ADVERTISEMENT

സ്‌പെയിനിലെ ടൊമോറ്റോ ഫെസ്റ്റിവലിനെയും ബെല്‍ജിയത്തിന്റെ ചോക്കോ ഫെസ്റ്റിവലിനെയും ബീയര്‍ ഫെസ്റ്റിവലിനെയുമെല്ലാംപറ്റി മിക്കവരും കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു നാട്ടിലെ പുരുഷന്‍മാരെല്ലാം ഏതാണ്ട് നഗ‍‍്നരായി പങ്കെടുക്കുന്ന  ഉത്സവത്തെക്കുറിച്ച് കേള്‍ക്കാന്‍ സാധ്യത കുറവായിരിക്കും. അങ്ങനെയും ഒരു ഫെസ്റ്റിവലുണ്ട്. ജപ്പാനില്‍ നടക്കുന്ന ഹഡാകാ മട്‌സൂരി ഉത്സവമാണിത്. ഈ വാക്ക് മലയാളത്തിലേക്കു തര്‍ജിമ ചെയ്താല്‍ ‘നഗ്‌നരുടെ ഉത്സവം’ എന്നാണ് അർഥം. ഈയടുത്താണ് ഈ ഉത്സവം ലോകശ്രദ്ധ നേടിയതെങ്കിലും 1,000 വര്‍ഷത്തിലേറെയായി ജപ്പാനിലെ ചിബയിലെ ആളുകള്‍ ഇൗ ഉല്‍സവം കൊണ്ടാടുന്നു.

എല്ലാ വര്‍ഷവും ഫെബ്രുവരിയിലെ മൂന്നാം ശനിയാഴ്ചയാണ് ഈ ഉത്സവം. സൈഡെജി കന്നോണിന്‍ എന്ന ക്ഷേത്രത്തിലാണ് ഹഡക മാട്സൂരി നടക്കുക. ആയിരക്കണക്കിനു പുരുഷന്മാര്‍ പങ്കെടുക്കുന്ന ആഘോഷത്തില്‍ ഭൂരിഭാഗം പേരും ഏതാണ്ട് നഗ്നരായിരിക്കും. ജാപ്പനീസ് അരക്കച്ചയും ‘ഫണ്ടോഷി’ വെളുത്ത സോക്സുകളും മാത്രമാണ് ഇവര്‍ ധരിക്കുന്നത്. രാത്രി പത്തു മണിയോടെ ചടങ്ങുകള്‍ ആരംഭിക്കും. ഇതിനുശേഷം അർധനഗ്‌നരായ പുരുഷന്മാര്‍ ക്ഷേത്രത്തിന് ചുറ്റുമോടാന്‍ തുടങ്ങും. ഈ കൂട്ടയോട്ടം അവസാനിക്കുന്നത് ക്ഷേത്രത്തില്‍ പ്രത്യേകം തയാറാക്കിയ കുളത്തിലായിരിക്കും. ഇവിടെനിന്ന് ദേഹം ശുദ്ധിയാക്കി വേണം പ്രധാനചടങ്ങുകള്‍ നടക്കുന്ന ഭാഗത്തേക്ക് പോകാന്‍.

Hadaka-Matsuri1

ആചാരങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെ പുരോഹിതന്‍ രണ്ട് ഭാഗ്യ ദണ്ഡുകളും 100 കെട്ടുകളോളം മരച്ചില്ലകളും വലിച്ചെറിയുന്നു. ഇവ കണ്ടെത്തുന്നവര്‍ക്ക് ഭാഗ്യം കൈവരുമെന്നാണ് ജപ്പാന്‍കാരുടെ വിശ്വാസം. അതിനാല്‍ ഈ ഭാഗ്യവിറകുകള്‍ കണ്ടെത്താനുള്ള ശ്രമത്തിനിടയില്‍ പിടിവലി മൂലം പലര്‍ക്കും പരുക്കേല്‍ക്കുന്നത് സാധാരണമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് നിരവധി പേര്‍ ഹഡക മാട്സൂരിയുടെ ഭാഗമാകാനായി എല്ലാ വര്‍ഷവും ഇവിടെയെത്തുന്നുണ്ട്. 

ജപ്പാനിലെ ഒക്കയാമ നഗരത്തില്‍നിന്ന് ട്രെയിനില്‍ 30 മിനിറ്റ് സഞ്ചരിച്ചാല്‍ ക്ഷേത്രത്തിലെത്താം. കൃഷിയില്‍ വിളവു ലഭിക്കാനും സമ്പല്‍സമൃദ്ധിക്കും വേണ്ടിയാണ് ഈ ഉത്സവം നടത്തുന്നത്. ഇതില്‍ പങ്കെടുക്കുന്ന ചെറുപ്പക്കാര്‍ക്കായി പ്രത്യേക ചടങ്ങുകളും നടത്താറുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com