sections
MORE

ബുദ്ധക്ഷേത്രത്തെ കാക്കുന്ന ഡ്രാഗണ്‍; ബാങ്കോക്കിലെ ഭീമന്‍ അദ്ഭുതം!

Wat-Muang
SHARE

പിങ്ക് നിറത്തില്‍ ആകാശം മുട്ടെ ഉയര്‍ന്നു നില്‍ക്കുന്ന പതിനേഴു നിലക്കെട്ടിടം. അതിനു മുകളില്‍ ചുറ്റിപ്പിണഞ്ഞ് മുകള്‍വശത്ത് വാ പൊളിച്ചു നില്‍ക്കുന്ന, പച്ചയും സ്വര്‍ണ്ണനിറവും മേലണിഞ്ഞ കൂറ്റന്‍ ഡ്രാഗണ്‍. തായ്‌ലൻഡിലെ ബാങ്കോക്കിനു 40 കിലോമീറ്റര്‍ പടിഞ്ഞാറായി സാംഫ്രാന്‍ ജില്ലയിലെ വാട്ട് സാംഫ്രാന്‍ ബുദ്ധക്ഷേത്ര സമുച്ചയത്തിലാണ് അദ്ഭുതകരമായ ഈ ഭീമന്‍ ഡ്രാഗണ്‍ ഉള്ളത്. വെറുതേ ഒരു രൂപം മാത്രമല്ല, ഈ കെട്ടിടത്തിനു മുകളിലേക്ക് കയറിപ്പോകാനുള്ള പടികള്‍ ഈ ഡ്രാഗണിന്‍റെ ഉള്ളിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിന്‍റെ മുഴുവന്‍ ഭാഗങ്ങളും ഉപയോഗയോഗ്യമല്ല എന്ന് മാത്രം.

ഡ്രാഗണ്‍ മാത്രമല്ല, ഈ ക്ഷേത്രത്തിലെ ബുദ്ധന്‍റെ ഭീമന്‍ പിച്ചളപ്രതിമയും പ്രശസ്തമാണ്. ക്ഷേത്രത്തിന്‍റെ ചില ഭാഗങ്ങളില്‍ യാത്രക്കാര്‍ക്ക് സന്ദര്‍ശനം നിരോധിച്ചിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആളുകള്‍ സന്ദര്‍ശനം നടത്തുന്ന രീതിയിലുള്ള ഒരു വിനോദസഞ്ചാരകേന്ദ്രമല്ല ഇത്.  ഇവിടം സന്ദര്‍ശിക്കുന്ന ആളുകള്‍ തങ്ങള്‍ക്കുണ്ടായ ആത്മീയവും ശാന്തവുമായ അനുഭവങ്ങളെക്കുറിച്ച് പറഞ്ഞു കേട്ട് എത്തുന്നവരാണ് കൂടുതലും. അല്‍പ്പം ഉള്ളിലേക്കുള്ള സ്ഥലമായതിനാല്‍ അത്ര എളുപ്പമല്ല ഇവിടെ എത്തിച്ചേരുക എന്നത്. ഇരുവശത്തേക്കുമുള്ള യാത്രക്കായി ടാക്സി പിടിക്കുകയാണ് ഇവിടെ എത്തിച്ചേരാനുള്ള മാര്‍ഗം.

മറ്റു വിശുദ്ധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുമ്പോഴെന്ന പോലെ തന്നെ ഇവിടെയും എളിമയോടെയുള്ള വസ്ത്രധാരണം ആവശ്യമാണ് കാൽമുട്ടുകൾ, തോളുകൾ, മുതലായവ പൊതിഞ്ഞിരിക്കണം. പാദരക്ഷകള്‍ ഉള്ളില്‍ ഉപയോഗിക്കാനാവില്ല. ഇവ പുറത്ത് അഴിച്ചു വച്ച് വേണം അകത്തേക്ക് കയറാന്‍. 

ഈ ക്ഷേത്രം ആരാണ് ഇത് രൂപകൽപ്പന ചെയ്തത്, എപ്പോൾ നിർമ്മിച്ചു എന്നത് അത്ര വ്യക്തമല്ല. ബുദ്ധൻ ജീവിച്ചിരുന്ന 80 വർഷങ്ങളുടെ ഓര്‍മ്മയ്ക്കായി 80 മീറ്റർ ഉയരത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ആന, ആമ, മുയൽ എന്നിവയടക്കം മൃഗങ്ങളുടെ ആകൃതിയിലുള്ള നിരവധി കെട്ടിടങ്ങളും പ്രതിമകളും ക്ഷേത്ര സമുച്ചയത്തിലുണ്ട്. ബുദ്ധമത സംസ്കാരത്തിലും നാടോടിക്കഥകളിലും പ്രാധാന്യമുള്ള ജീവികളാണ് ഇവ. ഈ ക്ഷേത്ര സമുച്ചയം പൂര്‍ണ്ണമായും നടന്നു കാണാന്‍ ഏകദേശം ഒരു മണിക്കൂര്‍ സമയം എടുക്കും.

സാംഫ്രാനില്‍ ഡ്രാഗണ്‍ ക്ഷേത്രത്തിനു പുറമേ സന്ദര്‍ശിക്കാന്‍ വേറെ ചില ഇടങ്ങള്‍ കൂടിയുണ്ട്. പ്രകൃതിമനോഹരമായ സ്വാന്‍ സാംഫ്രാന്‍, വാട്ട് റായി ഖിംഗ്, ഡോണ്‍ വായ്‌ നദീതീര ചന്ത, മയില്‍ പാര്‍ക്ക്, മേക്ലോംഗ് റെയില്‍വേ, ഫ്ലോട്ടിംഗ് മാര്‍ക്കറ്റ്, നാഖോന്‍ പാതോം നഗരം, ക്ലോങ്ങ് മഹാ സാവത് കനാലിലെ ബോട്ട് യാത്ര, താമരത്തോട്ടങ്ങള്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളും അനുഭവങ്ങളും ഇവിടെ സഞ്ചാരികള്‍ക്കായി കാത്തിരിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA