sections
MORE

അപൂര്‍വ ജീവികളും പഞ്ചാരമണല്‍ ബീച്ചുകളും: മനം മയക്കും മഡഗാസ്ക്കര്‍

madagascar
SHARE

അപൂര്‍വ്വമായ സസ്യജാലങ്ങളും സുന്ദരമായ കടല്‍ത്തീരങ്ങളും നിറഞ്ഞ മഡഗാസ്ക്കര്‍ വിനോദസഞ്ചാരികളുടെ പറുദീസയാണ്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ മനോഹര ഭൂമി ഇടതൂർന്ന് നിൽക്കുന്ന കാടുകളാലും ടൂറിസം ഭൂപടത്തില്‍ ഇടംപിടിച്ചിട്ടില്ലാത്ത മനോഹരമായ ബീച്ചുകള്‍ കൊണ്ടും സമ്പന്നമാണ്. അതുകൊണ്ട് തന്നെയാണ് 'എട്ടാമത്തെ ഭൂഖണ്ഡം' എന്ന് ലോകം ഈ രാജ്യത്തെ വിളിക്കുന്നതും. 

മലകളിലൂടെ കിടിലന്‍ ഹൈക്കിങ്, മൗണ്ടന്‍ ബൈക്കിങ്, തിരക്കില്ലാത്ത ബീച്ചുകളിലൂടെ ഡൈവിങ്, കൈറ്റ് സര്‍ഫിങ്, സാഹസപ്രിയര്‍ക്കായി റോക്ക് ക്ലൈമ്പിങ്ങ് എന്നിങ്ങനെ ധാരാളം അവസരങ്ങളാണ് സഞ്ചാരികളെ പ്രലോഭിപ്പിക്കാനായി ഇവിടെ കാത്തിരിക്കുന്നത്. ക്ഷീണിക്കുമ്പോള്‍ അങ്ങിങ്ങായുള്ള പ്രകൃതിദത്ത സ്വിമ്മിങ്ങ് പൂളുകളില്‍ വിശാലമായി കുളിച്ച് ഫ്രെഷാവുകയും ചെയ്യാം!

madagascar1

വന്യജീവികളെ കാണാന്‍ സഫാരി പോകാം

ഇവിടുത്തെ സസ്യജന്തുജാലങ്ങളില്‍ തൊണ്ണൂറ് ശതമാനത്തേയും ലോകത്ത് മറ്റെവിടേയും കണ്ടെത്താന്‍ സാധിക്കുകയില്ല എന്നതാണ് മഡഗാസ്‌കറിനെ വേറിട്ട്‌ നിര്‍ത്തുന്ന മറ്റൊരു കാര്യം. രാനോമഫാന, മസോല, ആന്‍ഡസിബെ-മന്റാഡിയ, സിംഗി ദ ബേമാറാ, ഇസാലോ, എന്നിവയാണ് മഡഗാസ്‌ക്കറിലെ പ്രധാന നാഷണല്‍ പാര്‍ക്കുകള്‍. അപൂര്‍വ്വ ഇനം പക്ഷികളെയും ഉരഗങ്ങളെയും ലെമര്‍ എന്ന കുരങ്ങ് വംശത്തില്‍പ്പെട്ട ജീവികളെയും ഇവിടെ കാണാം. സഞ്ചാരികള്‍ക്ക് ഇവയെ എല്ലാം അടുത്ത് കാണാനായി വിവിധ സഫാരി പാക്കേജുകളും ടൂര്‍ ഓപ്പറേറ്റര്‍മാര്‍ സംഘടിപ്പിക്കുന്നുണ്ട്.

തിമിംഗലങ്ങള്‍ക്കൊപ്പം അല്‍പ്പനേരം 

തെളിവെള്ളത്തിനും തിമിംഗലങ്ങള്‍ക്കും പ്രശസ്തമാണ് മഡഗാസ്‌ക്കറിലെ ബീച്ചുകള്‍. പഞ്ചാരമണല്‍ കൊണ്ട് സുന്ദരമായ സെന്‍റ് മാരി ബീച്ചിലെ നല്ല തെളിഞ്ഞ വെള്ളത്തില്‍ മുങ്ങാംകുഴിയിടാം. കൂടാതെ 17-18 നൂറ്റാണ്ടുകളില്‍ നാവികരുടെ പേടിസ്വപ്‌നമായിരുന്ന കടല്‍കൊള്ളക്കാരുടെ സെമിത്തേരിയുമുണ്ട് ഇവിടെ. കുരിശും തലയോട്ടി ചിഹ്നവുമായി നിരവധി കല്ലറകള്‍ കാണാം.  

മറ്റൊരു പ്രധാന ബീച്ചായ നോസി ബെയില്‍ സഞ്ചാരികളെ കാത്തിരിക്കുന്നതാവട്ടെ, കടലിലെ വമ്പനായ തിമിംഗലങ്ങളെ അടുത്ത് കാണാനുള്ള അപൂര്‍വ്വ അവസരമാണ്. ലോകത്തില്‍ തന്നെ വളരെ വിരളമായി കാണപ്പെടുന്ന ഒമുറ വിഭാഗത്തില്‍പെട്ട തിമിംഗലങ്ങളെ ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ ഇവിടെ അടുത്ത് കാണാനുള്ള സൗകര്യമുണ്ട്. അല്‍പ്പം സാഹസികപ്രിയര്‍ക്ക് സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളില്‍ സ്രാവ് ഇനത്തിലെ വമ്പനായ തിമിംഗല സ്രാവിനൊപ്പം നീന്താനുമുള്ള അവസരവും ഇവിടെയുണ്ട്. ഇതെല്ലാം കൊണ്ട് തന്നെ മഡഗാസ്‌ക്കറിലെ ഏറ്റവും തിരക്കേറിയ ബീച്ചുകളില്‍ ഒന്നാണ് നോസി ബെ ബീച്ച്. 

രാജ്യത്തിന്‍റെ തെക്ക് ഭാഗത്തായുള്ള മാനഫിയാഫി ബീച്ച് സ്‌നോര്‍ക്കെലിങ്ങിനും നിരവധി വാട്ടര്‍ സ്‌പോര്‍ട്ട്‌സ് ആക്ടിവിറ്റികള്‍ക്കും അനുയോജ്യമാണ്. കൂടാതെ അല്‍പ്പം സ്വകാര്യത ഇഷ്ടപ്പെടുന്നവര്‍ക്ക് ഇവിടേക്ക് വരാം. കൂടാതെ തൂവെള്ള മണലും തെളിഞ്ഞ വെള്ളവും കൊണ്ട് സഞ്ചാരികളുടെ മനസ്സ് കവരുന്നതും 'മഡഗാസ്‌ക്കറിന്‍റെ മാലിദ്വീപ്' എന്നറിയപ്പെടുന്നതുമായ മിറ്റ്‌സിയോ ഐലന്‍ഡ്സുമുണ്ട് ഇവിടെ.

കാടും കടലും ചേര്‍ന്ന അപൂര്‍വ്വസുന്ദരമായ അനുഭവമാണ് മഡഗാസ്‌ക്കര്‍ സഞ്ചാരികള്‍ക്കായി നല്‍കുന്നത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA