ADVERTISEMENT

അധ്യായം-8

ഏതോ ഒരു വാട്‌സപ്പ് വീഡിയോയിലാണ് ഞാൻ മേക്ക്‌ലോങ് ട്രെയിൻമാർക്കറ്റ് ആദ്യമായി കാണുന്നത്. വിയറ്റ്‌നാമിലെ ഒരു ട്രെയിൻ മാർക്കറ്റ് എന്നായിരുന്നു ശീർഷകം. എന്നാൽ വീഡിയോയിൽ കാണുന്ന ബോർഡുകളിലും മറ്റും എഴുതിയിരിക്കുന്നത് തായ്ഭാഷയാണെന്ന് എനിക്ക് മനസ്സിലായി. കൂടുതൽ വിവരങ്ങൾ ചികഞ്ഞപ്പോൾ ഇത് തായ്‌ലൻഡിലുള്ള ട്രെയിൻ മാർക്കറ്റാണെന്ന ബോധ്യപ്പെട്ടു. അടുത്ത തായ്‌ലൻഡ് യാത്രയിൽ ഒരു ദിവസം ട്രെയിൻമാർക്കറ്റിനായി മാറ്റി വെയ്ക്കുകയും ചെയ്തു.ലോട്ടറി ടിക്കറ്റ് വില്പനക്കാരുടെ ഭാഷയിൽ പറഞ്ഞാൽ, 'ആ ദിവസം സമാഗതമായിരിക്കുകയാണ് '.

ട്രെയിൻ വരുന്നതിനു മുൻപുള്ള ട്രെയിൻ മാർക്കറ്റിന്റെ ദൃശ്യം

ഞാൻ രാവിലെ 6 മണിക്ക് തന്നെ ബാങ്കോക്ക് നഗരത്തിലെ 'നാന'യിലെ എന്റെ ഹോട്ടൽ റൂമിൽ നിന്നിറങ്ങി.തലേ ദിവസം തന്നെ, ഹോട്ടലിലെ ഇംഗ്ലീഷ് സംസാരിക്കുന്ന റിസപ്ഷനിസ്റ്റിനോടു ലാഭകരമായി ട്രെയിൻ മാർക്കറ്റിൽ പോകാനുള്ള വഴികൾ ചോദിച്ചു മനസ്സിലാക്കിയിരുന്നു. മോചിറ്റ് ബസ്‌സ്റ്റേഷനിൽ നിന്ന് മേക്ക്‌ലോങ്ങിലേക്ക് മിനിവാൻ സർവീസുണ്ടെന്ന് റിസപ്ഷനിസ്റ്റ് പറഞ്ഞു തന്നു. ട്രെയിൻ സർവീസ് ഉണ്ടെങ്കിലും അത് പാസഞ്ചർ ട്രെയിനാണ്. അനങ്ങി അനങ്ങിയാണ് പോക്ക്. വാനിലാണെങ്കിൽ രണ്ടു മണിക്കൂർ മതി എന്നൊക്കെ അവൾ വിശദീകരിച്ചു.

ട്രെയിൻ വരുന്നതിനു മുൻപുള്ള ട്രെയിൻ മാർക്കറ്റിന്റെ ദൃശ്യം

ബാങ്കോക്കിലെ മെട്രോ ട്രെയിൻ സംവിധാനം വളരെ കാര്യക്ഷമമാണ്. നഗരത്തിലെ പ്രധാന പാതയായ സുഖുംവിത് റോഡിനു മുകളിലൂടെയാണ് പ്രധാനമായും മെട്രോ സർവ്വീസുള്ളത്. ബാങ്കോക്കിലെ പ്രധാന എയർപോർട്ടായ സുവർണഭൂമിയിലേക്കും മെട്രോയുണ്ട്. മറ്റൊരു എയർപോർട്ടായ ഡോൺമുവാങ്ങിലേക്കും മെട്രോയുടെ പാളങ്ങൾ നീണ്ടുകൊണ്ടിരിക്കുന്നു.ഞാൻ മോചിറ്റിലേക്ക് ടിക്കറ്റെടുത്ത് മെട്രോയിൽ കയറി. ബാങ്കോക്കിലെ ഏറ്റവും വലിയ ബസ്‌സ്റ്റേഷൻ മോചിറ്റിലാണുള്ളത്. സമീപ രാജ്യങ്ങളായ ലാവോസ്, വിയറ്റ്‌നാം, കംബോഡിയ എന്നിവിടങ്ങളിലേക്കൊക്കെ ഇവിടെ നിന്ന് സർവീസുണ്ട്. ഇവിടെ നിന്ന് ഞാൻ കംബോഡിയയിലേക്കും ചിയാങ്മായിലേക്കും ബസിൽ സഞ്ചരിച്ചിട്ടുമുണ്ട്.

ട്രെയിൻ മാർക്കറ്റിലെ വിവിധ കച്ചവട വസ്തുക്കൾ

ഞാൻ മോചിറ്റ് മെട്രോസ്റ്റേഷനിൽ ഇറങ്ങി, ബസ് സ്റ്റേഷനിലേക്കുള്ള സുപരിചിതമായ  വഴിയേ നടന്നു. ബസ് സ്റ്റേഷനിലെത്തി, മേക്ക്‌ലോങ്ങിലേക്കുള്ള ബസ് അന്വേഷിച്ചപ്പോൾ എല്ലാവരും എതിർവശത്തേക്ക് ചൂണ്ടിക്കാണിക്കുന്നു. എനിക്ക് കാര്യം മനസ്സിലായില്ല. ഇവിടെയാകട്ടെ, മിനി വാനുകളൊന്നും കാണാനുമില്ല. മേക്ക്‌ലോങ്ങിലേക്ക് മിനി വാനുകളാണ് സർവീസ് നടത്തുന്നത് എന്നാണല്ലോ റിസപ്ഷനിലെ പെൺകുട്ടി പറഞ്ഞത്. 

ട്രെയിൻ മാർക്കറ്റിലെ വിവിധ കച്ചവട വസ്തുക്കൾ

രണ്ടും കല്പിച്ച് മോചിറ്റ് ബസ്‌സ്റ്റേഷന്റെ എതിർവശത്തേക്ക് നടന്നു. ഫുട്ഓവർബ്രിഡ്ജിലൂടെ റോഡ് കുറുകെ കടന്നു. വലിയൊരു ബിൽഡിങ് കാണുന്നുണ്ട്. അതിനുള്ളിലേക്ക് നടന്നപ്പോൾ ഞെട്ടിപ്പോയി. മിനിവാനുകളുടെ ഒരു ഉത്സവപ്പറമ്പ്! ബസ് സ്റ്റേഷനിലേതു പോലെ തന്നെയുള്ള സജ്ജീകരണങ്ങൾ. 15 പേർക്ക് സഞ്ചരിക്കാവുന്ന വാനുകളാണ്. ടിക്കറ്റ് കൗണ്ടറുകളുണ്ട്. 

ട്രെയിൻ ,ട്രെയിൻ മാർക്കറ്റിലേക്ക് കടന്നു വരുന്നതിന്റെ ദൃശ്യങ്ങൾ

ഞാൻ മേക്ക്‌ലോങ് ടിക്കറ്റ് വാങ്ങി. അവിടേക്കുള്ള വാനിന്റെ നമ്പരും പ്ലാറ്റ്‌ഫോം നമ്പരുമെല്ലാം കൃത്യമായി ടിക്കറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.വാനിൽ കയറുന്നതിനു മുമ്പ് സെവൻ ഇലവൻ സൂപ്പർമാർക്കറ്റിൽ നിന്ന് മധുരമുള്ള ബണ്ണും ജ്യൂസും പഴവും വാങ്ങി. അതാണ് ബ്രേക്ക്ഫാസ്റ്റ്. പോകുന്ന വഴി വാനിലിരുന്ന് കഴിക്കാം. കാരണം, രണ്ടുമണിക്കൂറിലേറെ വേണം മേക്ക്‌ലോങ് എത്താൻ.യാത്ര ആരംഭിച്ചു. ഞാൻ ഉൾപ്പെടെ 7 പേരെയുള്ളു വാനിൽ. അതിൽ വിനോദസഞ്ചാരി ഞാൻ മാത്രമേ ഉള്ളൂ എന്നു തോന്നുന്നു. ബാക്കിയെല്ലാം ബാങ്കോക്കിൽ എന്തോ ആവശ്യത്തിനായി എത്തിയ തദ്ദേശവാസികളാണെന്നു തോന്നുന്നു.ബോറടിപ്പിക്കുന്ന രണ്ടു മണിക്കൂർ യാത്രയ്ക്കു ശേഷം വാൻ മേക്ക്‌ലോങ് ബസ്‌സ്റ്റേഷനിലെത്തി. ഇവിടെ നിന്ന് രണ്ടുമിനിറ്റ് നടന്നാൽ ട്രെയിൻ മാർക്കറ്റെത്തുമെന്ന് ഡ്രൈവർ മുറി ഇംഗ്ലീഷിൽ പറഞ്ഞു തന്നു.

ഞാൻ നടന്നു. വഴി കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടി വന്നില്ല. നൂറു കണക്കിനാളുകൾ പല വാഹനങ്ങളിൽ വന്നിറങ്ങി ട്രെയിൻ മാർക്കറ്റ് ലക്ഷ്യമാക്കി നടക്കുന്നുണ്ട്. 'ഒരേയൊരു ലക്ഷ്യം ശബരി മാമല' എന്നു പറയുന്നതു പോലെ ഒരു പോക്ക്...ഒഴുക്കിനൊപ്പം നീന്തി ഞാൻ എത്തിപ്പെട്ടത് മേക്ക്‌ലോങ് ട്രെയിൻ മാർക്കറ്റിലാണ്. നഗരത്തിന്റെ മധ്യത്തിൽ തന്നെയുള്ള മാർക്കറ്റാണിത്. ഒരു റെയിൽവേ ട്രാക്കിനു മുകളിലാണ് മാർക്കറ്റ് എന്നുള്ളതാണ് പ്രത്യേകത.  മേക്ക്‌ലോങ് സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ, ഒരു റോഡ് കുറുകെ കടന്ന് നേരെ മാർക്കറ്റിൽ പ്രവേശിക്കുകയാണ്. മാർക്കറ്റിൽ, പാളത്തിന്റെ ഇരുവശവും കടകളാണ്. കടകളുടെ മുന്നിൽ ഷാമിയാനകൾ കെട്ടി സാധനങ്ങൾ നിരത്തി വെച്ചിരിക്കുകയാണ്. ഷാമിയാനകൾ തുറന്നിരിക്കുന്നത് പാളങ്ങൾക്ക് മേലെയാണെന്നു മാത്രം. തന്നെയുമല്ല സാധനങ്ങളെല്ലാം കടകളുടെ മുൻവശം  മുതൽ പാളങ്ങൾ വരെ പ്രദർശിപ്പിച്ചിട്ടുണ്ട്.ട്രെയിൻ വരുന്നതിന്റെ മുന്നറിയിപ്പ് കേട്ടാൽ ഉടൻ തന്നെ കടക്കാർ  ഷാമിയാനകൾ ഊരിമാറ്റുന്നു. പാളങ്ങളിൽ തൊട്ടു തൊട്ടില്ല എന്ന മട്ടിലിരിക്കുന്ന  സാധനങ്ങൾ ഒതുക്കുന്നു. ട്രെയിൻ കടന്നുപോയി, രണ്ടുമിനുട്ടിനുള്ളിൽ ഷാമിയാനകൾ വീണ്ടും പാളങ്ങൾക്കു മീതെ ചിറകുവിരിക്കുന്നു, സാധനങ്ങൾ പാളങ്ങളിൽ സ്ഥാനം പിടിക്കുന്നു. 

ട്രെയിൻ ,ട്രെയിൻ മാർക്കറ്റിലേക്ക് കടന്നു വരുന്നതിന്റെ ദൃശ്യങ്ങൾ
ട്രെയിൻ ,ട്രെയിൻ മാർക്കറ്റിലേക്ക് കടന്നു വരുന്നതിന്റെ ദൃശ്യങ്ങൾ

ഏതാണ്ട് ഒരു കിലോമീറ്റർ നീളുന്ന ട്രെയിൻമാർക്കറ്റിൽ വർഷങ്ങളായി തുടരുന്ന പതിവാണിത്.ഒരു ദിവസം എട്ടുതവണ ഈ പാളത്തിലൂടെ ട്രെയിൻ കടന്നുപോകുന്നുണ്ട്. മേക്ക്‌ലോങിൽ ഈ പാത അവസാനിക്കുകയാണ്. അതുകൊണ്ട് ട്രെയിൻ വരുന്നതും പോകുന്നതും അറിയാൻ എളുപ്പമാണ്. രാവിലെ 6.20ന് ആദ്യ ട്രെയിൻ കടന്നുപോകുന്നു; അവസാന ട്രെയിൻ വൈകിട്ട് 5.40നും. ചുരുക്കം പറഞ്ഞാൽ രണ്ടുമണിക്കൂർ ഇടവേളയിൽ ട്രെയിൻ മാർക്കറ്റിലെ 'പൊളിക്കലും പണിയലും' നടക്കുന്നു എന്നർത്ഥം.

മേക് ലോങ് സ്റ്റേഷനിൽ പുറപ്പെടാൻ തയാറായിക്കിടക്കുന്ന ട്രെയിൻ

1905ലാണ് മാർക്കറ്റ് സ്ഥാപിക്കപ്പെട്ടത്. ഉപ്പു തൊട്ട് കർപ്പൂരം വരെ കിട്ടുന്ന മാർക്കറ്റാണിത്. എങ്കിലും പ്രധാന വിഭവം സീഫുഡാണ്. മത്സ്യങ്ങളുടെ അവിശ്വസനീയ ശേഖരം ഇവിടെയുണ്ട്. വൃത്തിയുടെയും വെടിപ്പിന്റെയും കാര്യത്തിലും മാർക്കറ്റ് മുൻപന്തിയിൽ തന്നെയാണ്.ഞാൻ മാർക്കറ്റിൽ പ്രവേശിച്ച് അധികം കഴിയുന്നതിനു മുമ്പു തന്നെ ട്രെയിൻ വരുന്നതിന്റെ മുന്നോടിയായുള്ള മണിയൊച്ച മുഴങ്ങി. വ്യാപാരികൾ ഷാമിയാനകൾ മടക്കി, സാധനങ്ങൾ ഒതുക്കി. പാളം നിറഞ്ഞു കവിഞ്ഞ് നടന്നിരുന്ന വിനോദസഞ്ചാരികളും ഒഴിഞ്ഞു നിന്നു. ഇതിനിടെ അങ്ങേയറ്റത്ത് മഞ്ഞ നിറമുള്ള ട്രെയിൻ എഞ്ചിൻ പ്രത്യക്ഷപ്പെട്ടു. ഞൊടിയിട കൊണ്ട് ട്രെയിൻ അടുത്തെത്തി, പാളത്തിനരികിൽ നിരത്തിലിരിക്കുന്ന കുട്ട, വട്ടി, മീൻ,പച്ചക്കറി എന്നിവയൊക്കെ തൊട്ടു, തൊട്ടില്ല എന്ന മട്ടിൽ ട്രെയിൻ കടന്നുപോയി.

ട്രെയിനിന്റെ അവസാന കമ്പാർട്ടുമെന്റും കടന്നു പോയ ഉടൻ തന്നെ ഷാമിയാനകൾ നിവർന്നു. സാധനങ്ങൾ നിരന്നു. എല്ലാത്തിനുംകൂടി വേണ്ടി വന്നത് കഷ്ടിച്ച് 5 മിനുട്ട്!ഒന്നും സംഭവിക്കാത്തതു പോലെ വ്യാപാരികൾ കച്ചവടം തുടർന്നു. ഒരു മിനുട്ട് മുമ്പ് ഇതുവഴി ഒരു ട്രെയിൻ കടന്നു പോയി എന്നു പറഞ്ഞാൽ ഒരു മനുഷ്യനും വിശ്വസിക്കില്ല!ആയിരം വിനോദസഞ്ചാരികളെങ്കിലും പാളത്തിലുണ്ട്. ഇതിൽ യൂട്യൂബ് ചാനലുകൾക്കു വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുന്ന വ്ളോഗർമാർ മുതൽ സെൽഫിക്കാർ വരെയുണ്ട്. ട്രെയിൻ വരുമ്പോഴും പോകുമ്പോഴും ക്യാമറയുടെ തിരക്കാണ്. ചിലർ ട്രെയിനിന്റെ പിന്നാലെ ഓടുന്നുമുണ്ട്.

മേക് ലോങ് സ്റ്റേഷനിൽ പുറപ്പെടാൻ തയാറായിക്കിടക്കുന്ന ട്രെയിൻ

പാളത്തിലൂടെ കുറേ ദൂരം നടന്നശേഷം ഞാൻ റോഡ് കുറുകെ കടന്ന് മേക്ക്‌ലോങ് സ്റ്റേഷനിലെത്തി. നേരത്തെ കടന്നുപോയ ട്രെയിൻ അവിടെ മടക്കയാത്രയ്ക്കായി നിർത്തിയിട്ടുണ്ട്. ഈ ട്രെയിനിൽ സഞ്ചരിച്ചുകൊണ്ട്, മാർക്കറ്റിലെ 'വിക്രിയകൾ' ഷൂട്ട് ചെയ്താലോ എന്ന ആശയം തോന്നി.ടിക്കറ്റ് കൗണ്ടറിൽ ചെന്ന് തൊട്ടടുത്ത സ്റ്റേഷനായ ലാഡ് യായ്‌ലേക്ക് ടിക്കറ്റെടുത്തു.

ട്രെയിനിന്റെ പിന്നിലെ കമ്പാർട്ടുമെന്റിൽ കയറി. ഇത് ഇതുതലമൂരിപോലെ രണ്ട് തലയുള്ള, അഥവാ മുന്നിലും പിന്നിലും എഞ്ചിനുള്ള ട്രെയിനാണ്. അതുകൊണ്ട് ഞാൻ എത്തിപ്പെട്ടത് പിന്നിലെ എഞ്ചിൻറൂമിലാണ്. ഇവിടെ കണ്ണാടി ജനലുണ്ട്.ട്രെയിൻ സ്റ്റേഷൻവിട്ടു. പോലീസുകാർ റോഡിൽ ട്രാഫിക് തടഞ്ഞു. റോഡ് ക്രോസ് ചെയ്ത് ട്രെയിൻ മാർക്കറ്റിൽ പ്രവേശിച്ചു. ട്രെയിനിന്റെ അവസാന കംപാർട്ടുമെന്റ് പിന്നിടുന്നതോടെ ഷാമിയാനകൾ പഴയപോലെ നിവരുന്നതും പിന്നിലൂടെ സെൽഫിക്കാർ ഓടിയടുക്കുന്നതും കണ്ണാടി ജനലിലൂടെ കാണാം. ഇഴഞ്ഞു നീങ്ങുന്ന ട്രെയിൻ ഒരു കിലോമീറ്റർ പിന്നിടുന്നതുവരെ ഈ അഭ്യാസം തുടർന്നു.പിന്നെ, മാർക്കറ്റ് കടന്ന് മേക്ക്‌ലോങ് നദിക്കു മീതെയുള്ള പാലവും കടന്ന് ട്രെയിൻ ലാഡ്‌യായ് സ്റ്റേഷൻ ലക്ഷ്യമാക്കി, വേഗതയെടുത്ത് പറന്നു.

തുടരും

English Summery: thailand train market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com