ചൈന പാഠം പഠിച്ചു? പൂച്ചയെയും നായയെയും ഭക്ഷണത്തിന് ഉപയോഗിക്കുന്നത് വിലക്കി ചൈനീസ് നഗരം

market-in-china1
SHARE

ലോകമാകെ പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരി ആദ്യം ഉടലെടുത്തത് മനുഷ്യര്‍ കഴിച്ച മാംസത്തില്‍ നിന്നാണെന്ന് വിദഗ്ധര്‍ അടക്കമുള്ള ആളുകളില്‍ നിന്നും പരക്കെ അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഈ സംശയം ബാക്കി നില്‍ക്കെ വൈറസ് ഒന്നടങ്ങിയപ്പോള്‍ത്തന്നെ ചൈനയിലെ ഉള്‍നഗരങ്ങളില്‍ വീണ്ടും വന്യമൃഗങ്ങളെ വെട്ടിക്കീറി മാംസം വില്‍ക്കുന്ന പരിപാടി പുനരാരംഭിക്കുകയും ചെയ്തിരുന്നു. ലോകമാകെ ഇതിനെ അപലപിച്ചെങ്കിലും പ്രത്യേകിച്ച് കാര്യമൊന്നും ഉണ്ടായതായി കണ്ടില്ല.

china

ഇപ്പോഴിതാ ചൈനയില്‍ നിന്നുതന്നെ ആശ്വാസം പകരുന്ന പുതിയ വാര്‍ത്ത‍ എത്തിയിരിക്കുന്നു. വന്യമൃഗങ്ങളെ ഭക്ഷണത്തിനായി കൊല്ലുന്നത് ചൈനയില്‍ പൂര്‍ണ്ണമായും ഒഴിവാക്കിയേക്കാം എന്ന പ്രതീക്ഷ പകര്‍ന്നു കൊണ്ട് അധികൃതരും നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. മേയ് ഒന്ന് മുതല്‍ നായകളെയും പൂച്ചകളെയും ഭക്ഷണത്തിനായി കൊല്ലുന്നത് നിരോധിച്ചു കൊണ്ട് ചൈനയിലെ സെന്‍ചെന്‍ നഗരം ഉത്തരവിറക്കി. കൊറോണ ബാധ കണക്കിലെടുത്ത് ഇത്തരത്തിലുള്ള നിരോധനം കൊണ്ടുവരുന്ന ആദ്യ ചൈനീസ് നഗരമാണ് സെന്‍ചെന്‍.

ഏഷ്യയില്‍ മാത്രം മുപ്പതു മില്ല്യന്‍ നായകളാണ് പ്രതിവര്‍ഷം ആളുകളുടെ ഭക്ഷണമായിത്തീരുന്നത് എന്ന് ഹ്യൂമന്‍ സൊസൈറ്റി ഇന്‍റര്‍നാഷണല്‍ (HSI) പറയുന്നു. ചൈനയില്‍ നായകളെ കഴിക്കുന്നത് അത്ര സാധാരണമല്ല. എങ്കിലും പ്രതിവര്‍ഷം പത്തു മില്ല്യന്‍ നായകളും നാല് മില്ല്യന്‍ പൂച്ചകളും ഇവിടെ കൊല്ലപ്പെടുന്നു. നായകളും പൂച്ചകളും വീട്ടില്‍ വളര്‍ത്തുന്ന മൃഗങ്ങള്‍ ആയതുകൊണ്ട് തന്നെ മനുഷ്യരുമായി വളരെയേറെ അടുത്ത ജീവികളാണ്. ഹോങ്കോങ്ങ്, തായ്‌വാന്‍ പോലെയുള്ള വികസിത നഗരങ്ങളില്‍ നായ്ക്കളെയും പൂച്ചകളെയും മറ്റ് വളർത്തുമൃഗങ്ങളെയും ഭക്ഷണത്തിനായി ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്. സെന്‍ചെന്‍ നഗരഭരണകൂടത്തെ ഉദ്ധരിച്ച് റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മനുഷ്യന്‍റെ ഉയര്‍ന്ന സാംസ്‌കാരിക നിലവാരമാണ് ഇത് ആവശ്യപ്പെടുന്നത്.

market-in-china

കൊറോണ വൈറസിനെതിരെയുള്ള മരുന്നായി കരടിയുടെ പിത്തരസം ഉപയോഗിക്കാന്‍ ചൈന അനുമതി നല്‍കിയിട്ടുണ്ട്. വര്‍ഷങ്ങളായി ചൈനയുടെ പാരമ്പര്യ ചികിത്സയുടെ ഭാഗമാണ് ഇത്. ഇതിലടങ്ങിയിരിക്കുന്ന സജീവ ഘടകമായ അര്‍സോഡിയോക്സിക്ഹോളിക്ക് ആസിഡ് കരള്‍സഞ്ചിയിലുണ്ടാകുന്ന കല്ല്‌ അലിയിക്കുന്നതിനും കരൾ രോഗങ്ങള്‍ ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്നു. എന്നാല്‍ കൊറോണ വൈറസിനെതിരെ ഇത് ഫലവത്താണ്‌ എന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. എന്നാല്‍ വന്യജീവികളില്‍ നിന്ന് പകര്‍ന്നതാവാം എന്ന് സംശയം ബാക്കി നില്‍ക്കുന്ന ഒരു വൈറസിനെതിരെ വന്യജീവികളില്‍ നിന്നു തന്നെ  എടുക്കുന്ന ഇത്തരം ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് അത്ര വിശ്വസനീയമല്ല എന്ന് അനിമല്‍സ് ഏഷ്യ ഫൗണ്ടേഷന്‍ വക്താവ് ബ്രയാന്‍ ഡാലി പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA