sections
MORE

അമൂല്യമായ വൈനുകളുടെ കലവറ

wine-tour
SHARE

ജോര്‍ജിയയില്‍ കുറാനദിയുടെ തീരത്തു സ്ഥിതി ചെയ്യുന്ന ടിബിലിസി അഥവാ തിബ്‌ലിസ് എന്ന മനോഹര നഗരത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? അഞ്ചാം നൂറ്റാണ്ടില്‍ സ്ഥാപിക്കപ്പെട്ട ഈ നഗരം 29 ഓളം തവണ പുതുക്കിപ്പണിയുകയുണ്ടായി. ഇടുങ്ങിയ ഇടവഴികളും വലിയ വീടുകളും നിറഞ്ഞ ഈ പ്രദേശം ജോര്‍ജിയയുടെ തലസ്ഥാനനഗരി കൂടിയാണ്. 15 ലക്ഷത്തോളം ആളുകളാണ് ഇവിടെ താമസിക്കുന്നത്.

അവധിക്കാലം ചെലവഴിക്കാനായി സ്ഥലങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ പലരും പല കാര്യങ്ങളാണ് ശ്രദ്ധിക്കുക. ചിലര്‍ ബീച്ചുകളും പര്‍വതങ്ങളും നദീതീരങ്ങളുമൊക്കെ തിരഞ്ഞെടുക്കുമ്പോള്‍ മറ്റു ചിലര്‍ സാംസ്കാരികതയുടെ വേരുകള്‍ തേടിപ്പോകും. പുസ്തകങ്ങളും ചരിത്രവും ഷോപ്പിങ്ങും എല്ലാം തേടി പോകുന്നവരും ഉണ്ട്. ഇതേപോലെ വൈന്‍ പ്രേമികൾക്കു യാത്ര പോകാനാവുന്ന നിരവധി ഇടങ്ങളുണ്ട്. അതിലൊരു പ്രധാന നഗരമാണ് ടിബിലിസി. ജോർജിയയിലെ വൈൻ നിർമാണ മേഖലയ്ക്ക് 8000 വര്‍ഷത്തിന്റെ ചരിത്രമുണ്ട്. അത് അവരുടെ സംസ്കാരത്തിന്‍റെ ഭാഗം കൂടിയാണ്.

georgia-wine-tour

എണ്ണമറ്റ വൈൻ ബാറുകളും മുന്തിരിത്തോട്ടങ്ങളുമെല്ലാം ഇവിടെയുണ്ട്. ജോർജിയയുടെ പരമ്പരാഗത രീതി ഉപയോഗിച്ചാണ് വൈന്‍ നിര്‍മാണം. ഫലഭൂയിഷ്ഠമായ ഭൂമിയില്‍ വിളയുന്ന പുഷ്ടിയുള്ള മുന്തിരികള്‍ ആണ് വൈന്‍ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. ചുവപ്പോ വരണ്ടതോ മധുരമോ എന്തു വേണമെങ്കിലും ആവട്ടെ, എല്ലാ ജോർജിയൻ വൈനുകളും രുചികരമാണ്. ഒന്‍പതു യൂറോ മുതല്‍ മുകളിലേക്കാണ് വൈനിന്‍റെ വില. ഒപ്പം കഴിക്കാന്‍ പ്രാദേശിക വിഭവങ്ങളും ലഘുഭക്ഷണങ്ങളും കിട്ടും.

വൈനുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനായി ഏര്‍പ്പെടുത്തുന്ന വൈന്‍ രുചിക്കല്‍ പരിപാടികളില്‍ സന്ദര്‍ശകര്‍ക്ക് പങ്കെടുക്കാം. രുചികരമായ ഭക്ഷണങ്ങള്‍ക്കൊപ്പം വിളമ്പുന്ന ഈ വൈനുകള്‍ കഴിച്ചു നോക്കി അഭിപ്രായം രേഖപ്പെടുത്താം. ഇതിനായി ഒരാള്‍ക്ക് 15 യൂറോ ആണ് സാധാരണ ചെലവ് വരിക. കുപ്പിയില്‍ വരുന്ന വൈനുകള്‍ക്ക് അല്‍പം വില കൂടുതലാണ് എന്നു തോന്നുന്നവര്‍ക്ക് ടാപ്പ് വൈന്‍ പരീക്ഷിക്കാം. ഇതിനാകുമ്പോള്‍ വെറും 2 യൂറോ മാത്രമേ ചെലവു വരികയുള്ളൂ. 

വൈനിന്റെ പലതരം രുചികള്‍ അറിയാന്‍ താൽപര്യം ഉള്ളവര്‍ക്ക് കഖെതി വൈന്‍ ഏരിയയിലേക്ക് യാത്ര ചെയ്യാവുന്നതാണ്. ടിബിലിസിയില്‍നിന്ന് ഒന്നര മണിക്കൂര്‍ ഡ്രൈവ് ചെയ്‌താല്‍ ഇവിടെ എത്താം. സപേരവി, മുഖുസാനി എന്നിവ ഉൾപ്പെടെ പ്രശസ്തമായ ധാരാളം ജോർജിയൻ വൈനുകൾ ഇവിടെനിന്നു രുചിക്കാം.

വേനൽക്കാലം കഴിഞ്ഞാലുടനെയാണ് വൈൻ സീസൺ ആരംഭിക്കുന്നത്. അതിനാൽ വൈന്‍ രുചിക്കാൻ വരുന്നവര്‍ക്ക് ശരത്കാലമാണ് ഇവിടം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA