ADVERTISEMENT

ആംസ്റ്റര്‍ഡാമിലെ ഗൈത്തൂണ്‍ ഗ്രാമത്തിലെത്തുന്ന ആര്‍ക്കും ആദ്യം തോന്നാവുന്ന സംശയം ഇത് സ്വപ്നമോ യാഥാര്‍ഥ്യമോ എന്നതായിരിക്കും. ഭൂമിയില്‍ ഇത്രയും ശാന്തവും മനോഹരവുമായ മറ്റൊരിടം ആരും മുന്‍പു കണ്ടിട്ടുണ്ടാവില്ല. ചെറിയ കനാലുകളും തടാകങ്ങളും പൂക്കളും പഴയ ഫാം ഹൗസുകളുമെല്ലാമായി ഒരു ചിത്രത്തില്‍ നിന്നിറങ്ങി വന്നതു പോലെ മനോഹാരിത നിറഞ്ഞു തുളുമ്പുന്ന ഉള്‍നാടന്‍ ഗ്രാമം. ‘ഡച്ച് വെനീസ്’ എന്ന് ഈ ഗ്രാമത്തെ വിളിക്കുന്നതും ഇതുകൊണ്ടാണ്. 

 

നെതർലൻഡ്സിന്റെ കിഴക്കു ഭാഗത്തുള്ള ഓവർജിസെൽ പ്രവിശ്യയിലാണ് പച്ചപ്പ് നിറഞ്ഞ ഗൈത്തൂണ്‍. ഓവർജിസെലിന്‍റെ കനാൽ സംവിധാനത്തിന്‍റെ കേന്ദ്രത്തിലാണ് ഈ കൊച്ചു ഗ്രാമം. റോഡുകള്‍ ഇല്ല എന്നതാണ് ഇവിടത്തെ മറ്റൊരു പ്രത്യേകത. കാര്‍ ഫ്രീ ഗ്രാമമാണ് ഗൈത്തൂണ്‍. കാറുകള്‍ ഉള്ളവര്‍ അതു ഗ്രാമത്തിനു പുറത്താണ് പാര്‍ക്ക് ചെയ്യുന്നത്. ജലഗതാഗതം മാത്രമാണ് ഇവിടെ ആശ്രയം. റോഡുകള്‍ക്ക് പകരം പാലങ്ങളാണ്. ഇവിടെ 180 ഓളം പാലങ്ങള്‍ ഉണ്ട്. മിക്ക വീടുകളിലും എത്തിച്ചേരാനുള്ള ഏക മാർഗ്ഗം ഈ പാലങ്ങളാണ്. മിക്കവാറും എല്ലാ പാലങ്ങളും പൂർണമായും മരം കൊണ്ടു നിർമിച്ചവയാണ്.

പ്രകൃതി സംരക്ഷണ കേന്ദ്രമായ വെറിബ്ബെൻ-വീഡൻ ദേശീയ ഉദ്യാനത്തിനുള്ളിലാണ് ഈ ഗ്രാമം. പതിമൂന്നാം നൂറ്റാണ്ടിൽ ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ ഫ്രാൻസിസ്കൻ സന്യാസിമാരാണ് ഇവിടെ കനാലുകൾ നിര്‍മിച്ചത്. റോഡുകളില്ലാത്ത ഈ ഗ്രാമത്തെക്കുറിച്ച് 1958 ല്‍ പുറത്തിറങ്ങിയ ‘ഫാൻ‌ഫെയർ’ എന്ന സിനിമയിലൂടെയാണ് ലോകമറിയുന്നത്.

വർഷങ്ങളായി ബോട്ടിങ് ആണ് ഇവിടുത്തെ പ്രധാന വിനോദം. 90 കിലോമീറ്റർ നീളുന്ന കനാല്‍വഴികളുണ്ട് ഇവിടെ.  വാടകയ്ക്ക് മോട്ടർ ബോട്ടുകള്‍ കിട്ടും.  ഇപ്പോൾ, പരമ്പരാഗത ഔട്ട്‌ബോർഡ് മോട്ടറുകൾക്ക് പകരം ‘വിസ്‌പർ ബോട്ടുകൾ’ എന്ന വിളിക്കപ്പെടുന്ന ഇലക്ട്രിക് മോട്ടർ ബോട്ടുകള്‍ ആണ്. കനാല്‍ ക്രൂസ് യാത്ര ചെയ്യാനുള്ള സൗകര്യവും ഉണ്ട്. സഞ്ചാരികള്‍ക്ക് സന്ദർശിക്കാൻ മൂന്ന് കനാൽ സൈഡ് മ്യൂസിയങ്ങളും ഷ്രൂർ കപ്പൽശാലയുമുണ്ട്. കനാലുകൾക്ക് സമീപമുള്ള ഫുട്പാത്തുകൾ നടത്തത്തിനും സൈക്ലിങ്ങിനും അനുയോജ്യമാണ്, ഇതുകൂടാതെ ധാരാളം കഫേകളും റസ്റ്ററന്റുകളും ഉണ്ട്.

ഗൈത്തൂണിലെത്താന്‍ ആംസ്റ്റർഡാമിലേക്ക് വിമാനം കയറിയ ശേഷം അവിടെനിന്നു സ്വൊല്ലെയിലേക്ക് പോകാം. ഇവിടേക്ക് ട്രെയിന്‍ കിട്ടും. സ്വൊല്ലെയിലെത്തുമ്പോൾ ഒരു കാർ വാടകയ്‌ക്കെടുത്ത് A1-E231 ഹൈവേയിലൂടെ ഗൈത്തൂണിലേക്കുള്ള യാത്ര തുടരാം.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com