ADVERTISEMENT

സാഹസികതയ്ക്കും പ്രകൃതിസ്നേഹത്തിനും പ്രാധാന്യമേറി വന്നപ്പോൾ സഞ്ചാരികൾക്കിടയിൽ പ്രചാരം നേടിയ ഒന്നാണ് ക്യാംപർ വാൻ യാത്രകൾ. വടക്കൻ അമേരിക്ക, ഓസ്ട്രേലിയ, ന്യൂസീലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ മലനിരകളിലേക്കുള്ള ക്യാംപർ വാൻ യാത്രകളുടെ എണ്ണം പ്രതിവർഷം വർധിക്കുകയാണ്. ലോകത്തിലെ തന്നെ മികച്ച ചില ക്യാംപർ വാൻ റൂട്ടുകൾ പരിചയപ്പെടാം.

നോർത്ത് കോസ്റ്റ് 500

516 മൈൽ ദൂരത്തോളം സ്കോട്ട്ലാൻഡിന്റെ വടക്കൻ തീരത്തെ ചുറ്റി കടന്നു പോകുന്ന നഗര വീഥിയാണ് നോർത്ത് കോസ്റ്റ് 500 അഥവാ NC 500. 2015ൽ ആണ് ഈ യാത്രാമാർഗം ആദ്യമായി സഞ്ചാരികൾക്കായി തുറക്കപ്പെടുന്നത്. വടക്കൻ മലനിരകളുടെ വശ്യത ആവോളമാസ്വദിക്കാൻ ഇതിലും മികച്ച ഒരു ക്യാംപർ വാൻ റൂട്ടില്ല. നെസ്സ് നദിക്കരയിൽ 19 ആം നൂറ്റാണ്ടിൽ പണികഴിപ്പിച്ചു എന്ന് വിശ്വസിക്കപ്പെടുന്ന "ഇൻവെർനെസ്സ് "കോട്ടയിലാണ് NC 500 പാത ആരംഭിക്കുന്നതും അവസാനിക്കുന്നതും. ‘ബിലാഷ് ന ബാ’ മലനിരകളിലുൾപ്പെടുന്ന റോഡ് മാർഗം കൂടിയാണ് ഇത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവശേഷിപ്പുകളായ കോട്ടകളും മഞ്ഞിൽ നനഞ്ഞു കുതിർന്ന ഹീതേർ ചെടികൾ വളരുന്ന വടക്കൻ മലമേടുകളുടെ കാഴ്ചകളഉം അതീവ സുന്ദരമാണ്. അതു കൊണ്ട് തന്നെ ഇന്നേറ്റവും പ്രചാരത്തിലുള്ള ക്യാംപർ വാൻ റൂട്ടുകളിൽ NC 500 സവിശേഷ പ്രാധാന്യം അർഹിക്കുന്നു.

കാലിഫോർണിയയിലെ ഹൈവേ 101

ഹോളിവുഡ് റോഡ് മൂവികളിലൂടെ ലോകത്തിനു സുപരിചിതമാണ് ഹൈവേ 101. ഗ്രേപ്സ് ഓഫ് റാത്, വാനിഷിങ് പോയിന്റ്, തെൽമ ആൻഡ് ലൂയിസ്, സൈഡ്വേസ് തുടങ്ങി നിരവധി പ്രശസ്ത ചലച്ചിത്രങ്ങളിൽ പശ്ചാത്തലമാകുന്നുണ്ട് ഹൈവേ. കലിഫോർണിയ, ഒറിഗോൺ, വാഷിങ്ടൻ തുടങ്ങി മൂന്നു പ്രവിശ്യകളിലൂടെ ഈ റോഡ് കടന്നു പോകുന്നുണ്ട്. സാൻ സിമിയോൻ, കാർമൽ മലനിരകൾക്കിടയിൽ 143 കിലോമീറ്ററുകളോളം ഈ മാർഗം  കലിഫോർണിയൻ കടൽത്തീരങ്ങളെയും തൊട്ട് പോകുന്നു. കൂറ്റൻ മലനിരകളും തിരകൾ ഉയരുന്ന കടലിന്റെ ഭംഗിയും ഇഴചേരുന്ന കാഴ്ച വർണനാതീതമാണ്. 

Scotland-s-North-Coast-500

ഓസ്ട്രേലിയയിലെ ഈസ്റ്റ്‌ കോസ്റ്റ്.... 

ഉല്ലാസയാത്രികർക്കിടയിൽ പേര് കേട്ടതാണ് ഈസ്റ്റ്‌ കോസ്റ്റ്. ഓസ്ട്രേലിയയുടെ തീരദേശങ്ങളുടെ സൗന്ദര്യം ആസ്വദിച്ചും സർഫിങ് ചെയ്തും പവിഴപ്പുറ്റുകൾ കൺനിറയെ കണ്ടും സ്വർഗീയമായ യാത്രാനുഭവം തന്നെയാകും ഈസ്റ്റ്‌ കോസ്റ്റിലൂടെയുള്ളത്. വൈവിധ്യമാണ് ഈ പ്രദേശത്തിന്റെ പ്രത്യേകത. പരുക്കൻ നാട്ടു വഴികളോടൊപ്പം നാഷനൽ പാർക്കുകളും പാർട്ടി നഗരങ്ങളായ ബ്രിസ്‌ബേൻ, കൈറസ്‌ മുതലായ ആധുനിക കാഴ്ചകളും സഞ്ചാരികളെ കാത്തിരിക്കുന്നു. സിഡ്നി നല്ലൊരു കാഴ്ചവിരുന്നു തന്നെ നൽകുന്നു. വിപണികളും ഓപ്പറകളും ഇവിടുത്തെ മുഖമുദ്രകളാണ്. 22 ഓസ്ട്രേലിയൻ ഡോളർ മുതൽ ഈടാക്കുന്ന സ്വകാര്യ കമ്പനികൾ താമസം സുഗമമാക്കുന്നു

നമീബിയ

തെക്കുപടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യമായ നമീബിയ മരുഭൂമിയുടെയും വന്യജീവിസങ്കേതങ്ങളുടെയും നാടാണ്. തിരക്കേറിയ നഗരങ്ങൾക്കൊപ്പം മരുഭൂമിയുടെ വിറങ്ങലിച്ച കാഴ്ചകളും വനത്തിന്റെ സൗന്ദര്യവും നമുക്ക് മുന്നിൽ തുറന്നു കാട്ടുന്നു നമീബിയ. വിൻഡ്‌ഹോക് ആണ് തലസ്ഥാനം. ഇട്ടോഷ വന്യജീവി സങ്കേതം യാത്രികരെ കൂടുതലായി ആകർഷിക്കുന്നു. പാർക്കിനുള്ളിൽ ക്യാമ്പിങ്ങിനും സഫാരികൾക്കും അനുവാദമുണ്ട്. പുലർകാലത്ത് കാടിന്റെ കാഴ്ചകൾ, പ്രത്യേകിച്ച് കാണ്ടാമൃഗം, ആന, സിംഹം മുതലായ വന്യജീവികളെ കാണാനുള്ള സൗകര്യവും ഏർപ്പാട് ചെയ്യാറുണ്ട്. നമീബ് മരുഭൂമിയും കാഴ്ചക്കാരെ ആകർഷിക്കുന്നുണ്ട്.

മറ്റൊന്ന് സ്കെൽട്ടൻ കോസ്റ്റാണ്. കടുത്ത കാലാവസ്ഥയും തിരകളും മൂലം ഈ പ്രദേശത്തെ മരണത്തിന്റെ പ്രദേശമായി കണക്കാക്കുന്നു. തീരത്ത് അടിഞ്ഞു കൂടിയിരിക്കുന്ന കപ്പൽ അവശിഷ്ടങ്ങളും കൂറ്റൻ തിമിംഗലമുൾപ്പടെയുള്ള ജന്തുക്കളുടെ എല്ലിൻ കൂടുകളും ഈ കരയിലേക്ക് യാത്രികരെ ആകർഷിക്കുന്നുണ്ട്. കൃത്യമായ മുന്നൊരുക്കങ്ങളോടെ നമീബിയയിലേക്കു യാത്ര പുറപ്പെടുന്നതാകും ഉചിതം. കാരണം നഗരങ്ങൾ തമ്മിലുള്ള ദൂരം ബുദ്ധിമുട്ടുകൾസൃഷ്ടിച്ചേക്കാം. എങ്കിലും ഡ്രൈവിങ് ഹരമുള്ളവർക്കു നല്ലൊരനുഭവമായിരിക്കും ഇൗ യാത്ര.

ജപ്പാൻ... 

ജപ്പാനിലൂടെയുള്ള റോഡ് യാത്ര മനോഹരമായ ഒരു അനുഭവം തന്നെയാകും. മഞ്ഞു മൂടിയ കൊടുമുടികൾ, പനമരങ്ങൾ നിറഞ്ഞ ബീച്ചുകൾ എന്നിവ കുളിർമയേകുന്ന കാഴ്ചകളാണ്. അഷിനോക്കോ തടാകം, പ്രശസ്തമായ മൗണ്ട് ഫുജി എന്നിവയാണ് സഞ്ചാരികളെ ആകർഷിക്കുന്നത്. സെൽഫ് ഡ്രൈവ് തല്പരർ ഹാകൊണ് സ്കൈലൈൻ റോഡുകൾ തിരഞ്ഞെടുക്കാറുണ്ട്. കാടിനു മുകളിലൂടെയുള്ള മികുനി പാസും മാസുമിയോ പാലവും  മികച്ച അനുഭവം സമ്മാനിക്കും.

ന്യൂസീലൻഡ്

കാൽനടയാത്ര ഇഷ്ടപ്പെടുന്നവരുടെ ഏറ്റവും പ്രിയങ്കരമായ യാത്രമാർഗമാണിത്. മഞ്ഞുമലകളും മനോഹരമായ തീരപ്രദേശങ്ങളും നിറഞ്ഞ സുന്ദരമായ  ദൃശ്യങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ന്യൂസീലൻഡിന്റെ ഭൂപ്രകൃതി. പ്രധാന ആകർഷണം ടോൺഗാരിരോ നാഷനൽ പാർക്കാണ്. ഉന്നതമായ മഞ്ഞുമലകൾ നിറഞ്ഞ ഇവിടേക്ക് സഞ്ചാരികളുടെ കുത്തൊഴുക്കാണ്. കുറഞ്ഞ ചെലവിൽ ഡിപ്പാർട്മെന്റ് ഓഫ് കൺസർവേഷൻ നടത്തുന്ന ഇരുന്നൂറിലധികം ക്യാംപ് സൈറ്റുകളും യാത്രക്കാരെ ആകർഷിക്കുന്നു.

ചിലിയിലെ പാൻ അമേരിക്കൻ ഹൈവേ

സാന്റിയാഗോ തലസ്ഥാനമായ ചിലിയുടെ ഹൃദയ ഭാഗത്തിലൂടെ കടന്നു പോകുന്ന ഹൈവേ വ്യത്യസ്തമായ യാത്രാനുഭവം നല്കുന്നു. ഒരേ സമയം വിവിധ പ്രകൃതി ദൃശ്യങ്ങൾ അനാവരണം ചെയ്യുന്ന സ്ഥലങ്ങളാണ് ഈ യാത്രയിൽ നമ്മെ കാത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വരണ്ട മരുഭൂമിയായി പറയപ്പെടുന്ന അറ്റക്കാമ മരുഭൂമിയും മുന്തിരിത്തോട്ടങ്ങളാൽ സമൃദ്ധമായ എൽക്വി താഴ്‌വരയും മഞ്ഞു മലനിരകൾ നിറഞ്ഞ പാറ്റഗോണിയയും ഒരേയിടത്തു തന്നെയാണെന്നുള്ളത് പ്രകൃതിയുടെ ഒരദ്ഭുതം തന്നെയാണ്.

കാനഡയിലെ ആൽബെർട്ട

മഞ്ഞുകാല യാത്രകൾ ഇഷ്ടപ്പെടുന്നവരുടെ പ്രിയങ്കരമായ യാത്രാമാർഗം. ഏകദേശം 230 കിലോമീറ്റർ ചുറ്റളവിൽ പടർന്നു കിടക്കുന്ന ഐസ് ഫീൽഡ് പാർക്ക്‌ വേ മഞ്ഞു പാളികളും പൂക്കൾ നിറഞ്ഞ താഴ്‌വരകളും അതിശയിപ്പിക്കുന്ന വെള്ളച്ചാട്ടങ്ങളും കൊണ്ടു സമ്പന്നമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com