5 വയസ്സുള്ള പെൺകുട്ടി കറങ്ങിയത് 6 ഭൂഖണ്ഡങ്ങൾ; കാരണമിതാണ്

celine
Image From Facebook
SHARE

5 വയസുള്ള ഈ പെൺകുട്ടി ഇതിനകം 6 ഭൂഖണ്ഡങ്ങളിലേക്ക് യാത്ര ചെയ്തിട്ടുണ്ട്. ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് മൈലേജ് പ്ലസ് അംഗമാണവൾ. 

യാത്ര, ലോകം കാണൽ, വിവിധ രാജ്യങ്ങളിലെ തനത് രുചിയറിയൽ എന്നിവയെക്കുറിച്ച് സ്വപ്നം കാണുന്ന, എന്നാൽ ദിനചര്യയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളുടെ കൂട്ടത്തിലാണോ നിങ്ങൾ? എങ്കിൽ ഈ പെൺകുട്ടിയെ കുറിച്ച് കേൾക്കുമ്പോൾ അവളോട് അസൂയ തോന്നും.

ഈ 5 വയസ്സുള്ള പെൺകുട്ടി ഓരോ സഞ്ചാരപ്രേമികളും സ്വപ്നം കാണുന്ന ജീവിതം യാഥാർത്ഥ്യമാകുന്നവളാണ്. നഴ്സറി സ്കൂളിൽ പോകേണ്ട സെലിൻ എന്ന പെൺകുട്ടി ഇതിനോടകം സന്ദർശിച്ചു കഴിഞ്ഞത് 6 ഭൂഖണ്ഡങ്ങൾ ആണ്. അതിൽ 14 രാജ്യങ്ങളും 42 നഗരങ്ങളും ഉൾപ്പെടുന്നു. ഈ സ്ഥലങ്ങളിലേക്കുള്ള യാത്രയ്ക്കിടെ, സെലിൻ 2,50,000 മൈൽ ദൂരം സഞ്ചരിച്ച് 150 ലധികം യുണൈറ്റഡ് ഫ്ലൈറ്റുകൾ എടുത്തിട്ടുണ്ട്. 

സെലിൻ ഏറ്റവും പ്രായം കുറഞ്ഞ യുണൈറ്റഡ് മൈലേജ്പ്ലസ് അംഗമാണ്. അവരുടെ ഏറ്റവും പ്രായം കുറഞ്ഞ അംഗത്തെ യുണൈറ്റഡ്  ആഘോഷിക്കുന്നതിനായി അവളുടെ മാതാപിതാക്കളായ റയാൻ കാർൾസണും ഷന കാർൾസണും വിവിധ രാജ്യങ്ങളിൽ അവധിക്കാലം ആസ്വദിക്കുന്ന ഒരു വീഡിയോ  പുറത്തിറക്കി.വീഡിയോയിൽ, സെലിൻ വെറും 9 മാസം പ്രായമുള്ളപ്പോൾ  തന്റെ ആദ്യ വിമാന യാത്ര നടത്തിയത് പറയുന്നത് കേൾക്കാം. തങ്ങളുടെ മകളുടെ സാഹസികതയോടുള്ള ഇഷ്ടം വളർത്തിയെടുക്കുന്നതിന് മുന്നോടിയായിട്ടാണ് ഈ മാതാപിതാക്കൾ ചെറുപ്രായത്തിൽ തന്നെ കുട്ടിയെയും കൂട്ടി യാത്രകൾ തിരിച്ചത്. 

6 ഭൂഖണ്ഡങ്ങളിലൂടെ യാത്ര നടത്തിയ സെലിന് ഏറ്റവുമിഷ്ടം പാരിസ് നഗരം ആണ്. നീണ്ട ഫ്ലൈറ്റ് സമയങ്ങളിൽ താൻ വരയ്ക്കുന്ന മഴവില്ലുകൾക്ക് നിറം നൽകാനാണ് ഏറെ ഇഷ്ടമാണെന്നും സെലിൻ പറയുന്നു. ബ്രസീൽ, ന്യൂസിലാൻഡ്, കേപ്ടൗൺ, സ്വിറ്റ്സർലാൻഡ്, യൂറോപ്പ് തുടങ്ങി ഒട്ടുമിക്ക വിനോദസഞ്ചാരകേന്ദ്രങ്ങളും സെലിൻ 6 വയസ്സിനുള്ളിൽ കണ്ടുകഴിഞ്ഞു. 2018 ലെ കണക്കനുസരിച്ച് കുടുംബം മുഴുവൻ യുണൈറ്റഡിന്റെ ലോയൽറ്റി പ്രോഗ്രാമിലെ പ്രീമിയർ അംഗങ്ങളാണ്. അവളുടെ പിതാവ് റയാൻ കാർൾസൺ പറയുന്നതനുസരിച്ച്, സെലിന്റെ ആദ്യ വിമാനയാത്ര ഒൻപത് മാസം മാത്രം പ്രായമുള്ളപ്പോൾ സാൻ ഫ്രാൻസിസ്കോ മുതൽ ചിക്കാഗോ വരെ നടത്തിയതാണ്.

ആളുകൾക്ക് തങ്ങളെക്കുറിച്ചും അവരുടെ കഴിവുകളെക്കുറിച്ചും, പ്രത്യേകിച്ച് പുതിയ സാഹചര്യങ്ങളിൽ അറിയുന്നതിനും യാത്ര പ്രധാനമാണ്. ഏത് പ്രായത്തിലുമുള്ള ആളുകൾക്കും ഇത് ഒരു പ്രധാന ഘട്ടമാണ്. തങ്ങൾ എവിടെയാണ് യാത്ര ചെയ്യുന്നതെന്നതിനെക്കുറിച്ച് സെലിനോട് പറയാറില്ല. അങ്ങനെയുള്ളപ്പോൾ അവൾക്ക് സ്വന്തം ധാരണകൾ സൃഷ്ടിച്ചെടുക്കാൻ സാധിക്കുന്നു.

അങ്ങനെ പറഞ്ഞു കൊടുക്കാതെ തന്നെ അവൾ ഓരോന്നും മനസ്സിലാക്കുകയും അനുഭവിച്ചറിയുകയും ചെയ്യുന്നു എന്ന് സെലിനിൻറെ പിതാവ് പറയുന്നു. യഥാർത്ഥത്തിൽ ഒരു വിദ്യാഭ്യാസ വീക്ഷണകോണിൽ നിന്ന്, ലോകത്തെയും വ്യത്യസ്ത സംസ്കാരങ്ങളെയും നേരിട്ട് മനസ്സിലാക്കുന്നതിലൂടെ സെലിൻ പ്രയോജനം നേടുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.സെലിൻ എവിടെ പോയാലും, ഏതെങ്കിലും ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ, അവളുടെ പ്രിയപ്പെട്ട കാര്യം ഹോട്ടൽ മുറിയിൽ കയറി ആദ്യം കട്ടിലിൽ ചാടുക എന്നതാണത്രേ.

ഈവർഷം ആഫ്രിക്കയും ഏഷ്യയും കാണാനാണ് പദ്ധതിയിട്ടിരിക്കുന്നത്. താൻ കാണുന്ന സ്ഥലങ്ങളെ കുറിച്ച് കൂടുതൽ അറിയാനുള്ള പ്രായമായി തുടങ്ങിയിരിക്കുന്നു എന്ന് മാതാപിതാക്കൾ പറയുമ്പോൾ  കൂടുതൽ കൂടുതൽ യാത്രകളിലൂടെ അനുഭവസമ്പത്ത്  സമ്പാദിക്കാനുള്ള ഒരുക്കത്തിലാണ് ഈ കൊച്ചു മിടുക്കിയും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA