ADVERTISEMENT

യൂറോപ്പിലെ ഏറ്റവും മനോഹരമായ രാജ്യമാണ് സ്കോട്ട്ലന്‍ഡ്. വലുപ്പം വച്ച് നോക്കുമ്പോള്‍ താരതമ്യേന ചെറുതാണെങ്കിലും ഇവിടുത്തെ കാഴ്ചകള്‍ കണ്ടു തീര്‍ക്കാന്‍ കുറച്ചു സമയം ഒന്നും പോരാ. നഗരങ്ങളും ദ്വീപുകളും പര്‍വ്വതങ്ങളും മനോഹരമായ താഴ്‍‍വരകളും കൊട്ടാരസമാനമായ കെട്ടിടങ്ങളും എല്ലാം ചേര്‍ന്ന് കണ്ണിനു വിരുന്നൊരുക്കുന്ന ഈ രാജ്യത്തേക്കാണ് നടിയും ഗായികയുമായ റിമി ടോമിയുടെ ഏറ്റവും പുതിയ യാത്ര. യാത്രയുടെ ചിത്രങ്ങള്‍ പതിവു പോലെ ഇന്‍സ്റ്റഗ്രാമിലൂടെ റിമി പങ്കു വച്ചിട്ടുണ്ട്. കഴിഞ്ഞ തവണ നടത്തിയ മേഘാലയ യാത്രയുടെ ചിത്രങ്ങളും റിമി ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

സെലിബ്രിറ്റികളുടെ മാത്രമല്ല, ലോകസഞ്ചാരികളുടെയും സ്വപ്നനഗരമാണ് സ്കോട്ടലന്‍ഡ്‌. ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ മനോഹര രാജ്യത്തിലൂടെ ഒരു യാത്ര സ്വപ്നം കാണാത്ത യാത്രികര്‍ കുറവായിരിക്കും. സ്കോട്ട്ലൻഡിൽ ചെയ്യേണ്ടതും കാണേണ്ടതുമായ നിരവധി കാര്യങ്ങൾ ഉണ്ട്. സന്ദര്‍ശന സമയം അനുസരിച്ച് ഇത് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് പോയാല്‍ അധികചെലവും സമയനഷ്ടവും ഒഴിവാക്കാം.

രാജ്യത്തിന്റെ സമ്പന്നമായ ചരിത്രത്തെക്കുറിച്ച്  മനസിലാക്കാനും കോട്ടകളും മ്യൂസിയങ്ങളും ചുറ്റി നടന്നു കാണാനുമെല്ലാം ഇവിടെ അവസരമുണ്ട്.  ബോട്ട് യാത്ര, കയാക്കിംഗ്, പർവതാരോഹണം, സ്കീയിംഗ് മുതലായ സാഹസിക വിനോദങ്ങള്‍ക്കും സൗകര്യമുണ്ട്. എഡിന്‍ബര്‍ഗ് കാസില്‍, റോയൽ ആൻഡ് ഏൻഷ്യന്റ് ഗോൾഫ് ക്ലബ് ഓഫ് സെന്റ് ആൻഡ്രൂസ്, കെയ്‌ൻ‌ഗോർസ് നാഷണൽ പാർക്ക്, ലസ്‌കെന്റയർ ബീച്ച്, ഐൽ ഓഫ് അറാൻ, മ്യൂസിയം ഓഫ് സ്കോട്ടിഷ് ലൈറ്റ്ഹൌസസ്, സ്റ്റിർലിംഗ് കാസിൽ, ബെൻ നെവിസ്, ടോറിഡൺ, റോസ്‌ലിൻ ചാപ്പൽ, ലോച്ച് ലോമണ്ട്, ബ്യൂചൈൽ എറ്റീവ് മോർ തുടങ്ങി ഇവിടെ കാണാന്‍ കാഴ്ചകള്‍ നിരവധിയുണ്ട്. 

ഓരോ ഋതുവിലും ഓരോ തരം അനുഭവമാണ് സ്കോട്ട്ലന്‍ഡ് എന്ന മനോഹര രാജ്യം സഞ്ചാരികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. കാലാവസ്ഥയുടെ വ്യതിയാനങ്ങള്‍ നോക്കിയല്ലാതെ ഇവിടത്തെ ഫെസ്റ്റിവലുകള്‍ക്കും ആളുകള്‍ എത്താറുണ്ട്. ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള വേനല്‍ത്തുടക്കത്തിലും ആഗസ്റ്റ്‌ അവസാനം മുതല്‍ നവംബര്‍ വരെയുള്ള ശരത്കാലത്തുമാണ് കാലാവസ്ഥ കൊണ്ട് അധികം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടാത്ത സമയം.

വന്യജീവി നിരീക്ഷണത്തിനായി ആഗസ്റ്റ്‌ മുതല്‍ നവംബര്‍ വരെയുള്ള സമയമാണ് ഏറ്റവും നല്ലത്. മരങ്ങളുടെയും ഇലകളുടെയും നിറം മാറിത്തുടങ്ങുന്ന സമയം കൂടിയാണ് ഇത്. ചെലവു കുറയ്ക്കണം എന്നുണ്ടെങ്കില്‍ ആഗസ്റ്റ്‌ മാസത്തില്‍ പോവാതിരിക്കുന്നതാണ് ഏറ്റവും നല്ലത്. ഉത്സവസമയമായതിനാല്‍ നിരക്കുകള്‍ ഈ സമയത്ത് പൊതുവേ കൂടുതലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com