ADVERTISEMENT

കൊറോണ വൈറസ് പ്രതിരോധ നടപടിയായി മിക്ക രാജ്യങ്ങളിലും ലോക്ഡൗൺ വന്നു. ഇതോടെ പുറം ലോകം കാണാനാവാതെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് വീടിനുള്ളില്‍ത്തന്നെ ഒതുങ്ങി കൂടേണ്ട അവസ്ഥ വന്നു. പുറത്തേക്കധികം ഇറങ്ങാത്ത ആളുകള്‍ ആയിരുന്നാല്‍പ്പോലും ഇങ്ങനെയൊരു നിയന്ത്രണം ഉണ്ടാകുമ്പോള്‍ ശ്വാസം മുട്ടുന്ന അവസ്ഥയായിരിക്കും. അപ്പോള്‍ വര്‍ഷത്തില്‍ 365 ദിവസവും യാത്ര ചെയ്യുന്ന ട്രാവല്‍ ബ്ലോഗര്‍മാരുടെയൊക്കെ അവസ്ഥ എന്തായിരിക്കുമെന്ന് ഊഹിച്ചു നോക്കിയിട്ടുണ്ടോ?

100 രാജ്യങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, യുട്യൂബില്‍ 1 ദശലക്ഷം സബ്സ്ക്രൈബേഴ്സ്... സംഭവബഹുലമായ യാത്രാജീവിതത്തിനു ശേഷം ഈ ലോക്ഡൗൺ കാലത്ത് സിംഗപ്പൂരിൽ ഇരുന്നുകൊണ്ട് ഇനിയും പോകേണ്ട സ്ഥലങ്ങള്‍ പ്ലാന്‍ ചെയ്യുകയാണ് യൂട്യൂബേഴ്‌സായ കാര ബുച്ചാനനും നേറ്റും. ടെന്നസിയില്‍ നിന്നുള്ളവരാണ് നേറ്റും കാരയും. നാലുവർഷത്തെ നിരന്തരമായ യാത്രയിലൂടെ 100 രാജ്യങ്ങളും ഏഴ് ഭൂഖണ്ഡങ്ങളും അവര്‍ സന്ദര്‍ശിച്ചു. ലോകത്തിന് അതിരുകളില്ലെന്ന് വിശ്വസിക്കുന്നവരാണ് ഇവര്‍.

അന്റാർട്ടിക്ക യാത്ര കഴിഞ്ഞ് യുഎസിലേക്ക് മടങ്ങി 36 മണിക്കൂറിനുശേഷം, ഇരുവരും കുടുംബത്തോടും സുഹൃത്തുക്കളോടും വിടപറഞ്ഞ് ഫിലിപ്പൈൻസിലേക്ക് പോയി. സമര്‍, ലേറ്റ്, കൊരോണ്‍ ദ്വീപുകളില്‍ സന്ദര്‍ശനം നടത്തി. ആ സമയത്താണ് ലോക്ഡൗൺ ഉണ്ടാകുന്നത്. ഭാഗ്യം കൊണ്ടെന്നു പറയാം, എയര്‍പോര്‍ട്ടില്‍ ഓടിക്കിതച്ചെത്തിയപ്പോള്‍ സിംഗപ്പൂരിലേക്കുള്ള ഫ്ലൈറ്റ് കിട്ടി. അങ്ങനെയാണ് ഈ സമയം സിംഗപ്പൂരില്‍ ചെലവഴിക്കാന്‍ ഇട വന്നത്.

ഇരുവര്‍ക്കും സ്വന്തമായി വീടില്ല. കാരയുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഗസ്റ്റ് റൂമാണ് ഇടത്താവളം. എന്നാല്‍, ഈ സമയത്ത് വയസ്സായ അവരുടെ അടുത്തേക്ക് പോകുന്നത് അപകടകരമയതിനാല്‍ സെല്‍ഫ് ക്വാറന്റീൻ പാലിക്കാനാണ് ഇരുവരും തീരുമാനമെടുത്തത്. 

ഒരു കണക്കിന് നോക്കിയാല്‍ തങ്ങള്‍ വര്‍ഷങ്ങളായി ക്വാറന്റീനിലാണെന്ന് നേറ്റ്. ഒരു ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ഒരു യുട്യൂബ് ചാനൽ ഉണ്ടാക്കിയെടുത്തത് കർശനമായ ആസൂത്രണവും നിർത്താതെയുള്ള യാത്രയും വഴിയാണ്. ആറ് മാസത്തെ സാഹസികയാത്രയായി തുടങ്ങിയത് പിന്നീട് ഒരു മുഴുസമയ കരിയറായി വളർന്നു. വീഡിയോ ഷൂട്ടിംഗിന് മാത്രമായി രണ്ട് മാസം വരെ ചിലവഴിക്കുന്ന സമയങ്ങള്‍ ഉണ്ടായിട്ടുണ്ട്.  ഈ സമയങ്ങളില്‍ ഹോട്ടല്‍ മുറിയില്‍ അടച്ചിരുന്ന് കാര എഡിറ്റിങ് ചെയ്യുന്നു. നേറ്റാവട്ടെ, മാര്‍ക്കറ്റിങ്, പണമിടപാടുകള്‍ മുതലായവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഭക്ഷണത്തിനും വ്യായാമത്തിനും വേണ്ടി മാത്രമാണ് ഈ സമയങ്ങളില്‍ മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങുന്നത്.

ഈ ക്വാറന്റീന്‍ സമയത്ത് ആരോഗ്യത്തോടെ ഇരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇരുവരും കരുതുന്നു. വിറ്റാമിനുകൾ,  പച്ചക്കറികൾ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പതിവ് വ്യായാമം മുടക്കരുത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com