sections
MORE

ഇന്നത്തെ ചൈനയാണ് പണ്ടത്തെ തായ്‌വാൻ

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം
SHARE

തായ്‌വാൻ ഡേയ്‌സ് -1

ഇലക്ട്രോണിക് ഉൽപ്പന്നങ്ങളെ സംബന്ധിച്ച് പറയുകയാണെങ്കിൽ, ഇന്നത്തെ ചൈനയായിരുന്നു, പണ്ടത്തെ തായ്‌വാൻ. ഇന്ത്യയിലെത്തുന്ന ഇലക്ട്രോണിക് ഉത്പന്നങ്ങളിലെല്ലാം ഇങ്ങനെയൊരു മുദ്ര കാണാമായിരുന്നു . 'മെയ്ഡ് ഇൻ തായ്‌വാൻ'. എന്നാൽ ഇപ്പോൾ ചൈനയെക്കുറിച്ച് പറയുന്നതു പോലെ തന്നെ, രണ്ടാംതരം ഉത്പന്നങ്ങളാണ് തായ്‌വാനിൽ നിർമ്മിക്കപ്പെടുന്നത് എന്നൊരു ധാരണയും അക്കാലത്ത്  ജനങ്ങൾക്കിടയിൽ ഉണ്ടായിരുന്നു. ജപ്പാനിൽ നിർമ്മിക്കുന്നത് ഒറിജിനൽ,. തായ്‌വാനിൽ നിർമ്മിക്കുന്നത് രണ്ടാംതരം അല്ലെങ്കിൽ ഡ്യൂപ്ലിക്കേറ്റ്- അതായിരുന്നു ഇന്ത്യക്കാരന്റെ കണ്ടെത്തൽ.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

എന്റെ ചെറുപ്പകാലത്ത്, കുവൈത്തിൽ ജോലിയുണ്ടായിരുന്ന ചിറ്റപ്പൻ കൊണ്ടുവന്ന നാഷണൽ പാനാസോണിക്കിന്റെ ഇരട്ട സ്പീക്കറുള്ള കാസറ്റ് പ്ലെയർ തിരിച്ചും മറിച്ചും പരിശോധിച്ചിട്ട് അച്ഛൻ പ്രഖ്യാപിച്ചത് ഓർമ്മയുണ്ട്: 'ജപ്പാനല്ല, തായ്‌വാനാ... ഡ്യൂപ്ലിക്കേറ്റാ..''

അങ്ങനെയൊക്കെയാണെങ്കിലും തായ്‌വാൻ ഒരു സംഭവമാണെന്ന് അന്നേ ഞാൻ മനസ്സിൽ ഉറപ്പിച്ചു. ഇത്ര മനോഹരമായ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കണമെങ്കിൽ അതും ഒരു കലയാണല്ലോ. (എന്നാൽ അതൊന്നും ഡ്യൂപ്ലിക്കേറ്റ് അല്ലെന്നും, പാനസോണിക് പോലെയുള്ള കമ്പനികളുടെ ജപ്പാനു പുറത്തുള്ള ഏറ്റവും വലിയ ഫാക്ടറി തായ്‌വാനിലാണുള്ളതെന്നും ഞാനുൾപ്പെടെയുള്ള ഇന്ത്യക്കാർ  അന്ന് മനസ്സിലാക്കിയില്ല എന്നതാണ് വാസ്തവം) കാലപ്രവാഹത്തിൽ തായ്‌വാന്റെ ഗമയൊക്കെ പോയി. ആ ഗ്ലാമറൊക്കെ ചൈന എന്ന വമ്പൻ രാജ്യം കൈക്കലാക്കി. തായ്‌വാനെക്കുറിച്ച് പിന്നീട് ഏറെയൊന്നും കേട്ടതുമില്ല ലോകസഞ്ചാരത്തിനിടയിൽ തായ്‌വാൻ കണ്ടാലോ എന്ന് ഞാൻ ആഗ്രഹിച്ചതുമില്ല.

ഒരു ദിവസം, സന്ദർശിക്കാൻ എളുപ്പമുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പരതുമ്പോഴാണ് തായ്‌വാന്റെ പേര് വീണ്ടും ശ്രദ്ധയിൽ പെട്ടത്. 'എളുപ്പമുള്ള രാജ്യം' എന്നുദ്ദേശിക്കുന്നത് വിസയില്ലാതെ പോയിവരാവുന്ന രാജ്യമെന്നാണ്. സാധാരണ ഗതിയിൽ ഇന്ത്യക്കാർക്ക് തായ്‌വാൻ സന്ദർശിക്കാൻ വിസ ആവശ്യമാണ്. എന്നാൽ അമേരിക്കൻ വിസയുള്ള ഇന്ത്യക്കാർക്ക് ഓൺലൈനിൽ അപേക്ഷിച്ചാൽ വിസ കിട്ടും.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

ആ സാധ്യത കണ്ടപ്പോൾ എന്റെ മനസ്സിൽ പഴയ പാനാസോണിക്കും അച്ഛനും ചിറ്റപ്പനുമെല്ലാം ഗൃഹാതുര സ്മരണയായി പുനർജനിച്ചു. ഇക്കുറി തായ്‌വാൻ തന്നെ എന്നു ഞാൻ ഉറപ്പിച്ചു. എന്നിട്ട് പതിവുപോലെ, ഏറ്റവും ചെലവു കുറഞ്ഞ വിമാന ടിക്കറ്റ് പരതി. കൊച്ചിയിൽ നിന്ന് മലേഷ്യ വഴിയും തായ്‌ലന്റ്  വഴിയും  തായ്‌വാനിലേക്ക് കണക്ഷൻ ഫ്‌ളൈറ്റുണ്ട്. എയർ ഏഷ്യയാണ് ലാഭകരം. മലേഷ്യ വഴിയാണെങ്കിൽ ലാഭം കൂടും.  ഞാൻ കൊച്ചിയിൽ നിന്ന്, തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ്‌ലേക്ക് മലേഷ്യ വഴിയുള്ള ടിക്കറ്റെടുത്തു. ഫിലിപ്പീൻസ് വഴിയാക്കി മടക്ക ടിക്കറ്റ്. ഫിലിപ്പീൻസിന്റെ ഏറ്റവും സുന്ദര പ്രദേശങ്ങളായ ബാരാക്കേയ്, സെബു, പലവാൻ തുടങ്ങിയ ചില ദ്വീപുകൾ കാണണം. അമേരിക്കൻ വീസയുണ്ടെങ്കിൽ ഫിലിപ്പീൻസിലും 'വിസാ ഫ്രീ'യായി ചെന്നിറങ്ങാം. എല്ലാ ടിക്കറ്റുകൾക്കും കൂടി 37,000 രൂപ ചെലവായി. ഞാൻ യാത്രയ്ക്കുള്ള ഒരുക്കങ്ങളും തുടങ്ങി.

തായ്‌വാനിൽ പരിചയക്കാരാരുമില്ല എന്നു കരുതിയിരിക്കുമ്പോഴാണ് എന്റെ അമ്മ,  ധന്യയെപ്പറ്റി പറഞ്ഞത്. എന്റെ നാടായ കോട്ടയം വെള്ളൂരിലെ മനോരമ ഏജന്റും അച്ഛന്റെ അടുത്ത സുഹൃത്തുമായ മണിച്ചേട്ടന്റെ മകൾ. അവൾ ചെന്നൈ ഐഐടിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശേഷം തായ്‌വാനിലെ ഒരു യൂണിവേഴ്‌സിറ്റിയിൽ റിസർച്ച് ചെയ്യുകയാണെന്ന് അമ്മ പറഞ്ഞു.മണിച്ചേട്ടന്റെ പക്കൽ നിന്ന്  നമ്പർ സംഘടിപ്പിച്ച് ധന്യയെ വിളിച്ചു. പൊതുവെ നാട്ടിൽ നിന്നുള്ള സഞ്ചാരികൾ എത്തിപ്പെടാത്ത രാജ്യമായതിനാൽ, ഞാൻ വരുന്നെന്നു കേട്ടപ്പോൾ അവൾക്ക് പെരുത്ത് സന്തോഷം. തായ്‌വാനെക്കുറിച്ചും  അവിടുത്തെ കാലാവസ്ഥയെക്കുറിച്ചുമുള്ള എന്റെ സംശയങ്ങൾ ധന്യയോട് ചോദിച്ച് മനസ്സിലാക്കി. ജനുവരിയിൽ നല്ല തണുപ്പുണ്ടാകുമെന്ന് അവൾ പറഞ്ഞതനുസരിച്ച് വുളൻഡ്രസ്സും ജാക്കറ്റും പായ്ക്ക് ചെയ്തു. എന്തുകൊണ്ടുവരണമെന്നു ചോദിച്ചപ്പോൾ അവൾ ഒന്നേ ആവശ്യപ്പെട്ടുള്ളു- കറിവേപ്പില. അത് തായ്‌വാനിൽ കിട്ടാനില്ലത്രേ. അവൾക്കായി കുറെ കറിവേപ്പിലയും പെട്ടിയിലാക്കി ഞാൻ എയർഏഷ്യ വിമാനത്തിൽ കയറി യാത്ര പുറപ്പെട്ടു.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

കൊച്ചി- ക്വലാലംപൂർ  ദൂരം നാലുമണിക്കൂർ കൊണ്ട് വിമാനം പറന്നെത്തി. ഇനി രണ്ടുമണിക്കൂർ കഴിഞ്ഞാണ് തായ്‌പേയ് വിമാനം. രാത്രി 10.30നാണ് കൊച്ചിയിൽ നിന്ന് പുറപ്പെട്ടതെങ്കിലും സമയ വ്യത്യാസം കാരണം ക്വലാലംപൂരിലെത്തിയപ്പോൾ നേരം വെളുക്കാറായിരുന്നു. ക്വലാലംപൂർ  എയർപോർട്ടിനുള്ളിൽ ഒരു ഇന്ത്യൻ റെസ്റ്റോറന്റുണ്ട്. അവിടെ രാവിലെ 5.30 മുതൽ  ദോശ കിട്ടും. ക്വലാലംപൂരിൽ വന്നിറങ്ങുമ്പോഴെല്ലാം ഞാൻ അവിടെ നിന്ന് മസാലദോശ കഴിക്കാറുണ്ട്. ഇപ്പോൾ 4.30 ആയതേ ഉള്ളൂ. കൈയിലെ ചെറിയ ബാഗിൽ കരുതിയിരുന്ന പേസ്റ്റും ബ്രഷുമെടുത്ത് എയർ പോർട്ടിലെ ടോയ്‌ലറ്റിൽ പോയി. പല്ലുതേച്ച് മിടുക്കനായി, 5.30ന് ദോശക്കാരൻ എത്തുന്നതും കാത്തിരുന്നു.

ദുഷ്ടൻ. അയാൾ അന്ന് വന്നത് 6.30നാണ്. ഇന്ത്യൻ റെസ്റ്റോറന്റിലെ അടുക്കളയിൽ മലേഷ്യക്കാരികളായ രണ്ട് യുവതികൾ മാത്രമാണുള്ളത്. അവർക്ക് ദോശ ചുടാൻ അറിയില്ലത്രേ. അതുകൊണ്ട്  തമിഴ് വംശജനായ ദോശക്കാരൻ വന്നേ പറ്റൂ.6.30ന് വന്ന ഉടൻ തന്നെ ദോശക്കാരൻ ദോശ ചുട്ടു. ഇനി എന്നാണ് ദോശ കഴിക്കാൻ പറ്റുക എന്ന് അറിയാത്തതുകൊണ്ട് ഞാൻ ഒരു ദോശ 'എക്‌സ്ട്രാ' വാങ്ങി കഴിച്ചു. എന്നിട്ട് 8.30ന്റെ തായ്‌പേയ് വിമാനത്തിൽ കയറി യാത്ര തുടങ്ങി.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

ക്വലാലംപൂർ  - തായ്‌പേയ് നാലുമണിക്കൂറാണ് യാത്രാ സമയം. പക്ഷേ വലിയ വിമാനമാണ്. അതുകൊണ്ടു തന്നെ 'ലെഗ്‌സ്‌പേസും' കൂടുതലുണ്ട്.

വളരെ ശാന്തമായ അകാശത്തിലൂടെ വിമാനം എന്നെ സുരക്ഷിതമായി തായ്‌പേയ് എയർപോർട്ടിലെത്തിച്ചു. വലിയ എയർപോർട്ടാണ്. തവോയുവാൻ എന്നാണ് എയർപോർട്ടിന്റെ പേര്. ഇതുകൂടാതെ പഴയൊരു ഇന്റർനാഷണൽ എയർപോർട്ടും നഗരത്തിന്റെ മറ്റൊരു ഭാഗത്തുണ്ട്. തായ്‌പേയ് ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് പേര്. ഇന്ത്യയെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള എയർപോർട്ടാണിത്. കാരണം, സ്വാതന്ത്ര്യസമരനായകൻ സുഭാഷചന്ദ്രബോസ് മരണപ്പെട്ടത് ഈ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുമ്പോൾ വിമാനം തകർന്ന് വീണാണ്.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

മനോഹരമായി സംവിധാനം ചെയ്ത എയർപോർട്ടിലൂടെ നടക്കുമ്പോൾ എനിക്ക് ചെറിയൊരു ആശങ്കയുണ്ടായിരുന്നു. ചൈനയുടെ അധീനതയിലുള്ള രാജ്യമാണ്. അതുകൊണ്ട് ഇമിഗ്രേഷൻ നടപടികൾ കർശനമായിരിക്കും. ഓൺലൈനിൽ വിസയ്ക്ക് അപേക്ഷിച്ചപ്പോൾ തിരിച്ചയച്ചു കിട്ടിയ വിസ അപ്രൂവൽ പേപ്പർ, ഹോട്ടൽ ബുക്കിങിന്റെ വൗച്ചറുകൾ, മടക്കയാത്ര ടിക്കറ്റ്, ആവശ്യപ്പെട്ടാൽ കാണിക്കാനായി 1000 ഡോളർ എന്നിവ കൈയിലുണ്ട്. എങ്കിലും ചില ചോദ്യങ്ങളൊക്കെ ഇമിഗ്രേഷൻ ഓഫീസർ ചോദിക്കാൻ സാദ്ധ്യതയുണ്ട്. ചൈനയുടെ മറ്റൊരു സ്വയംഭരണ പ്രദേശമായ ഹോങ്കോങ്ങിൽ  അത്തരം ചോദ്യങ്ങൾ പലതവണ നേരിട്ട അനുഭവമുണ്ടെനിക്ക്.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

വലിയ ക്യൂ ഉണ്ട് ഇമിഗ്രേഷനിൽ. ഞാനും ക്യൂവിൽ സ്ഥാനം പിടിച്ചു. ഒരു മണിക്കൂറെടുത്തു, കൗണ്ടറിലെത്താൻ. ഞാൻ പാസ്‌പോർട്ടും മറ്റു രേഖകളും കൂടി ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ കൈയിൽ കൊടുത്തു. അയാൾ എന്റെ മുഖത്തു പോലും നോക്കാതെ, ഒരു രേഖപോലും മറിച്ചു നോക്കാതെ, പാസ്‌പോർട്ടിൽ സീൽ പിതിച്ച് തിരികെ തന്നു. യുഎസ് വിസ ഉണ്ടോ എന്നു പോലും അയാൾ പാസ്‌പോർട്ട് മറിച്ചു നോക്കിയില്ല! (ഇത് വായിച്ച് ആരെങ്കിലും തായ്‌വാനിൽ  കൈയും വീശി ചെന്ന് ഇറങ്ങിയിട്ട് , അനുഭവം മറിച്ചാണെങ്കിൽ എന്നെ കുറ്റപ്പെടുത്തരുത്!)പുറത്തേക്കിറങ്ങിയപ്പോൾ നല്ല തണുപ്പ്. ഞാൻ ഫോണിൽ നോക്കി- 10 ഡിഗ്രി. നട്ടുച്ചയ്ക്ക് രണ്ട് മണിക്ക് ഇതാണ് കാലാവസ്ഥയെങ്കിൽ രാത്രി എന്തായിരിക്കും!

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

എനിക്ക് പോകേണ്ടത് വാനിൻ എന്ന സ്ഥലത്തെ എക് ഫ  എന്ന ഹോട്ടലിലേക്കാണ്. ഗൂഗിളിൽ 37 മിനുട്ടാണ് യാത്രാ സമയം കാണിക്കുന്നത്. ഞാൻ പ്രീപെയ്ഡ് ടാക്‌സി കൗണ്ടറിലേക്ക് നടന്നു. വാനിനിലേക്ക് ഏതാണ്ട് 700 രൂപയാണ് ടാക്‌സി നിരക്ക്.ടാക്സി ചാർജ് മനസ്സിലാക്കിയ ശേഷം എയർപോർട്ടിലെ എക്‌സ്‌ചേഞ്ച് സെന്ററിൽ നിന്ന് 100 ഡോളർ കൊടുത്ത് തായ്‌വാൻ കറൻസിയായ  ന്യൂ ഡോളർ വാങ്ങി. ടിഡബ്ല്യുഡി എന്നാണ് തായ്‌വാനീസ് ഡോളറിന്റെ ചുരുക്ക രൂപം. ഒരു തായ്‌വാൻ ഡോളർ എന്നാൽ 2.30 ഇന്ത്യൻ രൂപയാണ്. ഞാൻ വിദേശ യാത്രകളിൽ എയർപോർട്ടിലെ എക്‌സ്‌ചേഞ്ച് സെന്ററിൽ നിന്ന് കുറച്ച് ഡോളറേ മാറ്റാറുള്ളൂ, കാരണം ,എക്‌സ്‌ചേഞ്ച് റേറ്റ് വളരെ മോശമായിരിക്കും.ഒരു മൊബൈൽ സിം കാർഡ് ഷോപ്പിൽ നിന്ന് ഒരാഴ്ചത്തേക്ക് തായ്‌വാൻ സിമ്മും വാങ്ങി. അൺലിമിറ്റഡ് ഡാറ്റയോടുകൂടിയ സിമ്മിന് ഏകദേശം 1200 ഇന്ത്യൻ രൂപയായി.ഇനി ടാക്‌സി പിടിക്കാം. പ്രീപെയ്ഡ് കൗണ്ടറിൽ നിന്ന് സ്ഥലം പറഞ്ഞ് സ്ലിപ്പ് വാങ്ങി. ഒരാൾ എന്റെ  കൂടെ വന്ന് ടാക്‌സിയിൽ കയറ്റി. പണം നൽകേണ്ടത് ഡ്രൈവറിനു തന്നെയാണ്.

തായ്‌വാന്റെ തലസ്ഥാനമായ തായ്‌പേയ് നഗരം

തായ്‌വാന്റെ നഗരവീഥികളിലൂടെ ടാക്‌സി ഒഴുകി നീങ്ങി. ഒഴുകി നീങ്ങി എന്ന് വെറുതെ സാഹിത്യ ഭാഷയിൽ എഴുതിയതല്ല. അത്ര മിനുസമാണ് റോഡുകൾക്ക്. ഫ്‌ളൈ ഓവറുകൾ തലങ്ങും വിലങ്ങും നീങ്ങുന്നു. വൃത്തിയും വെടിപ്പുമുള്ള പാർക്കുകൾ, അംബരചുംബികൾ, ഹോണടിയില്ലാത്ത റോഡുകൾ, മര്യാദക്കാരായ ജനങ്ങൾ-തായ്‌വാന്റെ ആദ്യ കാഴ്ചകൾ എന്നെ സന്തോഷിപ്പിച്ചു.

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA