ADVERTISEMENT

വളരെക്കാലമായുള്ള ആഗ്രഹമായിരുന്നു, മൊറോക്കോ സന്ദര്‍ശിക്കുക എന്നുള്ളത്. ആഫ്രിക്കയുടെ ശരീരവടിവും യൂറോപ്പിന്റെ നിറവും ഏഷ്യയുടെ സൗന്ദര്യവുമുള്ള രാജ്യം. എന്നാല്‍ ഇന്ത്യയില്‍ നിന്ന് വിമാനനിരക്ക് കൂടുതലായതിനാല്‍ പലപ്പോഴും യാത്ര നീട്ടിവെച്ചു. എങ്കിലും ഇടയ്ക്കിടെ വെബ്‌സൈറ്റുകള്‍ തിരഞ്ഞുകൊണ്ടേയിരുന്നു, യാത്രാനിരക്ക് കുറയുന്നുണ്ടോ എന്ന്. അങ്ങിനെയിരിക്കെ മാര്‍ച്ച് രണ്ടാംവാരം 50,000 രൂപയ്ക്ക് മടക്കയാത്രാ ടിക്കറ്റ് ലഭ്യമാണെന്നു കണ്ടു. ഞങ്ങള്‍ - ഞാനും സുഹൃത്ത് സുജിത്ത് ഭക്തനും -ടിക്കറ്റെടുത്തു. വിസയ്ക്ക് അപേക്ഷിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ വിസയും റെഡി.

മൊറോക്കോ എന്ന സ്വപ്നവും പേറി, മാര്‍ച്ച് 10 ആഗതമാകുന്നതും നോക്കി അങ്ങനെ ഇരിക്കുമ്പോഴാണ് കൊറോണ എന്നൊരു ഭീകരന്‍ രംഗപ്രവേശം ചെയ്യുന്നത്. അതോടെ ആശങ്കയായി. പക്ഷേ ഇന്ത്യയില്‍ കൊറോണ ഭീഷണി ആ ദിവസങ്ങളില്‍ കാര്യമായി ഉണ്ടായിരുന്നില്ല. മൊറോക്കോയിലെ സുഹൃത്ത് ആരിഫിനോട് സംസാരിച്ചപ്പോള്‍ 'മൊറോക്കോയില്‍ അങ്ങനെയൊരു സംഭവമേ ഇല്ല, ധൈര്യമായി വാ' എന്നായിരുന്നു മറുപടി. എന്നാല്‍പിന്നെ പൊയ്ക്കളയാമെന്നു തീരുമാനിച്ചു.

മാര്‍ച്ച് 11ന് മൊറോക്കോയിലെ കാസാബ്ലാങ്ക എയര്‍പോര്‍ട്ടില്‍ വന്നിറങ്ങിയപ്പോള്‍, ആദ്യ ദര്‍ശനത്തില്‍ത്തന്നെ ഈ രാജ്യത്തോട് അനുരാഗം തോന്നി  ആഫ്രിക്കന്‍ വന്‍കരയുടെ വടക്കേ അറ്റത്തു കിടക്കുന്ന രാജ്യമാണെങ്കിലും ഇതൊരു ആഫ്രിക്കന്‍ രാജ്യമാണെന്നു തോന്നുകയേയില്ല. യൂറോപ്യന്‍ രാജ്യത്തിന്റെ പകിട്ടാണ് മൊറോക്കോയ്ക്ക്. സ്ത്രീകളാണെങ്കില്‍ അതിസുന്ദരിമാർ. പുരുഷന്മാര്‍ക്ക് ഈജിപ്ഷ്യന്‍ ഛായയാണ് കൂടുതല്‍.

ആരിഫ് പറഞ്ഞത് ശരിയായിരുന്നു. കൊറോണ എന്നൊരു സംഭവത്തെക്കുറിച്ചു പോലും ഇവിടെയാരും ആ ദിവസങ്ങളില്‍ ബോധവാന്മാരായിരുന്നില്ല. ഞങ്ങളാകട്ടെ, നിരന്തരം നാട്ടില്‍ നിന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇന്ത്യയിലും ഗള്‍ഫ് രാജ്യങ്ങളിലും കൊറോണ പിടിമുറുക്കുന്നതറിഞ്ഞ് ആശങ്കപ്പെട്ടു. എങ്കിലും ഇത് ലോകം സ്തംഭിപ്പിക്കും വിധത്തില്‍ ഒരു മഹാവിപത്തായി മാറുമെന്ന് അപ്പോഴും സ്വപ്‌നേപി ചിന്തിച്ചിരുന്നില്ല.

എന്തായാലും, 'കൊറോണ രഹിത' രാജ്യമായ മൊറോക്കോ, മുന്‍ തീരുമാനമനുസരിച്ചു തന്നെ കാര്യമായി 'എക്‌സ്‌പ്ലോര്‍' ചെയ്യാന്‍ ആരംഭിച്ചു. എന്തൊരു സുന്ദരമായ രാജ്യം! ക്യാമറക്കണ്ണുകള്‍ അടയ്ക്കാന്‍ തോന്നില്ല. പഴമയും പുതുമയും ഏഷ്യന്‍-യൂറോപ്യന്‍-ആഫ്രിക്കന്‍ സംസ്‌കാരങ്ങളും മിന്നിമറയുന്ന തെരുവുകള്‍.

ഞങ്ങള്‍ ആദ്യ മൂന്നുദിവസം കാസാബ്ലാങ്ക കണ്ടുതീര്‍ത്തു. എന്നിട്ട് ലോക ടൂറിസത്തിന്റെ തലസ്ഥാനമായ മരക്കേഷിലേക്ക് ഹൈസ്പീഡ് ട്രെയിന്‍ കയറി.

അപ്പോഴേയ്ക്കും കൊറോണ ഒരു വിപത്തായി ലോകത്തെ കാര്‍ന്നു തിന്നാന്‍ തുടങ്ങിയിരുന്നു. ഇന്ത്യയില്‍ നിന്നു ലഭിക്കുന്ന വാര്‍ത്തകളും അത്ര ശുഭകരമായി തോന്നിയില്ല. യാത്ര അവസാനിപ്പിച്ച് തിരിച്ചു പോകാനായി ഞങ്ങള്‍ ട്രാവല്‍ ഏജന്റിനെ ബന്ധപ്പെട്ടു. 'മൊറോക്കോയില്‍ ഒരു പ്രശ്‌നവുമില്ലാത്ത സ്ഥിതിക്ക് കുറച്ചു ദിവസം കൂടി നില്‍ക്കരുതോ' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. സത്യമാണ്, മൊറോക്കോയില്‍ ആരും കൊറോണ അറിഞ്ഞ മട്ടില്ല. പാമ്പാട്ടികളും മായാജാലക്കാരും ബെല്ലി നര്‍ത്തകിമാരും അഴിഞ്ഞാടുന്ന മരക്കേഷിലെ പഴയ മാര്‍ക്കറ്റ് ചത്വരത്തിലൂടെ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ഇപ്പോഴും ഒഴുകുന്നുണ്ട്. ഹോട്ടലുകളില്‍ നിറഞ്ഞു കവിഞ്ഞ് താമസക്കാരുമുണ്ട്.

ഏതായാലും രണ്ടുമൂന്നു ദിവസം കൂടി കഴിയട്ടെ എന്ന് ഞങ്ങള്‍ തീരുമാനിച്ചു. എന്നിട്ട് മരക്കേഷ് കണ്ടുതീര്‍ത്തു.അപ്പോഴേക്കും മൊറോക്കോ ഒരു സ്വപ്നസുന്ദരിയെപ്പോലെ ഞങ്ങളെ അവളിലേക്ക് വലിച്ചടുപ്പിച്ചിരുന്നു. അവളുടെ കാണാക്കാഴ്ചകളിലേക്ക് ഞങ്ങള്‍ വീണ്ടും വീണ്ടും വണ്ടികയറി. ഇതിനിടെ തലസ്ഥാനനഗരമായ റബാത്തില്‍ നിന്ന് നസ്രിന്‍ എന്നൊരു ഗൈഡിനെ, അവളുടെ കാറിനോടൊപ്പം ലഭ്യമാവുക കൂടി ചെയ്തതോടെ യാത്രയുടെ ഗതിമാറി. മൊറോക്കോയുടെ ഗ്രാമങ്ങളിലൂടെയും കഞ്ചാവ് തോട്ടങ്ങളിലൂടെയും ഹാഷിഷ് പുകയുന്ന ഗലികളിലൂടെയും അവള്‍ ഞങ്ങളെ സുരക്ഷിതരായി കൊണ്ടു നടന്നു.ഏഴാം ദിവസമായപ്പോള്‍ ഇന്ത്യയില്‍ നിന്നും ലഭിച്ച വാര്‍ത്തകളില്‍ ഞങ്ങള്‍ ഒരു ദുരന്തത്തിന്റെ മുന്നൊരുക്കങ്ങള്‍ കേട്ടു. മൊറോക്കോയിലെ ജനങ്ങള്‍ അപ്പോഴും ആ മഹാമാരിയെക്കുറിച്ച് വേണ്ടത്ര ബോധവാന്മാരായിരുന്നില്ല എന്നുവേണം കരുതാന്‍. എന്തായാലൂം  ഞങ്ങള്‍ തിരിച്ചു നാട്ടിലേക്ക് പോകാന്‍ തീരുമാനിച്ചു. 28നുള്ള മടക്കയാത്രാ ടിക്കറ്റ് എത്രയും നേരത്തെയാക്കാന്‍ ഏജന്റിനെ വിളിച്ചു പറഞ്ഞു.

അന്നു ഞങ്ങള്‍ ഷെഫ്ഷാവോണ്‍ എന്ന കുഞ്ഞുനഗരത്തിലായിരുന്നു. 'ബ്ലൂ സിറ്റി' എന്നറിയപ്പെടുന്ന ഷെഫ്ഷാവോണില്‍ ചുറ്റി നടക്കുമ്പോള്‍ ആ വാര്‍ത്ത അശനിപാതം പോലെയെത്തി- 'മൊറോക്കോയിലും കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. ഇന്നു വൈകീട്ട് 6 മണിമുതല്‍ മൊറോക്കോയില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു.'

 

ഞങ്ങള്‍ ഞെട്ടി, ഞെട്ടി എന്നു പറഞ്ഞാല്‍ പോര, ഞെട്ടിത്തരിച്ചു എന്നു വേണം പറയാന്‍. ഉടനടി ട്രാവല്‍ ഏജന്റിനെ വിളിച്ച് ടിക്കറ്റ് പിറ്റേന്നത്തേക്ക് നല്‍കണമെന്നു പറഞ്ഞിട്ട് അതിവേഗം, ബഹദൂരം പിന്നിട്ടു. ഇതിനിടെ മൊറോക്കോയിലെ വേള്‍ഡ് മലയാളി അസോസിയേഷന്റെ പ്രസിഡണ്ട് സുനീറിന്റെ ഫോണ്‍ വന്നു. 'നിങ്ങള്‍ മൊഹമ്മദിയയിലേക്ക് വരിക അവിടെ എന്റെ അപ്പാര്‍ട്ടുമെന്റ് ഒഴിഞ്ഞു കിടപ്പുണ്ട്. ടിക്കറ്റ് കിട്ടുന്നതുവരെ അവിടെ താമസിക്കാം...'

വണ്ടി നേരെ മൊഹമ്മദിയയിലേക്ക് വിട്ടു. അവിടെ സുനീര്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. 'ചിക്ക്യാന്റി' എന്ന റെസ്റ്റോറന്റ് ശൃംഖലയുടെ അധിപന്‍. തലശ്ശേരിക്കാരൻ .സുനീറിന്റെ അപ്പാര്‍ട്ടുമെന്റില്‍ കയറിക്കൂടി. എന്നിട്ട് ടിക്കറ്റിനായി ഏജന്റിനെ വിളിച്ചു. പിറ്റേന്നത്തേക്ക് ടിക്കറ്റ് റെഡി എന്ന് അദ്ദേഹം അറിയിച്ചു. 

''മൊറോക്കോ ന്യൂസ്' എന്ന വെബ്‌സൈറ്റാണ് ഇന്നാട്ടില്‍ എല്ലാവരും വാര്‍ത്തകള്‍ അറിയാന്‍ ആശ്രയിക്കുന്നത്. ഞങ്ങളും നിരന്തരം ആ വെബ്‌സൈറ്റ് നോക്കിക്കൊണ്ടിരുന്നു. അന്നു രാത്രി ആ വാര്‍ത്ത വന്നു. 'മൊറോക്കോയിലെ വിമാനത്താവളങ്ങളും അതിര്‍ത്തികളും അടച്ചു. 21 ദിവസം അടിയന്തിരാവസ്ഥ!'

ജാങ്കോ, ഞങ്ങള്‍ പെട്ടു! ഭാവി, ഇവിടെ ഭൂതം പോലെ മുന്നില്‍ നിന്ന് അലറിച്ചിരിച്ചു. പക്ഷേ, ഒരു യാത്രികന് ഇതൊന്നും പ്രശ്‌നമാകാന്‍ പാടില്ല. കഴിഞ്ഞ 104 രാജ്യങ്ങളിലെ യാത്രകള്‍ എന്തൊക്കെ വെല്ലുവിളികള്‍ സമ്മാനിച്ചിരിക്കുന്നു! അതുകൊണ്ട് തളരരുത് രാമന്‍കുട്ടി എന്നു പറഞ്ഞുകൊണ്ട് ഞങ്ങള്‍ എമര്‍ജന്‍സിക്കാലം സന്തോഷഭരിതമാക്കാന്‍ തീരുമാനിച്ചു.

എന്തായാലും, മൊറോക്കോ സര്‍ക്കാരിന്റെ പെട്ടെന്നുള്ള തീരുമാനങ്ങള്‍ ഞങ്ങളെ കുടുക്കിയെങ്കിലും ആ നടപടികള്‍ മൂലം ആകെ 400 കൊറോണ കേസുകളേ ഈ രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളു. കൊറോണ തകർത്തെറിഞ്ഞ യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളാണ് ഇവിടെ എത്തുന്നവരിൽ ഏറെയും എന്നോർക്കുക.കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി പുതിയ കേസുകളേ ഇല്ല എന്നതും ശ്രദ്ധേയമാണ്.

യൂറോപ്യന്‍ വന്‍കരയില്‍ നിന്ന് വെറും 16 കി.മീ ദൂരം മാത്രമേ മൊറോക്കോയുടെ വടക്കേ അറ്റത്തെ ടാന്‍ജര്‍ എന്ന നഗരത്തിലേക്കുള്ളു. ജിബ്രാള്‍ട്ടര്‍ കടലിടുക്കിലൂടെ 45 മിനുട്ട് ഫെറി കടന്നാല്‍ യൂറോപ്പായി എന്നര്‍ത്ഥം. പ്രതിമാസം 1.5 ലക്ഷം വിനോദസഞ്ചാരികളാണ് ഈ ഫെറിയിലൂടെ മൊറോക്കോയിലെത്തുന്നത്.

ഈ ഫെറി സര്‍വീസ് നിര്‍ത്തിവെക്കുകയാണ് മൊറോക്കോ സര്‍ക്കാര്‍ ആദ്യം ചെയ്തത്. എന്നിട്ട്  അള്‍ജീരിയയിലേക്കുള്ള കര അതിര്‍ത്തിയും അടച്ചു. അതോടെ രാജ്യം ഒറ്റപ്പെട്ടു. എന്നിട്ട് നഗരാതിര്‍ത്തികളും അടച്ചു. രാജ്യത്തിനുള്ളിലെ ജനങ്ങളുടെ നീക്കവും അതോടെ സ്തംഭിച്ചു. തുടര്‍ന്ന് മെട്രോ ട്രെയിന്‍, വിമാനങ്ങള്‍ - എല്ലാം ഒറ്റയടിക്ക് നിര്‍ത്തി. അതോടെ കൊറോണ വ്യാപിക്കാന്‍ ഇടമില്ലാതായി.

ഇതെല്ലാം 48 മണിക്കൂറിനുള്ളില്‍ ചെയ്തു എന്നതാണ് പ്രശംസ അര്‍ഹിക്കുന്ന കാര്യം. നമ്മുടെ നാട്ടില്‍ ഒരാഴ്ചയിലേറെ എടുത്തു, ഇത്തരം നടപടികള്‍ സ്വീകരിക്കാന്‍. രാജഭരണം നിലനില്‍ക്കുന്നതു കൊണ്ടും താരതമ്യേന ചെറിയ രാജ്യമായതുകൊണ്ടും മൊറോക്കോയ്ക്ക് വളരെ പെട്ടെന്ന് രാജ്യം സ്തംഭിപ്പിക്കാന്‍ കഴിഞ്ഞു എന്നും പറയാം.

അങ്ങനെ 'കംപ്ലീറ്റ് ലോക്ക്ഡ് ഡൗണ്‍' രാജ്യമായി മാറിയ മൊറോക്കോയില്‍ ഇപ്പോഴും പകല്‍ നേരങ്ങളില്‍, താമസിക്കുന്ന സ്ഥലത്തിന്റെ പരിസരപ്രദേശങ്ങളില്‍, സഞ്ചാരസ്വാതന്ത്ര്യമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നിട്ടുണ്ട്. റെസ്റ്റോറന്റുകള്‍ തുറന്നിട്ടില്ലെങ്കിലും പാര്‍സല്‍ സൗകര്യമുണ്ട്. എല്ലാപേരും ഒരു മീറ്റര്‍ അകലം പാലിച്ചാണ് കടകളില്‍ നില്‍പ്പ്.മൊറോക്കോ എന്ന രാജ്യം ഓരോരോ വാതിലുകളായി അടച്ച്, കൊറോണ എന്ന ഭീകരനെ പടിക്കു പുറത്തു നിര്‍ത്തുന്നത് പ്രത്യക്ഷത്തില്‍ കാണാന്‍ സാധിച്ചു എന്നതാണ് ഈ യാത്രയുടെ ഹൈലൈറ്റ്. അതുകൊണ്ടുതന്നെ ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയിലും യാത്രികന്‍ എന്ന നിലയിലും ഒട്ടും തന്നെ നിരാശപ്പെടുത്തിയില്ല, ഈ മൊറോക്കന്‍ ട്രിപ്പ് .തന്നെയുമല്ല ജീവിതത്തിൽ ഇതുവരെ ചെയ്തിട്ടില്ലാത്ത പാചകം,തുണി അലക്ക്,പാത്രം കഴുകൽ, പ്രഭാത-സായാഹ്‌ന നടത്തം എന്നിവയെല്ലാം ചെയ്യാൻ പ്രാപ്തനാക്കിയ കൊറോണേ, നിന്നെ ഞാൻ എങ്ങനെ മറക്കും!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com