sections
MORE

പ്രേതങ്ങള്‍ അലഞ്ഞു നടക്കുന്ന ഇറ്റാലിയന്‍ ദ്വീപ്‌

Poveglia
SHARE

വടക്കൻ ഇറ്റലിയിലെ വെനീഷ്യൻ ലഗൂണില്‍ വെനീസിനും ലിഡോയ്ക്കും ഇടയിലായി സ്ഥിതിചെയ്യുന്ന ഒരു കുഞ്ഞു ദ്വീപാണ് പോവ്ഗ്ലിയ. കേള്‍ക്കുമ്പോള്‍ തന്നെ ഭീതി നിറയ്ക്കുന്ന ചരിത്രമാണ് ഉള്ളത് എന്നതുകൊണ്ടു തന്നെ പ്രേതകഥകളില്‍ നിറഞ്ഞു നില്‍ക്കുന്ന പേരാണ് ഈ ദ്വീപിന്റേത്. 

ചരിത്രത്തിലാദ്യമായി പോവ്ഗ്ലിയ എന്ന പേര് രേഖപ്പെടുത്തപ്പെട്ടത് 421-ലാണ്. 1379-ൽ ഇവിടുത്തെ ആളുകള്‍ യുദ്ധം കാരണം ഓടിപ്പോകുന്നതുവരെ അവിടെ ജനവാസമുണ്ടായിരുന്നു. 1776 മുതൽ 100 വർഷത്തിലധികം പ്ലേഗും മറ്റു മാരക രോഗങ്ങളും ബാധിച്ചവരെ പാര്‍പ്പിക്കുന്ന ഇടമായി ഉപയോഗിക്കപ്പെട്ട ഈ ദ്വീപ്‌, പിന്നീട് മാനസിക രോഗികളെ താമസിപ്പിക്കുന്ന സ്ഥലമായി മാറി. 

1968-ൽ ഇവിടത്തെ മാനസികരോഗ ആശുപത്രി അടച്ചതോടെ ദ്വീപ് തീര്‍ത്തും വിജനമായി. പൊതുജനങ്ങള്‍ക്ക് സന്ദര്‍ശന നിയന്ത്രണമേര്‍പ്പെടുത്തുകയും ചെയ്തു.

ദുരാത്മാക്കള്‍ അലഞ്ഞു നടക്കുന്ന ദ്വീപ്‌

ലോകത്തിലെ ഏറ്റവും നിഗൂഡമായ ദ്വീപായിട്ടാണ് പോവ്ഗ്ലിയയെ കണക്കാക്കുന്നത്. മറ്റു ചിലര്‍ പറയുന്നതോ, ദുരാത്മാക്കള്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്ന സ്ഥലമെന്നും. ഭാഗ്യം കെട്ട അതിന്‍റെ ചരിത്രം തന്നെയാണ്, ഇത്തരം വിശേഷണങ്ങള്‍ നേടിക്കൊടുത്തത്. രക്തം കൊണ്ട് ചരിത്രത്തില്‍ സ്വന്തം പേര്‍ ഏറെ മുന്നേതന്നെ അടയാളപ്പെടുത്തിയ പോവ്ഗ്ലിയയില്‍ വര്‍ഷങ്ങളോളം പ്ലേഗ് ബാധിതരെ കൊണ്ടു തള്ളിയതും മാനസിക രോഗികളില്‍ മനുഷ്യ പരീക്ഷണങ്ങള്‍ അരങ്ങേറിയതും അതിനുണ്ടായിരുന്ന ദുഷ്പേര് ഒന്നുകൂടി ബലപ്പെടുത്തി. ഇന്ന് ശപിക്കപ്പെട്ട പ്രേതങ്ങളുടെ ദ്വീപായാണ് പോവ്ഗ്ലിയ അറിയപ്പെടുന്നത്.

ഒന്നര ലക്ഷത്തിലധികം പ്ലേഗ് ബാധിതരായ ആളുകളുടെ ശവം വീണ മണ്ണാണ് ഇതെന്ന് പറയപ്പെടുന്നു. അതുകൊണ്ടുതന്നെ ഇവിടുത്തെ മണ്ണിന്‍റെ അമ്പതു ശതമാനത്തിലധികം മനുഷ്യന്‍റെ അവശിഷ്ടങ്ങള്‍ ഉള്‍ക്കൊള്ളുന്നുവത്രേ.അടുത്തുള്ള മറ്റു ദ്വീപുകളായ ലാസറെറ്റോ ന്യൂവോ, ലാസറെറ്റോ വെച്ചിയോ എന്നിവിടങ്ങളിൽ ആയിരക്കണക്കിന് പ്ലേഗ് ബാധിതരുടെ അവശിഷ്ടങ്ങൾ അടങ്ങിയ ശവക്കുഴികൾ ഈയിടെ കണ്ടെത്തിയിരുന്നു. പോവ്ഗ്ലിയയെക്കുറിച്ച് സമഗ്രമായ പഠനം ഇനിയും നടക്കാനിരിക്കുന്നതേയുള്ളൂ. 

കണ്ടെത്താന്‍ അത്ര എളുപ്പമല്ല എന്നതിനാല്‍, നെപ്പോളിയൻ ഇവിടെ ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. പിന്നീട് ഈ സ്ഥലം കണ്ടെത്തപ്പെടുകയും യുദ്ധത്തിനു കളമൊരുങ്ങുകയും ചെയ്തു. അനവധി മരണങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഈ സ്ഥലം പ്രേത വേട്ടക്കാരുടെ പ്രിയ സ്ഥലമാണ് ഇന്ന്. ദുര്‍മരണം സംഭവിച്ച ആളുകളുടെ ആത്മാക്കളെ തേടി പലരും ഇവിടെയെത്തുന്നു. നിരവധി പുസ്തകങ്ങള്‍ക്കും ചലച്ചിത്ര രൂപങ്ങള്‍ക്കും ഈ ദ്വീപിന്‍റെ കഥ പ്രചോദനമായിട്ടുണ്ട്. 

മാനസിക രോഗികളെ പാര്‍പ്പിച്ചിരുന്ന ആശുപത്രിയില്‍ മുന്‍പുണ്ടായിരുന്ന മണിയുടെ ശബ്ദം കേട്ടതായി പതിറ്റാണ്ടുകൾക്ക് ശേഷം സമീപവാസികൾ അവകാശപ്പെട്ടിരുന്നു. എത്രയോ വര്‍ഷം മുന്നേ നീക്കം ചെയ്ത മണിയായിരുന്നു അത്. ട്രാവല്‍ ചാനലിന്‍റെ "ഹോണ്ടഡ് ഹിസ്റ്ററി" എന്ന് പേരിട്ടിരിക്കുന്ന റിപ്പോർട്ടിൽ ഈ ദ്വീപില്‍ പുനസ്ഥാപന പ്രവർത്തനങ്ങൾ ആരംഭിച്ചതായും വ്യക്തമായ കാരണങ്ങള്‍ ഇല്ലാതെ പണികള്‍ പെട്ടെന്ന് നിര്‍ത്തിയതിനെക്കുറിച്ചും പറയുന്നുണ്ട്.അതിവേഗം തകർന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയെ കരകയറ്റാന്‍ ഈ ദ്വീപിനെയും മറ്റ് നാല് പ്രൈം റിയൽ എസ്റ്റേറ്റുകളെയും ഇറ്റലി ലേലത്തിന് വയ്ക്കുകയാണെന്ന് 2014 ൽ ന്യൂയോർക്ക് ഡെയ്‌ലി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. 

പ്രേതവേട്ടക്കാര്‍ക്ക് സംഭവിച്ചത് 

2016-ൽ കൊളറാഡോയിൽ നിന്നുള്ള അഞ്ച് പേരെ ഇവിടെ നിന്നും ഇറ്റാലിയൻ അഗ്നിശമന സേനാംഗങ്ങൾ രക്ഷപ്പെടുത്തി. പോവ്ഗ്ലിയയിൽ ഒരു രാത്രി കഴിച്ചുകൂട്ടാൻ തീരുമാനിച്ച് വന്നതായിരുന്നു അവര്‍. വാട്ടർ ടാക്സിയില്‍ അവർ ഈ ദ്വീപിലെത്തി രാത്രി താമസിക്കാൻ തീരുമാനിച്ചു. എന്നാല്‍ ഇരുട്ടിനു കനം പ്രാപിച്ചതോടെ വിചിത്രമായ ഒരു പേടി അവരെ വേട്ടയാടാന്‍ തുടങ്ങി. സഹായത്തിനായി ഓരോരുത്തരും ഉറക്കെ നിലവിളിച്ചു. സമീപത്തു കൂടി പോവുകയായിരുന്ന ഒരു കപ്പല്‍ അറിയിച്ചതനുസരിച്ച് പിന്നീട് അധികൃതര്‍ വന്ന് ഇവരെ രക്ഷപ്പെടുത്തി കൊണ്ടു പോവുകയായിരുന്നു.

ദ്വീപു കാണാന്‍ പറ്റുമോ?

ഈ ദ്വീപിലേക്കുള്ള യാത്ര നിരോധിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ പൊതു ജനങ്ങള്‍ക്ക് ഇവിടം സന്ദര്‍ശിക്കാന്‍ പറ്റില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA