sections
MORE

മരതക ദ്വീപിന്റെ മാസ്മരിക ലോകം ഇവിടെയാണ്

faroe-islands
Image from Foreigners connect and support in the Faroe Islands Facebook page
SHARE

മുകളില്‍നിന്നു നോക്കിയാല്‍ ഫറോ ദ്വീപുകള്‍ ഒരു കൂറ്റന്‍ മരതകം പോലെയാണ്. അത് നീല നിറത്തിലുള്ള കടലിലേക്ക് ഒഴുകിപ്പോകുന്നതായി തോന്നും. ഏതോ മാന്ത്രിക നാടിന്റെ കഥയാവും പറയുന്നത് എന്നാണോ കരുതിയത്. അല്ല, ഭൂമിയിലെ മരതക ദ്വീപിനെക്കുറിച്ചു തന്നെയാണ്. സ്‌കോട്ട്ലന്‍ഡിനും ഐസ്‍‍ലന്‍ഡിനും ഇടയിലുള്ള അറ്റ്‌ലാന്റിക് കടലിടുക്കിലെ അതിമനോഹരമായ 18 ദ്വീപുകളുടെ സമൂഹമായ ഫറോ ദ്വീപുകളെ മാന്ത്രിക ദ്വീപ് എന്ന് വിളിക്കുന്നതില്‍ ഒട്ടും തെറ്റില്ല.

faroe-island3
Image from Youtube

അതിഗംഭീരമായ വെള്ളച്ചാട്ടങ്ങള്‍, വൈവിധ്യമാർന്ന പക്ഷികൾ, പുല്ലുമേഞ്ഞ മേല്‍ക്കൂരകളുള്ള മനോഹരമായി ചായം പൂശിയ വീടുകള്‍, പറഞ്ഞറിയിക്കാനാവാത്ത വിസ്മയങ്ങളും അടങ്ങിയ ഈ ദ്വീപ് ശാന്തസുന്ദരമാണ്.18 ഫറോ ദ്വീപുകളിലും കൂടി മൊത്തം ജനസംഖ്യ 50,000 നുള്ളില്‍ മാത്രമാണ്. നോര്‍ഡിക് അയല്‍ രാജ്യങ്ങളായ സ്വീഡന്‍, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നിവയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2018 ല്‍ 1.6 ദശലക്ഷം സന്ദര്‍ശകരാണ് ഇവിടെയെത്തിയത്. 

ഏറ്റവും മനോഹരമായ തലസ്ഥാന നഗരം

ഫറോ ദ്വീപുകളിലെ ഏറ്റവും വലിയ നഗരം കൂടിയായ ടര്‍ഷാവന്‍ ലോകത്തിലെ തന്നെ ഏറ്റവും മനോഹരവും ചെറുതുമായ തലസ്ഥാനമാണ്. പതിനെട്ടാം നൂറ്റാണ്ടിലെ പള്ളികള്‍, മ്യൂസിയങ്ങള്‍, ഒരു ചെറിയ ഓള്‍ഡ്ടൗണ്‍, പലനിറങ്ങളില്‍ വരച്ചുവച്ചിരിക്കുന്നതുപോലെയുള്ള വീടുകളുടെ നിരകള്‍ അങ്ങനെ അദ്ഭുതം നിറഞ്ഞ കാഴ്ചകളാണ് ഈ നഗരത്തിലുള്ളത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന രണ്ടാമത്തെ പാര്‍ലമെന്റ് സ്ഥിതി ചെയ്യുന്നതും ഇവിടെത്തന്നെ. ഷോപ്പുകള്‍, മ്യൂസിയങ്ങള്‍, മികച്ച ഭക്ഷണശാലകള്‍ എന്നിവയുള്‍ക്കൊള്ളുന്ന ടര്‍ഷാവിന്റെ നഗര കേന്ദ്രം കാൽനടയായിത്തന്നെ കണ്ടുതീർക്കാം.

faroe-island2
Image from Youtube

സമാനതകളില്ലാത്ത പ്രകൃതി സൗന്ദര്യം

വര്‍ണ്ണിക്കാനാവാത്ത വിധം മനോഹരമാണ് ഇവിടുത്തെ പ്രകൃതിസൗന്ദര്യം. ഫറോ ദ്വീപുകളുടെ ഇമേജ് ഗൂഗിളില്‍ ഒന്നു തിരഞ്ഞുനോക്കു. നമ്മുടെ മനസ്സ് കവരും വിധത്തിലുള്ള ചിത്രങ്ങളാകും കാണാനാകുക. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ ഭൂമിയില്‍ ഉണ്ടോ എന്ന് അമ്പരന്നുപോകും. വാഗര്‍ ദ്വീപിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലൂടെ താഴെയുള്ള സമുദ്രത്തിലേക്ക് പതിക്കുന്ന ഒരു വെള്ളച്ചാട്ടത്തിന്റെ ഫോട്ടോ അതില്‍ എടുത്തുപറയേണ്ടതാണ്. ഒരു ഫാന്റസി നോവലില്‍നിന്നുള്ളതുപോലെ അതിഗംഭീരമാണ് ഇവിടുത്തെ വെള്ളച്ചാട്ടം. 

faroe-island
Image from Youtube

കടല്‍ത്തീര ഗ്രാമങ്ങള്‍ മുതല്‍ തലസ്ഥാന നഗരമായ ടര്‍ഷാവന്‍ വരെ ഈ കാഴ്ചകള്‍ നീണ്ടുകിടക്കുന്നു.ഒരു ഫൊട്ടോഗ്രഫര്‍ കൂടിയാണ് നിങ്ങളെങ്കില്‍ സ്വര്‍ഗ്ഗതുല്യമായൊരു അവസരമാണ് നിങ്ങള്‍ക്ക് അവിടെ ലഭിക്കുക. ഫറോയുടെ ചാരുതയാര്‍ന്ന ചിത്രങ്ങളാല്‍ നിങ്ങളുടെ സോഷ്യല്‍മീഡിയ പേജുകള്‍ നിറയും.  

ശൈത്യകാലം പോലും ഇവിടെ മനോഹരമാണ്

ഫറോ ദ്വീപിലെ ശൈത്യകാലം അതിശയകരമാംവിധം സൗമ്യമാണ്. താപനില അപൂര്‍വമായി, മരവിപ്പിക്കുന്നതിലും താഴെയാണെങ്കിലും ദ്വീപുകളും ഗ്രാമങ്ങളും മഞ്ഞില്‍പുതഞ്ഞുകിടക്കുന്നത് കാണാന്‍ തന്നെ അടിപൊളിയാണ്. ഇനി വേനല്‍ക്കാലമാണെങ്കില്‍ പച്ചനിറത്തിലാറാടിയ ഒരു മാന്ത്രികകാഴ്ചയായി ഈപ്രദേശം കാണപ്പെടുന്നു. ആയിരം വെള്ളച്ചാട്ടങ്ങളുടെ നാടെന്ന ഖ്യാതി കൂടിയുള്ള, മനുഷ്യരേക്കാള്‍ ആടുകള്‍ ഉള്ള, പച്ചപ്പരവതാനി മൂടിയ പര്‍വതശ്രേഷ്ഠന്‍മാരും, കുഞ്ഞുമലയോരഗ്രാമങ്ങളും എല്ലാം ചേര്‍ന്നൊരു സ്വര്‍ഗ്ഗീയവിരുന്നൊരുക്കി ഭൂമിയുടെ അങ്ങേയറ്റത്ത് ഒരു ദ്വീപ് കാത്തിരിക്കുമ്പോള്‍ ഒരു യാത്ര അനിവാര്യമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA