sections
MORE

ഒരിക്കലും മറക്കാന്‍ പറ്റില്ല, സൗന്ദര്യം വഴിഞ്ഞൊഴുകുന്ന ഈ അഞ്ചു റോഡുകളിലൂടെയുള്ള യാത്ര!

3atlantic-ocean-road
SHARE

യാത്ര ചെയ്യാന്‍ നിരവധി മാര്‍ഗ്ഗങ്ങള്‍ ഉണ്ടെങ്കിലും സ്വന്തം വാഹനത്തില്‍ പോകുന്നതിന്റെ അനുഭവം ഒന്നു വേറെ തന്നെയാണ്. കൃത്യമായ പാതകളിലൂടെയല്ലാതെ, സ്വന്തം ഇഷ്ടപ്രകാരം എങ്ങനെ വേണമെങ്കിലും പ്ലാന്‍ ചെയ്യാം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അല്ലെങ്കിലും, ‘യാത്രയാണ് ലക്ഷ്യത്തെക്കാള്‍ പ്രധാനം’ എന്നാണല്ലോ!

ഒരു തവണ യാത്ര ചെയ്‌താല്‍ ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത നിരവധി റോഡുകളുണ്ട്‌. അങ്ങനെയുള്ള ചില റോഡുകള്‍ പരിചയപ്പെട്ടോളൂ.

1. അമാല്‍ഫി കോസ്റ്റ്, ഇറ്റലി 

പ്രതിവർഷം ആയിരക്കണക്കിന് സഞ്ചാരികളെ ആകർഷിക്കുന്ന അമാൽഫി തീരം  ഇറ്റലിയിലെ ഒരു പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ്. 1997 ൽ യുനെസ്കോ അമാൽഫിയെ ലോക പൈതൃക സൈറ്റായി രേഖപ്പെടുത്തി. തെക്കൻ ഇറ്റലിയിലെ സലെർനോ പ്രവിശ്യയിൽ സ്ഥിതിചെയ്യുന്ന ടൈർഹേനിയൻ കടലിലെ സലെർനോ കടലിടുക്കിന്റെ വടക്കൻ തീരപ്രദേശമാണ് അമാല്‍ഫി.

road-trip

മലഞ്ചെരിവുകളും പട്ടണങ്ങളും ചരിത്രകൗതുകങ്ങളും തട്ടുതട്ടായി കിടക്കുന്ന ഗ്രാമങ്ങളും മെഡിറ്ററേനിയൻ കടലിന്‍റെ മനോഹരമായ കാഴ്ചകളും നിറഞ്ഞ ഈ 25 മൈൽ യാത്ര, അവിസ്മരണീയമായ അനുഭവമായിരിക്കും.

2. മണാലി-ലേ ഹൈവേ, ഇന്ത്യ

ലഡാക്കിന്‍റെ തലസ്ഥാനമായ ലേയെയും ഹിമാചൽ പ്രദേശിലെ മണാലിയെയും ബന്ധിപ്പിക്കുന്ന ഈ ഹൈവേക്ക് 490 കിലോമീറ്റർ നീളമുണ്ട്. വർഷത്തിൽ ഏകദേശം നാലര മാസം മാത്രമേ ഈ വഴി തുറക്കൂ. മേയ് അല്ലെങ്കിൽ ജൂൺ മുതൽ ഒക്ടോബർ പകുതി വരെയാണ് ഈ റോഡ്‌ സാധാരണയായി മഞ്ഞൊക്കെ മാറി സഞ്ചാരികള്‍ക്കായി തുറക്കുന്നത്.  ഹിമാചൽ പ്രദേശിലെ ലാഹൗൾ, സ്പിതി താഴ്‌വരകളും ലഡാക്കിലെ സാൻസ്കർ താഴ്‌വരയുമായി മണാലിയെ ബന്ധിപ്പിക്കുന്ന ഈ ഹൈവേയിലൂടെയുള്ള യാത്രയുടെ സാഹസികതയാണ് അതിന്‍റെ ഭംഗി.

Gata_Loops,Leh_Manali_Highway1

3. ഗ്രേറ്റ് ആല്‍പൈന്‍ റോഡ്‌, ഓസ്ട്രേലിയ

ഓസ്‌ട്രേലിയയിലെ വിക്ടോറിയയിലാണ് ഗ്രേറ്റ് ആൽപൈൻ റോഡ് (ബി 500) എന്ന ടൂറിസ്റ്റ് റോഡ്‌. ഈ പാത വടക്ക് വംഗാരട്ടയിൽനിന്ന് കിഴക്ക് ബെയ്‌ൻസ്‌ഡെയ്‌ലിലേക്ക് വിക്ടോറിയൻ ആൽപ്‌സിലൂടെ കടന്നുപോകുന്നു. പർവതങ്ങളും താഴ്‌വരകളും വനങ്ങളും നദികളും മുന്തിരിത്തോട്ടങ്ങളും കൃഷിയിടങ്ങളും താണ്ടി, 303 കിലോമീറ്റർ ദൂരം ഈ പാതയിലൂടെ സഞ്ചരിക്കാം. ശൈത്യകാലത്ത് മഞ്ഞുമൂടി ഗതാഗത യോഗ്യമല്ലാതാവാറുണ്ട് എന്നതൊഴികെ വര്‍ഷം മുഴുവനും ഈ വഴി യാത്ര ചെയ്യാനാകും.

4. അറ്റ്ലാന്റിക് റോഡ്‌, നോര്‍വേ

കൗണ്ടി റോഡ് 64 ന്‍റെ 8.3 കിലോമീറ്റർ നീളമുള്ള ഭാഗമാണ് അറ്റ്ലാന്റിക് ഓഷ്യൻ റോഡ് അല്ലെങ്കിൽ അറ്റ്ലാന്റിക് റോഡ് എന്നറിയപ്പെടുന്നത്. ഹുസ്താദ്വികയിലെ ദ്വീപസമൂഹത്തിലൂടെയും നോർവേയിലെ മോറെ ഓഗ് റോംസ്ഡാൽ കൗണ്ടിയിലെ അവെറി മുനിസിപ്പാലിറ്റികളിലൂടെയും കടന്നു പോകുന്ന ഈ പാതയില്‍ എട്ടു പാലങ്ങളുണ്ട്.

2atlantic-ocean-road

ഇവയിൽ ഏറ്റവും പ്രസിദ്ധമായ പാലമാണ് സ്റ്റോഴ്‌സിസുൻഡെറ്റ് ബ്രിജ്. ഭയപ്പെടുത്തുന്ന വളവുകൾക്കും തിരിവുകൾക്കും പേരുകേട്ടതാണ് ഇത്. യാത്രക്കിടയില്‍ സീലുകള്‍, തിമിംഗലങ്ങൾ, ദേശാടനപ്പക്ഷികൾ എന്നിവയെ കണ്ടു മുട്ടാം. 

5. ഇന്‍റര്‍ ഓഷ്യാനിക്‌ ഹൈവേ, പെറു-ബ്രസീല്‍

2,600 കിലോമീറ്റർ ദൈർഘ്യമുള്ള ഈ ഭൂഖണ്ഡാന്തര ഹൈവേ 2011ലാണ് പൂർത്തീകരിച്ചത്. തെക്കേ അമേരിക്കൻ രാജ്യങ്ങളായ പെറുവിനെയും ബ്രസീലിനെയും ബന്ധിപ്പിക്കുന്ന പാതയാണിത്‌. പെറുവിന്റെ തീരങ്ങളിലൂടെയും ആൻ‌ഡീസിന്റെ വിദൂര പ്രദേശങ്ങളിലൂടെയും ഇടതൂർന്ന ആമസോണിയൻ മഴക്കാടുകളിലൂടെയും കടന്നുപോകുന്നു. കുസ്‌കോയിൽനിന്നു മാച്ചു പിച്ചുവിലേക്കുള്ള യാത്ര, ചരിത്രകുതുകികള്‍ക്ക് അവിസ്മരണീയമായ അനുഭവമായിരിക്കും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA