ADVERTISEMENT

ഒരിക്കലും ഉറങ്ങാത്ത നിശാസുന്ദരി. ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും നിലയ്ക്കാത്ത ലഹരിയുമായി വിനോദസഞ്ചാരികളുടെ സ്വര്‍ഗമായിരുന്നു തായ്‌ലൻഡിലെ പട്ടായ ഒരിക്കല്‍. തലസ്ഥാനമായ ബാങ്കോക്കിനേക്കാള്‍ സഞ്ചാരികളെത്തുന്ന, ഭൂമിയിലെ സുഖിമാന്‍മാരുടെ പറുദീസയെന്നു വിളിക്കപ്പെട്ടിരുന്ന നഗരം. എന്നാല്‍ കൊറോണയ്ക്ക് ശേഷം ലോകത്തുള്ള മറ്റേതു വിനോദസഞ്ചാര കേന്ദ്രങ്ങളെയും പോലെ പട്ടായയും വിജനമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

കൊറോണ മുന്‍കരുതലായി പട്ടായയിലെ റിസോര്‍ട്ടുകള്‍ അടക്കമുള്ള വ്യവസായങ്ങള്‍ എല്ലാം അടച്ചുപൂട്ടി. ഈ മാർച്ച് 18 മുതൽ സർക്കാർ മിക്ക സേവനങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതിനൊപ്പം പട്ടായയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളും വാതിലുകള്‍ അടച്ചു. ഇപ്പോള്‍ ഇതൊരു പ്രേതനഗരമായി മാറിയെന്നാണ് വ്യവസായികള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പറയുന്നത്. എന്നാല്‍ കൊറോണ മാറുന്നതോടെ എല്ലാം പൂര്‍വ്വസ്ഥിതിയിലാകുമെന്നും അവര്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നു. ഏപ്രില്‍ മുതല്‍ ഇവിടത്തെ തൊണ്ണൂറു ശതമാനം ഹോട്ടലുകളും താല്‍ക്കാലിക അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നിലവിൽ ഒരു ഹോട്ടലിലും അവരുടെ ശേഷിയുടെ നാല് ശതമാനത്തിൽ കൂടുതൽ അതിഥികളില്ലെന്ന് പട്ടായയിലെ പ്രമുഖ ഹോട്ടല്‍ വ്യവസായി പക്കമോൻ വോങ്‌യായ് പറയുന്നു. ഇവിടങ്ങളില്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരും അവരുടെ വീടുകളിലേക്ക് മടങ്ങിപ്പോയി. പട്ടായയിലെ ബീച്ചുകളും ബാറുകളുമെല്ലാം ഇപ്പോള്‍ തീര്‍ത്തും വിജനമാണ്. കൊറോണ മൂലമുള്ള ഈ അടച്ചുപൂട്ടല്‍ കാരണം ഇവിടത്തെ ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് സാമ്പത്തികനഷ്ടം നേരിടേണ്ടി വരുന്നു എന്നാണു കണക്ക്.

pattaya1

വിദേശയാത്ര ചെയ്യുന്ന മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ഇടമായിരുന്നു പട്ടായ. ചുരുങ്ങിയ ചെലവില്‍ പരമാവധി അടിച്ചു പൊളിച്ച് തിരിച്ചു വരാം എന്നതായിരുന്നു പട്ടായയുടെ ഏറ്റവും വലിയ സവിശേഷത. മൂന്നു രാവിനും നാലു പകലിനുമായി വിമാനയാത്ര, താമസം എന്നിവയ്ക്കായി 25,000 രൂപയില്‍ കൂടുതലാവില്ല എന്നതും ഇവിടേക്ക് സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച ഘടകങ്ങളില്‍ ഒന്നായിരുന്നു. പ്രശസ്തമായ തായ് മസാജ് അടക്കമുള്ള സുഖചികിത്സയും ഫ്ലോട്ടിങ്ങ് മാര്‍ക്കറ്റുകളും സുന്ദരമായ ഗ്രാമങ്ങളും ബീച്ചുകളും പുലര്‍ച്ചെ വരെ ആടിപ്പാടാവുന്ന ഡാന്‍സ് ബാറുകളുമെല്ലാമായി ഒരു ഫുള്‍ പാക്കേജായിരുന്നു പട്ടായ എന്ന തായ് നഗരം. എന്തായാലും കൊറോണക്കാലം കഴിയുന്നത്‌ വരെ കാത്തിരിക്കുകയല്ലാതെ പട്ടായ പ്രേമികള്‍ക്ക് വേറെ വഴിയൊന്നും ഇല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com