sections
MORE

മാന്ത്രികകാഴ്ച 'നോര്‍ത്തേണ്‍ ലൈറ്റ്സ്' ഇനി വീട്ടില്‍ത്തന്നെ കാണാം

Northern-Light-Aurora
SHARE

ഇരുട്ടിനെ കീറിമുറിച്ചു കൊണ്ട് മഞ്ഞുകണങ്ങള്‍ക്കിടയിലൂടെ മായാജാലം തീര്‍ത്ത്, അഗ്നിജ്വാല കണക്കെ ചുവപ്പ്, പച്ച, നീല നിറങ്ങളില്‍ മിന്നി മറയുന്ന പ്രകാശത്തിന്‍റെ ചില്ലുചീളുകള്‍. അഭൗമമായ ഈ പ്രകൃതിപ്രതിഭാസം ഒരിക്കലെങ്കിലും കാണണം എന്ന് ആഗ്രഹിക്കാത്ത ലോകസഞ്ചാരികള്‍ ഉണ്ടാവില്ല. അറോറ അഥവാ നോര്‍ത്തേണ്‍ ലൈറ്റ്സ് എന്നു പേരുള്ള, ഇൗ കാഴ്ച ആസ്വദിക്കാൻ നൂറു കണ്ണുകള്‍ ഉണ്ടായിരുന്നെങ്കിലെന്ന് ആരും ആഗ്രഹിച്ചു പോകും.

നൂറായിരം കടമ്പകള്‍ കടന്ന് ധ്രുവപ്രദേശത്ത് പോയി ഈ കാഴ്ച കാണാന്‍ അവസരം കിട്ടുന്ന ആളുകള്‍ വളരെ കുറവായിരിക്കും. കാലാവസ്ഥയും യാത്രാ സാഹചര്യങ്ങളും ആരോഗ്യസ്ഥിതിയും ഒക്കെ കനിഞ്ഞെങ്കില്‍ മാത്രമേ നേരിട്ട് പോയി ഈ കാഴ്ച കാണാനൊക്കൂ. എന്നാല്‍ ഇപ്പോള്‍ ആ ആഗ്രഹം സാധിക്കാന്‍ വേറൊരു വഴിയുണ്ട്, വീട്ടിലിരുന്നു കൊണ്ടുതന്നെ നോര്‍ത്തേണ്‍ ലൈറ്റ്സ് നേരിട്ട് കാണാം!

നോര്‍വേയിലെ ട്രോംസോ, സ്വീഡിഷ് ലാപ്ലാൻഡ്, ഐസ്‌ലാന്‍‍ഡിലെ റെയ്ക്ജാവിക്, കാനഡയിലെ യുക്കോന്‍, ഫിന്‍ലന്‍ഡിലെ റോവനീമി, ഗ്രീന്‍ലാന്‍ഡിലെ ഇലുലിസ്സാത് എന്നിവയാണ് സാധാരണയായി നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനായി സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങള്‍. ഇവിടെയൊന്നും പോകാതെ വീട്ടിലിരുന്നു കാണാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത് കാനഡയാണ്.  

കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ലോകമെമ്പാടും ലൈവ്സ്ട്രീമുകളും കൂടി വരുന്നുണ്ട്. വെർച്വൽ ടൂറുകൾ നൽകുന്ന മ്യൂസിയങ്ങൾ, എൻ‌കോർ പ്രകടനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഓപ്പറകൾ, ദേശീയ പാർക്കുകളിലൂടെയുള്ള ഓണ്‍ലൈന്‍ സഞ്ചാരം എന്നിങ്ങനെ നിരവധി ലൈവ് സര്‍വീസുകള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കിയിട്ടുണ്ട്. 

കാനഡയിലെ മാനിറ്റോബയിലെ ചർച്ചിലിലെ വെബ്‌ക്യാമിൽ‌ നിന്നു നേരിട്ടുള്ള നോർത്തേൺ‌ ലൈറ്റ്‌സിന്റെ ദൃശ്യങ്ങളും ഇപ്പോള്‍ ഓണ്‍ലൈനില്‍ ആസ്വദിക്കാം. മൾട്ടിമീഡിയ ഓർഗനൈസേഷനായ https://explore.org/ ആണ് ഈ കാഴ്ച സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. നോര്‍ത്തേണ്‍ ലൈറ്റ്സ് മാത്രമല്ല, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുള്ള മനോഹരവും വന്യവുമായ പ്രദേശങ്ങളിലെ കാഴ്ചകളും ഈ വെബ്സൈറ്റില്‍ ലൈവായി കാണാം.

മഞ്ഞുകാലം അവസാനിക്കുകയും വസന്തകാലം തുടങ്ങുകയും ചെയ്യുന്ന ഈ കാലത്താണ് നോര്‍ത്തേണ്‍ ലൈറ്റ്സ് കാണാനുള്ള ഏറ്റവും മികച്ച സമയം. എങ്ങനെയാണ് ഈ പ്രതിഭാസം ഉണ്ടാകുന്നത് എന്നത് സംബന്ധിച്ച വിവരങ്ങളും ഈ വെബ്സൈറ്റില്‍ നല്കിയിട്ടുണ്ട്.

നോർത്തേൺ‌ ലൈറ്റ്‌സ് തത്സമയ കാഴ്ച ആസ്വദിക്കാന്‍ ഈ വെബ്സൈറ്റ് സന്ദര്‍ശിക്കാം.

https://explore.org/livecams/aurora-borealis-northern-lights/northern-lights-cam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA