sections
MORE

നയാഗ്രയില്‍ വീണാല്‍ രക്ഷപ്പെടുമോ? ഇതാ, ചരിത്രത്തിലെ ചില അദ്ഭുത സംഭവങ്ങള്‍!

Niagara
SHARE

പ്രകൃതി ഒരുക്കിയ ഒരു മഹാവിസ്മയമാണ് നയാഗ്ര വെള്ളച്ചാട്ടം. അമേരിക്കയുടേയും കാനഡയുടേയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന, നയാഗ്ര നദിയിലെ ഈ പടുകൂറ്റൻ വെള്ളച്ചാട്ടം ഉണ്ടായത് അമേരിക്കന്‍ ഫാള്‍സ്, ബ്രൈഡല്‍ വെയ്ല്‍ ഫാള്‍സ്, ഹോഴ്സ് ഷൂ ഫാള്‍സ് എന്നീ മൂന്നു വെള്ളച്ചാട്ടങ്ങള്‍ ചേര്‍ന്നാണ്.  ലോകത്തെ ഏറ്റവും വലിയ വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന നയാഗ്ര, ഏതൊരു സഞ്ചാരിയും ജീവിതത്തില്‍ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട ഒന്നാണ്.

പ്രതിവര്‍ഷം ലക്ഷക്കണക്കിന്‌ സഞ്ചാരികളാണ് വെള്ളച്ചാട്ടത്തിന്‍റെ ഭംഗി ആസ്വദിക്കാനായി ഇവിടെ എത്തുന്നത്. അമേരിക്കയില്‍ നിന്നും കാനഡയിലേക്ക് പതിക്കുന്നതായതിനാല്‍ കാനഡയില്‍ നിന്നാണ് ഇതിന്‍റെ ഭംഗി കൂടുതല്‍ ആസ്വദിക്കാനാവുക. പതഞ്ഞൊഴുകുന്ന ജലം പുകപോലെ പറന്നുയരുന്ന കാഴ്ച വര്‍ണ്ണനാതീതമാണ്. വെള്ളച്ചാട്ടത്തിനു തൊട്ടരികില്‍ പോയി കാണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ബോട്ട് സവാരിയും ലഭ്യമാണ്. ജലനിര്‍മിതമായ കൂറ്റൻ മതിലു പോലെ കാണുന്ന വെള്ളച്ചാട്ടം കണ്ടുകൊണ്ട്‌ ജലകണങ്ങൾക്കിടയിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമായിരിക്കും സമ്മാനിക്കുക. 'മെയിഡ് ഓഫ് ദി മിസ്റ്റ്' എന്നാണ് അമേരിക്കയുടെ വശത്ത് നിന്നുള്ള ബോട്ട് യാത്രക്ക് പേര്. കാനഡയിൽ ഈ ബോട്ട് സവാരിക്ക് 'ഹോൺ ബ്ലോവർ ക്രൂയിസ്' എന്നും പറയും.

വെള്ളച്ചാട്ടത്തില്‍ വീണു ജീവന്‍ തിരികെ കിട്ടിയവര്‍ ഉണ്ടോ?

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണ് എങ്കിലും ഈ ഭീമന്‍ വെള്ളച്ചാട്ടത്തില്‍ വീണു പോയാല്‍ എന്തായിരിക്കും സ്ഥിതി എന്ന് ആലോചിച്ചു നോക്കിയിട്ടുണ്ടോ? മണിക്കൂറില്‍ 68 കിലോമീറ്റര്‍ വേഗതയില്‍ പതിക്കുന്ന, ഓരോ സെക്കന്റിലും 2.8 മില്ല്യന്‍ ലിറ്റര്‍ വെള്ളം പുറത്തേക്കൊഴുക്കുന്ന വെള്ളച്ചാട്ടമാണ് എന്നോര്‍ക്കണം! അതിലെങ്ങാനും വീണു പോയാല്‍ ഒരു തിരിച്ചു വരവ് സാധ്യമാണ് എന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?

എന്നാല്‍ രക്ഷപ്പെട്ടവര്‍ ഉണ്ട് എന്നതാണ് സത്യം!

ചരിത്രത്തില്‍ ഇന്നുവരെ പതിനാറു പേര്‍ നയാഗ്രയെ തോല്‍പ്പിക്കാനുള്ള ദൗത്യവുമായി ഇറങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ പകുതിയോളം പേര്‍ മാത്രമേ രക്ഷപ്പെട്ടുള്ളൂ.ആദ്യമായി ഇങ്ങനെ രക്ഷപ്പെട്ടത് 63 വയസ്സുള്ള ഒരു സ്ത്രീയായിരുന്നു. ആനി എഡ്സണ്‍ ടെയ്‌ലര്‍ എന്നായിരുന്നു അവരുടെ പേര്. 1921- ല്‍ തന്‍റെ അറുപത്തിമൂന്നാം ജന്മദിനത്തില്‍ ഓക്കും ഇരുമ്പും കൊണ്ട് നിര്‍മിച്ച ഒരു ബാരലിനുള്ളില്‍ കയറി വെള്ളച്ചാട്ടത്തിന്‍റെ ഒരറ്റത്ത് അവര്‍ നീന്തിക്കയറി. പണത്തിനും പ്രശസ്തിക്കും വേണ്ടിയായിരുന്നു അവര്‍ ഈ സാഹസം ചെയ്തതെങ്കിലും അതിനു വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല. മാത്രമല്ല, ആനിയുടെ പാത പിന്തുടര്‍ന്ന് അനുകരിക്കാന്‍ എത്തിയവര്‍ക്കും കാര്യമായ പ്രശസ്തി നേടിയെടുക്കാന്‍ സാധിച്ചില്ല.

1928-ൽ ജീൻ ലൂസിയർ എന്നയാള്‍ നയാഗ്ര വെള്ളച്ചാട്ടത്തിന് മുകളിലൂടെ ആറടി വ്യാസമുള്ള സ്റ്റീൽ ബോളിനുള്ളില്‍ 32 ട്യൂബുകൾ നിരത്തി അതിനുള്ളില്‍ കയറി യാത്ര ചെയ്തു. വീഴ്ചയിൽ നിന്ന് ഭാഗ്യത്തിന് രക്ഷപ്പെട്ട ലൂസിയർ ബാക്കിയുള്ള ജീവിതകാലം മുഴുവൻ വിനോദസഞ്ചാരികൾക്ക് സുവനീറുകൾ വിറ്റ് കാലം കഴിച്ചു. 

ഇന്നുവരെ കനേഡിയൻ ഹോഴ്‌സ്ഷൂ വെള്ളച്ചാട്ടത്തിൽ നിന്നുള്ള സുരക്ഷിതമല്ലാത്ത വീഴ്ചയിൽ നിന്നും വെറും അഞ്ച് പേർ മാത്രമാണ് രക്ഷപ്പെട്ടത്. ഇതില്‍ ആദ്യത്തേതും ഏറ്റവും പ്രായം കുറഞ്ഞതുമായ വ്യക്തി ഏഴു വയസ്സുകാരനായിരുന്ന റോജർ വുഡ്‌വാർഡ് ആണ്. 1960 ലായിരുന്നു ആ സംഭവം. ഒരു ബോട്ടപകടത്തില്‍ പെട്ട് നയാഗ്രയുടെ അറ്റം വരെ എത്തിയ റോജര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. 'നയാഗ്രയുടെ മഹാദ്ഭുതം' എന്നാണു ഈ സംഭവം പിന്നീട് വിശേഷിപ്പിക്കപ്പെട്ടത്.

നയാഗ്ര കാണാന്‍ പോകുന്നവര്‍ തീര്‍ച്ചയായും നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുകയും വേണം. ഒന്നോ രണ്ടോ പേരെ തുണച്ച ഭാഗ്യം എല്ലാവര്‍ക്കും എപ്പോഴും കൂട്ടിനുണ്ടായിക്കൊള്ളണം എന്നില്ല.  ഇന്ത്യയിലെ സഞ്ചാരികളെ സംബന്ധിച്ച് ഭൂമിയുടെ മറുവശത്ത് സ്ഥിതി ചെയ്യുന്ന നയാഗ്രയിലേക്കുള്ള യാത്ര ഏറെ ദൈർഘ്യമേറിയതും ഒപ്പം ചെലവേറിയതുമാണ്. എന്നാൽ നയാഗ്രയുടെ അനുപമമായ സൗന്ദര്യം ദര്‍ശിക്കുന്ന നിമിഷം ഈ ബുദ്ധിമുട്ടുകള്‍ എല്ലാം താനേ മാഞ്ഞു പോകും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA