sections
MORE

സ്വന്തം നാട്ടിലെ യാത്രകളൊക്കെ മതിയെന്ന് ചൈനീസ് ജനത, കാരണമുണ്ട്!

TOPSHOT-CHINA-HEALTH-VIRUS
SHARE

കൊറോണയുടെ നിയന്ത്രണാതീതമായ പിടിയില്‍ നിന്നും വിടുതല്‍ ലഭിച്ചതിന്‍റെ ആശ്വാസത്തിലാണ് ചൈനീസ് ജനത. കോവിഡ് കേസുകള്‍ കുറഞ്ഞതോടെ ലോക്ഡൗൺ നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ അല്‍പ്പം അയവു വരുത്തിയതിനാല്‍ പതിയെ പഴയ സ്ഥിതിയിലേക്ക് മടങ്ങുകയാണ് കാര്യങ്ങള്‍. മൂന്നു മാസമായി വീട്ടിനുള്ളില്‍ത്തന്നെ ഇരുന്ന ജനങ്ങള്‍ പ്രാദേശിക യാത്രകള്‍ പുനരാരംഭിച്ചു. ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ രാജ്യത്തിനകത്തു നിന്നു തന്നെയുള്ള സഞ്ചാരികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 

കഴിഞ്ഞ വാരാന്ത്യത്തില്‍ ഷാങ്ഹായിലെ ബണ്ട് വാട്ടർഫ്രണ്ട് മുതൽ കിഴക്കൻ അൻഹുയി പ്രവിശ്യയിലെ മനോഹരമായ ഹുവാങ്‌ഷാൻ മൗണ്ടൻ പാർക്ക് വരെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളില്‍ ആയിരക്കണക്കിന് സന്ദർശകരാണ് എത്തിച്ചേര്‍ന്നത്.

യാത്രയുമായി ബന്ധപ്പെട്ട് ജനങ്ങളുടെ മനസ്ഥിതി അറിയാനായി മാർച്ച് അവസാനം ചൈനയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ട്രിപ്പ്‌ ഡോട്ട്‌കോം ഗ്രൂപ്പ് ഒരു സര്‍വ്വേ നടത്തിയിരുന്നു. 100 നഗരങ്ങളിലായി 15,000 ആളുകളിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ, മെയ് മാസത്തിൽ അഞ്ച് ദിവസത്തെ പൊതു അവധി ലഭിക്കുന്ന ഗോൾഡൻ വീക്കില്‍ 16 ശതമാനം പേർ വീണ്ടും യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നതായി അറിയിച്ചു. 61ശതമാനം പേര്‍ ആഗസ്റ്റ്‌ മാസത്തോടെ യാത്ര ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നു. സര്‍വെയില്‍ പങ്കെടുത്ത 90 ശതമാനം പേരരും പറഞ്ഞത് യുനാന്‍, ഹൈനാന്‍, ഷാങ്ഹായ് പോലെ രാജ്യത്തിനകത്തു തന്നെയുള്ള സ്ഥലങ്ങളില്‍ അവധിക്കാലം ചെലവഴിക്കാനാണ് ആഗ്രഹം എന്നായിരുന്നു. 

ഇതോടെ ചൈനയിലെ ആഭ്യന്തര ടൂറിസം പുഷ്ടിപ്പെടും എന്നതില്‍ സംശയമില്ല. എന്നാല്‍, ചൈനീസ് സഞ്ചാരികളെ മാത്രം ആശ്രയിച്ചു കൊണ്ട് നിലനില്‍ക്കുന്ന നിരവധി ട്രാവൽ ഏജൻസികളും ഹോട്ടലുകളും വ്യവസായങ്ങളുമെല്ലാമുള്ള രാജ്യാന്തര ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ക്ക് ഇത് വലിയ തിരിച്ചടിയാകും. 2018 ൽ മാത്രം ചൈനീസ് യാത്രക്കാർ ഏകദേശം 150 ദശലക്ഷം വിദേശ വിനോദയാത്രകൾ നടത്തിയതായാണ് കണക്ക്. ഇതിനായി ചെലവഴിച്ചതോ, 277 ബില്യൺ ഡോളറിലധികം. ചൈനീസ് യാത്രക്കാര്‍ വരാതാവുമ്പോള്‍ ഏറ്റവും കുറഞ്ഞത് ഇത്രയും വിദേശനാണ്യമാണ് മറ്റു രാജ്യങ്ങള്‍ക്ക് നഷ്ടമാവുക. 

വൈറസ് പ്രതിരോധത്തിന്‍റെ കാര്യത്തില്‍ ലോകത്തിലെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ചൈന കൂടുതൽ സ്ഥിരതയുള്ള അവസ്ഥയിലായതിനാലാണ് നിലവിലെ സമയത്ത് ചൈനയിലെ ജനങ്ങള്‍ ആഭ്യന്തരയാത്രകള്‍ മാത്രം നടത്താന്‍ ആഗ്രഹിക്കുന്നത്. വികസിത രാജ്യങ്ങളില്‍പ്പോലും കൊറോണ വൈറസ് നിയന്ത്രണാതീതമായി പടരുകയും അന്താരാഷ്ട്ര വിമാന യാത്രകൾ നടത്താന്‍ പറ്റാത്ത സാഹചര്യമുണ്ടാവുകയും ചെയ്ത സന്ദര്‍ഭത്തില്‍ ചൈന വിട്ട് മറ്റൊരു രാജ്യത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ഇപ്പോള്‍ ഇവിടെ ആളുകള്‍ തയാറല്ല എന്നതാണ് സത്യം!

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA