കോണ്ടം കൊണ്ടൊരു ഹോട്ടൽ

ക്യാബേജ് ആൻഡ് കോണ്ടംസ് റെസ്റ്റോറന്റിന്റെ കവാടം
SHARE

തായ് ഡയറി - അദ്ധ്യായം 7

തായ്‌ലൻഡിന്റെ വടക്കേ അറ്റത്തുള്ള ചിയാങ് റായ് പട്ടണത്തിൽ നിന്ന് രാത്രി തന്നെ തിരികെ ചിയാങ്മായിലെത്തി. പിറ്റേന്ന് പുലർച്ചെ വിമാനം കയറി തലസ്ഥാന നഗരമായ ബാങ്കോക്കിലുമെത്തി. നാട്ടിലേക്ക് തിരിക്കാൻ മൂന്നു ദിവസം കൂടി ബാക്കിയുണ്ട്. ഈ ദിവസങ്ങളിൽ സന്ദർശിക്കാനായി ഞാൻ ഏതാനും സ്ഥലങ്ങൾ കണ്ടുവെച്ചിട്ടുണ്ട്.

കോണ്ടത്തിൽ നിർമ്മിച്ച കുട്ടിയും പെൺകുട്ടിയും

ബാങ്കോക്കിലെ നാന, അശോക് എന്നീ സ്ഥലങ്ങൾ എനിക്ക് സുപരിചിതങ്ങളാണ്. വളരെ വർഷങ്ങളായി വിവിധ വാഹനങ്ങളുടെ ടെസ്റ്റ് ഡ്രൈവിനായി തായ്‌ലൻഡിൽ വരുമ്പോൾ ഞാൻ താമസിക്കുന്നത് ഈ പ്രദേശങ്ങളിലാണ്. ഇന്ത്യക്കാരായ സഞ്ചാരികളെ ഏറ്റവുമധികം കാണാൻ കഴിയുന്നതും ഇവിടെത്തന്നെ. കാരണം നിരവധി ഇന്ത്യൻ ഹോട്ടലുകൾ ഇവിടെയുണ്ട്. കൂടാതെ തൊട്ടടുത്ത് മെട്രോ സ്റ്റേഷനുകൾ ഉള്ളതുകൊണ്ട് എവിടേക്ക് സഞ്ചരിക്കാനും എളുപ്പമാണ്. 'നാന'യിലെ 'ദോശ കിങ്' എന്ന ഇന്ത്യൻ വെജിറ്റേറിയൻ ഹോട്ടലിനടുത്തുള്ള 'ബിസിനസ് ഇൻ' എന്ന ഹോട്ടലാണ് എന്റെ സ്ഥിരം താവളം.

കോണ്ടത്തിൽ നിർമ്മിച്ച യുവതിയും യുവാവും

ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത് വിശ്രമിക്കുമ്പോഴാണ് മേശപ്പുറത്ത് ബാങ്കോക്കിലെ കാഴ്ചകൾ വിവരിക്കുന്ന പുസ്തകം കണ്ടത്. വെറുതെ മറിച്ചു നോക്കിയപ്പോൾ രസകരമായ ഒരു വാർത്ത ശ്രദ്ധയിൽ പെട്ടു. 'കാബേജസ് ആന്റ് കോണ്ടംസ്' എന്നൊരു ഹോട്ടലിനക്കുറിച്ചാണ് വാർത്ത. ഗർഭനിരോധന ഉറകളാണ് ഈ ഹോട്ടലിലെ 'തീം'. ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് നടക്കാനുള്ള ദൂരമേ കാബേജസ് ആന്റ് കോണ്ടംസിലേക്കുള്ളു. എന്തായാലും വ്യത്യസ്തമായ ആ ഹോട്ടൽ സന്ദർശിക്കാൻ തീരുമാനിച്ചു. എന്നിട്ട് വെയിലൊന്ന് ആറിയപ്പോൾ നടപ്പു തുടങ്ങി. 'നാന'യിൽ നിന്ന് 'അശോക'യിലേക്കാണ് നടപ്പ്  ഇവിടെ റോഡരികിൽ വമ്പനൊരു പുസ്തകഷോപ്പുണ്ട്. എല്ലാം സെക്കന്റ് ഹാൻഡ് പുസ്തകങ്ങളാണ്. പകുതിയിൽ താഴെ വിലയേ ഉള്ളൂ.. ഇതും എന്റെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. അവിടെയൊന്ന് കയറി ഏതാനും പുസ്തകങ്ങൾ വാങ്ങിയിട്ട് കട ഉടമയെത്തന്നെ ഏല്പിച്ചു.തിരികെ വരുമ്പോൾ എടുത്താൽ മതിയല്ലോ.

കോണ്ടം കൊണ്ട് നിർമ്മിച്ച ക്രിസ്തുമസ് അപ്പൂപ്പനും കുട്ടിയും

വീണ്ടും നടന്നു. അശോകയിൽ നിന്ന് സോയി 12 അഥവാ 12-ാം നമ്പർ തെരുവിലേക്ക് തിരിയണം എന്നാണ് ഗൂഗിൾമാപ്പ് കാണിക്കുന്നത്. വലിഞ്ഞു നടന്നു. സോയി 12 ലേക്ക് കയറി അധികം കഴിയും മുമ്പു തന്നെ ഒരു ഷോപ്പിങ് കോംപ്ലക്‌സിന്റെ കോമ്പൗണ്ടിൽ വൃക്ഷനിബിഡമായ ഒരു പ്രദേശം കണ്ടു. അതിനു പുറത്ത് മരച്ചില്ലകളുടെ  പശ്ചാത്തലത്തിൽ ബോർഡ് - കാബേജസ് ആന്റ് കോണ്ടംസ്. ഒരു കാട്ടിലേക്ക് കയറുംവിധമാണ് കവാടം ഒരുക്കിയിട്ടുള്ളത്. ഞാൻ ഉള്ളിലേക്ക് നടന്നു. അടുത്ത ബോർഡ് ഇങ്ങനെ- 'കോഫി, ബേക്കറി ആന്റ് കോണ്ടംസ്. ഒരു കാര്യം ഉറപ്പു തരാം, ഞങ്ങളുടെ ഭക്ഷണപദാർത്ഥങ്ങൾ ഗർഭത്തിന് കാരണമാകില്ല...'

വിവിധ തരം കോണ്ടങ്ങളുടെ ചിത്രങ്ങൾ

കൊള്ളാമല്ലോ വീഡിയോൺ എന്ന് മനസ്സിൽ ഉരുവിട്ടു കൊണ്ട് ഞാൻ ഇടനാഴിയിലൂടെ നടന്നു. ഇടനാഴിയുടെ ഇടതുവശത്ത് ഒരു സുവനീർ ഷോപ്പ് കണ്ടു. അതിനു മുമ്പിൽ ഒരു പെൺകുട്ടിയുടെ പ്രതിമ. പ്രതിമ ധരിച്ചിരിക്കുന്ന ടീ ഷർട്ടിൽ ഇങ്ങനെ എഴുതിയിരിക്കുന്നു- 'എ കോണ്ടം എ ഡേ കീപ്‌സ് പ്രെഗ്‌നൻസി എവേ...'

ഞാൻ സുവനീർ ഷോപ്പിൽ കടന്നു. ധാരാളം സാധനങ്ങൾ വിൽപനയ്ക്കു വച്ചിട്ടുണ്ട്. കീചെയ്ൻ മുതൽ ടീ ഷർട്ടു വരെ എന്നു പറയാം. എല്ലാ വസ്തുക്കളും ഗർഭനിരോധന ഉറകളുടെ ആവശ്യം വിളിച്ചു പറയുന്നു. വിവിധ നിറത്തിലുള്ള കോണ്ടം കൊണ്ട് നിർമ്മിച്ചെടുത്ത ബൊക്കെകൾ, കരകൗശല വസ്തുക്കൾ, കോണ്ടം കൊണ്ടുള്ള പൂക്കൂട, കോണ്ടം മഹാത്മ്യം വിവരിക്കുന്ന ടീഷർട്ടുകൾ, കോഫി മഗ്ഗുകൾ, ബെഡ്ഷീറ്റുകൾ, എന്തിന് കോണ്ടം ഉപയോഗിക്കണം എന്ന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകൾ, ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിർമ്മിക്കപ്പെടുന്ന കോണ്ടങ്ങൾ എന്നിവയൊക്കെ ഇവിടെ വാങ്ങിക്കാൻ കിട്ടും. കോണ്ടങ്ങളുടെ ഒരു മായാലോകം എന്നു പറയാം!

ഓപ്പൺ എയർ റെസ്റ്റോറന്റിന് മുകളിൽ തൂക്കിയിരിക്കുന്ന കോണ്ടത്തിന്റെ മാതൃകയിലുള്ള ലാംപ് ഷേഡുകൾ

സുവനീർ ഷോപ്പിനു പുറത്ത് കുറെ ചിത്രങ്ങൾ പതിച്ച ഭിത്തിയുണ്ട്: താഴെ നിവർത്തി വെച്ച ചില പുസ്തകങ്ങളും. ഒരു പോസ്റ്റർ ഇവയുടെ പശ്ചാത്തലത്തിൽ പതിച്ചിട്ടുണ്ട്. അതിൽ ഇങ്ങനെ എഴുതിയിരിക്കുന്നു- 'സാമൂഹ്യ പുരോഗതിക്കുവേണ്ടിയാണ് ഞങ്ങൾ ബിസിനസ് നടത്തുന്നത്. ഇവിടെ നിന്നു ലഭിക്കുന്ന വരുമാനം സമൂഹത്തിന്റെ താഴേത്തട്ടിലുള്ള ഗ്രാമീണർക്ക് വിദ്യാഭ്യാസം നൽകാനും പരിസ്ഥിതി സംരക്ഷിക്കാനും ആരോഗ്യ സംരക്ഷണത്തിനുമാണ് ഉപയോഗിക്കുന്നത്..'

റെസ്റ്റോറന്റിലെ മെനു കാർഡ്

കാബേജസ് ആന്റ് കോണ്ടംസ് ഹോട്ടലിന്റെ ഉടമയായ മെച്ചാവയ് വിരവൈദ്യ, തന്റെ സ്ഥാപനങ്ങളിൽ നിന്നുള്ള വരുമാനമെല്ലാം സാമൂഹ്യപ്രവർത്തനത്തിനായാണ് ഉപയോഗിക്കുന്നത്. 79 കാരനായ വിരവൈദ്യ തായ്‌ലൻഡിലെ പ്രമുഖ രാഷ്ട്രീയ നേതാവാണ്. എയ്ഡ്‌സിനെതിരെ ജനങ്ങളെ ബോധവാന്മാരാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത് വിരവൈദ്യയാണ്. ഗർഭനിരോധന ഉറകൾ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയും ജനങ്ങളിൽ എത്തിക്കുന്നതിൽ വിരവൈദ്യയ്ക്ക് വലിയ പങ്കുണ്ട്. പോപ്പുലേഷൻ ആന്റ് കമ്യൂണിറ്റി ഡെവലപ്പ്‌മെന്റ് അസോസിയേഷൻ (പിഡിഎ) എന്നൊരു ഗവൺമെന്റേതര സംഘടന രൂപീകരിച്ച് ഗ്രാമവാസികളുടെ ജീവിതം മെച്ചപ്പെടുത്താനും അദ്ദേഹം ശ്രമിച്ചു വരുന്നു.

റെസ്റ്റോറന്റിലെ മേശയുടെ മുകളിൽ പൂക്കളം തീർക്കുന്ന കോണ്ടങ്ങൾ

ഇതിനിടെയാണ് 'കോണ്ടം തീമി'ൽ ഒരു റെസ്റ്റോറന്റ് എന്ന ആശയം വിരവൈദ്യയ്ക്കുണ്ടായത്. അതും എയ്ഡ്‌സിനെതിരെയുള്ള യുദ്ധത്തിന്റെ ഭാഗം തന്നെയാണ്. ആ റെസ്റ്റോറന്റിന് കാബേജസ് ആന്റ് കോണ്ടംസ് എന്നു പേരിടാനുള്ള കാരണം, കാബേജാണ് തായ്‌ലന്റിലെ ഏറ്റവും പ്രധാനപ്പെട്ട പച്ചക്കറി എന്നതാണ്. എന്തിനും ഏതിനും കാബേജ് വേണം, തായ്‌ലന്റുകാർക്ക്. ലോകത്തിലെ സെക്‌സ് ടൂറിസത്തിന്റെ തലസ്ഥാനമെന്ന നിലയിൽ കോണ്ടത്തിനും തായ്‌ലന്റിൽ പ്രധാനസ്ഥാനവുമുണ്ടല്ലോ. അങ്ങനെ രണ്ടും കൂടി ചേർത്ത് റെസ്റ്റോറന്റിന്റെ പേര് കാബേജസ് ആന്റ് കോണ്ടംസ് എന്നാക്കി മാറ്റി.

ക്യാപ്റ്റൻ കോണ്ടം ബാറിലെ കാഴ്ചകൾ

റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിൽ എങ്ങനെ സുരക്ഷിതമായ ലൈംഗിക ബന്ധമാകാം എന്നു വെളിപ്പെടുത്തുന്ന രേഖാ ചിത്രങ്ങളടങ്ങിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്. 'കോണ്ടം പ്ലീസ്' എന്ന് എല്ലായിടത്തും എഴുതി വെച്ചിട്ടുണ്ട്. തുടർന്നു കാണുന്നത് ലോകത്തിലെ പല ഭാഗങ്ങളിലും ഉപയോഗിച്ചു വരുന്ന കോണ്ടങ്ങളുടെ ചിത്രങ്ങളാണ്. മേലോട്ടു നോക്കിയപ്പോൾ കണ്ടത് കോണ്ടം കൊണ്ടു നിർമ്മിച്ച ഒരു ലാമ്പ് ഷെയ്ഡും! റെസ്റ്റോറന്റിന്റെ ഉള്ളിലേക്കു നടന്നു. അവിടെ എന്നെ സ്വാഗതം ചെയ്തത് രണ്ട് ശിൽപങ്ങളാണ്- ഒരു ആൺ കുട്ടിയും പെൺകുട്ടിയും. മൾട്ടി കളർ  ശിൽപങ്ങളാണ്. അടുത്തു ചെന്നു നോക്കിയപ്പോൾ മൾട്ടികളറിൽ കാണുന്നതെല്ലാം  മൾട്ടി കളർ കോണ്ടങ്ങളാണെന്നു മനസ്സിലായി. കോണ്ടങ്ങൾ കൊണ്ടുള്ള ശിൽപങ്ങൾ! ശിൽപത്തിന്റെ ഉടുപ്പും മാലകളുമൊക്കെ കോണ്ടം കൊണ്ടുള്ളത്. 

ക്യാബേജസ് ആൻഡ് കോണ്ടംസിലെ സുവനീർ ഷോപ്പ്

ഒരു വശത്തായി കോണ്ടത്താൽ അലങ്കരിച്ച ക്രിസ്തുമസ് അപ്പുപ്പൻ നിൽപ്പുണ്ട്. അപ്പുപ്പന്റെ കൂട്ടായി ഒരു പട്ടിയും, ഒരു കുട്ടിയുമുണ്ട്. അതും കോണ്ടം കൊണ്ടുള്ള നിർമ്മിതി തന്നെ. ഇനി റെസ്റ്റോറന്റിലേക്ക്. പ്രധാന റെസ്റ്റോറന്റ് ഒരു തുറന്ന മുറ്റത്താണ്. നടുമുറ്റം എന്നു പറയാം. നടുമുറ്റത്തിനു മേലെ തലങ്ങും വിലങ്ങും കെട്ടിയ ചരടുകളിൽ വലിയ കോണ്ടങ്ങളിൽ ഘടിപ്പിച്ച പല നിറങ്ങളിലുള്ള ലൈറ്റുകൾ!ഈ 'കോണ്ടം ലൈറ്റ് ഷെയ്ഡു'കൾക്ക് അസാധാരണ വലുപ്പമുണ്ട്. എല്ലാം കോണ്ടത്തിന്റെ മാതൃകയിൽ നിർമ്മിച്ച ലൈറ്റുകളാണെന്ന് അടുത്തു ചെന്നു നോക്കുമ്പോഴേ മനസ്സിലാകൂ!നേരെ കാണുന്നത് 'ക്യാപ്റ്റൻ കോണ്ടം'  എന്ന് പേരിട്ട ബാറാണ്. ബാറിലേയും ലൈറ്റുകളെല്ലാം കോണ്ടങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. 

സുവനീർ ഷോപ്പിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന കോണ്ടങ്ങൾ കൊണ്ട് നിർമ്മിച്ച പൂക്കളങ്ങൾ

ഇവിടെ നാല് റെസ്റ്റോറന്റുകളുണ്ട്. ആകെ 400 പേർക്ക് ഒരേ സമയം ഇരുന്ന് ആഹാരം കഴിക്കാം. ഞാൻ എസി റെസ്റ്റോറന്റിലേക്ക് കയറി. ഇവിടെ ഭിത്തിയിലെല്ലാം ഓരോ രാജ്യത്തു നിന്നും വരുത്തിയ വിവിധ തരത്തിലും നിറത്തിലുമുള്ള കോണ്ടങ്ങൾ, അതത് രാജ്യത്തിന്റെ പേരെഴുതി പ്രദർശിപ്പിച്ചിരിക്കുന്നു. കൂടാതെ ടേബിളുകളിൽ കോണ്ടങ്ങൾ കലാപരമായി പൂക്കളം തീർക്കുന്നു. അതിനു മീതെ ഗ്ലാസിട്ടിട്ടുണ്ട്. മേശപ്പുറത്ത് ഗ്ലാസിനു താഴെയുള്ള 'കോണ്ടം പൂക്കളം' കണ്ടുകൊണ്ട് ആഹാരം കഴിക്കാമെന്നർത്ഥം.ഞാൻ ഓപ്പൺ എയർ റെസ്റ്റോറന്റിൽ ഇരുന്നു. വെയിറ്റർ മെനുകാർഡ് കൊണ്ടുവന്നു. കോണ്ടം ഫ്രൈ, കോണ്ടം 65, ഷെഷ്‌വാൻ കോണ്ടം എന്നിങ്ങനെയുള്ള വിഭവങ്ങളായിരിക്കും മെനുവിൽ എന്നുറപ്പിച്ച് ഞാൻ മെനുബുക്ക് തുറന്നു നോക്കി. ഭാഗ്യം, അതൊന്നുമല്ല, തനത് തായ് വിഭവങ്ങളാണ്. വില ഒട്ടും കുറവല്ല എന്നു  മാത്രം.

കോണ്ടം കൊണ്ടു നിർമ്മിച്ച ലാമ്പ് ഷെയ്‌ഡ്‌

ഞാൻ ഒരു ബിയറും ഫ്രഞ്ച് ഫ്രൈയും ഓർഡർ ചെയ്തു. നട്ടുച്ചയാണെങ്കിലും വെയിൽ ഒട്ടും താഴേക്കു പതിക്കാത്തവിധം മരച്ചില്ലകളും വള്ളിപ്പടർപ്പുകളുമാണ് നടുമുറ്റത്തുള്ളത്.

ഓപ്പൺ എയർ റെസ്റ്റോറന്റ് :മേലെ നിന്നുള്ള കാഴ്ച

ഒരു വശത്ത് കലാപ്രകടനങ്ങൾക്കുള്ള സ്റ്റേജാണ്. തായ്‌ലൻഡിന്റെ തനത് കലാവിദ്യകൾ ആഴ്ചയിൽ രണ്ടുതവണ ഇവിടെ അവതരിപ്പിക്കപ്പെടുന്നുണ്ട്. ഒരു മണിക്കൂർ കഴിഞ്ഞ് ബിൽ വന്നു. പണം കൊടുത്ത് ബാക്കി ചില്ലറ പ്രതീക്ഷിച്ച് നോക്കിയപ്പോൾ കണ്ടത് നാല് കോണ്ടങ്ങൾ! അതേ, ഇവിടെ ചില്ലറയ്ക്കു പകരം കിട്ടുന്നത് മിഠായിയല്ല, കോണ്ടമാണ്!

റെസ്റ്റോറന്റിൽ നിന്ന് പുറത്തിറങ്ങുമ്പോൾ വീണ്ടും 'കോണ്ടം മാഹാത്മ്യം' വിളമ്പുന്ന പോസ്റ്ററുകൾ കാണാം. അതിനടുത്ത് ഒരു വലിയ ബോർഡ് :'സോറി, വീ ഹാവ് നോ മിന്റ്‌സ്.. ടേക്ക് എ കോണ്ടം ഇൻസ്റ്റഡ്' (ക്ഷമിക്കണം മിഠായിയൊന്നും തരാനില്ല, പകരം കോണ്ടം എടുത്തോളു..) മിഠായിക്കും പെരുഞ്ചീരകത്തിനും പകരം കോണ്ടവുമെടുത്ത് വീട്ടിൽ പോകാം. അവിടെ പല വലുപ്പമുള്ള കോണ്ടങ്ങൾ വെച്ചിട്ടുണ്ട്. രസകരമായ പേരുകളാണ് കോണ്ടങ്ങൾക്ക് കൊടുത്തിരിക്കുന്നത്. ഡെമോക്രസി സൈസ്, പൊളിറ്റീഷ്യൻ സൈസ്. മിലിട്ടറി സൈസ് എന്നിങ്ങനെ.കോണ്ടങ്ങളുടെ ലോകത്തിൽ നിന്ന് ഞാൻ പുറത്തിറങ്ങി. ഗർഭനിരോധന ഉറകളുടെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇത്രയും നല്ല മാർഗ്ഗം കണ്ടുപിടിച്ച വിരവൈദ്യയ്ക്ക് തീർച്ചയായും ഒരു ഷെയ്ക്ക് ഹാൻഡ് കൊടുക്കണം.

ഏതായാലും ബാങ്കോക്കിലെ ക്യാബേജസ് ആന്റ് കോണ്ടംസ് റെസ്റ്റോറന്റിന്റെ വിജയത്തിനു ശേഷം തായ്‌ലന്റിൽ പലയിടത്തായി 17 കോണ്ടം റെസ്റ്റോറന്റുകൾ കൂടി തുറന്നിട്ടുണ്ട്. വിരവൈദ്യ.

വിവിധതരം കോണ്ടങ്ങളുടെ ചിത്രങ്ങൾ നിറച്ച ബോർഡ്

കൂടാതെ യുകെയിൽ ചെൽട്ടൻഹാമിലും ഓക്ഫഡ്‌സ്‌ക്വയറിലും ഓരോ ക്യാബേജസ് ആന്റ് കോണ്ടംസ് റെസ്റ്റോറന്റുണ്ട്. ഇന്ത്യയിൽ കോണ്ടം തീം റസ്റ്റോറന്റുകൾ തുറന്നാൽ സദാചാരവാദികൾ എങ്ങനെ പ്രതികരിക്കുമെന്നാലോചിച്ചുകൊണ്ട്  ഞാൻ അടുത്ത ലക്ഷ്യത്തിലേക്കു നടന്നു നീങ്ങി.

റസ്റ്റോറന്റിൽ വിവിധതരം കോണ്ടങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നു. സൗജന്യമായി എടുത്തു കൊണ്ടു പോകാം

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA