ADVERTISEMENT

ദുബായ്ക്ക് സമീപം മരുഭൂമിയിൽ പാതി കുഴിച്ചിട്ട നിലയിൽ ഒരു പ്രേതനഗരമുണ്ട്. ഇന്ന് വിനോദ സഞ്ചാരികളുടെ ഇഷ്ട ലൊക്കേഷനായി മാറിയിരിക്കുകയാണ് ഇവിടം. ദുബായിൽ നിന്ന് 30 മൈൽ അകലെയുള്ള അൽമാദം ഗ്രാമത്തിന്റെ കാര്യമാണ് പറഞ്ഞു വരുന്നത്. 1970 കളിൽ നിർമിച്ച ഈ ഗ്രാമം അജ്ഞാത കാരണങ്ങളാൽ ഉപേക്ഷിക്കപ്പെട്ടു. ഇന്ന് ഈ ഗ്രാമത്തിലെ ഏതാണ്ട് ഭൂരിഭാഗവും മരുഭൂമി കൈയടക്കി.

 

ലോകത്തിലെ അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ദുബായിൽനിന്ന് വളരെ അകലെയല്ല അൽമാദം. മരുഭൂമിയിൽ ഈ ഗ്രാമം ഒരു അജ്ഞാത ഭൂതകാലത്തിന്റെ അവശിഷ്ടമായി നിലകൊള്ളുന്നു. ഈ ഗ്രാമം ഉപേക്ഷിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ആർക്കും കൃത്യമായി അറിയില്ല.

അടുത്തകാലത്തായി ഈ ഗോസ്റ്റ് ടൗണിനോട് വിനോദസഞ്ചാരികളുടെ ഇഷ്ടം കൂടി വരികയാണ്. ഗ്രാമം പൂർണ്ണമായും അപ്രത്യക്ഷമാകുന്നതിന് മുമ്പ് കാണാം എന്ന ഉദ്ദേശ്യത്തോടെ ലോകമെമ്പാടുമുള്ള യാത്രക്കാർ  ഇവിടെയെത്തുന്നു. 

 

ദുബായിൽ നിന്ന് 37 മൈൽ  അകലെയാണ് പ്രേത നഗരം. ദുബായിൽനിന്ന് കാറിൽ ഗ്രാമത്തിലെത്താൻ ഏകദേശം ഒരു മണിക്കൂറെടുക്കും.

രണ്ട് വരികളുള്ള വെളുത്ത വീടുകളും ചുറ്റുമുള്ള മണൽത്തീരങ്ങൾക്കിടയിൽ ഒരു പള്ളിയും ഉൾപ്പെടുന്നതാണ് ഗ്രാമം. 

 

1970 കളുടെ മധ്യത്തിലാണ് ഈ ഗ്രാമം നിർമിച്ചതെന്ന് കരുതുന്നു. നാടോടികളായ ബെഡൂയിനുകളെ പാർപ്പിക്കാനുള്ള സർക്കാർ നവീകരണ നീക്കമായ ഷാബി ഭവനത്തിന്റെ ഭാഗമായാണ് ഈ ഗ്രാമം നിർമിച്ചത്. വൈദ്യുതി പോലുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാതെയാണ് ചില ഷാബി ഗ്രാമങ്ങൾ നിർമിച്ചത്. അടിസ്ഥാന സൗകര്യങ്ങൾ പോലും ലഭിക്കാതായതോടെ ഗ്രാമവാസികൾ ഇവിടം വിട്ടു പോയതായിരിക്കും എന്നാണ് ഒരു വാദം. ജിന്നുകളുടെ ആക്രമണമോ അല്ലെങ്കിൽ മരുഭൂമിയുടെ വളർച്ചയോ ആവാം ഗ്രാമം ഉപേക്ഷിക്കാൻ ആയതെന്നും പറയപ്പെടുന്നു.

 

ഈ സ്ഥലം അൽ കുത്ബി ഗോത്രത്തിന് വേണ്ടി നിർമിച്ചതാണെന്നും, എന്നാൽ കുറച്ചുകാലം ഇവിടെ താമസിച്ചതിന് ശേഷം അവർ അത് ഉപേക്ഷിച്ചു പോയി എന്നുമാണ് സമീപവാസികൾ പറയുന്നത്. അതിന് അവർ ചൂണ്ടിക്കാണിച്ചത് ഇവിടത്തെ മണലിൽ എന്തോ അസ്വാഭാവികത ഉണ്ടെന്നും ജീവിക്കാൻ സാധിക്കുന്നില്ല എന്നുമൊക്കെയാണത്രേ. 

 

ദുബായ് ആസ്ഥാനമായുള്ള ടൂർ കമ്പനികൾ ഇപ്പോൾ വിനോദസഞ്ചാരികൾക്കും മറ്റ് യാത്രക്കാർക്കുമായി സൈറ്റിലേക്ക് യാത്രകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com