sections
MORE

ബാലി വ്യത്യസ്തമാകുന്നത് ഈ കാരണങ്ങള്‍ കൊണ്ടാണ്

bali-trip
SHARE

ബാലി എന്നത് യാത്രികരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നലോകമാണ്. ഒറ്റയ്ക്കോ കൂട്ടായോ എങ്ങനെ വേണമെങ്കിലും പോകാം. ഓരോ തവണയും ഈ സ്വര്‍ഗഭൂമി പകര്‍ന്നു തരുന്ന അനുഭവങ്ങളും വ്യത്യസ്തമായിരിക്കും.സെലിബ്രിറ്റികള്‍ അടക്കമുള്ളവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന ഒരു ഇടം കൂടിയാണ് ബാലി. ഒരിക്കല്‍ ഇവിടം സന്ദര്‍ശിച്ചവര്‍ എന്തുകൊണ്ടാണ് വീണ്ടും ഈ മായിക ഭൂമിയിലേക്ക് യാത്ര ചെയ്യാന്‍ കൊതിക്കുന്നത്? അതിനു ചില കാരണങ്ങളുണ്ട്!

675172642

പാര്‍ട്ടിക്ക് പറ്റിയ ഇടം, മഞ്ഞവെളിച്ചം ഒഴുകുന്ന കുട്ട

ബാലിയില്‍ കുട്ട എന്ന് പേരുള്ള ഒരു ഇടമുണ്ട്. പാര്‍ട്ടി പ്രാന്തന്മാര്‍ക്ക് ഇവിടേക്ക് പോകാം. ബാലിയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് അല്‍പ്പം പരിഷ്കാരം കൂടുതലുള്ള സ്ഥലമാണ് ഇവിടം. യാത്രികര്‍ക്ക് മികച്ച പല ഓഫറുകളും കിട്ടും. ഓപ്പണ്‍ ബാറുകള്‍, റൂഫ്ടോപ്‌ റെസ്റ്റോറന്റുകൾ തുടങ്ങി സംഘം ചേര്‍ന്ന് വരുന്നവര്‍ക്ക് അടിച്ചു പൊളിക്കാന്‍ പറ്റിയ എല്ലാം ഇവിടെ ഉണ്ട്. ബാലിയിലെ ഏറ്റവും പ്രശസ്തമായ ബിയര്‍ ആയ ബിന്‍ടാംഗ് ഇവിടെ 200 രൂപക്ക് കിട്ടും. രാത്രി മുഴുവന്‍ മഞ്ഞവെളിച്ചവും പതിഞ്ഞ സംഗീതവുമൊക്കെ ആസ്വദിച്ച് ഇവിടെ ചെലവഴിക്കാം.

നാവില്‍ കപ്പലോടിക്കും രുചികള്‍ 

പരമ്പരാഗത ബാലിനീസ് സംസ്കാരത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണ് ഭക്ഷണം എന്നത് . ഏറെക്കുറെ വിചിത്രമായ ബാലിനീസ് ഭക്ഷണം രുചിച്ചേ ഇവിടെ നിന്നും തിരിച്ചു പോരാവൂ. നാസി ഗോറെംഗ്, സാംബൽ മാതാ, സതായ്, നാസി ടെപെംഗ് എന്നിങ്ങനെ നിരവധി തനതു രുചികളുണ്ട്. 

867105732

യാത്ര അത്ര കടുപ്പമല്ല 

സാധാരണയായി മറ്റു ദ്വീപ്‌ രാജ്യങ്ങളില്‍ ഒക്കെ പോകുമ്പോള്‍ ഉള്ള ഏറ്റവും വലിയ ബുദ്ധിമുട്ടാണ് ഗതാഗത സൗകര്യം ചെലവേറിയതാണ് എന്നത്. എന്നാല്‍ ബാലിയില്‍ അധിക നിരക്കില്ലാതെ തന്നെ പ്രാദേശിക യാത്രകള്‍ നടക്കും. ഇ റിക്ഷകളും ഫെറി സൗകര്യങ്ങളും ബസുകളും എല്ലാം കുറഞ്ഞ ചെലവില്‍ യാത്രികര്‍ക്ക് ഉപയോഗപ്പെടുത്താം.

താമസം: വില തുച്ഛം, ഗുണമോ മെച്ചം!

സഞ്ചാരികള്‍ക്ക് ലക്ഷ്വറി ഹോട്ടലുകളിലെ താമസം അവിശ്വസനീയമായ നിരക്കില്‍ ലഭ്യമാകും എന്നതാണ് ബാലിയിലെ മറ്റൊരു പ്രത്യേകത. ഈ താമസസ്ഥലങ്ങളിൽ ചിലതൊക്കെ ദ്വീപിന്റെ ഹൃദയഭാഗത്തു തന്നെയാണ്. ക്ഷേത്രങ്ങൾ, ബീച്ചുകൾ, പ്രാദേശിക മാര്‍ക്കറ്റുകള്‍ എന്നിവയിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാം. കുട്ടയിലെ രാമായണ സ്യൂട്ട്സ് & റിസോർട്ടുകൾ, ലെജിയനിലെ സോൾ ഹൌസ് ബാലി എന്നിവ ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ട രണ്ട് ഹോട്ടലുകളാണ്. നുസ പെനിഡയിലെ ഹോട്ടൽ സ്റ്റാർ സെമാബു, നുസ ലെംബോംഗനിലെ മഹാഗിരി റിസോർട്ട് എന്നിവയും ഗ്രൂപ്പുകളായി വന്നെത്തുന്നവര്‍ക്ക് താമസിക്കാനാവുന്ന മനോഹരമായ ദ്വീപ് റിസോർട്ടുകളാണ്.

ഭൂമിയിലെ സ്വര്‍ഗം 

ബാലിയിലെത്തുന്ന ആരും ഒരു നിമിഷം സംശയിച്ചു പോകും, ഇത് സ്വര്‍ഗ്ഗമാണോ എന്ന്. മനോഹരമായ നീലാകാശവും പരമ്പരാഗത സരോംഗ് പാവാട, സാബുക്, സെമയ വസ്ത്രങ്ങള്‍ അണിഞ്ഞു ചുറ്റി നടക്കുന്ന പ്രാദേശികരും സുന്ദരമായ ഭൂപ്രകൃതിയും മികച്ച നൂറുകണക്കിന് അനുഭവങ്ങളുമെല്ലാം ചേര്‍ന്ന് ഇവിടെയെത്തുന്ന ഓരോ ആള്‍ക്കും തോന്നും, താന്‍ ചെന്നെത്തിയത് മറ്റൊരു മായിക ലോകത്തിലാണോ എന്ന്!

കലയും നിര്‍മിതികളും 

ബാലിയില്‍ എവിടെ നോക്കിയാലും കലാപരത ദൃശ്യമാണ്. തെരുവുകൾ മുതൽ സാധാരണ വീടുകൾ വരെ ആരെയും അതിശയിപ്പിക്കുന്ന മനോഹരമായ കലയും വാസ്തുവിദ്യയും കൊണ്ട് സമ്പന്നമാണ് ബാലി. പുരാതന പരമ്പരാഗത സ്വാധീനങ്ങളിൽ വേരൂന്നിയതാണ് ഓരോ ബാലിനീസ് പരമ്പരാഗത നിര്‍മിതിയും. ബാലിയിലെ തെരുവുകളിൽ രസകരമായ മണ്ടാല പെയിന്റിംഗുകളും ഡിസൈനുകളും കാണാം.  മിക്ക വീടുകളിലും പടികൾ കാണാം. ഓരോ വീടിനും ഒരു കുടുംബ ക്ഷേത്രമുണ്ട്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA