ADVERTISEMENT

തായ്‌വാന്‍ ഡേയ്‌സ് 

അധ്യായം-3

കഴിഞ്ഞ അധ്യായത്തില്‍ പറഞ്ഞിരുന്നല്ലോ തായ്‌വാന്റെ മുന്‍ പ്രസിഡണ്ടായിരുന്നു ചിയാങ് കായ് ഷെക്ക് എന്ന്. വീരനായകന്റെ പരിവേഷമുള്ള ചിയാങ് കായ് ഷെക്ക് ജനിച്ചത് 1887ലാണ്. ചൈനയുടെ ഏകീകരണത്തിന് കാരണക്കാരനായ വിപ്ലവനേതാവ് സണ്‍ യാറ്റ് സെന്നിന്റെ പടത്തലവനായിരുന്നു കായ്‌ ഷെക്ക്. ജപ്പാന്‍കാരുടെ ആക്രമണത്തില്‍ നിന്ന് ചൈനയെ ഉപരോധിക്കുകയും ചൈനയുടെ ആധുനികവല്‍ക്കരണത്തിന് കനത്ത സംഭാവനകള്‍ നല്‍കുകയും ചെയ്ത നേതാവാണദ്ദേഹം. 1949ല്‍ അദ്ദേഹം കര്‍മ്മഭൂമി തായ്‌വാനിലേക്കു മാറ്റി. തായ്‌വാന്റെ വ്യവസായ രംഗത്തെ കുതിച്ചുചാട്ടത്തിനു പിന്നില്‍ കായ്‌ഷെക്കിന്റെ ദീര്‍ഘവീക്ഷണവും ഭരണപരിഷ്‌കാരങ്ങളുമാണുള്ളത്.

ചിയാങ് കായ് ഷെക്കിന്റെ പ്രതിമ

1950ല്‍ തായ്‌വാന്‍ പ്രസിഡണ്ടായി അദ്ദേഹം സ്ഥാനമേറ്റു. തുടര്‍ന്ന് അഞ്ച് തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച്, 1975ല്‍ മരിക്കുന്നതുവരെ ആ തസ്തികയില്‍ തുടരുകയും ചെയ്തു. തന്റെ ജീവിതകാലത്ത് ഉടനീളം ചൈനയുടെ ആക്രമണം കായ്‌ ഷെക്ക് പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടു തന്നെ ആയിരക്കണക്കിന് പട്ടാളക്കാരും നാവികരും അടങ്ങുന്ന സംഘത്തെ സജ്ജമാക്കി നിര്‍ത്തുകയും ചെയ്തിരുന്നു. അങ്ങനെ 1970കളില്‍ ചൈനയുടെ കണ്ണിലെ കരടായി അദ്ദേഹം മാറി. ഹൃദയാഘാതത്തെ തുടര്‍ന്ന് കായ്‌ ഷെക്ക് മരിച്ചപ്പോള്‍ ചൈനയിലെ പത്രങ്ങള്‍ 'ചിയാങ് കായ്‌ ഷെക്ക് മരിച്ചു' എന്ന് ഒന്നാം പേജിന്റെ താഴെ ചെറിയ ഒരു വാര്‍ത്ത നൽകുക മാത്രമേ ചെയ്തുള്ളു!

ചിയാങ് കായ്‌ ഷെക്കിന്റെ മൃതദേഹം മറവു ചെയ്യാതെ, ലെനിന്റെയും മറ്റും മാതൃകയില്‍ മുസോളിയം നിര്‍മിച്ച് സൂക്ഷിക്കണമെന്നാണ് തായ്‌വാനിലെ ഭരണാധികാരികള്‍ തീരുമാനിച്ചത്. അതിന്റെ പ്രാരംഭ നടപടി എന്നോണം മൃതദേഹം ചെമ്പില്‍ നിര്‍മിച്ച ശവപേടകത്തില്‍, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വീടായ 'ചിഹു'വില്‍ സൂക്ഷിച്ചു. 1988ല്‍ കായ്‌ ഷെക്കിന്റെ മകന്‍ മരിച്ചപ്പോള്‍ രണ്ടു മൃതദേഹങ്ങളും കൂടി ഒരു മുസോളിയം നിര്‍മ്മിച്ച്, അവിടേക്ക് മാറ്റാനും ഭരണകൂടം തീരുമാനിച്ചു. എന്നാല്‍ കായ്‌ ഷെക്കിന്റെ ഭാര്യ ഈ അവസരത്തില്‍ ഇടപെട്ടു. മൃതദേഹങ്ങള്‍ സൂക്ഷിക്കരുത്, അത് മിലിട്ടറി ശ്മശാനത്തില്‍ മറവു ചെയ്യണമെന്നായിരുന്നു, ഭാര്യയുടെയും മറ്റ് കുടുംബാംഗങ്ങളുടെയും ആവശ്യം. ഏറെക്കാലം ഭരണകൂടവും കായ്‌ഷെക്കിന്റെ വീട്ടുകാരും തമ്മില്‍ സംവാദം നടന്നു. ഒടുവില്‍ കുടുംബാംഗങ്ങള്‍ വിജയിച്ചു. ഇരു മൃതദേഹങ്ങളും മിലിട്ടറി ശ്മശാനത്തിൽ സംസ്‌കരിക്കുകയും ചെയ്തു.

ചിയാങ് കായ് ഷെക്കിന്റെ പ്രതിമയോടൊപ്പം സെൽഫി എടുക്കുന്നവർ

ചൈനയിലെ ടിയാന്‍മെന്‍ സ്‌ക്വയറില്‍ പോയിട്ടുള്ളവര്‍ അവിടെ സ്ഥാപിച്ചിരിക്കുന്ന മാവോ സേ തൂങ്ങിന്റെ വലിയ ചിത്രം കണ്ടിട്ടുണ്ടാവും. ആ സ്ഥാനത്ത് ഒരു കാലത്തുണ്ടായിരുന്നത് ചിയാങ് കായ്‌ ഷെക്കിന്റെ ചിത്രമായിരുന്നു എന്ന് അറിയുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാവുക.

തങ്ങളുടെ ജനപ്രിയ നേതാവിനായി വലിയൊരു സ്മാരകം എന്നത് ജനങ്ങളാണ് ഭരണകൂടത്തോട് ആവശ്യപ്പെട്ടത്. അതിനായി നഗരമദ്ധ്യത്തിലെ 25 ഹെക്ടര്‍ സ്ഥലം സ്വമേധയാ ജനം ഒഴിച്ചു നല്‍കുകയും ചെയ്തു. ഏതു തരത്തിലുള്ള സ്മാരകം വേണം എന്നതായി അടുത്ത ചിന്ത. ജനങ്ങള്‍ക്ക് സമയം ചെലവഴിക്കാന്‍ കഴിയുന്ന ഒരു തുറന്ന സ്ഥലമാണ് എല്ലാവരും നിര്‍ദ്ദേശിച്ചത്. അങ്ങനെയാണ് യോ-ചെങ് എന്ന ആര്‍ക്കിടെക്ട് സമര്‍പ്പിച്ച പ്ലാൻ തെരഞ്ഞെടുക്കപ്പെട്ടത്. 

ചിയാങ് കായ് ഷെക്ക് സ്മാരകത്തിലെ വിവിധ കെട്ടിടങ്ങൾ

വെളുത്ത പെയിന്റടിച്ച വലിയ മതില്‍ക്കെട്ടിനുള്ളിലാണ് മൈതാനവും സ്മാരകഹാളും നിര്‍മ്മിച്ചിരിക്കുന്നത്. നീലനിറമുള്ള മേല്‍ക്കൂരകളാണ് ഉള്ളിലെ മൂന്ന് കെട്ടിടങ്ങള്‍ക്ക്.കായ്‌ ഷെക്കിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന പ്രധാനകെട്ടിടവും അദ്ദേഹം ഉപയോഗിച്ച വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുന്ന മറ്റൊരു കെട്ടിടവുമുണ്ട്. കൂടാതെ അടുത്ത കെട്ടിടത്തില്‍ കള്‍ച്ചറല്‍ തിയേറ്ററും പ്രവര്‍ത്തിക്കുന്നു. ഇവിടെ ലോകമെമ്പാടും നിന്നുള്ള കലാകാരന്മാര്‍ വിവിധ കലാപ്രദര്‍ശനങ്ങള്‍ നടത്താറുണ്ട്. ചെറിയ കുളങ്ങള്‍, പൂന്തോട്ടം, വോക്ക്‌വേ, എക്‌സര്‍സൈസ്  ഏരിയ, ലിബര്‍ട്ടി സ്വക്വയര്‍ എന്ന വലിയ മൈതാനം എന്നിവ കൂടി അടങ്ങുന്നതാണ് ചിയാങ് കായ്‌ഷെക്ക് മെമ്മോറിയല്‍.

ചിയാങ് കായ് ഷെക്കിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തിന്റെ ചിത്രഭംഗിയുള്ള മേൽക്കൂര

എത്രനേരം വേണമെങ്കിലും സമയം ചെലവഴിക്കാവുന്ന തരത്തിലാണ് മെമ്മോറിയലിന്റെ രൂപകല്പന. കോഫിഷോപ്പുകളും നിരവധിയുണ്ട് മെമ്മോറിയലില്‍.അവിടെ കുറേ നേരം അലഞ്ഞു നടന്നിട്ട്,അടുത്ത കാഴ്ചയ്ക്കായി ഗൂഗിള്‍ പരതി. അതിമനോഹരമായ ഒരു ബുദ്ധിസ്റ്റ് ക്ഷേത്രമാണ് കണ്ണില്‍ പെട്ടത്. ചിയാങ് കായ്‌ഷെക്ക് മെമ്മോറിയലിൽ നിന്ന് ഏറെയൊന്നും ദൂരമില്ല. ലുങ്ഷാന്‍ എന്നാണ് ക്ഷേത്രത്തിന്റെ പേര്. 

ലുങ്‌ ഷാൻ ക്ഷേത്ര കാഴ്ചകൾ

ടാക്‌സി പിടിച്ച് നേരെ ക്ഷേത്രത്തിലെത്തി. പുറത്തു നിന്നേ കാണാം,ക്ഷേത്രത്തിനുള്ളിലെ തിരക്ക്. തായ്‌വാനിലെ ഏറ്റവും തിരക്കുള്ള തെരുവിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.

ലുങ്‌ ഷാൻ ക്ഷേത്ര കാഴ്ചകൾ

തായ്‌പേയ് എന്ന വന്‍നഗരത്തെ ഭരണസൗകര്യാര്‍ത്ഥം 12 ഡിസ്ട്രിക്ടുകളായി തിരിച്ചിട്ടുണ്ട്. അവയിലൊന്നായ വാന്‍ഹുവയിലാണ് ലുങ്ഷാന്‍ ക്ഷേത്രം നിലകൊള്ളുന്നത്. ലോകത്തിലെ മറ്റേതൊരു ബുദ്ധക്ഷേത്രത്തിന്റെയും ശില്പകലാ രീതി തന്നെയാണ് ലുങ്ഷാന്‍ ക്ഷേത്രത്തിനുള്ളത്. ഖിങ് രാജാക്കന്മാര്‍ തായ്‌വാന്‍ ഭരിച്ചിരുന്ന കാലത്ത് മെയിന്‍ലാന്റ് ചൈനയിലെ ഫുജിയാനില്‍ നിന്നെത്തി, തായ്‌വാനില്‍ താമസമുറപ്പിച്ചവരാണ് ക്ഷേത്ര നിര്‍മ്മാണത്തിനു പിന്നില്‍. ഗ്വാനീന്‍ ആണ് പ്രതിഷ്ഠ. ഇത് ബുദ്ധന്റെ ചൈനീസ് പേരാണ്. 1738ല്‍ നിര്‍മ്മിച്ച ക്ഷേത്രം അതേ പഴക്കം നിലനിര്‍ത്തിക്കൊണ്ട് മനോഹരമായി സംരക്ഷിച്ചിട്ടുണ്ട്. അംബരചുംബികളായ ആധുനിക കെട്ടിടങ്ങള്‍ക്കു നടുവില്‍ പഴമയുടെ അന്തസ്സുമായി നിറപൊലിമയോടെ ഉയര്‍ന്നു നില്‍ക്കുന്ന ക്ഷേത്രം കാഴ്ചയുടെ കോണ്‍ട്രാസ്റ്റ് സമ്മാനിക്കുന്നു.

ലുങ്‌ ഷാൻ ക്ഷേത്ര കാഴ്ചകൾ

ഞാന്‍ ക്ഷേത്രത്തിനുള്ളിലേക്ക് നടന്നു. കരിങ്കല്ല് പാകിയ മുറ്റം. മുറ്റത്തിന്റെ വലതുവശത്ത് കൃത്രിമ വെള്ളച്ചാട്ടം. കാടിനു നടുവിലൂടെയെന്നവണ്ണം വെള്ളം ഒഴുകി വന്ന നിപതിക്കുന്നത് ഒരു വന്‍നഗരത്തിനു നടുവില്‍ നിന്നാണ് ഞാനീ കാണുന്നതെന്ന് വിശ്വസിക്കാനാവുന്നില്ല! ക്ഷേത്രത്തിനുള്ളില്‍ ധൂപങ്ങള്‍ എരിയുന്നു. വിശ്വാസികള്‍, ഉള്ളിലെ കൗണ്ടറില്‍ നിന്ന് ചന്ദനത്തിരി വാങ്ങി, പലയിടത്തായി കത്തിച്ചുവെക്കുന്നുണ്ട്. ചില സ്ഥലങ്ങളില്‍ പ്രെയര്‍വീല്‍ ഉരുട്ടി പ്രാര്‍ത്ഥിക്കുന്നവരെയും കാണാം. ചിലര്‍ ബുദ്ധസുക്തങ്ങളടങ്ങുന്ന പുസ്തകങ്ങള്‍ വായിച്ചുകൊണ്ട് നിലത്തിരിക്കുന്നു. മറ്റു ചിലര്‍ ജപമാലകള്‍ തഴുകി പ്രാര്‍ത്ഥിച്ചുകൊണ്ട് നടന്നു നീങ്ങുന്നു. സാഷ്ടാംഗം നമസ്‌കരിച്ച് പ്രാര്‍ത്ഥനാപൂര്‍വം കണ്ണടച്ചു നില്‍ക്കുന്ന ത്രീപീസ്‌ കോട്ട് ധാരികളെ കാണുമ്പോള്‍ ഏത് ലൗകിക സുഖം നേടിയാലും നാഗരിക ജനത ദൈവത്തിനെ കൈവിടുന്നില്ലല്ലോ എന്നു തോന്നിപ്പോയി. വ്യവസായവല്‍ക്കരണത്തെ തുടര്‍ന്ന് ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളിലൊന്നായി മാറിയ തായ്‌വാന്റെ മറ്റൊരു മുഖമാണ് ലുങ്ഷാന്‍ ക്ഷേത്രത്തിനുള്ളില്‍ കാണാന്‍ കഴിഞ്ഞത്.

ഏഴാം നൂറ്റാണ്ടില്‍ ചൈനയിലെ ഫുക്കിയാന്‍ പ്രവിശ്യയില്‍ സ്ഥാപിക്കപ്പെട്ട യുങ്ഷാന്‍ ക്ഷേത്രത്തിന്റെ മാതൃകയിലാണ് തായ്‌പേയിലെ ഈ ക്ഷേത്രവും നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. 1738ല്‍ നിര്‍മ്മിച്ചതാണെങ്കിലും 1919ല്‍ ഈ ക്ഷേത്രം കാര്യമായി ഒന്നു പുതുക്കിപ്പണിതിട്ടുണ്ട്. 

പലതവണ ഭൂമികുലുക്കത്തിലും തീപിടുത്തത്തിലും ക്ഷേത്രം ഭാഗികമായി നശിച്ചിട്ടുമുണ്ട്. 1945ല്‍ അമേരിക്കന്‍ വിമാനങ്ങള്‍ ബോംബിട്ടപ്പോഴും ക്ഷേത്രത്തിന് കേടുപറ്റി. അക്കാലത്ത് തായ്‌വാന്‍ പിടിച്ചടക്കിയ ജപ്പാന്‍ സൈന്യം ക്ഷേത്രത്തിനുള്ളില്‍ ആയുധങ്ങള്‍ സംഭരിച്ചിട്ടുണ്ടെന്ന് വിവരം കിട്ടിയതിനെ തുടര്‍ന്നാണ് അമേരിക്കന്‍ വ്യോമസേന ക്ഷേത്രത്തിനു മേല്‍ ബോംബിട്ടത്. പ്രധാന കെട്ടിടത്തിനും വാതിലുകള്‍ക്കും കേടുപറ്റി. എന്നാല്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ നഗരവാസികള്‍ ചേര്‍ന്ന് ക്ഷേത്രം പുതുക്കിപ്പണിതു. കാരണം, നഗരത്തിന്റെ രക്ഷകനായാണ് തായ്‌പേയിലെ ജനത ലുങ്ഷാന്‍ ക്ഷേത്രത്തിലെ ബുദ്ധനെ കാണുന്നത്. 

കുറേ നേരം ക്ഷേത്രത്തില്‍ ചുറ്റി നടന്ന് ഫോട്ടോ എടുത്ത ശേഷം ചുറ്റുമുള്ള തെരുവുകളില്‍ അലഞ്ഞു നടന്നു. ഹോങ്കോങ്ങിലെ തെരുവുകളെയാണ് എനിക്ക് ഓര്‍മ്മ വന്നത്. വൃത്തിയുണ്ടെങ്കിലും തിരക്കു നിറഞ്ഞ തെരുവുകള്‍. ഈ തിരക്കിനിടയിലും തായ്‌വാനിനെ ജനത പുലര്‍ത്തുന്ന അച്ചടക്കവും എന്നെ അമ്പരപ്പിക്കുന്നു!

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com