sections
MORE

കൊറോണാ കാലത്തെ യാത്രാനുഭവം പങ്കുവച്ച് രഞ്ജിനി ഹരിദാസ്

renjini-haridas
SHARE

ലോകത്താകമാനം പടർന്നുകൊണ്ടിരിക്കുന്ന െകാവിഡ് 19 പശ്ചാത്തലത്തിൽ താൻ നടത്തിയ ഒരു യാത്രയുടെ അനുഭവം പങ്കുവയ്ക്കുകയാണ് രഞ്ജിനി ഹരിദാസ്. തന്റെ യുട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി യാത്രയുടെ വിവരങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഈയിടെയാണ് രഞ്ജിനി യാത്രയുടെയും മറ്റും വിശേഷങ്ങളുമായി യുട്യൂബ് ചാനല്‍ തുടങ്ങിയത്. കഴിഞ്ഞ മാസം ബാങ്കോക്കിലേക്ക് രഞ്ജിനി ഒരു യാത്ര പോയിരുന്നു. കൊച്ചിയിൽ നിന്നും െബംഗളൂരു, െബംഗളൂരുവിൽ നിന്നും ബാങ്കോക്ക് ഇങ്ങനെയായിരുന്നു ആ യാത്ര.

കോവി‍‍ഡ് 19 ന്റെ കാര്യത്തിൽ മിക്കവരും ആശങ്കയിലാണിപ്പോൾ. ആശങ്കയല്ല ജാഗ്രതയാണ് വേണ്ടത്. ബാങ്കോക്ക് വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് തൊട്ടുമുമ്പുവരെ തനിക്ക് ഒരു പേടിയും ഇല്ലായിരുന്നു എന്നാണ് രഞ്ജിനി പറയുന്നത്. എന്നാൽ വിമാനം എയർപോർട്ടിലേക്ക് എത്തിയപ്പോൾ സഹയാത്രികർ മാസ്ക് ധരിക്കുന്നത് കണ്ടപ്പോഴാണ് സംഭവം കുറച്ചു സീരിയസ് ആണെന്ന് മനസ്സിലായത്. നാട്ടിൽ നിന്നും പുറപ്പെട്ടപ്പോഴും ഈ കൊറോണയൊന്നും തന്നെ ബാധിക്കില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നുവത്രേ താരം.

വിമാനത്തിൽ നിന്നും പുറത്തേക്കിറങ്ങിയ രഞ്ജിനി വീണ്ടും ഞെട്ടി. വിമാനത്താവളത്തിലെ ജീവനക്കാരും മറ്റു യാത്രക്കാരും എല്ലാം മാസ്ക് ധരിച്ചിരിക്കുന്നു. ആകെ ഒരു ഭീതിയുടെ അന്തരീക്ഷം. എല്ലാവരും അകലം പാലിച്ച് നടന്നുനീങ്ങുന്നു. അപ്പോഴാണ് കൊറോണ എന്ന് പറയുന്നത് പേടിക്കേണ്ട കാര്യമാണെന്ന് മനസ്സിലായതെന്നു രഞ്ജിനി. മാസ്കോ സാനിറ്റൈസറോ ഒന്നും തന്നെ രഞ്ജിനിയുടെ കൈവശം ഇല്ലായിരുന്നു.

മാസ്ക് കയ്യിൽ കരുതാത്തതിൽ താൻ ഏറെ വിഷമിച്ചു എന്ന് രഞ്ജിനി പറയുന്നുണ്ട്. അവിടെ നിന്നും ഒരു മീറ്റർ ടാക്സിയിലാണ് രഞ്ജിനി ബുക്ക് ചെയ്ത ഹോട്ടലിലേക്ക് പുറപ്പെട്ടത്. ടാക്സിക്കാരനോട് ബാങ്കോക്കിൽ എങ്ങനെയാണ് കൊറോണയുടെ അവസ്ഥ എന്ന് തിരക്കിയപ്പോൾ പേടിക്കാനില്ല എന്നാണ് മറുപടി കിട്ടിയത്. ആ ഡ്രൈവറും മാസ്ക് ധരിച്ചിട്ടുണ്ടായിരുന്നില്ല, എങ്കിലും ഹോട്ടലിലേക്ക് കയറുന്നതിനു മുമ്പ് മാസ്കും സാനിറ്റൈസറും വാങ്ങാമെന്ന് രഞ്ജിനി തീരുമാനിച്ചു. പോകുന്ന യാത്രയിൽ കണ്ട മാർക്കറ്റിൽ നിന്നും സാനിറ്റൈസറും മാസ്കും രഞ്ജിനി വാങ്ങി. ഇപ്പോഴത്തെ സാഹചര്യത്തിൽ നിരവധിയാളുകൾ മാസ്കും സാനിറ്റൈസറും വാങ്ങാന്‍ എത്തുന്നതിനാൽ ഒരാൾ രണ്ടു മാസ്ക് മാത്രമേ ഷോപ്പിൽ നിന്നു വാങ്ങൻ അനുവദിക്കുകയുള്ളൂ.

ഈ വീഡിയോ ഒരു ബോധവൽക്കരണമെന്ന നിലയിലാണ് പോസ്റ്റ് ചെയ്യുന്നതെന്ന് രഞ്ജിനി പറയുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ കോവിഡ് 19 നെ ചെറുക്കുവാനായി നമ്മുടെ ആരോഗ്യ മന്ത്രാലയം സ്വീകരിക്കുന്ന നടപടികളും സുരക്ഷയുമെല്ലാം അഭിനന്ദിക്കേണ്ട കാര്യം തന്നെയാണ്. ആരും ആശങ്കപ്പെടേണ്ടതില്ല ജാഗ്രതയോടെ മുന്നോട്ട് പോകുക അതാണ് ഇൗ അവസരത്തിൽ ചെയ്യേണ്ടത്. യാത്ര ചെയ്യുന്നവർ ഇത്തരം സാഹചര്യങ്ങളിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. തനിക്കൊന്നും സംഭവിക്കില്ല എന്നു പറഞ്ഞ് മുഖം തിരിഞ്ഞു നിൽക്കാതെ സർക്കാരും ആരോഗ്യ സംഘടനകളും ചെയ്യുന്ന പ്രവർത്തനങ്ങൾക്കൊപ്പം നീങ്ങാൻ എല്ലാവരും ശ്രമിക്കണമെന്നും രഞ്ജിനി ഹരിദാസ് പറയുന്നു.

മാസ്ക് ധരിക്കേണ്ട രീതിയെക്കുറിച്ചും എപ്പോഴൊക്കെ ധരിക്കണമെന്നും തന്റെ വീഡിയോയിലൂടെ രഞ്ജിനി പ്രേക്ഷകരോട് പറയുന്നുണ്ട്. ചെറിയ പനിയോ ചുമയോ വന്നാൽ ആരോടും പറയാതെ മറ്റുള്ളവരുമായി ഇടപഴകി അവർക്ക് കൂടി അസുഖം വരുത്താതെ ചികിത്സ തേടണമെന്നും അങ്ങനെ ഒരു വലിയ വിപത്തിനെ തടയാൻ ഓരോരുത്തരും ശ്രമിക്കണമെന്നുംകൂടി പറഞ്ഞു കൊണ്ടാണ് രഞ്ജിനി വിഡിയോ അവസാനിപ്പിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA