ADVERTISEMENT

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിന്റെ മനോഹാരിതയെപ്പറ്റി കേട്ടിട്ടില്ലാത്ത സഞ്ചാരികള്‍ കുറവായിരിക്കും. തിരമാലകള്‍ക്കൊപ്പം നീന്തുന്നത് അടക്കമുള്ള സാഹസികപ്രവൃത്തികള്‍ക്കും പ്രകൃതിഭംഗിക്കും രുചികരമായ കടല്‍വിഭവങ്ങള്‍ക്കും പേരുകേട്ട മൗറീഷ്യസ് വിനോദ സഞ്ചാരികളുടെ പറുദീസയാണ്. കുടുംബത്തിനൊപ്പം പോകാനും ഹണിമൂണ്‍ ഡെസ്റ്റിനേഷനായും തിരഞ്ഞെടുക്കാവുന്ന മൗറീഷ്യസില്‍ സഞ്ചാരികള്‍ക്ക് ചെയ്യാവുന്ന 10 കാര്യങ്ങള്‍ ഇതാ.

കടലിനടിയിലൂടെ നടന്നാലോ

മൗറീഷ്യസിന്‍റെ വടക്ക് ഭാഗത്തെ ഗ്രാന്‍ഡ് ബേ പഞ്ചാരമണല്‍ ബീച്ചുകള്‍ക്കും വിന്‍ഡ്‌സര്‍ഫിങ്ങിനും ബോട്ട് റൈഡുകള്‍ക്കും ഏറെ പ്രശസ്തമാണ്. കടലിന്‍റെ അടിത്തട്ടിലുള്ള മനോഹരമായ പാറക്കെട്ടുകളും പവിഴപ്പുറ്റുകളും അതിനിടയിലൂടെ ഒഴുകുന്ന മത്സ്യങ്ങളെയും കണ്ട് നടക്കാനുള്ള അത്യപൂര്‍വമായ അവസരമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

സ്വയം സല്‍ക്കരിക്കാന്‍ മൗറീഷ്യസ് റം

നിങ്ങള്‍ ഒരു നല്ല റം പ്രേമിയാണോ...? എങ്കില്‍ മൗറീഷ്യസില്‍ നിങ്ങളെ കാത്തിരിക്കുന്നത് ലോകത്തിലെ ഏറ്റവും രുചിയേറിയ റം ബ്രാന്‍ഡുകളാണ്. രുചിച്ചുനോക്കാന്‍ മാത്രമല്ല, റം നിര്‍മിക്കുന്നത് നേരിട്ട് കാണാനും ഇവിടെ സഞ്ചാരികള്‍ക്ക് അവസരമുണ്ട്.

ചമറെലിലെ ഏഴു നിറമൊഴുകും മണല്‍പ്പരപ്പ്

പങ്കാളിയുമൊത്ത് എന്നും ഓര്‍ത്തിരിക്കുന്ന ഒരു റൊമാന്റിക് ഡേറ്റിന് പോകാന്‍ പറ്റിയ സ്ഥലമാണ് മൗറീഷ്യസിലെ ചമറെല്‍ ഗ്രാമത്തിലെ ഏഴ് നിറങ്ങളുടെ ഭൂമി അഥവാ സെവന്‍ കളേര്‍ഡ് എര്‍ത്ത്‌സ്. ബസാല്‍ട്ടിക് ലാവയും മണ്ണിലെ വിവിധ ധാതുക്കളും ചേര്‍ന്ന് ഉണ്ടായ ചുവപ്പ്, ബ്രൗണ്‍, വയലറ്റ്, പച്ച, നീല, പര്‍പ്പിള്‍, മഞ്ഞ എന്നീ നിറങ്ങളിലുള്ള മണല്‍ വിരിച്ച ഈ സ്ഥലം പ്രകൃതിയുടെ ഒരു മനോഹര പ്രതിഭാസം തന്നെയാണ്.

കടലിനടിയിലൂടെ സഫാരി പോകാം

കേള്‍ക്കുമ്പോള്‍ ചിലപ്പോള്‍ അദ്ഭുതം തോന്നിയേക്കാം എന്നാല്‍ സത്യമാണ്. മൗറീഷ്യസിലെ ഒരു ചെറിയ ഗ്രാമമായ ട്രൂ ഓക്‌സ് ബീച്ചസിലാണ് ഇതിനുള്ള അവസരം. പ്രത്യേകം തയാറാക്കിയ സബ്മറൈനിലാണ് സഞ്ചാരികളെ കടലിനടിയിലേക്കു കൊണ്ടു പോകുന്നത്.

വാട്ടര്‍ സ്പോര്‍ട്സ് പ്രേമികള്‍ക്കായി ബ്ലൂ ബേ മറൈന്‍ പാര്‍ക്ക്

മൗറീഷ്യസിലെ ഏറ്റവും പ്രശസ്തമായ ഡൈവിങ് സ്പോട്ടുകളില്‍ ഒന്നാണിത്. ഇവിടെ 38 ഇനത്തില്‍പ്പെട്ട പവിഴപ്പുറ്റുകളും 72 ഇനത്തോളം മത്സ്യങ്ങളും ഉണ്ടത്രേ. സ്‌നോര്‍ക്കലിങ്, സെയില്‍ബോട്ട്, സ്പീഡ് ബോട്ട്, ഗ്ലാസ് ബോട്ടം ബോട്ട് എന്നിങ്ങനെ കിടിലന്‍ റൈഡുകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്.

ചരിത്രപ്രേമികള്‍ക്കായി യുറേക്കാ ഹൗസ്

1830ല്‍ നിര്‍മിച്ച യുറേക്കാ ഹൗസ് മൗറീഷ്യസിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. ബ്രിട്ടിഷ്, ഫ്രഞ്ച് ഭരണകര്‍ത്താക്കളുടെ വീടായിരുന്ന യുറേക്കാ ഹൗസ് ഇപ്പോൾ മ്യൂസിയമാണ്. 

ബെല്ലേ മാറെയിലെ കൈറ്റ് സര്‍ഫ് 

മരതക നിറത്തിലുള്ള കടലിലെ പവിഴപ്പുറ്റുകള്‍ നിറഞ്ഞ ബീച്ചില്‍ കൈറ്റ് സര്‍ഫിങ്ങ് ചെയ്യുന്നത് മറക്കാത്ത ഒരു അനുഭവം ആയിരിക്കും. ഷോപ്പിങ്ങിനും പറ്റിയ ഇടമാണ് ഇവിടം 

ആപ്രവാസി ഘട്ടും ലേ മോണും

ഇന്ത്യയില്‍ നിന്നുള്ള അടിമകളെ പാര്‍പ്പിച്ചിരുന്ന ആപ്രവാസി ഘട്ടും ഗുഹകളും കീഴ്ക്കാംതൂക്കുകളും നിറഞ്ഞ ലേ മോണ്‍  പെനിസുലയും യുനെസ്‌കോയുടെ ലോക പൈതൃകപ്പട്ടികയില്‍ ഇടംനേടിയ സ്ഥലങ്ങളാണ്. 

ലാ വാലി ഡെസ് കളേഴ്‌സ് നേച്ചര്‍ പാര്‍ക്ക്

അപൂര്‍വ ഇനത്തില്‍പ്പെട്ട സസ്യജന്തുജാലങ്ങളുടെ ആവാസകേന്ദ്രമാണ് ഇവിടം. പ്രകൃതിഭംഗി ആസ്വദിച്ച് സമയം ചെലവിടാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് അനുയോജ്യമാണ് ലാ വാലി ഡെസ് കളേഴ്‌സ് നേച്ചര്‍ നാഷനല്‍ പാര്‍ക്ക്

പ്രകൃതിയോടൊത്തു ചേരാന്‍ ടാമിറന്‍ഡ് വെള്ളച്ചാട്ടം

മൗറീഷ്യസിന്‍റെ പ്രകൃതിഭംഗി ആസ്വദിക്കാനാണ് യാത്രയെങ്കില്‍ തീര്‍ച്ചയായും ടാമിറന്‍ഡ് വെള്ളച്ചാട്ടം സന്ദര്‍ശിക്കണം. ഹെന്‍റീറ്റ എന്ന ഗ്രാമത്തിനടുത്താണ് ഇത്. വെള്ളച്ചാട്ടം മാത്രമല്ല, കാടും ഹൈക്കിങ്ങും നീന്തലുമൊക്കെയായി അവിസ്മരണീയമായ അനുഭവമാണ് ഇവിടെ ഉള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com