sections
MORE

എന്നെത്തുമെന്ന് ഉറപ്പില്ലാത്ത യാത്ര; കപ്പലിൽ കുടുങ്ങിപ്പോയ അനുഭവം പങ്കുവച്ച് യുവതി

antartica
Representative Image
SHARE

അന്റാര്‍ട്ടിക്ക ഭൂഖണ്ഡത്തിലേക്ക് ഒരു യാത്ര എന്നത് ഏതൊരു സാഹസിക സഞ്ചാരിയുടെയും സ്വപ്നമാണ്. വളരെയേറെ ബുദ്ധിമുട്ടുകൾ സഹിച്ചും കടമ്പകൾ കടന്നും വേണം ആ സ്വപ്നം സാക്ഷാത്കരിക്കാൻ. എല്ലാം കഴിഞ്ഞു അവിടെ എത്തിച്ചേർന്ന ശേഷം തിരിച്ചു പോരാനാവാതെ പെട്ടു പോയാലോ?

അന്റാർട്ടിക് പര്യവേഷണത്തിനായി ചിലിയിൽ നിന്നും കപ്പലിലേറുമ്പോൾ എഴുത്തുകാരിയായ എഡ്വിന ഹാർട്ട് ഒരിക്കലും കരുതിയതല്ല മടങ്ങിപ്പോക്ക് ഒരു ചോദ്യചിഹ്നമായി മാറും എന്നത്. കോവിഡ് 19 ബാധയുമായി ബന്ധപ്പെട്ട് സൗത്ത് അമേരിക്ക അതിർത്തികൾ ഓരോന്നായി അടച്ചപ്പോൾ ഫാക്ക്‌‌‌ലാൻഡ് ദ്വീപിലായിരുന്നു എഡ്വിനയടക്കമുള്ള യാത്രക്കാർ സഞ്ചരിച്ചിരുന്ന കപ്പൽ.

ധ്രുവപ്രദേശങ്ങളിലേക്കുള്ള യാത്രക്ക് വേണ്ടി പ്രത്യേകമായി ഡിസൈൻ ചെയ്ത 'എം എസ് റോൾഡ് അമൻഡ്സെൻ' എന്ന ഹൈബ്രിഡ് ഷിപ്പിലായിരുന്നു എഡ്വിനയുടെ യാത്ര.

ചിലിയിൽ നിന്നും പുറപ്പെട്ട ശേഷം തെക്കൻ അന്റാർട്ടിക്കിൽ അധികമാരും കടന്നു ചെന്നിട്ടില്ലാത്ത ഭാഗങ്ങളിൽ കുറേ ദിവസങ്ങൾ മനോഹരമായി കടന്നു പോയി. ഹിമാനികൾക്കിടയിലൂടെയുള്ള യാത്ര ചെന്നെത്തിയത് പെൻഗ്വിനുകൾ വാഴുന്ന യാങ്കീ ഹാർബറിൽ. പഴയ തിമിംഗലവേട്ടയുടെ ഓർമകളും അവശിഷ്ടങ്ങളും പേറുന്ന യാങ്കിയിലെ വെളുത്ത പാറക്കൂട്ടങ്ങൾക്കിടയിലൂടെ കാണുന്ന പിങ്ക് നിറമുള്ള മനോഹരമായ അസ്തമയങ്ങളെക്കുറിച്ച് എഡ്വിന ഓർക്കുന്നു. പതിനെട്ടു ദിവസങ്ങൾ മുൻപേ യാത്ര പുറപ്പെടുമ്പോൾ തെക്കൻ അമേരിക്കയിൽ ഒരു കോവിഡ് കേസ് മാത്രമേ റജിസ്റ്റർ ചെയ്തിരുന്നുള്ളൂ. പിന്നീടത് പതിന്മടങ്ങായി കൂടിക്കൂടി വന്നു. മാർച്ച് പതിനഞ്ചിന് തിരിച്ചു പോരേണ്ട കപ്പൽ അത് കാരണം യാത്ര മുടക്കേണ്ടി വന്നു. ചിലിയിലെ തുറമുഖങ്ങളെല്ലാം കോവിഡ് കാരണം ഒന്നൊന്നായി അടയ്ക്കുന്നു എന്ന വാർത്തകൾക്കിടയിലും അവർ ശുഭാപ്തി വിശ്വാസം കൈവെടിഞ്ഞില്ല.

തിരിച്ചു വന്ന കപ്പൽ തുറമുഖത്തുനിന്ന് പിന്തിരിപ്പിച്ചതോടെ പ്രതീക്ഷകൾ തകരുകയും 400 ഓളം യാത്രക്കാർ പരിഭ്രാന്തരാവുകയും ചെയ്തു. അടുത്ത കുറച്ച് ദിവസങ്ങൾ അവർ ചിലിയൻ തീരത്ത് നങ്കൂരമിട്ടു. കപ്പൽ ജീവനക്കാരാകട്ടെ, കപ്പലിൽ ഇന്ധനം നിറച്ചു. കഴിക്കാനായി സൂക്ഷിച്ചു വച്ചിരുന്ന ഭക്ഷണസാധനങ്ങൾ പുറത്തെടുത്തു. തിരിച്ച് ഫാക്ക് ലാൻഡ്‌സിലേക്ക് പോയി സ്റ്റാൻലിയിൽ കപ്പൽ അടുപ്പിക്കാമെന്ന് കപ്പലിന്റെ ക്യാപ്ടനായ ടോറി പറഞ്ഞത് ഏവരും ഹർഷാരവം മുഴക്കിയാണ് സ്വീകരിച്ചത്. അവിടെ കപ്പലിറങ്ങി മിലിട്ടറി എയർപോർട്ടിൽ നിന്നും വിമാനം വഴി വീട്ടിലേക്ക് പോകാമെന്ന് ഏവരും കണക്കുകൂട്ടി.

ലോകത്തെ തന്നെ ഏറ്റവും കടുപ്പമേറിയ പാതകളിൽ ഒന്നായ ഡ്രേക്ക് പാസേജ് വഴിയായിരുന്നു കടന്നു പോകേണ്ടത്. 'കടൽ ഒരു വലിയ വാഷിംഗ് മെഷീൻ പോലെ കാണപ്പെട്ടു' എന്ന് എഡ്വിന എഴുതുന്നു. അപകടകരമായ യാത്രയായിരുന്നിട്ടും എല്ലാവരും പോസിറ്റിവായി തന്നെ നിന്നു. ക്യാപ്റ്റൻ യാത്രക്കാർക്ക് ധൈര്യം പകർന്നു കൊണ്ടേയിരുന്നു.

എന്നെത്തുമെന്ന് ഉറപ്പില്ലാത്ത യാത്ര. കപ്പലിലെ ശാസ്ത്രജ്ഞർ യാത്രക്കാർക്കായി അന്റാർട്ടിക് ധ്രുവത്തെക്കുറിച്ചുള്ള ചരിത്രവിവരങ്ങൾ പകർന്നു നൽകി. യോഗയും വ്യായാമങ്ങളും ആരും മുടക്കിയില്ല. പലതരം ഗെയിമുകളും അരങ്ങേറി. പലരും ചിത്രങ്ങൾ വരച്ചു. കപ്പലിലെ രുചികരമായ ഭക്ഷണങ്ങൾ ആസ്വദിച്ചു കഴിച്ചു.

അവസാനം ഫാക്ക്‌‌‌ലാൻഡിൽ എത്തിയെങ്കിലും അവിടെ ഇറങ്ങാനുള്ള അനുമതി ലഭിക്കാൻ വീണ്ടും ദിവസങ്ങൾ കഴിഞ്ഞു. ജൈവവൈവിധ്യം കൊണ്ട് സമൃദ്ധമായ ഫാക്ക് ലാൻഡിൽ പെൻഗ്വിനുകൾക്കൊപ്പമായിരുന്നു യാത്രക്കാരുടെ താമസം. പെൻഗ്വിനുകൾക്കൊപ്പമുള്ള ഫോട്ടോകൾ എടുത്ത് എല്ലാവരുടെയും ക്യാമറ നിറഞ്ഞു. അവസാനം തീരത്തിറങ്ങാൻ അനുമതി ലഭിച്ചപ്പോൾ എല്ലാവർക്കും ഏറ്റവും കൂടുതൽ മിസ് ചെയ്തത് വെളുപ്പും കറുപ്പും നിറത്തിൽ രണ്ടു കാലിൽ നിവർന്നു നടക്കുന്ന ആ പക്ഷികളെയായിരുന്നു.

കടപ്പാട്: ലോൺലി പ്ലാനറ്റ്

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA