ADVERTISEMENT

ഏതെങ്കിലുമൊരു യൂറോപ്യൻ രാജ്യത്തേക്ക് ഒരു ട്രിപ്പ് അടിച്ചാലോ എന്ന് പ്ലാൻ ഇടുമ്പോൾ മനസ്സിലേക്ക് ആദ്യം വരുന്നത് എങ്ങനെ ചെലവു കുറച്ചു പോകാം എന്ന ചിന്തയായിരിക്കും. പോക്കറ്റ് ചോരാതെ, ബാങ്ക് അക്കൗണ്ട് കാലിയാകാതെ അടിപൊളിയായി യൂറോപ്യൻ ട്രിപ്പ് നടത്തി തിരിച്ചു വരാം. 

കടലും മണലും സാഹസികതയും പർവതങ്ങളും സാംസ്കാരിക സൈറ്റുകളും എല്ലാം ബജറ്റിൽ ഒതുക്കി സന്ദർശിക്കാവുന്ന ചില യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങൾ ഇതാ. 

മാൾട്ട

മെഡിറ്ററേനിയൻ കടലിന്റെ മടിത്തട്ടിലാണ് മാൾട്ടയെന്ന മനോഹരമായ ദ്വീപസമൂഹം. അതിമനോഹരമായ ഈ ദ്വീപുകൾ വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾക്കും മനോഹരമായ ബീച്ചുകൾക്കും പേരുകേട്ടതാണ്. മാൾട്ടയുടെ തലസ്ഥാനമായ വാലറ്റ ചരിത്രത്താലും സംസ്കാരത്താലും സമ്പന്നമാണ്. മൂന്ന് യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റുകളും ചരിത്രപരമായ ലാൻഡ്‌മാർക്കുകളും മാൾട്ടീസ് ദ്വീപുകളിലുണ്ട്. മാൾട്ട ഒരു മികച്ച ബജറ്റ് ലക്ഷ്യസ്ഥാനമാണ്. ഒരുപക്ഷേ യൂറോപ്പിലെ ഏറ്റവും മികച്ച ചെലവ് കുറഞ്ഞ സ്ഥലങ്ങളിലൊന്ന്. 

Malta

ക്രീറ്റ്

ക്രീറ്റ്, ഗ്രീക്ക്ദ്വീപുകളുടെ ഭാഗമാണെങ്കിലും ഇത് സ്വന്തമായി ഒരു രാജ്യമായി കണക്കാക്കപ്പെടുന്നു. ഗ്രീക്ക് ദ്വീപുകളിൽ ഏറ്റവും ജനസംഖ്യയുള്ള ഈ ദ്വീപ് ചരിത്രപരമായി ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്. ക്രീറ്റിന് വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ ഉൾക്കൊള്ളുന്ന അനേകം സ്ഥലങ്ങളുണ്ട്. വെള്ളമണൽ നിറഞ്ഞ ബീച്ചുകൾ മുതൽ ഗ്രാമീണ മുന്തിരിത്തോട്ടങ്ങൾ വരെ, ക്രീറ്റിന്റെ വൈവിധ്യമാർന്ന അന്തരീക്ഷം ലോകമെമ്പാടുമുള്ള ട്രെക്കിങ് പ്രേമികളെയും ആകർഷിക്കുന്നു. നിരവധി ബജറ്റ് ഹോട്ടലുകൾ, ഹോസ്റ്റലുകൾ, ക്യാംപ് സൈറ്റുകൾ എന്നിവയിൽ ചെലവു കുറഞ്ഞ താമസസൗകര്യം ലഭ്യമാണ്.

Crete1

സൈപ്രസ്

മൂന്ന് ഭൂഖണ്ഡങ്ങൾക്കിടയിലുള്ള മെഡിറ്ററേനിയൻ കടലിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. പതിനായിരം വർഷങ്ങൾ പഴക്കമുള്ള മനോഹരമായ ഭൂപ്രകൃതിയും സമ്പന്നമായ ചരിത്രവും ഇവിടെയുണ്ട്. മനോഹാരിതയിൽ സൈപ്രസ് യൂറോപ്യൻ രാജ്യങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്നു. യൂറോപ്പിലെ ഏറ്റവും ചൂടുള്ള കാലാവസ്ഥയാണ് സൈപ്രസിൽ. എന്നാൽ ആ കാലാവസ്ഥയും ആ നാടിന് സൗന്ദര്യം വർധിപ്പിക്കുന്നതേയുള്ളൂ. തിരഞ്ഞെടുക്കാൻ പലതരം ഹോസ്റ്റലുകളും ഡോർമിറ്ററികളുമുണ്ട്. ഹോസ്റ്റലിൽ ഒരു കിടക്കയ്ക്ക് 10 യുഎസ് ഡോളർ വരെയാണ് വാടക. സൈക്കിളുകളും ടൂവീലറുകളും വാടകയ്ക്ക് ലഭിക്കുമെന്നതിനാൽ ചുറ്റിക്കറങ്ങൽ കൂടുതൽ എളുപ്പമാകും, ചെലവും കുറയ്ക്കാം.

ചെക്ക് റിപ്പബ്ലിക്

മധ്യ യൂറോപ്യൻ രാജ്യമായ ചെക്ക് റിപ്പബ്ലിക് സംരക്ഷിത ചരിത്ര നഗരങ്ങൾ, ആകർഷകമായ കോട്ടകൾ, അതിശയകരമായ പ്രകൃതി അദ്ഭുതങ്ങള്‍ എന്നിവയാൽ യൂറോപ്പിലെ ഏറ്റവും പ്രശസ്തമായ രാജ്യങ്ങളിലൊന്നാണ്. 12 യുനെസ്കോ ലോക പൈതൃക സ്ഥലങ്ങളും ചരിത്രപരമായ പ്രാധാന്യമുള്ള സ്ഥലങ്ങളും ഇവിടെയുണ്ട്. ബോഹീമിയൻ വനം അതിശയിപ്പിക്കുന്ന പ്രകൃതിദൃശ്യങ്ങളിലൊന്നു മാത്രം.

Czechia

മനോഹരമായ താഴ്‌വരകളും പാറക്കെട്ടുകളുമുണ്ട്. എല്ലാ ബജറ്റുകൾക്കുമായി വൈവിധ്യമാർന്ന ഹോസ്റ്റലുകളും ഹോട്ടലുകളും ഇവിടെയുണ്ട്. സ്ട്രീറ്റ് ഫുഡ് പരീക്ഷിക്കാൻ താൽപര്യമുള്ളവർക്ക് അ വൈവിധ്യമാർന്ന രുചിഭേദങ്ങൾ റിപ്പബ്ലിക് ഒരുക്കിയിട്ടുണ്ട്. രാജ്യത്തെ തദ്ദേശീയ മാർക്കറ്റുകളിൽ ചെന്നാൽ ഏറ്റവും വില കുറവിൽ, എന്നാൽ രുചിയിൽ അങ്ങേയറ്റം മുൻപന്തിയിലുള്ള ഭക്ഷണങ്ങൾ ലഭിക്കും. 

ഗ്രീസ്

ഗ്രീസിലെ പ്രധാന ദ്വീപിലും ചുറ്റുമുള്ള ദ്വീപുകളിലും നിങ്ങൾക്ക് ഒരു  അവധിക്കാലം ചെലവഴിക്കാൻ ആവശ്യമുള്ളതെല്ലാം ഉണ്ട്. ഗ്രീസിലെ ഏറ്റവും ആകർഷകമായ സ്മാരകങ്ങളും അവിശ്വസനീയമായ വാസ്തുവിദ്യാ അദ്ഭുതങ്ങളും ലോക പ്രസിദ്ധമാണല്ലോ.

greece-gif

ചരിത്രം, സംസ്കാരം, ലാൻ‌ഡ്‌മാർക്കുകൾ എന്നിവയാൽ സമ്പന്നമായ ഈ രാജ്യം ഇന്ന് ഒരു പ്രധാന ബജറ്റ് അവധിക്കാല ലക്ഷ്യസ്ഥാനമായി മാറിയിരിക്കുന്നു. എല്ലാത്തരം അഭിരുചിക്കാർക്കും ബജറ്റുകൾക്കും അനുയോജ്യമായ താമസ സൗകര്യം ഉൾപ്പെടെ  ഗ്രീസ് ഓഫറുകൾ നൽകുന്നുണ്ട്. ഗ്രീസിലെ ഒരു ദിവസത്തെ താമസത്തിന് ഇന്ന് 25 ഡോളറിൽ താഴെ മാത്രമാണ് ചെലവ്. നാടുചുറ്റാൻ ഏറ്റവും നല്ലത് നടന്നു കാണൽ തന്നെയാണ്. അല്ലെങ്കിൽ പൊതുഗതാഗത സംവിധാനത്തെ ആശ്രയിക്കാം. ഇതിലൂടെ വലിയൊരു തുക ലാഭിക്കാം.

ഹംഗറി

ഒറ്റയ്ക്കു യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ സ്ഥലമാണ് ഹംഗറി. രാജ്യത്തിന്റെ തലസ്ഥാനമായ ബുഡാപെസ്റ്റിനെ, അതിമനോഹരമായ നഗരദൃശ്യം കാരണം കിഴക്കിന്റെ പാരീസ് എന്നാണ് വിളിക്കുന്നത്.

hungary

ഹംഗറിയിൽ ധാരാളം കാണാനും അറിയാനുമുണ്ട്. ഹംഗറിയിലെ ജീവിതച്ചെലവ് വളരെ കുറവാണ്. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് കുറവാണ് ഹംഗറിയെ യാത്രികർ തിരഞ്ഞെടുക്കാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com