ADVERTISEMENT

വിയറ്റ്നാമിലെ ആധുനികത നിറഞ്ഞു തുളുമ്പുന്ന ഹോ ചിമിന്‍ സിറ്റിയും ലാന്റേണുകള്‍ പ്രകാശം നിറയ്ക്കുന്ന ഹോയ് ആനും രാജകീയ ഭക്ഷണം വിളമ്പുന്ന ഹ്യൂവുമെല്ലാം സഞ്ചാരികള്‍ക്കു നല്‍കുന്നത് വ്യത്യസ്തമായ അനുഭവങ്ങളാണ്. തേയിലത്തോട്ടങ്ങളും കാപ്പിത്തോട്ടങ്ങളും ഗുഹകളും മനോഹരമായ തീരങ്ങളുമെല്ലാം കൊണ്ട ആരെയും ആകർഷിക്കുന്ന വിയറ്റ്നാമിലെ ചിലയിടങ്ങളെ അറിയാം.

ചരിത്രം തേടി ഹോചിമിന്‍ സിറ്റിയിലേക്ക് 

1954 മുതൽ 1975 വരെ രണ്ടു പതിറ്റാണ്ടു തുടര്‍ന്ന വിയറ്റ്നാം യുദ്ധത്തിൽ 2 ദശലക്ഷം സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. ആധുനിക വിയറ്റ്നാം എത്രത്തോളം ഭേദമാണ് എന്ന് മനസ്സിലാക്കുന്നതിനായി അല്‍പം ചരിത്രം കൂടി അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഇതിനായി ഏറ്റവും നല്ല വഴിയാണ് ഹോചിമിൻ സിറ്റിയിലെ മ്യൂസിയങ്ങളിലും സ്മാരകങ്ങളിലും സമയം ചെലവഴിക്കുന്നത്. 1975 ൽ തുറന്ന യുദ്ധ അവശിഷ്ട മ്യൂസിയത്തില്‍ ഫൊട്ടോഗ്രഫുകൾ, സൈനിക ഉപകരണങ്ങൾ എന്നിവ കാണാം. ഹെലികോപ്റ്ററുകൾ, ടാങ്കുകൾ, യുദ്ധവിമാനങ്ങൾ എന്നിവയും ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ഹലോങ് ബേയിലെ ആകാശയാത്ര

halong-bay-vietnam

വിയറ്റ്നാമിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ഹലോങ്  ബേ. ആയിരക്കണക്കിന് ചുണ്ണാമ്പുകല്ല് ദ്വീപുകളും നിഗൂഢ ഗുഹകളും വന്യജീവികളും നിറഞ്ഞ ഇടമാണിവിടം. കപ്പലിലാണ് മുന്‍പ് ഇവിടെ സഞ്ചാരികള്‍ എത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഹെലികോപ്റ്റർ വഴിയും ഈ മനോഹാരിത ആസ്വദിക്കാം. ഈ വർഷം ആദ്യം ആരംഭിച്ച ഹലോങ് ഹെലി ടൂർസ് ആണ് ഇതിന് അവസരമൊരുക്കുന്നത്. ദ്വീപുകള്‍ക്കും ബീച്ചുകൾക്കും മീൻ‌പിടുത്ത ഗ്രാമങ്ങൾക്കുമെല്ലാം മുകളിലൂടെ 8 മുതൽ 40 മിനിറ്റ് വരെ ദൈർഘ്യമുള്ള ഹെലിടൂറുകള്‍ ഉണ്ട്. കയാക്കിങ്, നീന്തല്‍, ട്രെക്കിങഅ മുതലായവ ഇഷ്ടപ്പെടുന്നവര്‍ക്ക് ബായ് തു ലോങ്, ലാൻ ഹാ ബേ എന്നിവിടങ്ങളിലേക്കും പോകാം. 

vietnam-sapa1

മെകോങ് നദിയിലെ ജലസവാരി

ലോകത്തെ ഏറ്റവും വലുപ്പമുള്ള നദികളില്‍ പന്ത്രണ്ടാം സ്ഥാനമാണ് മെകോങ്ങിനുള്ളത്. നൂറ്റാണ്ടുകളായി തെക്കുകിഴക്കന്‍ ഏഷ്യയുടെ ജീവനാഡിയായി തുടരുന്ന ഈ നദി ടൂറിസ്റ്റുകള്‍ക്കും പ്രിയപ്പെട്ടതാണ്. കരകളില്‍ മീന്‍പിടുത്ത ഗ്രാമങ്ങളും നെല്‍പാടങ്ങളും സമൃദ്ധമായ ദ്വീപുകളും ഭക്ഷണ വിപണികളും ചരിത്രമുറങ്ങുന്ന പട്ടണങ്ങളുമെല്ലാമുള്ള ഈ നദിയിലൂടെ കപ്പല്‍യാത്ര നടത്താന്‍ സഞ്ചാരികള്‍ക്ക് അവസരമുണ്ട്. ഹോചി മിൻ സിറ്റിയിൽ നിന്ന് ആരംഭിച്ച്, വിയറ്റ്നാമിന്റെ തെക്കേ കോണിലൂടെ, കംബോഡിയയിലെ ഫ്നാമ് പെൻ, സീം റീപ്പ് എന്നിവയിലൂടെയും പിന്നെ സമയമുണ്ടെങ്കില്‍ ലാവോസിലെ ലുവാങ് പ്രബാങ്ങിലേക്കും അഞ്ച് മുതൽ 18 വരെ ദിവസം നീളുന്ന കപ്പല്‍യാത്ര പാക്കേജുകളുണ്ട്.  അത് മനോഹരമായ ഒരു അനുഭവമായിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഗുഹ 

 Hang Son Doong, in Vietnam

1990-ൽ വിയറ്റ്‌നാമിലെ ഹോ ഖാൻ എന്ന കർഷകനാണ് ലോകത്തിലെ ഏറ്റവും വലിയ ഗുഹയായ സൺ ഡൂങ് കണ്ടെത്തുന്നത്. മധ്യ വിയറ്റ്‌നാമിലെ ‘ക്വാങ് ബിൻഹ്’ പ്രവിശ്യയിലെ ‘ഫോങ് നാ കി ബാങ്’ ദേശീയോദ്യാനത്തിലാണ് ഇതുള്ളത്. 9 കിലോമീറ്ററോളം ദൈർഘ്യവും 200 മീറ്റർ വീതിയും 150 മീറ്റർ ഉയരവുമുള്ള ഈ ഗുഹയ്ക്ക് 2 മുതൽ 5 വരെ ദശലക്ഷം വർഷം പഴക്കമുള്ളതായി കരുതപ്പെടുന്നു. 

‘പർവതത്തിലെ അരുവി’ എന്നാണ് സൺ ഡൂങ് എന്ന പേരിനർഥം.  മനോഹരമായ കല്ലുപാളികളും വെള്ളച്ചാട്ടവും കാടും പുഴയും അരുവികളുമൊക്കെ നിറഞ്ഞ ഗുഹയാണിത്. സാഹസിക യാത്രകള്‍ ഒരുക്കുന്ന ഒക്സാലിസ് എന്ന ടൂര്‍ കമ്പനി സഞ്ചാരികള്‍ക്കായി ഇവിടേക്ക് നാലു ദിവസത്തെ ടൂര്‍ ഒരുക്കുന്നുണ്ട്‌.

ദലാത്തിലെ കോഫി 

ബ്രസീല്‍ കഴിഞ്ഞാല്‍പ്പിന്നെ ലോകത്തിലെ ഏറ്റവും വലിയ കാപ്പി നിര്‍മ്മാതാവായ രാജ്യമാണ് വിയറ്റ്നാം. ഇവിടെ അനവധി കാപ്പിത്തോട്ടങ്ങളുണ്ട്‌. ഹോചിമിന്‍ സിറ്റിക്കടുത്ത് സ്ഥിതി ചെയ്യുന്ന ദലാത്തില്‍ പോയാല്‍ കാപ്പി ഉണ്ടാക്കുന്ന രീതികളെക്കുറിച്ച് കൂടുതല്‍ അറിയാന്‍ പറ്റും. സണ്‍ പകാമാര, ട്രായ് ഹാം ദ ലാത് വീസല്‍ കോഫി, കൌ ദാത് പ്ലാന്റേഷന്‍ തുടങ്ങി ഇവിടെ കാപ്പി ഉണ്ടാക്കുന്ന നിരവധി ഇടങ്ങള്‍ ഉണ്ട്. കാപ്പിക്കുരു പറിച്ചെടുക്കുന്നതു മുതല്‍ റോസ്റ്റ് ചെയ്ത് പൊടിയാക്കുന്നതുവരെയുള്ള ഘട്ടങ്ങൾ ഇവിടെ കാണാം. 

ന്യൂഡില്‍സ് ഉണ്ടാക്കുന്ന ഗ്രാമം 

വിയറ്റ്നാമിലെ ഏറ്റവും പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ന്യൂഡില്‍സ്. റൈസ് ന്യൂഡില്‍സ്, എഗ്ഗ് ന്യൂഡില്‍സ്, ഗ്ലാസ് ന്യൂഡില്‍സ് തുടങ്ങി പലതരത്തിലുള്ള ന്യൂഡില്‍സ് ഇവരുടെ ദൈനംദിന ഭക്ഷണക്രമത്തിന്‍റെ ഭാഗമാണ്. ന്യൂഡില്‍സ് ഉണ്ടാക്കുന്നത് കാണാന്‍ ക്യു ഡ ഗ്രാമത്തിലേക്ക് യാത്ര പോകാം. ഹാനോയ് പട്ടണത്തിനു തെക്കാണ് ഈ പുരാതന ഗ്രാമം. മഞ്ഞയും വെള്ളയും നിറത്തിലുള്ള വെര്‍മിസെല്ലി ധാരാളമായി ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നു. വെയിലില്‍ ഇവ ഉണക്കാനിട്ടിരിക്കുന്ന കാഴ്ചയും ഗ്രാമത്തില്‍ സഞ്ചരിക്കുമ്പോള്‍ കാണാം.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com