ADVERTISEMENT

തായ് ഡയറി 

അദ്ധ്യായം 9 

ട്രെയിൻ മാർക്കറ്റ് പിന്നിട്ട് എന്റെ പാസഞ്ചർ തീവണ്ടി ലാഡ്‌ലായ് സ്റ്റേഷനിലെത്തി. ട്രെയിൻ മാർക്കറ്റ് ട്രെയിനിൽ ഇരുന്നു തന്നെ കാണാനായി ഞാൻ ടിക്കെറ്റെടുത്ത് കയറിയതാണ്. ലാഡ്‌ലായ് സ്റ്റേഷനിൽ ഞാൻ മാത്രമേ ഇറങ്ങാൻ ഉണ്ടായിരുന്നുള്ളു. ലാഡ്‌ലായ് സ്റ്റേഷൻ കോട്ടയത്തെ കുമാരനല്ലൂർ റെയിൽവേ സ്റ്റേഷനെയാണ് ഓർമിപ്പിച്ചത്. ടിക്കറ്റ് കൊടുക്കാൻ ഒരു കൗണ്ടർ ഉണ്ടെന്നല്ലാതെ, പ്ലാറ്റ്‌ഫോം പോലുമില്ല!കനത്ത വെയിലാണ്. സമയം നട്ടുച്ചയ്ക്ക്  ഒരു മണി. എത്രയും വേഗം ഇവിടെ നിന്ന് ഒരു ടാക്‌സി വിളിച്ച് തിരികെ മേക്ക്‌ലോങിലെത്തണം. അവിടെ നിന്നാണ്  ബാങ്കോക്കിലേക്കുള്ള മിനി വാനിൽ കയറേണ്ടത്.

ഈ കാണുന്ന മരത്തിനുള്ളിലാണ് വാട്ട് ബാങ് കുങ് ക്ഷേത്രം

ലാഡ്‌ലായ് സ്റ്റേഷനിലെ പാളത്തിലൂടെ നടന്ന് ഒരു മെയിൻറോഡിലെത്തി. ഇവിടെ ഒരു ചെറിയ കട മാത്രമേ കാണാനുള്ളു. കടയുടെ മുന്നിൽ അല്പനേരം ടാക്‌സി കാത്തു നിന്നു.ഒരു ടാക്‌സിയും വന്നില്ല. ഏതാനും ട്രക്കുകൾ മാത്രമാണ് അതുവഴി കടന്നു പോകുന്നത്. കടയിൽ കയറി മേക് ലോങ് എത്തിപ്പെടാനുള്ള മാർഗ്ഗത്തെപ്പറ്റി ചോദിച്ചു. അവിടെ ഒരു ചേച്ചി മാത്രമേയുള്ളൂ. ചേച്ചിക്കാണെങ്കിൽ ഇംഗ്ലീഷ് ഒരു വാക്കു പോലും അറിയില്ല. ഏതു ചോദ്യത്തിനും കുലുങ്ങിയുള്ള ചിരി മാത്രമാണ് ഉത്തരം.

.ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടം

'ജാങ്കോ, നീയറിഞ്ഞോ, ഞാൻ പെട്ടു' എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് റോഡരികിൽ നിൽപ്പുറപ്പിച്ചു. ഒരു കാർ പോലും ആ വഴി കടന്നു പോകുന്നില്ല.കൊടും ചൂടിൽ നിന്ന് ഞാൻ ഉണക്കമീൻ പോലെയായി. തൊട്ടു മുന്നിലെ വീട്ടിലെ ഒരു ചേട്ടൻ എന്റെ ഈ നിൽപ്പ് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം കഴിഞ്ഞ് അദ്ദേഹം ചോദിച്ചു: 'എന്താ ഇവിടെ നിൽക്കുന്നത്?'തരക്കേടില്ലാത്ത ഇംഗ്ലീഷ്. ഞാൻ ഒരു പിടിവള്ളി കിട്ടിയ ആശ്വാസത്തിൽ കഥയുടെ കെട്ടഴിച്ചു. 'അങ്ങനെ ഞാൻ ഇവിടെയെത്തി...'' എന്നു പറഞ്ഞ് കഥ അവസാനിപ്പിച്ചു.

ക്ഷേത്രത്തിന്റെ വശക്കാഴ്ച്ച

'ഇവിടെ നിന്നാൽ ടാക്‌സിയൊന്നും കിട്ടില്ല. അടുത്ത ട്രെയിൻ ഇവിടെ നിർത്തുകയുമില്ല. ഞാൻ കാറെടുത്ത് മേക്ക്‌ലോങിൽ കൊണ്ടുവിടാം അല്ലെങ്കിൽ നിങ്ങൾ ഇവിടെ പെട്ടുപോവുകയേയുള്ളു' -ആ നല്ല മനുഷ്യൻ പറഞ്ഞു. എന്നിട്ട് തന്റെ പിക്കപ്പ് ട്രക്കിൽ കയറ്റി എന്നെ മേക്ക്‌ലോങിലെത്തിച്ചു.

ക്ഷേത്രത്തിന്റെ ഒരു വശത്തെ ജനൽ

ആ യാത്രയിൽ ഞാൻ അദ്ദേഹത്തോട് 'മരത്തിനുള്ളിലെ ക്ഷേത്ര'ത്തെക്കുറിച്ച് ചോദിച്ചു. ആ ക്ഷേത്രത്തെക്കുറിച്ച് ഞാൻ വായിച്ചിട്ടുണ്ടെങ്കിലും ആർക്കും കൃത്യമായി വഴി പറഞ്ഞുതരാൻ കഴിഞ്ഞിരുന്നില്ല. മേക്ക്‌ലോങിൽ നിന്ന് ഏറെ ദൂരെയല്ല എന്നതു  മാത്രമാണ് എനിക്കറിയാവുന്ന വിവരം.

ക്ഷേത്രത്തിന്റെ പിന്നിൽ ഭടന്റെ പ്രതിമയോടൊപ്പം നിന്ന് ഫോട്ടോ എടുക്കുന്നവർ

'വാട്ട് ബാങ് കുങ്' എന്നാണ് ആ ക്ഷേത്രത്തിന്റെ പേരെന്നും മേക്ക്‌ലോങിൽ നിന്ന് അരമണിക്കൂർ 'ടുക് ടുക്കിൽ ' സഞ്ചരിച്ചാൽ ക്ഷേത്രത്തിലെത്താമെന്നും അദ്ദേഹം പറഞ്ഞു തന്നു. എന്നിട്ട് മേക്ക്‌ലോങിലെ ഒരു ഓട്ടോക്കാരനെ പിടിച്ചു നിർത്തി എന്നെ വാട്ട് ബാങ് കുങ്ങിലെത്തിക്കാൻ ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ പിന്നിൽ

ഇങ്ങനെയുള്ള ചില നല്ല സമര്യാക്കാരാണ് യാത്രകളിൽ തീരെ പ്രതീക്ഷിക്കാതെ നമ്മുടെ സഹായികളാകുന്നത്. മനുഷ്യരിലെ നന്മ നശിച്ചിട്ടില്ലെന്നും ഇത്തരം സംഭവങ്ങൾ ഓർമ്മിപ്പിക്കുന്നു.

ടുക് ടുക് -അതാണ് തായ്‌ലന്റിലും മറ്റും ഓട്ടോറിക്ഷകൾക്കുള്ള വിളിപ്പേര്.. 200 ബാട്ട് അഥവാ 400 ഇന്ത്യൻ രൂപയാണ് ടുക് ടുക്കിൽ  ക്ഷേത്രത്തിലേക്കും തിരിച്ചുമുള്ള ചാർജ്ജ്. ഒരു മണിക്കൂർ അവിടെ ചെലവഴിക്കാമെന്നും ടുക് ടുക്ഓടിക്കുന്ന വൃദ്ധൻ പറഞ്ഞു.അങ്ങനെ ഞങ്ങൾ വാട്ട് ബാങ് കുങ്ങിലേക്കുള്ള യാത്ര തുടങ്ങി. മേക്ക്‌ലോങ് സിറ്റിവിട്ട് ടുക് ടുക്ഗ്രാമങ്ങളിലേക്ക് തിരിഞ്ഞു. ഒന്നാന്തരമായി ടാർ ചെയ്ത രണ്ടുവരിപ്പാതയിലൂടെയാണ് പോക്ക്.

വേരുകൾ പടർന്നു നിൽക്കുന്ന ശ്രീകോവിൽ

എത്ര സുന്ദരമായാണ് തായ്‌ലൻഡുകാർ ഗ്രാമങ്ങൾ പോലും സംരക്ഷിക്കുന്നതെന്നോർത്ത് ഞാൻ അദ്ഭുതപ്പെട്ടു. മാലിന്യമൊന്നും ഒരിടത്തും കാണുന്നേയില്ല. വിദ്യാഭ്യാസത്തിലൊന്നും ഒരു കാര്യവുമില്ല എന്നാണ് ഇതൊക്കെ തെളിയിക്കുന്നത്. തായ്‌ലന്റിലെ ഗ്രാമവാസികൾക്ക് വലിയ വിദ്യാഭ്യാസമൊന്നുമില്ല. പക്ഷേ അവനവൻ ജീവിക്കുന്ന പ്രദേശം എങ്ങനെ വൃത്തിയായി സുക്ഷിക്കണം എന്ന് അവർക്കറിയാം. ആരും കാണാതെ, സ്വന്തം വീട്ടിലെ മാലിന്യം പ്ലാസ്റ്റിക് കവറിൽ കെട്ടി, അന്യന്റെ പറമ്പിലേക്ക് എറിയുന്ന 'സംസ്‌കാര' മൊന്നും തായ്‌ലന്റുകാർക്കില്ല.!

20 മിനുറ്റോളം ഓടിയ ശേഷം ടുക് ടുക്ക്ഷേത്ര വളപ്പിലേക്ക് പ്രവേശിച്ചു. ഇതാണ് വാട്ട് ബാങ് കുങ് . വാട്ട് എന്നാൽ തായ്‌ലന്റ് ഭാഷയിൽ ക്ഷേത്രം എന്നാണർത്ഥം. തായ്‌ലന്റിലുള്ള നൂറുകണക്കിന് ബുദ്ധക്ഷേത്രങ്ങളിൽ നിന്ന് വാട്ട് ബാങ് കുങ്വ്യത്യസ്തമാക്കുന്നത്, ഇത് സ്ഥിതി ചെയ്യുന്നത് ഒരു അരയാലിനുള്ളിലാണ് എന്നതിനാലാണ്. അഥവാ തൊട്ടടുത്തു നിന്ന ഒരു അരയാൽ ക്ഷേത്രത്തെ തന്റെ 'ഉള്ളിലാക്കി' എന്നും പറയാം. ആ കഥ കേൾക്കുക:

ക്ഷേത്ര പരിസരത്തെ മോൺത്രാത്തിപ്പ് രാജകുമാരിയുടെ പ്രതിഷ്ഠ

1300 നും 1700 നും ഇടയ്ക്ക് അയുത്തയ രാജവംശം തായ്‌ലാൻഡ് ഭരിച്ചിരുന്ന കാലത്താണ് ക്ഷേത്രം നിർമ്മിക്കപ്പെട്ടത്. അക്കാലത്ത് ഏതൊരു സാധാരണ ബുദ്ധക്ഷേത്രവും പോലെയാണ് വാട്ട് ബാങ് കുങ്ങും കണക്കാക്കപ്പെട്ടിരുന്നത്. തൊട്ടടുത്ത് മരങ്ങൾ വളർന്നു നിന്നിരുന്നു എന്നല്ലാതെ മറ്റൊരു പ്രത്യേകതയും പറയാനില്ലാത്ത ഒരു കുഞ്ഞു ക്ഷേത്രം.

ക്ഷേത്രത്തിനു മുന്നിലെ കാഴ്ചകൾ

1765ൽ ബർമീസ് സൈന്യം അയുത്തയ ആക്രമിച്ചു. അക്കാലത്ത് അയുത്തയ സൈന്യം ക്യാമ്പ് ചെയ്തത് ഈ ക്ഷേത്രത്തിനു ചുറ്റുമാണ്. ചെറുത്തു നിൽപിനായി ക്ഷേത്രത്തിനു ചുറ്റും സൈന്യം ഒരു മതിലും നിർമിച്ചു. തൊട്ടടുത്തുള്ള മേക്ക്‌ലോങ് നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന ബർമീസ് പട്ടാളക്കാർ അയുത്തയ സൈനികരുടെ ഈ ക്യാമ്പ് കണ്ടുപിടിച്ചു.

ക്ഷേത്രത്തിനു മുന്നിലെ കാഴ്ചകൾ

ബർമിസ് സൈന്യത്തിന്റെ ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ അയുത്തയ്ക്ക് കഴിഞ്ഞില്ല. ക്ഷേത്രവും പരിസരപ്രദേശങ്ങളും ബർമയുടെ നിയന്ത്രണത്തിലായി.1767-ൽ തക്‌സിൻ രാജാവ് പ്രത്യാക്രമണം നടത്തി ക്ഷേത്രവും പരിസരവും വീണ്ടെടുത്തു. എന്നാൽ അടുത്ത വർഷം വീണ്ടും ബർമക്കാർ ആക്രമിച്ച്, ക്ഷേത്രക്യാമ്പ് പിടിച്ചെടുത്തു. 

ക്ഷേത്രത്തിനു മുന്നിൽ വഴിപാടിനായി വെച്ചിരിക്കുന്ന കോഴികളുടെ പ്രതിമകൾ

ഏതായാലും ആത്യന്തിക വിജയം അയുത്തയ്ക്ക്, അഥവാ തായ്‌ലൻഡിനു തന്നെയായിരുന്നു.  1700ന്റെ അന്ത്യപാദത്തിലെ യുദ്ധത്തിൽ ക്ഷേത്ര ക്യാമ്പ് വീണ്ടും തായ്‌ലാൻഡ് സ്വന്തമാക്കിയെങ്കിലും, യുദ്ധാനന്തരം ഉപേക്ഷിക്കപ്പെട്ട പട്ടാളക്യാമ്പ് എന്ന നിലയിൽ ഇവിടം കാടുവന്നു മൂടി. 200 ലേറെ വർഷം കഴിഞ്ഞ് 1970കളിൽ കാടൊക്കെ വെട്ടി മാറ്റിയപ്പോൾ അവിടെയുണ്ടായിരുന്ന ക്ഷേത്രം കാണാനില്ല!ക്ഷേത്രത്തിനെന്തു പറ്റിയെന്ന അന്വേഷണത്തിനിടയിലാണ് അരയാലിനുള്ളിൽ ഒരു കെട്ടിടം കണ്ടെത്തിയത്. ക്ഷേത്രത്തിനടുത്തു നിന്നിരുന്ന അരയാൽ വളർന്ന് ക്ഷേത്രത്തെ വിഴുങ്ങിക്കഴിഞ്ഞിരുന്നു!

അന്നുമുതൽ ' വാട്ട് ബാങ് കുങ്ങി'ലേക്കുള്ള വിശ്വാസികളുടെ പ്രവാഹം വർദ്ധിച്ചു. ഞാൻ എത്തുമ്പോഴും നൂറിലേറെ പേർ ക്ഷേത്രത്തിലുണ്ടായിരുന്നു. കൗതുകകരമാണ് ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്ഥ. ഒറ്റ മുറി മാത്രമുള്ള ക്ഷേത്രത്തിന്റേതായി ഒന്നും പുറത്തു കാണാനില്ല.  ആ മുറിയിലേക്കുള്ള വാതിൽ മാത്രം തുറന്നിരിക്കുന്നു. ഉള്ളിൽ കടക്കുമ്പോൾ വായു സഞ്ചാരത്തിനായി ഇരുവശത്തുമുള്ള ജനലുകളിലെ വേരുകൾ അറുത്തുമാറ്റി, അവ തുറന്നിട്ടിരിക്കുന്നതു കാണാം. 

ഹാളിനു നടുവിൽ ബുദ്ധന്റെ വലിയൊരു സ്വർണ്ണ നിറമുള്ള വിഗ്രഹം. അതിന്റെ ചുറ്റും നടന്ന് തൊഴാം.ക്ഷേത്ര പരിസരത്ത് പഴയ കാല ഭടന്മാരുടെ പ്രതിമകൾ കാണാം. ഇത് ബർമീസ്- അയുത്തയ യുദ്ധകാലത്തെ ഓർമ്മിപ്പിക്കുന്നു. കൂടാതെ, ക്ഷേത്രത്തിനു പിന്നിലായി മറ്റൊരു ചെറിയ ക്ഷേത്രവും കാണാം. അതിൽ ഒരു പെൺകുട്ടിയുടെ പ്രതിമയാണ് പ്രതിഷ്ഠ. അയുത്തയിലെ രാജകുമാരിയായിരുന്ന മോൺത്രാത്തിപ്പിന്റെ പ്രതിഷ്ഠയാണത്. ബർമീസ് പട്ടാളക്കാർക്കെതിരെ  പുരുഷവേഷം ധരിച്ച് പോരാടി വിജയം കൈവരിച്ച ധീരവനിതയാണ് അവൾ. പിന്നീട് രോഗബാധിതയായി മരിച്ചെങ്കിലും തായ് ജനത അവളെ ദൈവത്തെപ്പോലെയാണ് കാണുന്നത്. അവളുടെ പ്രതിഷ്ഠയുള്ള ക്ഷേത്രത്തിൽ പ്രാർത്ഥിച്ചാൽ ജീവിതത്തിലെ തടസ്സങ്ങൾ മാറും എന്നാണ് വിശ്വാസം.

ക്ഷേത്രത്തിനു ചുറ്റും കോഴികളുടെ ചെറിയ രൂപങ്ങളും നിർമ്മിച്ചു വെച്ചിട്ടുണ്ട്. ഇത് ഇവിടുത്തെ വഴിപാടിന്റെ ഭാഗമാണെന്ന് ടുക് ടുക്ഓടിക്കുന്ന വൃദ്ധൻ എങ്ങനെയോ ഇംഗ്ലീഷിൽ പറഞ്ഞൊപ്പിച്ചു. കൂടുതലൊന്നും ആരോടും ചോദിച്ചിട്ട് പറഞ്ഞു തന്നില്ല. കാരണം, ആർക്കും ഇംഗ്ലീഷ് അറിയില്ല!

കുറച്ചു നേരം ക്ഷേത്ര പരിസരത്ത് ചുറ്റിക്കറങ്ങിയ ശേഷം ടുക് ടുക്കിൽ മടക്കയാത്ര തുടങ്ങി. പിന്നെ മിനിവാനിൽ കയറി രണ്ടു മണിക്കൂറിനു ശേഷം ബാങ്കോക്ക് നഗരത്തിൽ, നാനയിലെ എന്റെ ഹോട്ടലിലെത്തി.പിറ്റേന്ന് തായ്‌ലൻഡിനോട് ഒരിക്കൽ കൂടി വിട പറഞ്ഞു. പക്ഷേ, തായ്‌ലൻഡ് യാത്രകൾ അവസാനിക്കുന്നില്ല. എന്റെ പ്രിയപ്പെട്ട രാജ്യത്ത് ഇനിയും കാഴ്ചകൾ ഏറെയുണ്ട്. ....

ക്ഷേത്രത്തിനു മുന്നിൽ വഴിപാടിനായി വെച്ചിരിക്കുന്ന കോഴികളുടെ പ്രതിമകൾ

(അവസാനിച്ചു)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com