sections
MORE

ആ യാത്ര വെളുപ്പിന് മൂന്ന് മണിയോടുകൂടി ആയിരുന്നു :നടി മീര

meera-vasudev-travel
SHARE

തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി എത്തി മലയാളികളുടെ പ്രിയ നടിയായി മാറിയ താരമാണ് മീര വാസുദേവ്. 2003 മുതല്‍ ചലച്ചിത്രരംഗത്ത് സജീവമായ മീര ജീവിതത്തിൽ നേരിട്ട തിക്താനുഭവങ്ങളിൽനിന്നു രക്ഷപ്പെട്ട് പുതിയ ഒരു ജീവിതയാത്ര ആരംഭിച്ചിരിക്കുകയാണ്. മീരയ്ക്ക് കൂട്ടായി മകൻ ആരിഹുമുണ്ട്. മലയാളം ടിവി പരമ്പരയിലൂടെ കുടുംബസദസ്സുകളിലേക്കു തിരിച്ചെത്തിയിരിക്കുകയാണ് മീര.

meera-travel5

അഭിനയം പോലെ മീരയ്ക്ക് യാത്രകളും പ്രിയമാണ്. വ്യക്തിപരമായി അധികം യാത്രകൾ ഒന്നും നടത്താൻ സാധിച്ചിട്ടില്ലെങ്കിലും ഒരുപാട് യാത്രാ സ്വപ്നങ്ങൾ ഉള്ളിലുണ്ടെന്നും താരം പറയുന്നു. ഒരു നടിയെന്ന പ്രഫഷൻ യാത്രകൾക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്നും മീര. അഭിനേത്രി എന്ന രീതിയിൽ താൻ ഏറെ സന്തോഷിക്കുന്നത് യാത്രകൾ നടത്തുന്നതിലാണെന്നും താരം പറയുന്നു.

സാഹസികതയോട് കൂട്ടുകൂടിയ മീര

‘മിക്കവർക്കും അഡ്വഞ്ചർ ട്രിപ് അത്ര ഇഷ്ടമല്ല. യാത്രകളിലൊക്കെ അൽപം സാഹസികത കണ്ടെത്താൻ ആഗ്രഹിക്കുന്ന ആളാണ് ഞാൻ. യാത്ര ചെയ്യുകയാണെങ്കിൽ അതിൽ എന്തെങ്കിലും ഒരു സ്പോർട്സ് ആക്ടിവിറ്റിയോ അഡ്വഞ്ചറസ് ആയ കാര്യങ്ങളോ ഉൾപ്പെടുത്തിയിരിക്കും. ട്രെക്കിങ്ങും ഡൈവിങ്ങുമൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ബാലി യാത്രയിൽ അത്തരം മറക്കാനാവാത്ത ഒരു എക്സ്പീരിയൻസ് എനിക്കുണ്ട്. സാധാരണ ബാലിയിലേക്ക് പോകുന്നവർ കടൽത്തീരങ്ങളും കടലിലെ ആക്ടിവിറ്റീസും ഒക്കെ ആയിരിക്കും തിരഞ്ഞെടുക്കുക. ഞാൻ തിരഞ്ഞെടുത്തത് ഒരു മലകയറ്റം ആയിരുന്നു.

meera-travel.4

രാത്രിയിലാണ് ട്രെക്കിങ് ആരംഭിച്ചത്. മലയുടെ ഏറ്റവും മുകളിലേക്ക് വെളുപ്പിന് സഞ്ചരിക്കുക എന്ന് പറഞ്ഞാൽ തന്നെ അത്യന്തം സാഹസികമായിരിക്കുമല്ലോ. അതിഗംഭീരം ആയിരുന്നു ആ യാത്ര. വെളുപ്പിന് മൂന്ന് മണിയോടെ ട്രെക്കിങ് ആരംഭിച്ചു. കാടിന്റെ ഈണങ്ങൾ അറിഞ്ഞ്, അറിയാത്ത ജീവജാലങ്ങളുടെ ശബ്ദങ്ങൾ കേട്ട്, ഇളം കാറ്റേറ്റ് ഒരു വലിയ പർവതത്തിന്റെ നെറുകയിലേക്ക് നടന്നു കയറുക. പറയുമ്പോൾ തന്നെ രോമാഞ്ചം വരുന്നുണ്ടാവും അല്ലേ. എനിക്കും ഏതാണ്ട് അതേ ഫീൽ ആയിരുന്നു. അവസാനം ഏറ്റവും മനോഹരമായ ഒരു സൂര്യോദയവും കാണാൻ സാധിച്ചു.

ലൈഫിൽ ശരിക്കും എൻജോയ് ചെയ്തു നടത്തിയ യാത്രയായിരുന്നു അത്. നിറയെ അനുഭവങ്ങൾ.  ഞാനെപ്പോഴും പുതിയ അനുഭവങ്ങൾ കണ്ടെത്താൻ വേണ്ടി യാത്രകൾ നടത്താനാണ് ആഗ്രഹിക്കുന്നത്. ഓരോ യാത്രയും നമുക്ക് സമ്മാനിക്കുന്നത് പുതിയ കാഴ്ചപ്പാടുകളും അനുഭവ സമ്പത്തും ആണല്ലോ. ഇത്തരം എക്സ്പീരിയൻസുകൾ ഇനിയും ഉണ്ടാക്കിയെടുക്കണം എന്നതാണ്  വലിയ ആഗ്രഹം. ഇനിയുള്ള യാത്രകൾ ഒക്കെ അതിനു വേണ്ടിയായിരിക്കും. 

meera-travel1

നടിയെന്നതിൽ അഭിമാനം

ഒരു നടിയായതിൽ ഏറെ അഭിമാനിക്കുന്ന ആളാണ് ഞാൻ. അഭിനേത്രി ആയതുകൊണ്ടുതന്നെ ഷൂട്ടിങ്ങിനായി നിരവധി സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടിവരും. ഒരു ചിത്രത്തിലെ കഥാപാത്രങ്ങളൊക്കെ പല സ്ഥലങ്ങളുമായി ബന്ധപ്പെട്ടായിരിക്കും രൂപപ്പെടുത്തിയിരിക്കുന്നത്. അവിടെയെത്തി കഴിയുമ്പോൾ ആ ലൊക്കേഷനോടും കഥാപാത്രത്തോടും അങ്ങേയറ്റം ആത്മാർഥത പുലർത്തുവാൻ നമുക്ക് ആവുന്നത് ആ സ്ഥലം കൂടുതൽ മനസ്സിലാക്കുമ്പോൾ തന്നെയാണ്. പിന്നീട് അതേ സ്ഥലങ്ങളിലേക്ക് ഒരിക്കൽ കൂടി യാത്ര ചെയ്താൽ വീണ്ടും ആ പഴയ ഓർമകൾ ക്രിയേറ്റ് ചെയ്യാനും കൂടുതൽ  എനർജി അവിടെനിന്നും സമ്പാദിക്കാനും സാധിക്കുമെന്നാണ് എൻറെ വിശ്വാസം. യാത്രകൾ മനസ്സിനെയും ശരീരത്തെയും ഉണർത്തുന്ന ഉൗർജം തന്നെയാണെന്ന് എന്റെ അനുഭവങ്ങളിലൂടെ എനിക്കറിയാം.

തായ്‌ലൻഡ്, വിയന്ന, ബാലി, സൂറിച്ച് ഇവയൊക്കെയാണ് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സ്ഥലങ്ങൾ. 

meera-travel2

സ്വപ്നയാത്രയ്ക്കായി

ഏറെനാളായി ഞാൻ മനസ്സിൽ കൊണ്ടുനടക്കുന്ന സ്വപ്നമാണ് ഒരു റോഡ് ട്രിപ്പ്. മകൻ ആരീഹിന് ഇപ്പോൾ അഞ്ച് വയസ്സായി. അവനെയും കൂട്ടി ഒരു ട്രിപ്പ് പോകണം എന്നതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. യാത്രകളൊക്കെ ചെയ്യാനും കാര്യങ്ങൾ മനസ്സിലാക്കാനും അവൻ പ്രാപ്തനായി എന്ന് ഞാൻ വിശ്വസിക്കുന്നു. അതു കൊണ്ട് ഇക്കൊല്ലം തന്നെ മിക്കവാറും ഞങ്ങൾ രണ്ടു പേരും കൂടി ഒരു ട്രിപ് പോകും’.

മീരയുെട യാത്രാ ടിപ്സ്

യാത്രകൾ സുരക്ഷിതമാക്കാൻ ചില പൊടിക്കൈകൾ മീരയ്ക്ക് പറഞ്ഞുതരാൻ ഉണ്ട്. വിദേശരാജ്യങ്ങളിലേക്കും മറ്റും യാത്ര ചെയ്യുമ്പോൾ പലരും ഏറ്റവും കൂടുതൽ പരീക്ഷിക്കുന്നത് ഫൂഡ് ആയിരിക്കും. പ്രത്യേകിച്ച്  മലയാളികൾക്ക് ഭക്ഷണരീതികളോട് ഒരു പ്രത്യേക ഇഷ്ടം കൂടി ഉണ്ടല്ലോ. പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ ചെന്നാൽ നടുക്കഷ്ണം തിന്നണം എന്ന ചൊല്ല് വരെ ഉണ്ടാക്കിയവരാണ് നമ്മൾ. എങ്കിലും മീര പറയുന്നത് പുറംനാടുകളിൽ പോയാൽ പറ്റുമെങ്കിൽ നോൺവെജ് ഫൂഡ് ഒഴിവാക്കണമെന്നാണ്. 

‘പലതരം ഇറച്ചിയും മീനും ഒക്കെ വിദേശരാജ്യങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. അതിൽ എന്തൊക്കെ ചേർത്തിട്ടുണ്ടെന്നൊന്നും നമ്മൾക്ക് അറിയില്ല. കൂടുതലും വിഷാംശങ്ങളും രാസവസ്തുക്കളും ഉപയോഗിക്കുന്നത് ഇറച്ചി, മീൻ ഭക്ഷണങ്ങളിൽ ആണ് എന്നത് സത്യമാണ്. അതുകൊണ്ട് യാത്രകൾ നടത്തുമ്പോൾ പച്ചക്കറികളും ഫ്രൂട്ട്സും കൂടുതൽ കഴിക്കണം. ഞാൻ വെജിറ്റേറിയൻ ആണ്. യാത്രകളിൽ വെജിറ്റേറിയൻ ആകുന്നത് തന്നെയാണ് നല്ലത്. ഭക്ഷ്യവിഷബാധ പോലെയുള്ള രോഗങ്ങൾ പിടിപെടുന്നത് യാത്രയുടെ എല്ലാ സുഖവും നഷ്ടപ്പെടുത്തും.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA