ADVERTISEMENT

ഇറ്റലിയിലെ വെനീറ്റോ (veneto) പ്രവശ്യയിൽ ഫലപ്രദമായി നടപ്പാക്കിയ കൊറോണ പ്രതിരോധ മാർഗമാണ് ‘ഞാൻ വീട്ടിൽ തന്നെ ആയിരിക്കും’ (Io  resto  a casa). ഇറ്റലിയിലെ പലേർമോയിൽ താമസിക്കുന്ന കോട്ടയം സ്വദേശി അമ്മു ആൻഡ്രൂസ് ഇറ്റലിയിലെ കൊറോണ പ്രതിരോധ നടപടികളെപ്പറ്റി...

ഒരു രാജ്യം മുഴുവൻ പരീക്ഷണശാലയായി മാറി ഇറ്റലിയിൽ. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടു എന്ന് കരുതുന്ന ചൈന കഴിഞ്ഞാൽ ഏറ്റവുമധികം മരണം റിപ്പോർട്ട്  ചെയ്യപ്പെട്ടതും  വൈറസ് ബാധയുടെ  നിരക്ക് മണിക്കൂറുകൾക്കുള്ളിൽ ഉയരുന്നതുമായ രാജ്യമാണ് ഇറ്റലി. മറ്റു രാജ്യങ്ങളിലെല്ലാം തന്നെ കൊറോണ ബാധിതരുടെ നിരക്ക് ഉയരുന്നത് നിയന്ത്രണാതീതമായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ ലോകരാജ്യങ്ങൾക്ക് മാതൃകയാക്കാവുന്ന ഒരു രീതിയാണ്  ഇറ്റാലിയൻ  ഗവണ്മെന്റ് അവലംബിക്കുന്നത്. കൊറോണ ഭീതി പരത്തിയ, ആദ്യ മരണം റിപ്പോർട്ട് ചെയ്ത, red zone  ആയിരുന്ന ‘veneto’ പ്രവിശ്യയിൽ  അവലംബിച്ചു വിജയം കൈവരിച്ച ‘ഞാൻ വീട്ടിൽ തന്നെ ആയിരിക്കും’ (Io  resto  a casa) രീതിയാണ്  മൊത്തം ഇറ്റലിയിലേക്ക് പരീക്ഷിക്കുന്നത്. Veneto  പ്രവിശ്യയിൽ  പുതുതായി വരുന്ന  കൊറോണ പോസിറ്റീവ് കേസുകൾ വളരെ കുറവാണ് എന്നത് ശ്രദ്ധേയമായ നേട്ടമാണ്. 

ഏറ്റവുമധികം ടൂറിസ്റ്റുകൾ  വന്നുപോകുന്ന ലോകത്തിലെ ഏറ്റവും മനോഹരമായ രാജ്യത്തിലെ പ്രധാന സാമ്പത്തിക മേഖലയായ മിലാനും വെനീസും ഉൾപ്പെടുന്ന പതിനാറോളം സിറ്റികൾ റെഡ് സോണ് ആയി മാറി. കൊറോണ വ്യാപനം ശ്രദ്ധയിൽ പെട്ടപ്പോൾ  മുതൽ കാർണിവൽ ആഘോഷങ്ങൾ  ഉപേക്ഷിക്കുകയും പൊതുപരിപാടികളിൽ നിയന്ത്രണം വരുത്തുകയും ചെയ്തു. സ്ഥിതിഗതികൾ ഓരോ മണിക്കൂറിലും വഷളായി കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിലാണ് ഇറ്റലിയിലെ പ്രസിഡന്റ് ജൂസെപ്പെ കോന്തേ പത്ര സമ്മേളനത്തിൽ ഇങ്ങനെ രാജ്യത്തെ അഭിസംബോധന ചെയ്തത്.   

ammu-travel1

“ഇക്കഴിഞ്ഞ ദിവസങ്ങളിലെല്ലാം വിൻസ്റ്റൺ ചർച്ചിലിന്റെ വളരെ പ്രശസ്തമായ പ്രസംഗശകലമായിരുന്നു എന്റെ മനസ്സിൽ തെളിഞ്ഞു വന്നത്. ആ വാക്യം ഞാൻ നിങ്ങളോടും ആവർത്തിക്കുകയാണ്, ‘വളരെ ഇരുണ്ട മണിക്കൂറുകളിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്, നാം അതിജീവിക്കുക തന്നെ ചെയ്യും.’ നമ്മുടെ ഭാവി നമ്മുടെ കൈകളിലാണ്. നമ്മൾ ഒരല്പം കരുതലും ത്യാഗവും ചെയ്‌താൽ നമ്മുടെ നാട് ഈ അവസ്ഥയെ  വളരെ പെട്ടന്ന് തന്നെ അതിജീവിക്കും. 

ammu-travel2


അനാവശ്യമായ ഒത്തുചേരലുകളും  യാത്രകളും ഒഴിവാക്കി എല്ലാവരും വീട്ടിൽ തന്നെ സുരക്ഷിതരായി ഇരിക്കാൻ ശ്രദ്ധിക്കുക. നമ്മുടെ സമൂഹത്തിലെ വളരെ ദൗർബല്യമുള്ള വയോജനങ്ങളാണ് ഈ വൈറസ് ബാധ മൂലം ഏറ്റവുമധികം പ്രശ്നങ്ങൾ അനുഭവിക്കുന്നതും മരിച്ചു വീഴുന്നതും. നമ്മുടെ മുതിർന്നവരുടെ സംരക്ഷണം നമ്മുടെ ഉത്തരവാദിത്തമാണ്. ആയതിനാൽ, വളരെ അത്യാവശ്യമായ ഭക്ഷ്യ വസ്തുക്കളുടെ ശേഖരണം, ഒഴിവാക്കാനാവാത്ത തൊഴിൽ ആവശ്യങ്ങൾ, ആരോഗ്യപരമായ അത്യാവശ്യങ്ങൾ എന്നിവയ്ക്ക് ഒഴികെ പുറത്തു യാത്ര ചെയ്യന്നത് നിയന്ത്രണവിധേയമാകുകയാണ്. 

ഏപ്രിൽ അഞ്ചുവരെ സ്‌കൂളുകൾ പള്ളികൾ എന്നിവ അടയ്ക്കുന്നു. ബാറുകളും റെസ്റ്റോറന്റുകളും വൈകുന്നേരം ആറു മണി വരെയെ പ്രവർത്തിക്കൂ. ജിംനേഷ്യം, സ്വിമ്മിങ്പൂളുകൾ, പബ്ബുകൾ എന്നിങ്ങനെ ആളുകൾ ഒന്നിച്ചു കൂടുന്ന ഇടങ്ങൾ അടക്കുകയാണ്. വിവാഹം, ശവസംസ്‌കാരം എന്നീ ചടങ്ങുകളും നിയന്ത്രണവിധേയമാകുന്നു. നിങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഒരു വിധത്തിലും  പ്രതികൂലമായി ബാധിക്കാത്ത വിധത്തിൽ പൊതുഗതാഗതം നിലനിർത്തും. എല്ലാ വിധത്തിലുമുള്ള സജ്ജീകരണങ്ങൾ ഗവണ്മെന്റ് തലത്തിൽ  ഏർപ്പെടുത്തും. ഓർക്കുക, നിങ്ങളുടെ സുരക്ഷയും വ്യക്തിശുചിത്വവും നിങ്ങളുടെ കയ്യിലാണ്. 

ഇത്രയധികം ആളുകൾ ഓരോ ദിവസവും കൊറോണ ബാധിതരാകുകയും  മരണ നിരക്ക്  കൂടുകയും ചെയുന്ന ഈ സാഹചര്യത്തിൽ ഒരു മണിക്കൂർ പോലും നമുക്ക് മാറ്റിവെക്കാനാവില്ല. നമുക്ക് ഇനി മുതൽ റെഡ് സോൺ എന്നോ, എ  സോൺ  എന്നോ  ബി സോൺ എന്നോ ഇല്ല; മൊത്തം ഇറ്റലിയെ ‘സംരക്ഷിത മേഖലയായി’ (Zona Protetta) ആയി പ്രഖ്യാപിക്കുകയാണ്. നമ്മൾ ഒന്നിച്ചു  ഈ അവസ്ഥയെ നേരിടും. അതിനായി നമ്മൾ ഉയർത്തിപ്പിടിയ്ക്കേണ്ട മുദ്രാവാക്യം ‘ഞാൻ വീട്ടിൽ തന്നെ ആയിരിക്കും’ (Io  resto  a casa)  എന്നതാണ്.’’ 


കൊറോണയുടെ ആരംഭം 

ഇക്കഴിഞ്ഞ ഡിസംബർ മുതൽക്കേ വൈറൽ പനികളും ചുമയും ശ്വാസതടസ്സങ്ങളും നോർത്ത് ഇറ്റലിയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇത്തവണ ശൈത്യകാലം വളരെ അസാധാരണമായ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെ കടന്നു പോയത്  കൊണ്ട്, വളരെ കാലം നീണ്ടു നിൽക്കുന്ന പ്രത്യേകതരം  ന്യൂമോണിയ  ആണെന്ന നിഗമനത്തിലായിരുന്നു ഡോക്ടർമാർ. അവ കൊറോണ വൈറസ് അറ്റാക്ക് ആണെന്ന് അന്ന് തിരിച്ചറിഞ്ഞിരുന്നില്ല എന്ന നിഗമനത്തിലേക്കാണ്  മിലാൻ റീജിയണിലെ മെഡിക്കൽ മേധാവി മാസ്സിമോ വജാനി വിരൽ ചൂണ്ടുന്നത്.

ഇന്നുവരെയുള്ള പഠനങ്ങളിൽ ഇറ്റലിയിലെ കൊറോണ വൈറസിന്റെ ഉറവിടം കണ്ടെത്താൻ സാധിച്ചിട്ടില്ല. ചൈനയിൽ നിന്നുള്ള യാത്രികരെയും വിമാനങ്ങളെയും നിയന്ത്രിക്കുന്നതിനു വളരെ മുന്നേ തന്നെ ഈ വൈറസ് യൂറോപ്പിൽ എത്തിച്ചേർന്നിരുന്നു എന്നാണ് വിദഗ്ധരുടെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. വൈറസ് ബാധിച്ച ആദ്യ വ്യക്തിയിൽ യാതൊരുവിധ ലക്ഷണങ്ങളും കാണിക്കത്താത്തതിനാൽ വളരെ സാധാരണ ജീവിതചര്യകളിലൂടെ അയാൾ കടന്നുപോയിരിക്കാം. ആരോഗ്യമുള്ള ഒരു വ്യക്തിയിൽ കൊറോണ വൈറസ് കാര്യമായ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കില്ല. ചെറിയ ഒരു പനിയോ ശരീരവേദനയോ വന്നാൽ അത് വളരെ ശൈത്യകാലത്തെ വളരെ സ്വാഭാവികമായ അസുഖം എന്ന നിലയിൽ പാരസെറ്റമോൾ കഴിച്ചു വിശ്രമിച്ചു കാണണം. എന്നാൽ ആ വ്യക്തി അറിയാതെ തന്നെ, അയാളൊരു വാഹകനായി മാറി, പലരിലേക്ക് വൈറസ് വ്യാപിച്ചിരിക്കാം എന്നുമുള്ള  സാധ്യതയിലേക്കാണ്  മിലാനിലെ സാക്കോ ആശുപത്രിയിലെ പകർച്ചവ്യാധി വിഭാഗ തലവൻ മാസ്സിമോ ഗാല്ലി  എത്തിച്ചേരുന്നത്. ആദ്യ കൊറോണ ബാധിതരിലൂടെ നടത്തിയ പഠനങ്ങളിലൂടെ എത്തിച്ചേർന്ന നിഗമനങ്ങൾ ആണ് ഇവ.

വീടുകളിലെ മുതിർന്ന ആളുകളാണ് ഈ രോഗം വന്നു മരിച്ചവരിലേറെയും. പബ്ബുകളടക്കമുള്ള പൊതുയിടങ്ങളിൽ പോകുന്ന ചെറുപ്പക്കാരാണ് ഇവരിലേക്ക് രോഗമെത്തിച്ചത് എന്ന നിഗമനത്തിലാണ് രോഗം ഏറ്റവും നാശം വിതച്ച വെനീറ്റോ (veneto) പ്രവശ്യയിൽ ‘ഞാൻ വീട്ടിൽ തന്നെ ആയിരിക്കും’ (Io  resto  a casa) എന്ന കൊറോണ പ്രതിരോധ മാർഗം നടപ്പിലാക്കിയത്. ഇത് അവിടെ കൊവിഡ് 19 വ്യാപനം നിയന്ത്രിക്കുന്നതിൽ ഫലപ്രദമായി. മതിയായ കാരണങ്ങളോടെ യാത്ര ചെയ്യാൻ ജനങ്ങൾക്ക് വിലക്കുകളില്ല. 


എന്തുകൊണ്ട് ഇത്ര ഉയർന്ന മരണനിരക്ക് ? 

കൊറോണ വൈറസ് പൊതുവെ അപകടകാരിയല്ലെങ്കിലും, ഓരോ ദിവസവും നൂറിനോടടുത്ത മരണനിരക്കുകളാണ് ആളുകളെ ഭീതിയിലാഴ്ത്തുന്നത്. ആരോഗ്യമുള്ള ഒരാളുടെ ശരീരത്തിൽ ഈ വൈറസ് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കില്ല. എന്നാൽ മറ്റ് അസുഖങ്ങളുള്ള, താരതമ്യേന  പ്രതിരോധശക്തി കുറഞ്ഞ വ്യക്തികളിൽ രോഗാവസ്ഥ മൂർഛിക്കാനും മരണം സംഭവിക്കാനുമുള്ള സാധ്യതയുണ്ട്. ഇറ്റലിയിൽ എണ്ണൂറോളം കൊറോണ ബാധിതർ സുഖം പ്രാപിച്ചിട്ടുണ്ട്. ഇറ്റലിയിലെ പ്രമുഖ  രാഷ്ട്രീയ നേതാവായ ‘നിക്കോള സിംഗെരെത്തി’ കൊറോണ ബാധയെത്തുടർന്ന് ഐസൊലേറ്റ് ചെയ്തതും രോഗം ഭേദമായതിനെ തുടർന്ന് പുറത്തിറങ്ങി കുടുംബത്തോടൊപ്പം സന്തോഷം പങ്കിടുന്നതുമായ ചിത്രങ്ങൾ ഇൻസ്റാഗ്രാമിലൂടെ പങ്കുവെച്ചത് ശ്രദ്ധനേടുകയും ജനങ്ങളിലെ ഭീതി കുറയ്ക്കാൻ സഹായിക്കുകയും ചെയ്തു. 

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com