ADVERTISEMENT

2019 ജൂലൈ 27 ശനി. റോമിൽ രാവിലെ എട്ടു മണി. ഡെല്ലാ കഫർലെറ്റയിലെ റൊമോലി ഹോട്ടലിൽനിന്നു ഞങ്ങളുടെ യാത്രാസംഘം കൊളോസിയം കാണാനായി ഇറങ്ങി. ഹോട്ടലിനടുത്ത് ഒരു ബസ്‌സ്റ്റോപ്പുണ്ട്. അവിടെനിന്നു കൊളോസിയത്തിലേക്ക് ബസ് കയറാം. ഹോട്ടിലിൽനിന്നു പുറത്തിറങ്ങിയാൽ എതിർവശത്തു കാണുന്ന കെട്ടിടത്തിന്റെ മതിലിൽ രസകരമായ ഒരു ഗ്രാഫിറ്റി ഉണ്ടായിരുന്നു, ‘ഞങ്ങൾ സിനിമ പുനരാരംഭിച്ചിരിക്കുന്നു, തൊഴിലാളികളെ പ്രതിരോധിക്കാനായി’ എന്നായിരുന്നു ഗ്രാഫിറ്റിയിലെ വാചകങ്ങൾ. ‘ഡിസീക്ക വന്നെഴുതിവെച്ചു പോയതാകും’ – ഞാൻ റോമില്‍ ചിത്രീകരിച്ച ബൈസിക്കിൾ തീവ്സ് ഒാർത്തു കൊണ്ടു പറഞ്ഞു. പിന്നെ ബസ്‌സ്റ്റോപ്പിലേക്കു നീങ്ങി. അവിടെ മൂന്നു പേർ ബസ് കാത്തിരിക്കുന്നുണ്ട്്്. അവർ ഇറ്റലിക്കാരാണ്. 

 

corona-italy2

‘കൊളോസിയത്തിലേക്ക്്് ഇവിടെ നിന്നാൽ ബസ്കിട്ടുമോ?’ ഞാൻ ഇരിക്കുന്നവരുടെ കൂട്ടത്തിലെ പുരുഷനോട് ഇംഗ്ലിഷിൽ ചോദിച്ചു. ‘നോ ഇംഗ്ലിഷ്’ എന്നയാൾ പ്രതികരിച്ചു. അതോടെ ഞങ്ങളുടെ സംഘത്തിലെ അജിത് ഗൂഗിൾ ട്രാൻസ്‌ലേറ്റർ ആപ്പിന്റെ സഹായത്തോടെ അവരുമായി ആശയ വിനിമയം  തുടങ്ങി. അത് അച്ഛനും അമ്മയും മകളുമായിരുന്നു. ലോറ എന്നാണ് മകളുടെ പേര്. അവരും ബസ് കാത്തു നിൽക്കുകയാണ്. കൊളോസിയത്തിലേക്കുള്ള ബസ് ഇതു വഴി വരും. അവരും ആ ബസ് കാത്തിരിക്കുകയാണ്. ‘നമുക്ക് ഒരേ ബസിൽ പോകാം.’ ലോറയും അച്ഛനും പറഞ്ഞു. ‘നിങ്ങൾ വെനീസിൽ പോയില്ലേ?’ ലോറയുടെ അച്ഛൻ ഞങ്ങളോട്്്് ചോദിച്ചു. രണ്ടു ദിവസം മുമ്പ് ഞങ്ങൾ വെനീസിലായിരുന്നുവെന്ന്്്് പ്രതികരിച്ചു. തന്റെ ഭാര്യയെ ചൂണ്ടിക്കാട്ടി ലോറയുടെ അച്ഛൻ പറഞ്ഞു, ‘ഇവൾ വെനീസുകാരിയാണ്.’ വിശേഷങ്ങൾ പങ്കുവച്ച സന്തോഷത്തിൽ ബസ് സ്റ്റോപ്പിൽ ഞങ്ങൾ ഒരുമിച്ചൊരു ചിത്രം മൊബൈൽ ഫോൺ ക്യാമറയിൽ പകർത്തി.

italy-trip

 

‘ബസിലെ ടിക്കറ്റെടുപ്പ് എങ്ങനെയാണ്?’ വീണ്ടും  അവരോടു ചോദിച്ചു. യൂറോപ്പിൽ മിക്കയിടത്തും ബസിനുള്ളിൽ ടിക്കറ്റ് കിട്ടില്ല. ഒന്നുകിൽ കടകളിൽനിന്നു വാങ്ങണം, അല്ലെങ്കിൽ ട്രാവൽ കാർഡുപയോഗിക്കണം. ബസ്‌സ്റ്റോപ്പിനടുത്ത് കടകളൊന്നും തുറന്നിരുന്നില്ല. ‘നിന്റെ കയ്യിൽ ഇവർക്കു കൂടി കൊടുക്കാനുള്ള ടിക്കറ്റുണ്ടോ?’– ലോറയുടെ അമ്മയോട് അച്ഛൻ ചോദിച്ചു. അവർ ഹാൻഡ് ബാഗ് തുറന്നു നോക്കി. ഞങ്ങൾക്ക് അഞ്ചു പേർക്കുള്ള ഒന്നര യൂറോ വിലയുള്ള ടിക്കറ്റുകൾ അവരുടെ കയ്യിലുണ്ടായിരുന്നു. ഏഴര യൂറോ കൈമാറി ടിക്കറ്റുകൾ വാങ്ങിച്ചു. ‘രണ്ടു മാസത്തെ വാലിഡിറ്റിയുള്ള ടിക്കറ്റുകളാണ്, ഞങ്ങളുടെ റോമിലെ ബസ് യാത്രക്കായി ഒന്നിച്ചു വാങ്ങിച്ചതാണ്’ – അമ്മ പറഞ്ഞു. കുറഞ്ഞ സമയം കൊണ്ട്്് ഞങ്ങൾക്കിടയിൽ മികച്ച സൗഹൃദം രൂപപ്പെട്ടു. തലേന്ന് കാഴ്ചകൾ കണ്ടു മടങ്ങുമ്പോൾ ഒരു അപ്പാർട്ട്മെന്റ് ഗേറ്റിൽ നിന്നു വൃദ്ധയായ സ്ത്രീ ഞങ്ങളെ വിളിച്ചു, ഇറ്റാലിയനിൽ അവർ പറയുന്നതൊന്നും മനസ്സിലായില്ല. അവർ ഞങ്ങളെ ആംഗ്യം കാണിച്ച് അകത്തേക്കു കൊണ്ടു പോയി. കടയിൽനിന്നു വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ ഒരു ഉന്തുവണ്ടിയിലുണ്ട്, അവർക്കത് തള്ളി നടക്കാൻ വയ്യ. അതൊന്ന് അപ്പാർട്മെന്റിലെത്തിച്ചു കൊടുക്കണം. അക്കാര്യം അവർ ആംഗ്യത്തിലൂടെ വിനിമയം ചെയ്തു. ഞങ്ങൾ അങ്ങിനെ ചെയ്തു. അവർ വിതുമ്പുന്ന ശബ്ദത്തിൽ ഗ്രാസി (നന്ദി) പറഞ്ഞു. ആ അനുഭവം മനുഷ്യരുടെ ഒറ്റപ്പെട്ട ജീവിതത്തിലേക്കുള്ള കിളിവാതിലുകളിൽ ഒന്നായിരുന്നു. 

 

എന്നാൽ ലോറ തന്റെ മാതാപിതാക്കൾക്കൊപ്പം കഴിയുന്നു. അവിവാഹിതയാണ്. ഒരു ആശുപത്രിയിൽ അ‍‍ഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിൽ ജീവനക്കാരി. അച്ഛൻ ഇതേ ജോലി ചെയ്തിരുന്നു. ഇപ്പോൾ വിരമിച്ചു. കേരളത്തിൽ കാണുന്ന കുടുംബങ്ങളെപ്പോലെ തോന്നിച്ചു അവർ. 

corona-italy4

 

കുറച്ചു സമയമായിട്ടും ബസ് വന്നില്ല. ബസ് വന്നപ്പോൾ ഞങ്ങൾ കയറി. റോം പല കാഴ്ചകളുമുള്ള നഗരമെന്ന് ലോറയുടെ അച്ഛൻ പറയുന്നുണ്ടായിരുന്നു. ഇതിനിടെ ഫോൺ നമ്പറുകൾ കൈമാറി. ബസ് കൊളോസിയത്തിന്റെ സ്റ്റോപ്പിലെത്തി. ഞങ്ങൾ അവിടെയിറങ്ങി. യാത്രകളിൽ പലരെയും പരിചയപ്പെടും. വിലാസങ്ങളും ഫോൺ നമ്പറുകളും കൈമാറും. അത് അവിടെ അവസാനിക്കാറാണു പതിവ്. സ്റ്റാലിൻ, അജിത്, നിമ്മി, സഗീറ, ഞാൻ എന്നിവരായിരുന്നു യാത്രാസംഘത്തിലുണ്ടായിരുന്നത്. ഞങ്ങൾ കൊളോസിയവും മറ്റും കണ്ട് വത്തിക്കാനിലും പോയി മടങ്ങി. പിറ്റേന്ന്് അതിരാവിലെയാണ് നാട്ടിലേക്കു മടങ്ങാനുള്ള വിമാനം. രണ്ടാഴ്ചയിലധികമായി ഞങ്ങൾ മധ്യയൂറോപ്പിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. 29ന് നാട്ടിലെത്തി. പതിവുപോലെ എല്ലാവരും സാധാരണ ജീവിതങ്ങളിലേക്കു മടങ്ങി. 

corona-italy1

 

സെപ്റ്റംബറിൽ കോഴിക്കോട് മീഞ്ചന്ത ആർട്സ് കോളജിലെ മലയാളം ഡിപ്പാർട്ട്മെന്റിലേക്ക്്് റോമിൽനിന്ന് ഒരു തപാൽ പാക്കറ്റ് വന്നു, അവിടെ അധ്യാപികയായ നിമ്മിയുടെ വിലാസത്തിൽ. (അജിത്തും സ്റ്റാലിനും അതേ കോളേജിലെ മലയാളം അധ്യാപകരാണ്). അതെ, ലോറ അയച്ചതായിരുന്നു. റോമിലെ ഡെല്ലാ കഫർലെറ്റയിലെ ബസ്‌സ്റ്റോപ്പിൽ ഞങ്ങളെല്ലാവരും നിൽക്കുന്ന ഫോട്ടോകളുടെ പ്രിന്റുകൾ, റോമിലെ പല കാഴ്ചകളടങ്ങിയ ഫോട്ടോ കാർഡുകൾ, അൽപ നേരത്തെക്കായിരുന്നുവെങ്കിലും ആ ആഴത്തിലുള്ള സൗഹൃദം അനുഭവപ്പെട്ടു എന്ന അഭിവാദ്യം- ഇതെല്ലാമായിരുന്നു ആ കവറിൽ.  ഡിസംബറിൽ വീണ്ടും ആർട്സ് കോളേജിലേക്ക് ലോറയുടെ ഒരു കവർ കൂടി വന്നു. ഇക്കുറി ഒരു ക്രിസ്മസ് കാർ‍ഡായിരുന്നു.

 

ഒരാഴ്ച മുമ്പ് ലോറ അജിത്തിന് റോമിന്റെ ചില ചിത്രങ്ങൾ അയച്ചു കൊടുത്തു; നിങ്ങൾ അന്നു കണ്ട റോമിന്റെ തെരുവുകൾ ഇപ്പോൾ ഇങ്ങിനെയാണെന്നു പറഞ്ഞ്്. ശരിയായിരുന്നു, ഒറ്റ മനുഷ്യൻ പോലുമില്ലാതെ വിജനമായ തെരുവുകൾ. ഞങ്ങൾ അവിടെ സഞ്ചരിക്കുമ്പോൾ ഒാരോ തെരുവിലും പുരുഷാരമായിരുന്നു. പാർലമെന്റ് റോ‍ഡ്, കൊളോസിയവും പരിസരവും, പ്രസിദ്ധമായ പള്ളികളുള്ള തെരുവുകൾ എല്ലാം ശൂന്യം. ഇൗ ചിത്രങ്ങൾ എങ്ങനെ കിട്ടി? ഞങ്ങളുടെ ചോദ്യങ്ങൾക്ക്്് ലോറ പ്രതികരിച്ചു: ഞാനിപ്പോൾ ജോലി ചെയ്യുന്നത് വീട്ടിലിരുന്നാണ്, ആശുപത്രിയിൽ പോകുന്നില്ല. സുഹൃത്തുക്കൾ വാട്ട്സാപ്പിലും സോഷ്യൽ മീഡിയയിലും പങ്കുവച്ച ചിത്രങ്ങളാണിവ. ജോലിക്കു പോയിക്കൊണ്ടിരുന്ന ഒാരോ ദിവസവും എനിക്കത് അനുഭവപ്പെടുന്നുണ്ടായിരുന്നു, തെരുവിലും പൊതുസ്ഥലങ്ങളിലും ജനങ്ങൾ കുറഞ്ഞു വരുന്നത്. ഇപ്പോൾ തീർത്തും ശൂന്യമായി. 

 

ഞാനും അമ്മയും അച്ഛനും വീട്ടിനുള്ളിൽത്തന്നെ കഴിയുന്നു. അത്യാവശ്യം ഭക്ഷണ സാധനങ്ങൾ ശേഖരിച്ചിട്ടുണ്ട്. വിജനമായ റോം നഗരം ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല, എന്റെ അച്ഛനും അമ്മയും കണ്ടിട്ടില്ല. ഞങ്ങളുടെ ആരുടെയും ഒാർമയിൽ ഇങ്ങനെ ഉണ്ടായിട്ടില്ല. എന്റെ ചോദ്യങ്ങൾക്ക് അവർ മറുപടി പറഞ്ഞു തുടങ്ങി. (അജിത് ചോദ്യങ്ങളും ഉത്തരങ്ങളും ഗൂഗിൾ ട്രാൻസ്‌ലേറ്റർ ആപ്പുപയോഗിച്ച്്് പരിഭാഷപ്പെടുത്തി). ലോറ ജോലി ചെയ്യുന്ന ആശുപത്രിയിൽ കൊറോണ ബാധിതരുണ്ടോ എന്ന ചോദ്യത്തിന്, ഇതിനായി തയാറാക്കിയിട്ടുള്ള പ്രത്യേക ആശുപത്രികളിലാണ് രോഗികളെ ചികിൽസിക്കുന്നതെന്ന്്് അവർ പറഞ്ഞു. 

 

‘ഇറ്റലിയുള്ളവർ തീർത്തും വീടിനകത്തെ മനുഷ്യ ജീവികളായി മാറി. ഫോൺ, വാട്സാപ് വിനിമയങ്ങൾ മാത്രമാണുള്ളത്. ആരും നേരിൽ കാണുന്നില്ല. മൊബൈൽ ക്യാമറയിൽ എടുത്ത വിഡിയോകൾ പരസ്പരം പങ്കുവച്ച്്് ഞങ്ങൾ ധൈര്യം സംഭരിക്കുന്നു. ഒറ്റയ്ക്കാണെന്ന തോന്നലിൽനിന്നു ഞങ്ങൾക്ക് മോചിതരാകേണ്ടതുണ്ട്്്. അതിനാൽ രോഗത്തെ ചെറുക്കാൻ നടത്തുന്ന എല്ലാ െഎക്യദാർഢ്യങ്ങളിലും ഇറ്റാലിയൻ ജനത കൈകോർക്കുന്നു, പ്രതീതി യാഥാർഥ്യമായി (വെർച്ച്വൽ). അങ്ങിനെ ഒറ്റ ജനതയായി നിൽക്കാൻ ഞങ്ങൾ ശ്രമിക്കുകയാണ്’- ലോറ പ്രതികരിച്ചു. 

 

‘ഇറ്റലിയിൽ ഇന്നു ജീവിച്ചിരിക്കുന്ന ഒരാൾക്കും ഇത്തരത്തിലുള്ള അനുഭവം, അതായത് നിർബന്ധപൂർവം വീട്ടിൽ തന്നെ ഇരിക്കേണ്ടി വരിക എന്നത് ഇതിനു മുമ്പുണ്ടായിട്ടുണ്ടാവില്ല. ഞങ്ങളാണെങ്കിൽ വലിയ തോതിൽ വീടിനു പുറത്തുള്ള ജീവിതമുള്ളവർ കൂടിയാണ്. ടെലിവിഷനിലും സോഷ്യൽ മീഡിയയിലുമാണ് വിവരങ്ങൾ ലഭ്യമാകുന്നത്. ഇപ്പോൾ ദിനപത്രങ്ങൾ വായിക്കാറില്ല. കാരണം അതിലുള്ള എല്ലാ വിവരങ്ങളും ഞങ്ങൾക്കു തലേന്നു കിട്ടിയതായിരിക്കും. പൊതുവിൽ പ്രാർഥന കുറഞ്ഞവരാണ് ഞങ്ങൾ. ഇന്നത്തെ പ്രതിസന്ധി മറിടക്കാനാണ് ജനതയെന്ന നിലയിൽ ഇറ്റലിക്കാർ ശ്രമിക്കുന്നത്. ഇപ്പോൾ ഞാൻ പുസ്തകങ്ങൾ വായിക്കുന്നു, ഏതു വിഷയത്തിലുമുളള പുസ്തകങ്ങളും വായിക്കുന്നു എന്നു പറയാം. രാജ്യത്തിന്റെ വടക്കു ഭാഗത്തു കാര്യങ്ങൾ കുറച്ചു മോശമാണ്. ആശുപത്രികൾ കുറവാണവിടെ. രോഗികളുടെ ക്ലേശം അത് വർധിപ്പിക്കുന്നു’- ലോറ വ്യക്തമാക്കി.

 

‘സുഹൃത്തുക്കൾ തന്നെയാണു യഥാർഥ കരുത്ത്. നല്ലതും മോശവുമായ വാർത്തകൾ അവരുമായി പങ്കുവയ്ക്കുന്നു. അവർ നൽകുന്ന ആത്മവിശ്വാസമാണ് ഈ ദിവസങ്ങൾ കടന്നു പോകാൻ സഹായിക്കുന്നത്്്. ഞങ്ങൾ സുഹൃത്തുക്കളുടെ വിശ്വാസം പതിന്മടങ്ങ് വർധിപ്പിച്ചിരിക്കുന്നു. അതിൽനിന്നു ലഭിക്കുന്ന ധൈര്യവും ഉൗർജവും പ്രധാനമാണ്. ഞങ്ങൾക്ക്്് അതിജീവിച്ചേ പറ്റൂ. ഇറ്റലിയിലെ പൊതു ആശുപത്രികൾ മികച്ച നിലയിൽ പ്രവർത്തിക്കുന്നു. ഡോക്ടർമാരും നഴ്സുമാരും മറ്റ് ആശുപത്രി ജീവനക്കാരും സഹജീവികളുടെ ജീവൻ രക്ഷപ്പെടുത്താൻ അക്ഷരാർഥത്തിൽ ജീവൻ-മരണ പോരാട്ടം തന്നെ നടത്തുന്നു.’ – ലോറയുടെ വാക്കുകളിൽ നിശ്ചയദാർഢ്യം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com