങ്ങളാണ് പലരും തിരഞ്ഞെടുക്കാറ്. ഇത്തവണത്തെ പ്രണയദിനത്തില്‍ ഒരു യാത്ര പോയാലോ. ഇന്ത്യയിലുടനീളം നിരവധി സ്ഥലങ്ങളുണ്ട് പ്രണയിതാക്കള്‍ക്കും ദമ്പതികള്‍ക്കും അവരുടേതായ നിമിഷങ്ങള്‍ ചെലവിടാനായി. ഇതാ ഇന്ത്യയിലെ ചില സൂപ്പര്‍ റൊമാന്റിക് സ്‌പോട്ടുകള്‍.

ലവേഴ്സ് പാരഡൈസ് - മണാലി

488758008

ഇന്ത്യയുടെ ഹണിമൂണ്‍ ക്യാപിറ്റല്‍ എന്നാണ് മണാലി അറിയപ്പെടുന്നതുതന്നെ. നവദമ്പതികളും പ്രണയിതാക്കളും യാത്രയ്ക്ക് ലിസ്റ്റ് ഇട്ടാല്‍ ആദ്യം മനാലിയെന്ന പേരാകും ഉണ്ടാവുക. പിര്‍ പഞ്ജലിന്റെയും ധൗലധര്‍ പര്‍വതനിരകളുടെയും മഞ്ഞുമൂടിയ ചരിവുകള്‍ക്കിടയില്‍ സ്ഥിതി ചെയ്യുന്ന മനാലി രാജ്യത്തെ ഏറ്റവും പ്രശസ്തമായ ഹില്‍ സ്റ്റേഷനുകളില്‍ ഒന്നാണ്.

1147816758

പര്‍വത നിരകളുടെ മനോഹരമായ കാഴ്ചകള്‍, സമൃദ്ധമായ പച്ച വനങ്ങള്‍, വിശാലമായ പുല്‍മേടുകള്‍, പുഷ്പങ്ങളാല്‍ അലംകൃതമായ പൂന്തോട്ടങ്ങള്‍, നീല നിറത്തിലുള്ള അരുവികള്‍, പൈനിന്റെയും പുതുമയുടെയും നിരന്തരമായ സുഗന്ധം - മനാലിക്ക് അസാധാരണമായ പ്രകൃതിഭംഗിയാണുള്ളതെന്ന് പ്രത്യേകം പറയേണ്ടല്ലോ. മ്യൂസിയങ്ങള്‍ മുതല്‍ ക്ഷേത്രങ്ങള്‍ വരെ, മനോഹരമായ ഗ്രാമങ്ങള്‍ മുതല്‍ തിരക്കേറിയ തെരുവുകള്‍, നദീതീരങ്ങൾ മുതൽ, ട്രെക്കിങ് പാതകള്‍ വരെ, വര്‍ഷം മുഴുവനും എല്ലാത്തരം സഞ്ചാരികളെയും കാന്തികവലയത്തിലാക്കുന്നു മണാലി. 

886639974

വൃത്തിയുള്ള റോഡുകള്‍, യൂക്കാലിപ്റ്റസ് മരങ്ങള്‍, ചെറിയ ഭക്ഷണശാലകള്‍, പ്രാദേശിക മാര്‍ക്കറ്റുകള്‍, അവിശ്വസനീയമായ വിലയ്ക്ക് രുചികരമായ പ്രാദേശിക ഭക്ഷണം വിളമ്പുന്ന കഫേകള്‍ തുടങ്ങി  ഓള്‍ഡ് മനാലി ശാന്തവും സുന്ദരവുമാണ്. പക്ഷികളുടെ ചിലയ്ക്കൽ കേട്ട്, അലയിളകുന്ന കുളു നദീതീരത്ത് പങ്കാളിക്കൊപ്പം ഇരിക്കുന്നത് ആലോചിച്ചു നോക്കു. ഇപ്പോള്‍ തണുപ്പിന്റെ സമയമാണ്. പ്രണയമെന്ന പുതപ്പിനാല്‍ മൂടിപ്പുതച്ച് സ്വയം മറന്ന് ഉല്ലസിക്കാന്‍ ഇതിലും മികച്ചൊരു സഥലം ഇന്ത്യയില്‍ മറ്റെവിടെയെങ്കിലും ഉണ്ടാകുമോ.

manali

മണാലിയില്‍ ഏറ്റവുമധികം ആളുകള്‍ സന്ദര്‍ശിക്കുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സോളാംഗ് വാലി. അങ്ങോട്ടുള്ള വഴിയും മനോഹരം. അതിന്റെ താഴ്‌വാരചരിവുകള്‍ പ്രശസ്തമായ സ്‌കീയിങ് ഡെസ്റ്റിനേഷന്‍ കൂടിയാണ്; പ്രത്യേകിച്ച് ശൈത്യകാലത്ത്. വേനല്‍ക്കാലത്ത് ഈ സ്ഥലം ഒരു പാരാഗ്ലൈഡിങ് സങ്കേതമായി മാറുന്നു. നിങ്ങള്‍ ഒരു സാഹസിക പ്രേമിയാണെങ്കില്‍, സോളാംഗ് വാലിയില്‍ സോര്‍ബിങ്, കുതിരസവാരി എന്നിവ പരീക്ഷിക്കാം. പ്രതിവര്‍ഷം 25 ലക്ഷത്തിലധികം സന്ദര്‍ശകരുള്ള റോഹ്താങ് പാസ് മണാലിയില്‍ സന്ദര്‍ശിക്കാനുള്ള ഏറ്റവും പ്രശസ്തമായ പ്രകൃതിദൃശ്യങ്ങളില്‍ ഒന്നാണ്. ലാഹൗള്‍, കുളു താഴ്‍‍വരകളെ ബന്ധിപ്പിക്കുന്ന റോഹ്താങ് പാസ് പ്രകൃതിസ്നേഹികള്‍ക്കും ഫൊട്ടോഗ്രഫര്‍മാര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും പ്രിയങ്കരമാണ്. മൗണ്ടെയ്ന്‍ ബൈക്കിങ്ങിന് പ്രസിദ്ധമാണിവിടം. 

നാഗര്‍ കോട്ടയുടെ രൂപത്തില്‍ കുറച്ചു ചരിത്രവും മണാലിക്ക് പങ്കുവയ്ക്കാനുണ്ട്. നാഗര്‍ വനങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാഗര്‍ കാസില്‍ അതിശയകരമായ ഒരു ചരിത്രനിർമിതിയാണ്. കുളുവിലെ രാജാ സിദ്ധ് സിങ്ങിന്റെ വസതിയായിരുന്ന ഈ കോട്ട ഹിമാലയൻ താഴ്‍വരയിലെ വാസ്തുവിദ്യയുടേയും യൂറോപ്യന്‍ വാസ്തുവിദ്യയുടെയും സമന്വയമാണ്. ഗംഭീരമായ ഫയര്‍പ്ലേസുകള്‍, മനോഹരമായ ഗോവണിപ്പടികള്‍ എന്നിവയാല്‍ ഈ കോട്ട വേറിട്ടുനില്‍ക്കുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ് ഇവിടെ ഏറ്റവും അധികം മഞ്ഞുവീഴ്ച അനുഭവപ്പെടുന്നത്.എങ്കിലും വര്‍ഷം മുഴുവന്‍ മനാലി സന്ദര്‍ശിക്കാം. സ്‌നോ സ്‌പോര്‍ട്‌സ്, പാരാഗ്ലൈഡിങ്, മറ്റ് സാഹസിക കായിക വിനോദങ്ങള്‍ എന്നിവയുമുണ്ട്. സ്പിതി വാലിയിലേക്കും ലഡാക്കിലേക്കും ഡ്രൈവുകളും ട്രെക്കിങ്ങും എല്ലാം ആരംഭിക്കുന്നതും ഇവിടെ നിന്നാണ്. നാലു രാത്രിയും പകലും ഉള്‍പ്പെടുന്ന മനാലി ടൂറുകള്‍ക്ക് 4000 രൂപ മുതലുള്ള പാക്കേജുകള്‍ ഇന്ന് വിവിധ ട്രാവല്‍ ഏജന്‍സികള്‍ നല്‍കുന്നുണ്ട്. 

ബീച്ചുകള്‍, സൂര്യാസ്തമയങ്ങളും അണയാത്ത രാത്രികളും- ഗോവ 

ഗോവയാണല്ലോ പ്രണയിതാക്കളുടെ വിശുദ്ധനാട്. ലോകമാനമുള്ള പ്രണയികളും ദമ്പതിമാരും സഞ്ചാരികളും ഒരിക്കലെങ്കിലും ആ പഞ്ചാരമണല്‍ത്തീരത്ത് ആര്‍ത്തുല്ലസിക്കാന്‍ എത്തുന്നു. ഒരിക്കലും തീരാത്ത രാത്രീജീവിതത്തില്‍ നേടിയെടുക്കുന്നത് മരിക്കാത്ത ഓര്‍മകളും അനുഭവങ്ങളുമാണ്. അപ്പോള്‍ പിന്നെ പ്രണയദിനത്തില്‍ ഗോവയിലേയ്ക്ക് അല്ലാതെ മറ്റെവിടെ പോകാന്‍. പടിഞ്ഞാറന്‍ തീരത്ത് സ്ഥിതിചെയ്യുന്ന ഗോവ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്. അതിമനോഹരമായ ബീച്ചുകള്‍, രുചികരമായ സീഫുഡ്, പോര്‍ച്ചുഗീസ് പൈതൃകം എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ നാട്. ഇന്ത്യയില്‍ സന്ദര്‍ശിക്കാന്‍ സാധിക്കുന്ന ബജറ്റ് ഫ്രണ്ട്‌ലി ലക്ഷ്വറി ഡെസ്റ്റിനേഷനാണ് ഗോവ.

Goa, Panjim, View of Palolem Beach

100 കിലോമീറ്ററിലധികം നീളമുള്ള തീരപ്രദേശമായ ഗോവയില്‍ നിരവധി ബീച്ചുകളുണ്ട്, അത് വര്‍ഷാവര്‍ഷം ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ബാഗയും കലന്‍ഗുട്ടും കൂടുതല്‍ ജനപ്രിയമാണെങ്കിലും അഞ്ജുനയും അരംബോളും ധാരാളം വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. തെക്കന്‍ ഗോവയില്‍ ബീച്ചുകള്‍ താരതമ്യേന കുറവാണ്, പക്ഷേ ചരിത്രാന്വേഷികള്‍ക്ക് നിറയെയുണ്ട് താനും അവിടെ കാണാന്‍. മുന്‍ പോര്‍ച്ചുഗീസ് കോളനിയായ ഗോവയില്‍ കൊളോണിയല്‍ കാലഘട്ടം മുതല്‍ നിരവധി പള്ളികളും പഴയ രീതിയിലുള്ള ബംഗ്ലാവുകളുമുണ്ട്. വളരെ സൗഹാര്‍ദപരമായിട്ടാണ് ഇവിടുത്തെ ആളുകള്‍ പെരുമാറുന്നത്. ടാതെ വര്‍ഷം മുഴുവനും ആഘോഷിക്കുന്ന ഒരു നാടുകൂടിയാണിത്. അതുകൊണ്ട് നിങ്ങള്‍ ചെല്ലുന്ന സമയമേതായാലും ഒരു ആഘോഷമുണ്ടാകുമെന്നുറപ്പ്. മികച്ച സീഫുഡിനൊപ്പം ട്രെന്‍ഡി ബാറുകള്‍, ബീച്ച് ഷാക്കുകള്‍, ഗംഭീരമായ കഫേകള്‍, നിരവധി നൈറ്റ് ക്ലബ്ബുകള്‍, കാസിനോകള്‍ എന്നിവയുള്ള രാജ്യത്തെ ഏറ്റവും മികച്ച രാത്രി ജീവിതമാണ് ഗോവയിലുള്ളത്.

181691319

വിവേകപൂര്‍വം ചെലവഴിച്ചാല്‍ ഗോവന്‍ യാത്ര പോക്കറ്റിലൊതുങ്ങുതാക്കാം. ഒരു രാത്രി അടിസ്ഥാനത്തില്‍ 200 രൂപ നിരക്കില്‍ മുറികള്‍ വാഗ്ദാനം ചെയ്യുന്ന ഹോട്ടലുകളുണ്ട്, അതേസമയം 2,000-10,000 രൂപ നിരക്കില്‍ മുറികള്‍ ലഭിക്കുന്ന ആഡംബര റിസോര്‍ട്ടുകളും ഹോട്ടലുകളും ഇവിടെയുണ്ട്. നിങ്ങള്‍ ബജറ്റ്, മിഡ് റേഞ്ച് ഹോട്ടലുകള്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ഗോവയ്ക്ക് ഒരാഴ്ചത്തേക്ക് 7000 രൂപ (ഭക്ഷണവും വാട്ടര്‍ സ്‌പോര്‍ട്‌സും ഉള്‍പ്പെടെ) ചെലവാകും. റെന്റിന് കാറും ബൈക്കുമെല്ലാം ചുറ്റിയടിക്കാനായി ലഭിക്കുമെങ്കിലും പൊതുഗതാഗത സംവിധാനത്തിലൂടെയുള്ള യാത്ര മികച്ച അനുഭവം നല്‍കുന്നതിനൊപ്പം നിങ്ങളുടെ പോക്കറ്റ് കാലിയാകാതെ സംരക്ഷിക്കുകയും ചെയ്യും.

തടാകങ്ങളുടെ നഗരം- ഉദയ്പുര്‍ 

Udaipur

സിറ്റി ഓഫ് ലേക്‌സ് എന്നും അറിയപ്പെടുന്ന ഉദയ്പുര്‍ രാജസ്ഥാന്‍ സംസ്ഥാനത്തിന്റെ കിരീടമാണ്. മനോഹരമായ ആരവല്ലി കുന്നുകളാല്‍ ചുറ്റപ്പെട്ട ഈ നഗരം അതിമനോഹരമാണ്. കിഴക്കിന്റെ വെനീസ് എന്നു വിളിക്കപ്പെടുന്ന ഈ നഗരത്തിൽ പ്രകൃതി സൗന്ദര്യവും ക്ഷേത്രങ്ങളും മനംമയക്കുന്ന വാസ്തുവിദ്യയും ഉണ്ട്. ഇത് ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട സ്ഥലമാണ്. ശാന്തമായ പിച്ചോള തടാകത്തിലെ ഒരു ബോട്ട് യാത്ര മതിയാകും, നിങ്ങള്‍ക്കും പങ്കാളിക്കും ഒരു ജീവിതകാലത്തേക്ക് ഓര്‍ത്തിരിക്കുന്ന ഒരുപിടി തിളങ്ങുന്ന നിമിഷങ്ങള്‍ വാര്‍ത്തെടുക്കാന്‍. 

Udaipur

ഒരു താഴ്‌വരയില്‍ സ്ഥിതിചെയ്യുന്നതും നാലു തടാകങ്ങളാല്‍ ചുറ്റപ്പെട്ടതുമായ ഉദയ്പുരില്‍ പ്രകൃതിദത്ത കാഴ്ചകള്‍ വേറെയുമുണ്ട്. ‘ജുവല്‍ ഓഫ് മേവാര്‍’ മുതല്‍ ‘വെനീസ് ഓഫ് ഈസ്റ്റ്’ വരെ ലഭിച്ചിട്ടുള്ള എല്ലാ പേരുകളെയും അത് അന്വർഥമാക്കുന്നു. ലേക് പാലസ് ഹോട്ടലിൽ നിന്ന് നോക്കിയാല്‍ ഏതാണ്ട് ഉദയ്പുര്‍ നഗരം മുഴുവനും കാണാം.

മഞ്ഞിന്റെ രാജകുമാരി- മൂന്നാര്‍ 

munnar

നമ്മുടെ സ്വന്തം മൂന്നാറിലേക്കല്ലാതെ വേറെവിടേക്കാണ് പ്രണയദിനം ആഘോഷിക്കാന്‍ പോകേണ്ടത്. ഇത്ര മനോഹരവും വന്യവുമായ മറ്റൊരിടമുണ്ടാകുമോ. മഞ്ഞിന്റെ മൂടുപടമണിഞ്ഞ് പച്ചപ്പട്ടുത്ത് നില്‍ക്കുന്ന മൂന്നാറിലേക്കാവട്ടെ ഇത്തവണത്തെ പ്രണയദിനയാത്ര. മൂന്നാറിലെത്തിയാല്‍  ഇവിടുത്തെ കാറ്റാണ് കാറ്റ്, മലമൂടും മഞ്ഞാണ് മഞ്ഞ് എന്ന പാട്ട് ആരും മൂളിപ്പോവും. തദ്ദേശ, വിദേശ ടൂറിസ്റ്റുകള്‍ക്കിടയില്‍ കേരളത്തിന്റെ ജനപ്രീതി വര്‍ധിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ കേന്ദ്രമാണ് മൂന്നാര്‍. സമുദ്രനിരപ്പില്‍നിന്ന് 1600 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇവിടെ മൂന്നു നദികള്‍ ഒന്നിച്ചു ചേരുന്നു. വിശാലമായ തേയില തോട്ടങ്ങള്‍, കോളോണിയല്‍ പാരമ്പര്യം പേറുന്ന ബംഗ്ലാവുകള്‍, വെള്ളച്ചാട്ടങ്ങള്‍, ശീതകാലാവസ്ഥ എന്നിവയാണ് മൂന്നാറിനെ ശ്രദ്ധേയമാക്കുന്നത്. ട്രക്കിങ്ങിനും മലനിരകളിലെ ബൈക്ക് സഞ്ചാരത്തിനും താത്പര്യമുള്ളവരെയും മൂന്നാര്‍ നിരാശപ്പെടുത്തില്ല.

munnar-cold

മൂന്നാറിലെ ഏറ്റവും പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഇരവികുളം ദേശീയോദ്യാനം. മൂന്നാറില്‍നിന്ന് 15 കി.മീ. ദൂരെ സ്ഥിതി ചെയ്യുന്ന ഇവിടം വരയാടുകള്‍ എന്ന വംശനാശം നേരിടുന്ന ജീവിവര്‍ഗത്തിന്റെ സാന്നിധ്യം കൊണ്ട് ലോകശ്രദ്ധ നേടുന്നു. ഇരവികുളം ദേശീയോദ്യാനത്തിനുള്ളിലാണ് ആനമുടി. സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 2700 മീറ്റര്‍ ഉയരത്തിലുള്ള ആനമുടി തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്. മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 13 കി.മീ. അകലെയാണ് മാട്ടുപ്പെട്ടി. സമുദ്രനിരപ്പില്‍നിന്ന് 1700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ജലസംഭരണത്തിനുള്ള ചെറിയ അണക്കെട്ടും മനോഹരമായ തടാകവുമുണ്ട്. ഈ തടാകത്തില്‍ സഞ്ചാരികള്‍ക്ക് ബോട്ടിങ് നടത്താം. 

munnar

മൂന്നാറിനു സമീപമുള്ള ചിന്നക്കനാലിന്റെ മുഖ്യ ആകര്‍ഷണം സമുദ്രനിരപ്പില്‍നിന്ന് 2000 മീറ്റര്‍ ഉയരത്തിലുള്ള ഒരു പാറയില്‍ നിന്നുള്ള വെള്ളച്ചാട്ടമാണ്. പവര്‍ഹൗസ് വെള്ളച്ചാട്ടമെന്നാണ് ഇത് അറിയപ്പെടുന്നത്. ചിന്നക്കനാലില്‍നിന്ന് ഏഴു കിലോമീറ്റര്‍ യാത്ര ചെയ്താല്‍ ആനയിറങ്ങലിലെത്താം. തേയിലച്ചെടികളുടെ ഈ പരവതാനിയിലേക്ക് മൂന്നാര്‍ പട്ടണത്തില്‍ നിന്ന് 22 കി. മീ ദുരം. അണക്കെട്ടിന്റെ റിസര്‍വോയറാണ് ഇവിടുത്തെ കാഴ്ച. അണക്കെട്ടിനു ചുറ്റുമായി തേയിലത്തോട്ടങ്ങളും നിത്യഹരിത വനങ്ങളുമുണ്ട്.

രാത്രിയില്‍ ക്യാംപ് ഫയറിന് നടുക്ക് ഒരു കുഞ്ഞു ടെന്റ്ും കെട്ടി പങ്കാളിക്കൊപ്പം പ്രകൃതിയുടെ താരാട്ടില്‍ ആകാശംകണ്ടുറങ്ങണമെന്നുണ്ടോ? എങ്കില്‍ മടിക്കണ്ട വിട്ടോ വണ്ടി മൂന്നാറിലേക്ക്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA