ADVERTISEMENT

ആനകള്‍ ഉറങ്ങുന്നതു കണ്ടിട്ടുണ്ടോ? അതു കാണാൻ മാത്രമല്ല, അവയ്ക്കൊപ്പം ഉറങ്ങാനും അവസരമൊരുക്കുകയാണ് തായ്‌ലന്‍ഡിലെ ചിയാങ് റായില്‍ ഉള്ള ജംഗിള്‍ ബബിള്‍സ് റിസോര്‍ട്ട്.

ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷൻ (ജിടിഇഇഎഫ്) പരിപാലിക്കുന്ന മൂന്ന് ആനകളെ പാര്‍പ്പിച്ചിരിക്കുന്ന പ്രദേശത്തിനരികിലായി സ്ഥാപിച്ചിരിക്കുന്ന സുതാര്യമായ രണ്ടു ചില്ലുകുമിളകള്‍ക്കുള്ളില്‍ കയറിയിരുന്ന് ആനകളെ കാണാം. 2006 ൽ സ്ഥാപിക്കപ്പെട്ട ഗോൾഡൻ ട്രയാംഗിൾ ഏഷ്യൻ എലിഫന്റ് ഫൗണ്ടേഷൻ ഇങ്ങനെ രണ്ട് ഡസനോളം ആനകളെ പരിപാലിക്കുന്നുണ്ട്.

വലിയ വൃക്ഷങ്ങളിൽനിന്ന് തൂങ്ങിക്കിടക്കുന്ന കളിപ്പാട്ടങ്ങൾ ഉപയോഗിച്ച് ഈ പിടിയാനകൾ കളിക്കുന്ന കാഴ്ച കാണാനും അതിഥികൾക്ക് അവസരമുണ്ട്. അവയ്ക്കു കഴിക്കാനായി കരിമ്പ്‌ കൂട്ടിയിട്ടിരിക്കുന്നതും കാണാം. 

റിസോര്‍ട്ടില്‍ മുറി ബുക്ക് ചെയ്യുന്നവര്‍ക്ക് ഒരു വ്യത്യസ്ത അനുഭവം എന്ന നിലയ്ക്കാണ് ചില്ലുകുമിളയ്ക്കുള്ളില്‍ താമസിക്കാനുള്ള അവസരം. സൂര്യാസ്തമയത്തിനു തൊട്ടുമുമ്പ് അതിഥികളെ ലോബിയിൽ നിന്ന് ഓപ്പൺ ജീപ്പിലാണ് കുമിളമുറിയിലേക്കു കൊണ്ടു പോകുന്നത്. അവിടെയെത്തുമ്പോൾ

സാൻഡ്‌വിച്ചുകളും മറ്റു തണുത്ത വിഭവങ്ങളും നിറച്ച ഒരു ബാസ്കറ്റും നല്‍കും. മൃഗങ്ങളോടൊപ്പം ഭക്ഷണം കഴിക്കാനാണ് ഇത്. എന്നാല്‍ ആനകളെ തൊടാനോ അവയ്ക്ക് ഭക്ഷണം നല്‍കാനോ അനുവാദമില്ല.

എയർ കണ്ടീഷൻ ചെയ്ത 22 ചതുരശ്ര മീറ്റർ സ്ഥലമാണ് ഓരോ കുമിളയും. കിങ് സൈസ് കിടക്ക, ഒരു ടോയ്‌ലറ്റും ഷവറും ഉള്ള ഒരു ചെറിയ വാഷ്‌റൂം, രണ്ട് കസേരകളും ഒരു മേശയും എന്നിവയാണ് ഇവിടെ ഉള്ളത്. ടിവിയില്ല. രാത്രി ചന്ദ്രനുദിച്ചാല്‍ ചില്ലിനുള്ളിലൂടെ കാണുന്ന ആകാശവും പ്രകാശത്തിന്‍റെ ഏറ്റക്കുറച്ചിലുകളുമെല്ലാം ചേര്‍ന്ന് ഏതോ മായിക ലോകത്തില്‍ പെട്ട പ്രതീതിയാണ് സന്ദര്‍ശകര്‍ക്ക്.

ഒന്നരവർഷമായി റിസോർട്ടിലെ ജനറൽ മാനേജരായ ഗൗഡെറിക് ഹാരങ് ആണ് ജംഗിൾ ബബിൾസ് എന്ന ആശയത്തിന്‍റെ ഉപജ്ഞാതാവ്. 

ആനകള്‍ അക്രമാസക്തമായാല്‍ ഓടി വന്നു ചില്ലുകുമിള പൊട്ടിച്ചാലോ എന്നൊരു സംശയവും പലര്‍ക്കും തോന്നിയേക്കാം. ഉയര്‍ന്ന നിലവാരമുള്ള എലിഫന്റ് പ്രൂഫ്‌ ചില്ലുകൊണ്ട് നിര്‍മിച്ച ഈ കുമിള സുരക്ഷിതമാണ്.

റിസോർട്ടിൽ എത്തുന്നതു പോലും അല്‍പം സാഹസികമാണ്. ചിയാങ് റായില്‍ വിമാനമിറങ്ങിയ ശേഷം ഒരു മണിക്കൂർ റോഡ്‌ മാര്‍ഗ്ഗം സഞ്ചരിക്കണം. തുടര്‍ന്ന് മെകോങ് നദിയിലൂടെ ചെറിയ ഒരു സ്പീഡ് ബോട്ടിൽ ലാവോസിന്റെയും മ്യാൻമറിന്റെയും തീരങ്ങൾ കടന്ന് 15 മിനിറ്റ് സവാരി ചെയ്‌താല്‍ റിസോർട്ടിന്റെ സ്വകാര്യ ഡോക്കില്‍ എത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com