കൊറോണക്കാലം അവസരമാക്കിയ കള്ളന്മാര്‍; 47 കോടി രൂപയുടെ വാന്‍ഗോഗ് പെയിന്‍റിങ് മോഷണം പോയി

singer-laren-museum1
SHARE

കൊറോണ കാരണം ലോകം മുഴുവന്‍ ദുരിതത്തിലായ അവസരം മുതലെടുത്ത്‌ മോഷ്ടാക്കള്‍. ലോകപ്രശസ്ത ചിത്രകാരന്‍ വിൻസന്റ് വാന്‍ഗോഗിന്‍റെ പെയിന്‍റിങ് ഡച്ച് മ്യൂസിയത്തില്‍നിന്നു കള്ളന്മാര്‍ കവര്‍ന്നു. അഞ്ചു മില്യൻ പൗണ്ട് അതായത് ഏകദേശം 47 കോടി രൂപ വില മതിക്കുന്ന പെയിന്‍റിങ് ആണ് മോഷണം പോയത്.

ഞായറാഴ്ച പുലർച്ചെ 3.15 ഓടെയാണ് സംഭവം. ചിത്രം സൂക്ഷിച്ചിരുന്ന ലാരനിലെ സിംഗർ ലാരൻ മ്യൂസിയത്തിന്‍റെ മുൻവശത്തെ ഗ്ലാസ് വാതില്‍ തകർത്താണ് മോഷ്ടാക്കൾ അകത്തു കയറിയത്. അമേരിക്കൻ ആർട്ടിസ്റ്റും കലക്ടറുമായ വില്യം സിംഗറിന്റെയും ഭാര്യ അന്നയുടെയും കലാവസ്തു ശേഖരം സൂക്ഷിക്കുന്ന ഇടമാണ് സിംഗർ ലാരൻ മ്യൂസിയം. 

singer-laren-museum

വാൻഗോഗിന്‍റെ ‘പാർസനേജ് ഗാർഡൻ അറ്റ്‌ ന്യൂനന്‍ ഇൻ സ്പ്രിങ്’ എന്ന ചിത്രമാണ് കവര്‍ന്നത്. 1883 നും 1884 നും ഇടയിൽ ന്യൂനെനിൽ മാതാപിതാക്കളോടൊപ്പം താമസിച്ച സമയത്ത് വാന്‍ഗോഗ് വരച്ച ചിത്രമാണിത്. മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന മറ്റു ചിത്രങ്ങള്‍ സുരക്ഷിതമാണ് എന്നാണു വിവരം. മ്യൂസിയത്തിലെ അപായമണി മുഴങ്ങിയെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും കള്ളന്മാര്‍ ചിത്രവുമായി കടന്നുകളഞ്ഞു.

ഗ്രോനിംഗര്‍ മ്യൂസിയത്തില്‍ നിന്നു കടമായി എടുത്ത് സൂക്ഷിച്ച പെയിന്‍റിങ് ആയിരുന്നു അത്. 1884ല്‍ വാന്‍ഗോഗ് വരച്ച ഈ ഓയില്‍ പെയിന്‍റിങ് ഗ്രോനിംഗര്‍ മ്യൂസിയത്തിലെ ഏക വാന്‍ഗോഗ് ചിത്രമായിരുന്നു. 

singer-laren-museum2

വാന്‍ഗോഗിന്‍റെ 167-ാം ജന്മദിനത്തില്‍ത്തന്നെ ഇത് സംഭവിച്ചതില്‍ തങ്ങള്‍ അസ്വസ്ഥരാണെന്ന് മ്യൂസിയം ഡയറക്ടര്‍ ജാന്‍ റുഡോള്‍ഫ് പറഞ്ഞു. മോഷ്ടാക്കളില്‍നിന്ന് ഇത് വീണ്ടെടുക്കാനുള്ള ശ്രമം ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഈയിടെ നടന്ന ഒരു ലേലത്തില്‍ വാന്‍ഗോഗിന്‍റെ 'ന്യുനന്‍ പീരിയഡ്' എന്ന ചിത്രം ലേലത്തില്‍ പോയത് 93 കോടി രൂപയ്ക്കായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിലെ എഴുപതോളം ഡച്ച് പെയിന്‍റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ‘മിറര്‍ ഓഫ് ദി സോള്‍’ എന്ന പ്രദര്‍ശനത്തില്‍ വാട്ടര്‍കളര്‍, ഡ്രോയിങ്സ് എന്നിവ ഉള്‍പ്പെട്ടിരുന്നു.

കൊറോണ ബാധയുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാര്‍ച്ച്‌ പന്ത്രണ്ടിനായിരുന്നു മ്യൂസിയം അടച്ചത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA