ADVERTISEMENT

ദക്ഷിണ യൂറോപ്യൻ രാജ്യമായ ലക്സംബർഗ് പഴമയുടെയും ആധുനികതയുടെയും മനോഹരമായ വിരുന്നൊരുക്കുന്ന ഭൂപ്രകൃതിയാൽ സമ്പന്നമാണ്. ബെൽജിയം, ജർമനി, ഫ്രാൻസ് എന്നിവയാൽ ചുറ്റപ്പെട്ട ലക്സംബർഗ് യൂറോപ്പിലെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ രാജ്യമാണ്. എന്നാൽ മറ്റു രാജ്യങ്ങളിൽനിന്നുള്ളവരുടെ ഒഴുക്ക് ഈ രാജ്യത്തെ ജനസംഖ്യാ വളർച്ചയിൽ മുൻനിരയിൽ എത്തിക്കുന്നുണ്ട്. ലക്സംബർഗ് സിറ്റിയാണ് തലസ്ഥാനം. കഴിഞ്ഞ നൂറ്റാണ്ടുകളിലെ കോട്ടകളും കൊട്ടാരക്കെട്ടുകളും നിറഞ്ഞ ഈ നഗരത്തെ1994 ൽ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ പെടുത്തിയിട്ടുണ്ട്

ലക്‌സംബർഗിലെ പ്രധാന കാഴ്ചകളിൽ ഒന്നാണ് പതിനാറാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച ഗ്രാൻഡ് ഡ്യൂക്ക് പാലസ്. ഗ്രാൻഡ് ഡ്യൂക്ക് ഹെൻറിയുടെ കൊട്ടാരമാണെന്നു കരുതപ്പെടുന്നു ഈ പാലസ്. ലക്സംബർഗിലെ ഏക കത്തീഡ്രൽ ആയ ലോക പ്രശസ്ത നോത്രദാം കത്തീഡ്രൽ മറ്റൊരാകർഷണമാണ്. 16 ാം നൂറ്റാണ്ടിലെ ഗോഥിക് വാസ്തുവിദ്യയുടെ തെളിവായി അവശേഷിക്കുന്നു ഈ മനോഹര ദേവാലയം. നാഷനൽ മ്യൂസിയം ഓഫ് ഹിസ്റ്ററി ആൻഡ് ആർട്ട്‌ ചരിത്രകുതുകികളായ സഞ്ചാരികളെ ആകർഷിക്കുന്നു. ട്രക്കിങ്, ക്യാംപിങ് എന്നിവയിൽ താല്പര്യം ഉള്ളവരുടെ പ്രധാന ആകർഷണകേന്ദ്രമാണ് ബെർഡോർഫ്. അങ്ങനെ സാഹസികതയും ചരിത്രവും പഴമയും നാഗരികതയും ഒക്കെ ഇഴചേർന്ന ലക്സംബർഗ് യാത്രികരെ കുറച്ചൊന്നുമല്ല ആകർഷിക്കുന്നത്.

luxembourg1

വിപ്ലവകരമായ മാറ്റങ്ങളോടെയാണ് ലക്‌സംബർഗ് ഇനി സഞ്ചാരികളെ ആകര്‍ഷിക്കുക. പൊതു ഗതാഗതം പൂര്‍ണമായും സൗജന്യമാണ്. പൗരന്മാർക്കും ഇതരരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും സൗജന്യമായി ബസ്, ട്രാം, ട്രെയിൻ തുടങ്ങിയവയിൽ യാത്ര ചെയ്യാം. ആഗോളവ്യാപകമായി ഉയർന്നു വരുന്ന ട്രാഫിക് പ്രശ്നങ്ങൾക്ക് മാതൃകാപരമായ പരിഹാരമാണ് ലക്സംബർഗ് മുന്നോട്ടു വയ്ക്കുന്നത്. കാറുകളും മറ്റു സ്വകാര്യ വാഹനങ്ങളും ഉപേക്ഷിച്ചു യാത്രികരെ പൊതു ഗതാഗതത്തിലേക്ക് ആകർഷിക്കുക എന്നതാണ് ലക്ഷ്യം. ലക്സംബർഗ് സിറ്റിയിൽ ഏകദേശം 1.10 ലക്ഷം ജനങ്ങൾ വസിക്കുന്നുണ്ട്. ഇതിനു പുറമേ നാലു ലക്ഷത്തോളം പേർ ജോലിയന്വേഷിച്ചു ഇവിടേക്ക് എത്തുന്നുണ്ട്, ഒപ്പം വിദേശ സഞ്ചാരികളും.

സ്വകാര്യ വാഹനങ്ങളുടെ എണ്ണം പെരുകിയതു ഗതാഗത നിയന്ത്രണ സംവിധാനങ്ങളെ സാരമായി ബാധിച്ചു തുടങ്ങിയിരുന്നു. ജനങ്ങൾ കൂടുതലായി പൊതു ഗതാഗതം ഉപയോഗിക്കുന്നത് വഴി ഈ പ്രശ്നം ഒരു പരിധി വരെ പരിഹരിക്കാൻ സാധിക്കുമെന്നാണ് ഗവണ്മെന്റ് പ്രതീക്ഷിക്കുന്നത്. ഒപ്പം ടൂറിസം മേഖലയിൽ ഇതൊരു വഴിത്തിരിവാകും. ആദ്യമായാണ് ഒരു രാജ്യം പൊതുഗതാഗതം സൗജന്യമാക്കുന്നത്. ലക്സംബർഗ് കാർഡ് എന്നാണ് ഈ സംവിധാനം അറിയപ്പെടുന്നത്. 1/2/3ദിവസങ്ങളിലേക്ക് എന്ന മട്ടിൽ  വ്യത്യസ്ത കാർഡുകളുണ്ട്. അതുപയോഗിച്ച് അറുപതിൽ കൂടുതൽ മ്യൂസിയങ്ങളിലേക്കും ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും യാത്ര ചെയ്യാനാകും. 

പഴങ്കഥകളിലെ  കോട്ടകളും തെരുവുകളും അനുസ്മരിപ്പിക്കുന്ന വീഥികളും പൈതൃക കേന്ദ്രങ്ങളും വനസമ്പത്തുമായി യാത്രാസ്നേഹികളെ എന്നും ആകർഷിക്കുന്ന  രാജ്യമാണ് ലക്‌സംബർഗ്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com