ADVERTISEMENT

തായ്‌വാൻ ഡയറി 

അദ്ധ്യായം 2

തായ്‌പേയ് നഗരത്തിരക്കുകളിലൂടെ ഓടി, ടാക്‌സി എന്നെ 'എക്‌ഫാ വാനിൻ' ഹോട്ടലിൽ എത്തിച്ചു. ഒരു ടിപ്പിക്കൽ ചൈനീസ് തെരുവിലാണ് ഹോട്ടൽ. പെട്ടെന്ന് കണ്ടുപിടിക്കാനാവത്ത വിധത്തിൽ, ഒരു ഷോപ്പിങ് മാളിനു മേലെ ഏഴാം നിലയിലാണ് ഹോട്ടൽ സ്ഥിതി ചെയ്യുന്നത്. മുറി മോശമല്ല. 2500 രൂപയേ ഉള്ളു വാടക. എന്തായാലും ഞാൻ തെരഞ്ഞെടുത്ത ഹോട്ടലും ലൊക്കേഷനും നന്നായിട്ടുണ്ടെന്ന് എനിക്കു തോന്നി. ഞാൻ എന്നെ അഭിനന്ദിച്ചു!

ചിയാങ് കായ്‌ഷെക്ക് മെമ്മോറിയൽ ഹാളിന്റെ കവാടം

ഏതു രാജ്യത്തു പോയാലും അവിടുത്തെ ഏറ്റവും തിരക്കു നിറഞ്ഞ തെരുവ് ഏതെന്ന് ഗൂഗിളിലുടെ മനസ്സിലാക്കി. ആ തെരുവിലാണ് ഞാൻ താമസിക്കാറുള്ളത്. കാഴ്ചകൾ കണ്ടു നടക്കാനും നഗരജീവിതം ആസ്വാദിക്കാനുമെല്ലാം തിരക്കുള്ള തെരുവുകളാണ് നല്ലത്. റെസ്റ്റോറന്റുകൾ, സൂപ്പർമാർക്കറ്റുകൾ എന്നിവയെല്ലാം ഈ പ്രദേശങ്ങളിലുണ്ടാവും.

ചൂടുവെള്ളത്തിൽ കുളി  കഴിഞ്ഞ്, റൂമിലെ കെറ്റിലിൽ കാപ്പി തിളപ്പിച്ച് കുടിച്ച്, ഞാൻ നടക്കാനിറങ്ങി. സമയം 5 മണി കഴിഞ്ഞതേയുള്ളുവെങ്കിലും ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ട്. ആയിരക്കണക്കിന് നിയോൺ ബൾബുകൾ പ്രഭ ചൊരിഞ്ഞ്, തെരുവുകളെ വർണാഭമാക്കുന്നു.ഹോട്ടലിനു മുന്നിലെ തെരുവ് എന്നെ എത്തിച്ചത് ഒരു 'വോക്കിങ് സ്ട്രീറ്റി'ലാണ്. അതായത്, വാഹനങ്ങൾക്ക് പ്രവേശനമില്ലാത്ത ഒരു ഷോപ്പിങ് സ്ട്രീറ്റ്. റെസ്റ്റോറന്റുകളും കഫേകളും റെഡിമെയ്ഡ് ഷോപ്പുകളും മറ്റും നിറഞ്ഞ ഒരു സുന്ദരൻ തെരുവ്. നിറഞ്ഞൊഴുകുന്ന ജനം. ഇടയ്ക്കിടെ വൃത്തിയുള്ള തട്ടുകടകൾ.നല്ല വിശപ്പുണ്ട്. തായ്‌വാനീസ് ഫുഡിനെപ്പറ്റി വലിയ അറിവൊന്നുമില്ല. എന്തായാലും ചൈനയുടെ അയൽവാസി എന്ന നിലയിൽ ആഹാരത്തിന് ചൈനീസ് സ്പർശം ഉണ്ടാകും എന്നുറപ്പ്. ഞാനാണെങ്കിൽ ചൈനീസ് ഫുഡിന്റെ ആരാധകനുമാണ്.  (നമ്മുടെ നാട്ടിൽ കിട്ടുന്ന ചൈനീസ് ഭക്ഷണമല്ല, ചൈനയിൽ കിട്ടുന്ന 'ഒറിജിനൽ ചൈനീസ് ഫുഡ്' ആണ് ഉദ്ദേശിച്ചത്)

ചിയാങ് കായ്‌ഷെക്ക് മെമ്മോറിയൽ ഹാളിന്റെ കവാടം

എന്തായാലും പരീക്ഷിക്കുക തന്നെ എന്നുറച്ച് ഒരു തായ്‌വാനീസ് റെസ്റ്റോറന്റിൽ കയറി. മെനു കണ്ടപ്പോൾ 90 ശതമാനവും ചൈനീസ് ഡിഷുകൾ തന്നെ. സമാധാനമായി. പ്രോൺസ് ടെംപുരയും ചിക്കൻ വിങ്‌സ് ഫ്രൈയും ഓർഡർ ചെയ്തു. ഒപ്പം അതീവ രുചികരമായ തായ്‌വാനീസ് ബിയറും.

മൂക്കറ്റം തിന്നും കുടിച്ചും എഴുന്നേറ്റു. ബിൽ വന്നപ്പോൾ ഞെട്ടി- 1600 രൂപ. ചെറിയ റെസ്റ്റോറന്റിൽ പേലും ഇവ്വിധമാണ് ബില്ലെങ്കിൽ, മൊത്തത്തിൽ തായ്‌വാൻ ഒരു ചെലവേറിയ രാജ്യമായിരിക്കും എന്നു ഞാനൂഹിച്ചു. അത് ഒരു പരിധി വരെ ശരിയായിരുന്നു, പ്രത്യേകിച്ച് ടാക്‌സി കൂലിയുടെ കാര്യത്തിൽ!

ചിയാങ് കായ്‌ഷെക്ക് മെമ്മോറിയൽ ഹാളിന്റെ കവാടം

ഇനി തായ്‌വാനെക്കുറിച്ച് ഏതാനും കാര്യങ്ങൾ. ചൈനയുടെ സ്വന്തമാണെന്ന് ചൈനയും, ഞങ്ങൾ ആരുടെയും സ്വന്തമല്ലെന്ന് തായ്‌വാൻകാരും അവകാശപ്പെടുന്ന രാജ്യമാണ് തായ്‌വാൻ. ജപ്പാനും ഫിലിപ്പീൻസിനുമിടയിലുള്ള വലിയൊരു ദ്വീപ് രാജ്യമാണിത്. ചൈനയുടെ തീരത്തു നിന്ന് വെറും 180 കി.മീ. കടൽ ദൂരമേയുള്ളൂ, തായ്‌വാനിലേക്ക്. രാജ്യത്തിന്റെ ആകെ വിസ്തീർണ്ണം 35,000 ചതുരശ്ര കിലോമീറ്റർ മാത്രം. ജനസംഖ്യ 2.5 കോടി.

ചെറിയ രാജ്യമാണെങ്കിലും സമ്പത്തിന്റെ കാര്യത്തിൽ ലോകരാജ്യങ്ങൾക്കിടയിൽ 21-ാം സ്ഥാനമുണ്ട് തായ്‌വാന്. പ്രതിശീർഷ വരുമാനത്തിന്റെ കാര്യത്തിൽ 15-ാം സ്ഥാനവുമുണ്ട്. ഏഷ്യയിലെ നാല് രാജ്യങ്ങളെയാണ് സാമ്പത്തിക വളർച്ചയുടെ പേരിൽ 'ഏഷ്യൻ കടുവകൾ' എന്നു വിളിക്കുന്നത്. അതിലൊന്ന് തായ്‌വാനാണ്. ഹോങ്കോങ്, സിങ്കപ്പൂർ, ദക്ഷിണകൊറിയ എന്നിവയാണ് മറ്റ് മൂന്നു കടുവകൾ.

തായ്പേയ് നഗരക്കാഴ്ച

20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലുണ്ടായ വ്യാവസായിക മുന്നേറ്റത്തിലാണ് തായ്‌വാൻ സാമ്പത്തികമായി വമ്പൻ വളർച്ച നേടിയത്. 'തായ്‌വാൻ മിറക്കിൾ' എന്നാണ് സാമ്പത്തിക ശാസ്ത്രജ്ഞന്മാർ ഈ വളർച്ചയെ വിളിക്കുന്നത്. സെമി കണ്ടക്ടറുകളുടെ നിർമ്മാണമാണ് അവയിൽ പ്രധാനം. ഇന്നിപ്പോൾ ലോകത്തിലെ സെമി കണ്ടക്ടറുകളുടെ 70 ശതമാനവും നിർമ്മിക്കപ്പെടുന്നത് തായ്‌വാനിലാണ്. അസൂസ്, എയ്‌സർ, ഫോക്‌സ്‌കോൺ തുടങ്ങി വമ്പൻ കമ്പ്യൂട്ടർ കമ്പനികളുടെ ആസ്ഥാനവും തായ്‌വാൻ തന്നെ.

6000 വർഷം നീണ്ട ചരിത്രത്തിൽ, പല രാജ്യങ്ങളും തായ്‌വാനെ സ്വന്തമാക്കിയിട്ടുണ്ട്. ആധുനിക കാലത്ത്, 17-ാം നൂറ്റാണ്ടിൽ ഡച്ചുകാരും 18-ാം നൂറ്റാണ്ടിൽ ജപ്പാൻകാരും തായ്‌വാൻ പിടിച്ചടക്കി. എന്നാൽ രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാൻ പരാജയപ്പെട്ടതോടെ റിപ്പബ്ലിക് ഓഫ് ചൈന എന്നായി തായ്‌വാന്റെ പേര്. എന്നാൽ തായ്‌വാൻ എന്നപേര് നിലനിർത്താൻ തന്നെയായിരുന്നു തായ്‌വാൻ ജനതയുടെ തീരുമാനം.

ഇതിനിടെ റിപ്പബ്ലിക് ഓഫ് ചൈന എന്ന പേര് അസാധുവാകുകയും  മെയിൻലാൻഡ് ചൈന ഉൾപ്പെടുന്ന പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈന നിലവിൽ വരികയും ചെയ്തു. സ്വാഭാവികമായും തായ്‌വാൻ ചൈനയുടെ ഭാഗമായതായി ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു.

തായ്പേയ് നഗരക്കാഴ്ച

എന്നാൽ ഈ മേൽക്കോയ്മ തായ്‌വാൻ അംഗീകരിക്കുന്നില്ല. ചുരുക്കത്തിൽ കുഴഞ്ഞുമറിഞ്ഞ രാഷ്ട്രീയാന്തരീക്ഷമാണ് അവിടെയുള്ളത്. ഇപ്പോൾ, തായ്‌വാൻ ഒരു സ്വതന്ത്രരാഷ്ട്രം പോലെ നിലകൊള്ളുകയാണ്. ജനാധിപത്യരീതിയിൽ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ടും ഭരണകർത്താക്കളുമുണ്ട്. എന്നാൽ ഏതു നിമിഷവും ചൈനയുടെ സൈനിക നടപടിയും ആക്രണവുമൊക്കെ തായ്‌വാൻ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ, അമേരിക്കയുമായി സൗഹാർദ്ദം പുലർത്താനുള്ള തീവ്രശ്രമത്തിലാണ് തായ്‌വാൻ.ശത്രുവിന്റെ ശത്രു മിത്രം എന്ന ലൈൻ!ജനഹിതമറിയാൻ ഇടയ്ക്കിടെ തായ്‌വാൻ അഭിപ്രായ സർവേകൾ നടത്താറുണ്ട്. ഒടുവിൽ 2013ൽ നടന്ന സർവേയിൽ 78 ശതമാനംപേരും തായ്‌വാൻ സ്വതന്ത്ര രാജ്യമായി നിൽക്കണമെന്നാണ് അഭിപ്രായപ്പെട്ടത്.

പൗരന്മാർക്ക് സ്വന്തമായി പാസ്‌പോർട്ട് തായ്‌വാൻ നൽകുന്നുണ്ടെങ്കിലും ചൈന ഈ പാസ്‌പോർട്ട് അംഗീകരിക്കുന്നില്ല. തായ്‌വാൻ ജനതയ്ക്ക് ഒരു ഐഡന്റിറ്റി കാർഡ് ചൈന നൽകുന്നുണ്ട്. തായ്‌വാൻകാർക്ക് ചൈനയിൽ പോകണമെങ്കിൽ ഈ കാർഡ് ഉപയോഗിക്കാം. പാസ്‌പോർട്ട് കൊണ്ടുപോയിട്ട് കാര്യമില്ല! എന്നാൽ തായ്‌വാൻ പാസ്‌പോർട്ട് ഉള്ളവർക്ക് ലോകത്തിലെ 146 രാജ്യങ്ങൾ വിസ ഫ്രീയായി സന്ദർശിക്കാം. അത്രയും വലിയ പദവിയാണ് ആ പാസ്‌പോർട്ടിന് ലോകരാജ്യങ്ങൾ നൽകുന്നത്.

തായ്പേയ് നഗരക്കാഴ്ച

ചൈന -തായ്‌വാൻ ബന്ധത്തെക്കുറിച്ച് കൂടുതൽ  പറഞ്ഞ് ബോറടിപ്പിക്കുന്നില്ല. ഈ യാത്രാവിവരണം എഴുതുന്നതിനു മുമ്പ് ഈ രണ്ടു രാജ്യങ്ങളുടെയും രാഷ്ട്രീയ നിലപാടുകളും ഇവർ തമ്മിലുള്ള പ്രശ്‌നങ്ങളും മനസ്സിലാക്കാനായി ഗൂഗിൾ പരതിയിട്ട് എനിക്കു തന്നെ ഭ്രാന്തുപിടിച്ചു. അത്ര 'കൺഫ്യൂസിങ്' ആണ് അവർ തമ്മിലുള്ള ബന്ധം!

പത്തുദിവസം കൊണ്ട് തായ്‌വാനിലെ കണ്ടുതീർക്കേണ്ട സ്ഥലങ്ങളൊക്കെ ഞാൻ പഠിച്ചുവെച്ചിട്ടുണ്ട്. പിറ്റേന്ന് തായ്‌പേയ് നഗരം കാണുകയാണ് ലക്ഷ്യം. അതിന് ടാക്‌സി പിടിക്കുന്നതാണ് നല്ലതെന്ന് ധന്യ പറഞ്ഞു. യൂണിവേഴ്‌സിറ്റിയിൽ ചില കോൺഫറൻസുകൾ ഉള്ളതുകൊണ്ട് അവൾ മൂന്നു ദിവസത്തേക്ക് തിരക്കിലാണ്. അതിനുശേഷമുള്ള ദിവസങ്ങളിൽ ധന്യയും എന്റെ കൂടെ വരാമെന്ന് പറഞ്ഞിട്ടുണ്ട്. ധന്യയുടെ ഭർത്താവ് പ്രതീഷ് കുറച്ചുകാലം തായ്‌വാനിലുണ്ടായിരുന്നെങ്കിലും ഇപ്പോൾ ഇസ്രയേലിലെ ടെൽഅവീവ് യൂണിവേഴ്‌സിറ്റിയിൽ ലക്ചററാണ്. പ്രതീഷ് കൂട്ടിനില്ലാത്തതുകൊണ്ട് ധന്യയ്ക്കും തായ്‌വാനിലെ മിക്ക സ്ഥലങ്ങളെക്കുറിച്ചു കേട്ടറിവേ ഉള്ളൂ.

പിറ്റേന്ന് രാവിലെ ഹോട്ടലിൽ നിന്നുള്ള കോംപ്ലിമെന്ററി അമേരിക്കൻ ബ്രേക്ക്ഫാസ്റ്റും കഴിച്ച് പുറത്തിറങ്ങി. മീറ്ററുള്ള ടാക്‌സികൾ തലങ്ങും വിലങ്ങും ഓടുന്നുണ്ട് കൂടാതെ ഊബർ ടാക്‌സികളുമുണ്ട്. മെട്രോ ട്രെയിനും വളരെ സജീവമാണ്, തായ്‌പേയ്  സിറ്റിയിൽ. പക്ഷേ സ്ഥലങ്ങൾ കണ്ടും ഫോട്ടോയെടുത്തും സഞ്ചരിക്കാൻ ടാക്‌സിയാണല്ലോ നല്ലത്.നാഷണൽ ചിയാങ് കായ്‌ഷെക്ക് മെമ്മോറിയൽ ഹാൾ-അതാണ് എന്റെ ആദ്യ ലക്ഷ്യം. ബീജിങ്ങിലെ 'ഫോർബിഡൻസിറ്റി' പോലെ തോന്നിക്കുന്ന ഈ പ്രദേശം തായ്‌പേയ്‌യുടെ ഹൃദയമായാണ് അറിയപ്പെടുന്നത്.തായ്‌വാനിൽ 90 ശതമാനം പേരും ഇംഗ്ലീഷ് എന്താണെന്നു പോലും അറിയാത്തവരാണ്. എന്നാൽ 'വി ചാറ്റ്' എന്ന ആപ്ലിക്കേഷൻ ഉപയോഗിച്ച് അവരുമായി ഫലപ്രദമായി സംസാരിക്കാം. മൊബൈൽ ഫോണിൽ  നമ്മൾ ഇംഗ്ലീഷിൽ  ടൈപ്പ് ചെയ്താൽ അത് ചൈനീസ് ഭാഷയിൽ വി ചാറ്റിൽ തെളിയും. കാര്യം നിസ്സാരം!ഞാൻ അങ്ങനെ ഒരു ടാക്‌സിക്കാരനെ പോകേണ്ട സ്ഥലം ടൈപ്പ് ചെയ്തു കാണച്ചു. 'ഓ..മെമ്മോറിയൽ ...കം' എന്നു പറഞ്ഞ് അയാൾ വിടർന്ന ചിരിയോടെ എന്നെ സ്വാഗതം ചെയ്തു.

തായ്‌വാന്റെ, വീഥികളിൽ വലിയ തിരക്ക് ആരംഭിക്കുന്നതേയുള്ളൂ. ഫ്‌ളവർബെഡുകളും ഭംഗിയുള്ള വഴി വിളക്കുകളും റോഡിന് അതിരിടുന്നു. എവിടെ നോക്കിയാലും പാർക്കുകൾ കാണാം. അവിടെയെല്ലാം വ്യായാമം ചെയ്യുന്ന ജനങ്ങളെയും കാണാം. വൃദ്ധരുമുണ്ട്, അക്കൂട്ടത്തിൽ.ദുർമേദസ്സോ കുടവയറോ തായ്‌വാനിൽ കാണണമെങ്കിൽ, ഇന്ത്യയിൽ നിന്നോ മറ്റോ ഉള്ള വിനോദസഞ്ചാരികളെ തിരയേണ്ടി വരും!പത്തുമിനുട്ടുകൊണ്ട് ചിയാങ് കായ്‌ഷെക്ക് മെമ്മോറിയൽ ഹാളിന്റെ ഗേറ്റിന്റെ മുന്നിലെത്തി. 400 രൂപയോളമായി, നിരക്ക്.അതിമനോഹരമായി നിർമ്മിച്ച കവാടത്തിനുള്ളിൽ ഏക്കറുകണക്കിന് വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഒരു പ്രദേശം. അതിൽ മൂന്ന് മൂലകളിലായി  മൂന്നു കെട്ടിടങ്ങൾ. നേരെ കാണുന്നത് ചിയാങ് കായ് ഷെക്ക് മെമ്മോറിയൽ ഹാളാണ്. നാഷണൽ തിയേറ്ററും നാഷണൽ കൺസർട്ട് ഹാളുമാണ് മറ്റ് രണ്ട്  കെട്ടിടങ്ങൾ. പ്രദേശമാകെ പൂന്തോട്ടങ്ങളാൽ മനോഹരമായിട്ടുണ്ട്.

തായ്‌വാന്റെ വീരനായകനും ഏറ്റവും പ്രിയപ്പെട്ട മുൻപ്രസിഡണ്ടുമായിരുന്നു , ചിയാങ് കായ് ഷെക്ക്.  1975 ഏപ്രിൽ 5ന് പ്രസിഡണ്ട് പദവിയിലിരിക്കുമ്പോഴാണ് അദ്ദേഹം മരിച്ചത്. തൊട്ടടുത്ത വർഷം തന്നെ ഈ സ്മാരകത്തിന്റെ പണി തുടങ്ങി. 1980 ഏപ്രിൽ 5ന് പൊതുജനങ്ങൾക്കായി തുറക്കുകയും ചെയ്തു.

മെമ്മോറിയൽ ഹാളിലേക്ക് 89 പടവുകൾ കയറി വേണം എത്താൻ. ചിയാങ് കായ്‌ഷെക്ക് മരിക്കുമ്പോൽ 89 വയസ്സായിരുന്നു. ആ ഓർമ്മയ്ക്കായാണ് പടവുകളുടെ എണ്ണം 89 ആയി നിശ്ചയിച്ചത്.

മെമ്മോറിയൽ ഹാളിനുള്ളിൽ അദ്ദേഹത്തിന്റെ വമ്പനൊരു പ്രതിമയുണ്ട്. നിരവധി ഗാർഡുമാർ കാവൽ നിൽക്കുന്ന പ്രതിമയുടെ മുഖത്തെ തേജസ്സ് അവർണനീയമാണ്. അതിമനോഹരമാണ്. ഉള്ളിൽ, മേൽക്കൂരയിലെ പെയിന്റിങ്ങുകളും മറ്റും.

വലിയ സ്‌ക്വയറിൽ അവിടവിടെയായി നിരവധി സന്ദർശകരെ കാണാം. തായ്‌പേയ്‌യിലെ ജനത ഒത്തുചേരുന്ന സ്ഥലം കൂടിയാണിത്. തന്നെയുമല്ല പല സ്വാതന്ത്ര്യ കൂട്ടായ്മകൾക്കും ഇവിടം വേദിയായിട്ടുണ്ട്. പരമ്പരാഗത ചൈനീസ് വാസ്തുശില്പ ശൈലിയിൽ നിർമ്മിച്ച കെട്ടിടങ്ങളാണ് മൂന്നും. നിരവധി  ആർകിടെക്റ്റുമാരിൽ നിന്ന് മാതൃകകൾ ക്ഷണിച്ച്, ഒടുവിൽ യാങ്‌ചോ-ചെങ് എന്നയാൾക്കാണ് നറുക്ക് വീണത്.  ചൈനയിലെ സൺചാറ്റ് സെൽ സ്മാരകത്തിന്റെ ചവടുപിടിച്ചാണ് കായ്‌ഷേക് സ്മാരകം ഡിസൈൻ ചെയ്തതെന്ന് യാങ്‌ചോ ചെങ് പിന്നീട് കുമ്പസാരിച്ചിട്ടുണ്ട്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com